ഇസ്ലാമിക വേഷത്തെക്കുറിച്ചുള്ള പൊതുസ്ത്രീ വായനകളുടെ ചില അന്ധമേഖലകള്‍ അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഈ കുറിപ്പ്.
കഴിഞ്ഞ നൂറ്റാണ്ടു മുതലെങ്കിലും വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത് മുസ്ലിം സ്ത്രീയുടെ വേഷത്തെ കേന്ദ്രീകരിച്ചാണ്. തല മറക്കുന്ന 'ഹിജാബ്' മുതല്‍ ശരിരം മുഴുവന്‍ മറക്കുന്ന 'ബുര്‍ഖ' വരെ ഇന്ന് പലരീതിയില്‍ രാഷ്ട്രീയ സാമുഹിക ആകുലതകളുടെയും അതുകൊണ്ടുതന്നെ നിരന്തരമായ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഭാഗമാണ്. (വായനയുടെ സൌകര്യത്തിനുവേണ്ടി വൈവിധ്യങ്ങള്‍ ഏറെയുള്ള മുസ്ലിം സ്ത്രീ വേഷങ്ങളെ അടയാളപ്പെടുത്താന്‍ 'ഇസ്ലാമിക വേഷം' എന്ന വാക്കാണ് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നത്. അതിന്റെ കാരണങ്ങള്‍ ഈ ലേഖനത്തിന്റെ പരിധിയില്‍ ഇപ്പോള്‍ കൊണ്ടുവരുന്നില്ല. എങ്കിലും ശഹാബ് അഹമദിന്റെ What is Islam ? One Being Islamic എന്ന പഠനത്തിലെ നിഗമനങ്ങള്‍ എന്റെ ധാരണകളെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകമാണ്).
undefined
ഇസ്ലാമിക വേഷത്തെക്കുറിച്ചുള്ള പൊതുസ്ത്രീ വായനകളുടെ ചില അന്ധമേഖലകള്‍ അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഈ കുറിപ്പ്. പുതിയ ഫെമിനിസ്റ്റ് ഗവേഷണങ്ങള്‍ മാറുന്ന ഈ വായനയുടെ ശക്തി സ്രോതസ്സായി തന്നെ നിലനില്‍ക്കുന്നുണ്ട്.
പല രീതിയില്‍ ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. മുസ്ലിം സ്ത്രീയുടെ വേഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രബല ധാരണയുണ്ടായത് 'അടിച്ചമര്‍ത്തപ്പെട്ട' മുസ്ലിം സ്ത്രീ എന്ന പ്രതീകത്തിലൂടെയാണ്. ഇത് ഇസ്ലാമിക വേഷത്തെ 'മതപരമായ' നിയന്ത്രണത്തിന്റെ ഭാഗമായി സവിശേഷമായി കാണുന്നു. അങ്ങിനെ മുസ്ലിം സ്ത്രീയെ രക്ഷിക്കുന്നതിന് മതേതരമായ തിരഞ്ഞെടുപ്പുകള്‍ സാധ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അങ്ങനെ മതത്താല്‍ അടിച്ചമര്‍ത്തപ്പെടുകയും അദൃശ്യവത്ക്കരിക്കപ്പെടുകയും ചെയ്ത മുസ്ലിം സ്ത്രീകളെ വിമോചിപ്പിക്കാനും പുതിയ രീതിയില്‍ ദൃശ്യവത്ക്കരിക്കാനും മതേതരമായ വ്യവഹാരങ്ങള്‍ ആവശ്യമാണെന്ന കാഴ്ചപ്പാട് ഫെമിനിസത്തിന്റെ തന്നെ പ്രബല ധാരകള്‍ക്ക് പ്രധാനമായിരുന്നു. മതം/മതേതരത്വം, നിയന്ത്രണം/തിരഞ്ഞെടുപ്പ്, അടിച്ചമര്‍ത്തല്‍/വിമോചനം, തുടങ്ങിയ ദ്വന്ദങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ ധാരണകള്‍ ഏറെ ശക്തി പ്രാപിച്ചത്. ഇന്ന് ഈ ദ്വന്ദങ്ങളെ അസ്ഥിരമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തിറങ്ങുകയും ഫെമിനിസത്തിന്റെ പുതിയ രാഷ്ട്രീയ ഇടപെടലുകള്‍ ഇസ്ലാമിക വേഷത്തെപ്പറ്റിയുള്ള ദ്വന്ദവായനകളെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുന്നു. പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍, പോസ്റ്റ്- സ്ട്രക്ചറല്‍ സമീപനങ്ങള്‍ തുടങ്ങി ഇസ്ലാമിക ഫെമിനിസത്തിന്റെ ആവിര്‍ഭാവം വരെയുള്ള ഘടകങ്ങള്‍ ഈ മാറ്റത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.
മുസ്ലിം സ്ത്രീയുടെ വേഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രബല ധാരണയുണ്ടായത് 'അടിച്ചമര്‍ത്തപ്പെട്ട' മുസ്ലിം സ്ത്രീ എന്ന പ്രതീകത്തിലൂടെയാണ്.
നിയന്ത്രണം എന്ന രാഷ്ട്രീയ പ്രശ്‌നം
മുസ്ലിം സ്ത്രീകള്‍ക്ക് മേലുള്ള മതപരമായ നിയന്ത്രണമാണ് ഇസ്ലാമിക വേഷത്തിന് എതിരെയുള്ള എതിര്‍പ്പിന്റെ പ്രധാന കാരണം. മുസ്ലിം സ്ത്രീ എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് മതവും മതത്തിന്റെ മേലധികാരികളും മുസ്ലിം പുരുഷനുമാണ്. ഇത് മുസ്ലിം സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ഹനിക്കുകയും ആണ്‍കോയ്മയെ ചോദ്യം ചെയ്യാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇസ്ലാമിക വേഷത്തിന്റെ വിമര്‍ശനത്തിന്റെ അടിസ്ഥാനമായി നിലനിന്ന പ്രധാനപ്പെട്ട കാഴ്ചപ്പാടാണിത്.
മുസ്ലിം ഭൂരിപക്ഷ ദേശരാഷ്ട്രങ്ങളായ സൗദി അറേബ്യയിലും ഇറാനിലും സ്ത്രികള്‍ക്കു മേല്‍ ഇസ്ലാമിക വേഷം നിര്‍ബന്ധിതമാക്കിയതിനെ ഈ കാഴ്ചപ്പാട് ഉദാഹരണമായി നല്‍കുന്നു. മുസ്ലിം സ്ത്രീകളുടെ വേഷം എന്താണെന്ന കാര്യത്തെപ്പറ്റി മറ്റു ചില സാഹചര്യങ്ങളിലുള്ള മുസ്ലിം പുരുഷന്മാരുടെ തീര്‍ത്തും വ്യക്തിപരമായ അഭിപ്രായങ്ങളെയും നേരത്തെപറഞ്ഞ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ഭരണകൂട നിലപാടുമായി സമീകരിക്കുന്നു. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒട്ടും പരിഗണിക്കാതെയാണ് ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്. കാരണം അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീ എന്ന സാര്‍വലൗകിക ബിംബം ഉണ്ടായിവരുന്നതിന് ഇങ്ങിനെയുള്ള സാമാന്യവല്‍കരണങ്ങള്‍ ആവശ്യമാണ്.
അതേസമയം മുസ്ലിം സ്ത്രീകള്‍ക്ക് മേലുള്ള മതപരമായ നിയന്ത്രണങ്ങളെ വളരെ ശക്തമായി ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്യുന്ന അതേ രാഷ്ട്രീയം മതേതര നിയന്ത്രണങ്ങളുടെ നിരവധി സങ്കീര്‍ണ്ണതകള്‍ കാണുന്നുണ്ട്. ഉദാഹരണമായി മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ തുര്‍ക്കിയില്‍ മുസ്തഫ കമാല്‍ അത്തത്തുര്‍ക്കിന്റെ മതേതര രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായും ഇറാനില്‍ മതേതര ദേശീയവാദിയായ ഏകാധിപതി റിസാ ഷാ പഹലവിയുടെ കാലത്തും ഇസ്ലാമിക വേഷം ധരിക്കുന്നതിന് സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുപോലെ മുസ്ലിംകള്‍ ന്യൂനപക്ഷമായ, ആധുനിക മതേതര രാഷ്ട്രങ്ങളായ ഫ്രാന്‍സിലും ജര്‍മനിയിലും ഇക്കഴിഞ്ഞ ദശകങ്ങളില്‍ ഇസ്ലാമിക വേഷങ്ങള്‍ പൊതു ഇടത്തില്‍ ധരിക്കുന്നതിന് മതേതര കോടതികള്‍ നിയന്ത്രണങ്ങള്‍ തന്നെ പാസ്സക്കിയിട്ടുണ്ട്. ഇന്ത്യയിലെ പല സ്വകാര്യ സ്‌കൂളുകളില്‍ പ്രത്യക്ഷമായും അടുത്ത കാലത്തായി സി.ബി.എസ്.ഇയുടെ മുന്‍കൈയില്‍ നടത്തുന്ന പല പരീക്ഷകളില്‍ പരോക്ഷമായും ഇസ്ലാമിക വേഷത്തിന് വിലക്കേര്‍പ്പെടുത്താറുണ്ട്. പക്ഷെ, ഈ നിയന്ത്രണങ്ങളോന്നും തന്നെ മുസ്ലിം സ്ത്രിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ഹനിക്കുന്നതായി ലിബറല്‍ മതേതര പക്ഷത്തുനിന്ന് അധികമൊന്നും മനസ്സിലാക്കിയില്ല. അതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടില്ല. മാത്രമല്ല, പലപ്പോഴും ഈ നിയന്ത്രണങ്ങളെ മതേതരത്വത്തിന്റെ പുന:സ്ഥാപനമായും മുസ്ലിം സ്ത്രിയുടെ വിമോചനമായും ആഘോഷിക്കുകയാണ് ചെയ്തത്.
ഇത് സൂചിപ്പിക്കുന്നത്, മുസ്ലിം സ്ത്രി എന്ത് ധരിക്കണമെന്ന് മതേതര കോടതികള്‍ക്കു നിയന്ത്രിക്കാമെന്നും അത് ഫെമിനിസ്റ്റ് വിമര്‍ശനത്തിന്റെ മേഖലയില്‍ സ്വീകാര്യതയുള്ള നിയന്ത്രണം ആണെന്നുമാണോ? മതപരമായ നിയന്ത്രണങ്ങളാകുമ്പോള്‍ മാത്രമേ ആണ്‍കോയ്മയുടെയും അധികാരത്തിന്റെയും പ്രശ്‌നമായി കണക്കാക്കപ്പെടുന്നുള്ളൂ എന്നാണ് ഇതിന്റെ വൈരുധ്യം.
അങ്ങനെ, ആണ്‍കോയ്മയുടെയും അധികാരത്തിന്റെയും പ്രശ്‌നമില്ലാത്ത ഒന്നായി മതേതരത്വത്തെ ചിത്രികരിക്കുകയും അത് സ്ത്രീ വിമോചനത്തിന്റെ പ്രധാന ഘടകമായി മാറുകയും ചെയ്യുന്നുണ്ട് . അതുവഴി, മതേതരത്വം - വിശിഷ്യ അതിന്റെ യുറോപ്യന്‍ മാതൃക- എന്നാല്‍ സ്വാതന്ത്ര്യവും ലിംഗ സമത്വവുമാണെന്നും ഇസ്ലാം എന്നാല്‍ അടിച്ചമര്‍ത്തല്‍ ആണെന്നും തരംതിരിക്കുന്നു. ഇത് ഇന്നത്തെ മതേതര രാഷ്ട്രീയത്തിന് ഒരു ഫെമിനിസ്റ്റ് മാനം കൂടി കല്‍പിച്ചു കൊടുക്കുന്നുണ്ട്.
അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീ എന്ന സാര്‍വലൗകിക ബിംബം ഉണ്ടായിവരുന്നതിന് ഇങ്ങിനെയുള്ള സാമാന്യവല്‍കരണങ്ങള്‍ ആവശ്യമാണ്.
മതേതരത്വവും ലിംഗസമത്വവും
പോസ്റ്റ് കൊളോണിയല്‍ കാലത്ത്, മതേതരത്വവും ലിംഗ സമത്വവും എന്നത് ഇസ്ലാമിനെതിരെ ഒരേ ശബ്ദത്തില്‍ ഏറെ ശക്തിയോടെ വരുന്നത് സെപ്തംബര്‍ 11 നു ശേഷമാണ്. ഇതിന്റെ ഉദാഹരണമാണ് 2003 ല്‍ ഫ്രഞ്ച് കമ്മീഷന് വിദ്യാലയങ്ങളില്‍ ശിരോവസ്ത്രം നിരോധിക്കുന്നതിന്റ ന്യായമായി പറഞ്ഞ കാര്യങ്ങള്‍. ഫ്രഞ്ച് മതേതരത്വത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നിരോധനം എന്നാണ് ഉന്നയിക്കപ്പെട്ട വാദം. അതുവഴി ലിംഗ സമത്വം, സ്വാതന്ത്ര്യം, മതവും ഭരണകുടവും തമ്മിലുള്ള വേര്‍തിരിവ് തുടങ്ങിയ മതേതര അടിസ്ഥാനങ്ങള്‍ മുസ്ലിംകളും പിന്തുടരണമെന്ന് അവര്‍ വാദിച്ചു. ഇതിന്റെ മറ്റൊരു മൂര്‍ത്ത ഭാവമാണ് ഒരു ഫ്രഞ്ച് മതേതര കുട്ടായ്മയുടെ പ്രതികരണം എന്ന് ജോണ്‍ സ്‌കോട്ട് തന്റെ Sex and Secularism എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ''റിപബ്ലിക്, ജനാധിപത്യം, സ്ത്രീ സ്വാതന്ത്ര്യം, മതേതരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ ഇസ്ലാമോഫോബിക് ആവുക സ്വാഭാവികമാണ്. കാരണം, ഇസ്ലാമിന് ഇത്തരം വിമോചന മുല്യങ്ങളെ ഉള്‍ക്കൊള്ളാനാവില്ല.'' ഇവിടെ മതേതരത്വം എന്നത് യുക്തി, സ്വാതന്ത്ര്യം, സ്ത്രി അവകാശം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുമ്പോള്‍ ഇസ്ലാം എന്നത് അടിച്ചമര്‍ത്തലിന്റെയും തീവ്രവാദത്തിന്റെയും സംസ്‌കാരമായി വ്യാഖ്യാനിക്കുന്നു. മാത്രമല്ല ഇവിടെ ഇസ്ലാമിനെ യുക്തിയുടെ അപരമാക്കുകയാണ്. യുക്തി ചരിത്രത്തിന്റെ വളര്‍ച്ചയാണെങ്കില്‍ ഇസ്ലാം എന്നത് സ്ഥായിയായ, ഒരിക്കലും മാറാത്ത ഒന്നായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ശീതയുദ്ധത്തിനു ശേഷം ഈ കാഴ്ചപ്പാട് ആധിപത്യബോധമായി തന്നെ വികസിക്കുകയും ചെയ്തു.
ചരിത്രപരമായി പരിശോധിച്ചാല്‍ മതേതരത്വത്തിന്റെ അടിസ്ഥാന ഘടകമായി ഇപ്പോള്‍ കണക്കാക്കുന്ന ലിംഗ സമത്വം എന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് പറയുന്നത്. ആദ്യകാലങ്ങളില്‍ മതേതരത്വത്തെ മനസ്സിലാക്കിയതില്‍ നിന്നും വ്യത്യസ്ഥമാണ് ഇന്നത്തെ മതേതര ലിംഗഭേദ വ്യവസ്ഥ. അതായത് പാശ്ചാത്യ ആധുനികതയെ സാധ്യമാക്കിയ ചര്‍ച്ചും ഭരണകുടവും തമ്മിലെ വിഭജനം ഒരു മതേതര രാഷ്ട്രീയമായിരുന്നു. എന്നാല്‍ ഇതേ മതേതരത്വം അടിസ്ഥാനപരമായി ലിംഗ സമത്വത്തിന് എതിരായിരുന്നു. ചര്‍ച്ചിന്റെ രാഷ്ട്രീയത്തില്‍ നിന്നുള്ള പിന്മാറ്റത്തിന് ശേഷം സെക്കുലര്‍ ആണധികാര ശക്തികള്‍ സ്ത്രികളെ അടിച്ചമര്‍ത്താന്‍ പുതിയൊരു ക്രമീകരണം ഉണ്ടാക്കിയെടുക്കുകയായിരുന്നു. അതായത് പൊതുഇടത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും ചര്‍ച്ച് പിന്മാറിയതിന് ശേഷം സ്ത്രീകളുടെ അവസ്ഥ വലിയ മാറ്റമില്ലാതെ തുടര്‍ന്നുപോന്നു എന്നാണ് സ്‌കോട്ട് നിരീക്ഷിക്കുന്നത്. ഇത് വഴി രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ ഇടങ്ങളെ ആണുങ്ങളുടെ കീഴിലാക്കാന്‍ സ്ത്രികളെ കുടുംബ/സ്വകാര്യ ഇടങ്ങളിലേക്ക് ഒതുക്കി നിര്‍ത്തിയ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായിരുന്നു മതേതരത്വം. അതായത് മതേതരത്വം വന്നിട്ടും യുറോപ്പില്‍ സ്ത്രീകളുടെ അവസ്ഥ മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് സ്‌കോട്ട് നിരീക്ഷിക്കുന്നു.
ഇരുപതാം നുറ്റാണ്ടിന്റെ അവസാനം ഇസ്ലാമുമായി ബന്ധപ്പെട്ടുണ്ടായ സംവാദത്തോട് കുടിയാണ് ലിംഗ സമത്വം എന്നത് മതേതരത്വത്തിന്റെ പ്രധാന ഘടകമായി മാറിയത്. ഇസ്ലാമിനോടുള്ള വ്യത്യാസം എന്ന നിലക്കാണ് യുറോപ്യന്‍ സെക്കുലര്‍ ആണത്ത വ്യവഹാരങ്ങള്‍ ഫെമിനിസത്തെ കണ്ടെടുക്കുന്നത്. പക്ഷെ ഇസ്ലാമിനെതിരായി താരതമ്യപ്പെടുത്തുന്നത് കൊണ്ട് തന്നെ സമത്വം എന്താണെന്നു വിവരിക്കുക ഇപ്പോഴും പ്രയാസമാണ്. കാരണം എന്താണോ ഇസ്ലാം അല്ലാത്തത് എന്ന അര്‍ഥം മാത്രമേ അതുകൊണ്ടുതന്നെ ലിംഗസമത്വം എന്ന വ്യവഹാരത്തിന് കൈവരുന്നുള്ളൂവെന്നും സ്‌കോട്ട് നിരീക്ഷിക്കുന്നു. ഈ അര്‍ത്ഥത്തിലുള്ള പ്രതിസന്ധി മതേതരത്വ വ്യവഹാരങ്ങളുടെ ലിംഗ രാഷ്ട്രീയത്തെ നിരന്തരം വേട്ടയാടുന്നുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ സൂചിപ്പിച്ച നിയന്ത്രണത്തെക്കുറിച്ചുള്ള ഇരട്ടത്താപ്പുകള്‍ നിരന്തരം ആവര്‍ത്തിക്കേണ്ട സാഹചര്യം വരുന്നു.
സ്‌കോട്ട് ഉന്നയിക്കുന്ന ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് പ്രധാനമാണ്. ലിംഗ സമത്വം എന്നത് മതേതരത്വത്തിന്റെ അടിസ്ഥാനമാണ് എന്ന വാദം തെറ്റാണ്. ഈ ചരിത്ര നിരപേക്ഷമായ ആരോപണം വംശീയവും മതപരവുമായ ആധിപത്യത്തിനു ന്യയികരണമായി മുമ്പും ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ഇത് പാശ്ചാത്യ/വെളുത്ത/ ക്രിസ്ത്യന്‍ ദേശങ്ങളിലും ഇതര ദേശങ്ങളിലും നില നില്‍ക്കുന്ന ലിംഗപരമായ വ്യത്യാസത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതില്‍ നിന്നും ശ്രദ്ധ തെറ്റിക്കുകയാണ് ചെയ്യുന്നത്. ഒരു പരിധിയും കടന്ന് എല്ലാ സമൂഹങ്ങളിലും വ്യത്യാസങ്ങളോടെതന്നെ കാണപ്പെടുന്ന ലിംഗപരമായ അനീതിയുടെ കാരണങ്ങളെ സുക്ഷ്മമായി അഭിസംബോധന ചെയ്യാന്‍ തടസ്സമായി നില്‍ക്കുന്ന ഒരു വ്യവഹാരമായി ഇന്നത്തെ സാഹചര്യത്തില്‍ മതേതരത്വം മാറിയിരിക്കുന്നുവെന്ന് സ്‌കോട്ട് നിരീക്ഷിക്കുന്നു.
ഈ അര്‍ത്ഥത്തില്‍ ഇന്നത്തെ ഇസ്ലാമിക വേഷത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ മതം/ മതേതരത്വം ഇവയെക്കുറിച്ചുള്ള ലളിത വായനകളില്‍ നിന്ന് മാറിനില്‍ക്കണം. ഇന്നത്തെ ആഗോള കമ്യൂണിക്കേഷന്‍ വിപ്ലവകാലത്ത് ഇസ്ലാമിനെപ്പറ്റിയുള്ള വികലമായ കാഴ്ച്ചപ്പാടുകള്‍ ഓരോ സാഹചര്യത്തിലെയും ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നുവെന്നു സൂക്ഷ്മമമായി തന്നെ വിലയിരുത്തണം. ഇസ്ലാമിക വേഷത്തെപ്പറ്റി നാം രൂപപ്പെടുത്തിയ ധാരണകള്‍ ഒരേ സമയം ആഗോളവും അതെ സമയം പ്രാദേശികവുമാണ് എന്നത് ഈ ചര്‍ച്ചയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.
ഇന്നത്തെ ഇസ്ലാമിക വേഷത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ മതം/ മതേതരത്വം ഇവയെക്കുറിച്ചുള്ള ലളിത വായനകളില്‍ നിന്ന് മാറിനില്‍ക്കണം.
അധികാരവും തിരഞ്ഞെടുപ്പും
ഇസ്ലാമിക വേഷവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വരുന്ന മറ്റൊരു പ്രധാന ചര്‍ച്ചയാണ് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എന്ന പ്രശ്‌നം. ഒന്നുകില്‍ മുസ്ലിം പുരുഷന്മാരുടെ സമ്മര്‍ദത്തിന് വഴിപ്പെട്ടവരോ അല്ലെങ്കില്‍ ചിന്താ ശേഷി നഷ്ടപ്പെട്ടവരോ ആയിട്ടാണ് ഇസ്ലാമിക വേഷം തിരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികളെ പ്രബല വ്യവഹാരങ്ങള്‍ വിലയിരുത്താറുള്ളത്. അതായത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഇസ്ലാമിക വേഷം തിരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് കല്‍പിച്ചു കൊടുക്കാറില്ലെന്ന് സാരം.
ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്നത് അവള്‍/അവന്‍ നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് Elizabeth Bucar, Ann Marie Leshkowich, Carla Jonse തുടങ്ങിയവര്‍ വാദിക്കുന്നുണ്ട്. ഒരു creative conformity (ക്രിയാത്മകമായ അനുവര്‍ത്തനം) ആയിട്ടാണ് എലിസബത്ത് ബുക്കാര്‍ ഈ ബന്ധത്തെ വിശേഷിപ്പിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന സാഹചര്യത്തിന് യോജിച്ച രിതിയില്‍ വസ്ത്രം ധരിക്കുക എന്നത് സ്വാഭാവിക കാര്യമായാണ് ബുക്കാര്‍ കാണുന്നത്. ഇവിടെ വ്യക്തിയുടെ നിര്‍വഹാകത്വം എന്നത് ഘടനാപരമായ സന്ദര്‍ഭത്തോട് തന്ത്രപരമായി ഇടപെടുകയാണ് ചെയ്യുന്നത്. അതെപ്പോഴും സ്വീകരിക്കുക/തിരസ്‌കരിക്കുക തുടങ്ങിയ രീതിയില്‍ മാത്രം പരിമിതമാവുന്നില്ല. അതുകൊണ്ട് തന്നെ ഏതൊരു സ്ത്രിയുടെയും (പുരുഷന്റെയും) തിരഞ്ഞെടുപ്പ് അവരുടെ സ്വന്തം നിയന്ത്രണത്തിലോതുങ്ങുന്നില്ല. സാമൂഹികമായ സമ്മര്‍ദങ്ങളും കാമനകളും ലിംഗപരമായ മാനങ്ങളുമൊക്കെ തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ മുസ്ലിം സ്ത്രീയുടെ തിരഞ്ഞെടുപ്പ് എന്നത്, മറ്റു സ്ത്രീ ജീവിതങ്ങളില്‍ നിന്നും വലിയ വ്യത്യാസമായി കാണേണ്ടതില്ല എന്ന് അവര്‍ പറയുന്നു.
ഇതിനു സമാനമായി നരവംശ ശാസ്ത്രഞ്ജരായ Ann Marie Leshkowich, Carla Jonse എന്നിവര്‍ മറ്റൊരു ആശയം വികസിപ്പിച്ചിട്ടുണ്ട്. Performance practices എന്നാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്. ജൂഡിത്ത് ബട്‌ലറിന്റെ Performance എന്ന ആശയവും മൈകല്‍ ഡിസെര്‍ത്തോവിന്റെ Practice നെ കുറിച്ച സിദ്ധാന്തവും കടമെടുത്താണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയൊരു ആശയം അവര്‍ രണ്ടുപേരും രൂപികരിച്ചത്. വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പ് എന്നത് ഒരുതരത്തില്‍ അഭിനയമോ ആവര്‍ത്തനമോ ആവിഷ്‌കാരമോ ആണെന്നും സാമൂഹിക പദവി, മതധികാരം, രാഷ്ട്രീയ സ്ഥാപനങ്ങള്‍ തുടങ്ങിയ ഘടനാപരമായ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമല്ല എന്നും അവര്‍ വാദിക്കുന്നു. അതിനാല്‍ ലിംഗപരമായ മാനങ്ങളും അധികാരത്തിന്റെ പ്രശ്‌നങ്ങളുമില്ലാത്ത വസ്ത്രം എന്ന സങ്കല്‍പം അപ്രസക്തമാണ്. ഏതൊരു വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും സാമൂഹികപദവി, ലിംഗപരമായ മാനദണ്ഡങ്ങള്‍, നിലവിലെ അധികാരം തുടങ്ങിയ ഘടനാപരമായ നിയന്ത്രണങ്ങള്‍ ഓരോരുത്തരെയും വേട്ടയാടുന്നുണ്ട് എന്ന് സാരം.
ഈ ഒരു പ്രശ്‌നത്തെ കുറിച്ച ബോധപൂര്‍വ്വമായ ഒരാലോചന സ്വന്തം വസ്ത്രത്തിന്റ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ആരും അധികം നടത്താറില്ല. എന്നാല്‍ ആധിപത്യ സമൂഹങ്ങള്‍ അപര സമൂഹങ്ങളുടെ വേഷങ്ങളെ കുറിച്ച് വായിക്കുന്നത് സാമാന്യവത്കരിക്കപ്പെട്ട ധാര്‍മ്മികതയെയും അലങ്കാരത്തെയും മുന്‍നിര്‍ത്തിയാണ് എന്നതാണ് വസ്ത്രത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാന പ്രശ്‌നം. ഉദാഹരണത്തിന് ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദ്ദയെ ആണ്‍കോയ്മയുടെ പ്രശ്‌നമായി വിലയിരുത്തുന്ന ഇന്ത്യയില്‍ തന്നെ ശരിരം കുറെയൊക്കെ തുറന്നിടുന്ന രിതിയിലുള്ള മിനി സ്‌കേര്‍ട്ടുകളും ട്രൗസറുകളും ശരീരത്തില്‍ ഒട്ടിനില്‍ക്കുന്ന സ്‌കിന്നി ജീന്‍സും ധരിക്കുന്നത് ആഭാസമായി കാണാറുണ്ട്. കാരണം സാരിയെ സാമാന്യവത്കരിച്ചു കൊണ്ടാണ് അവര്‍ ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തുന്നത്. ഹിന്ദു ജാതീയത, സവര്‍ണ്ണ ആണ്‍കോയ്മ, കൊളോണിയലിസം തുടങ്ങിയ ഘടനാപരമായ ഘടകങ്ങളുടെ സ്വാധീനം സാരിയുമായി ബന്ധപ്പെട്ട സാമാന്യവത്കരിക്കപ്പെട്ട വായന ഒട്ടും പരിശോധിക്കാറില്ല. കാരണം ഭരണനേതാക്കള്‍ മുതല്‍ താഴെ തട്ടില്‍ സ്‌കൂള്‍ അധ്യാപികമാര്‍ വരെ സാരിയെ ദേശീയ/മതേതര വസ്ത്രമായി കാണുകയും വിമോചിത സ്ത്രീയുടെ ഉടയാടയായി സാമാന്യബോധത്തില്‍ അലിഞ്ഞുചേരുകയും ചെയ്തിരിക്കുന്നു.
ആധിപത്യ സമൂഹങ്ങള്‍ അപര സമൂഹങ്ങളുടെ വേഷങ്ങളെ കുറിച്ച് വായിക്കുന്നത് സാമാന്യവത്കരിക്കപ്പെട്ട ധാര്‍മ്മികതയെയും അലങ്കാരത്തെയും മുന്‍നിര്‍ത്തിയാണ്
പ്രതിരോധത്തിന്റെ രാഷ്ട്രീയം
വസ്ത്രവും അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ തന്നെ പല സാഹചര്യങ്ങളിലും അധികാരത്തിനെതിരായ പ്രതിരോധത്തിന്റെ രാഷ്ട്രീയ ഉപകരണമായി ചില വേഷങ്ങള്‍ മാറുന്നുണ്ട്. അതിനു സന്ദര്‍ഭവും സാഹചര്യവും പ്രധാനമാണ്. ഉദാഹരണമായി കഴിഞ്ഞ രണ്ടായിരത്തി പതിനേഴില്‍ അമേരിക്കയില്‍ തുടക്കമിട്ട pink pussy hat പ്രോജക്റ്റ് ശ്രദ്ധിക്കുക. ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, 2005 ല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ സ്ത്രീകളുടെ vagina യെ മോശമായി പ്രതിപാദിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത് ഒരു ചാനല്‍ പുറത്ത് വിട്ടതാണ് ഈ കാമ്പയിന് തുടക്കമിട്ടത്. ഇതിനെതിരെ, സ്ത്രീകളെ അപമാനിക്കുന്നതിനും vagina യെ മോശമായി ചിത്രീകരിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന pussy എന്ന വാക്കിനെ സാമാന്യവത്ക്കരിക്കാനുള്ള ശ്രമമായിരുന്നു ഈ കാമ്പയിന്‍ (pink pussy എന്നത് വെളുത്ത സ്ത്രികളുടെ ലൈംഗികാവയത്തെ കേന്ദ്രമാക്കിയുള്ളതാണെന്നും ഇതര സ്ത്രീ ശരീരങ്ങള്‍ അതില്‍ നിന്നും പുറത്താക്കപ്പെട്ടുവെന്നും പല trans-queer-black-brown ഫെമിനിസ്റ്റുകളും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. അതിന്റെ സങ്കീര്‍ണത ഈ ലേഖനത്തിന്റെറ പ്രധാന വിഷയമല്ലാത്തത് കൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല). അതിനെ തുടര്‍ന്ന് കുറച്ചു കൂടി വിപുലമായി അമേരിക്കന്‍ ഭരണകൂടത്തിന്റെ സ്ത്രി വിരുദ്ധ നയങ്ങളും മറ്റു ലിംഗഭേദ പ്രശ്‌നങ്ങളും പ്രതിരോധിക്കുക എന്ന നിലയിലേക്ക് കൂടി ഈ സമരപരിപാടിയെ മുന്നോട്ടു കൊണ്ട് പോയി. അതിനായി പ്രതീകാത്മകമായി, പിങ്ക് നിറത്തില്‍, പൂച്ചയുടെ ചെവിയുടെ ആകൃതിയിലുള്ള ഒരു തൊപ്പി ധരിച്ചു കൊണ്ട് സമരത്തില്‍ പങ്കെടുക്കാന്‍ ചില സ്ത്രീ അവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഈ പിങ്ക് തൊപ്പിയെ പ്രതിരോധത്തിന്റെ അടയാളമായാണ് അവര്‍ പ്രഖ്യാപിച്ചത്. അതിനായി തൊപ്പി തുന്നാനുള്ള മാര്‍ഗ്ഗങ്ങള്‍, വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന സ്ഥലങ്ങള്‍, കൂട്ടം കൂടി തുന്നാനുള്ള സാഹചര്യങ്ങള്‍, സൗജന്യമായി ലഭിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ വളരെ വിപുലമായി തന്നെ അവരുടെ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വനിതാ ദിനത്തില്‍ പിങ്ക്‌തൊപ്പി ധരിച്ചുകൊണ്ട് നിരവധി സ്ത്രികള്‍ ഒത്തു ചേര്‍ന്നത് വളരെ ശ്രദ്ധേയമായിരുന്നു.
സ്ത്രീകളെപറ്റി ധാരാളം വാര്‍പ്പു മാതൃകകള്‍ പിങ്ക് എന്ന നിറം ഉള്‍വഹിക്കുന്നുണ്ട്. പക്ഷെ അമേരിക്കയിലെ ഈ പ്രതിരോധം പിങ്ക് എന്ന നിറത്തിന്റെ നില നില്‍ക്കുന്ന ലിംഗഭേദപരമായ മാനദണ്ഡങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ചെയ്തത്. അതുകൊണ്ട്തന്നെ ഇതൊരു ലിംഗപരമായ അധികാരത്തിന്റെറ പ്രശ്‌നമായി വലിയൊരു വിമര്‍ശനം ഉയര്‍ന്നുവന്നില്ല.
മാത്രമല്ല, പ്രതിരോധത്തിന്റെ രാഷ്ട്രീയമായി പല സാമൂഹിക സന്ദര്‍ഭങ്ങളില്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഈ അര്‍ത്ഥത്തില്‍ പിങ്ക് നിറത്തെ ഉപയോഗപ്പെടുത്തിയിട്ടിണ്ട്. പിങ്ക് നിറത്തെ കേന്ദ്രീകരിച്ച കാമ്പയിന്‍ ഇതാദ്യമായല്ല നടക്കുന്നത് എന്നര്‍ത്ഥം. സ്ത്രി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാമ്പയിനുകള്‍ക്കായി ഫെമിനിസ്റ്റ് സംഘടനകളും സ്ത്രി ശാക്തീകരണത്തിനുള്ള ആസുത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭരണകൂടവും ഇന്ത്യയിലും കേരളത്തിലും ഈ രീതി അനുവര്‍ത്തിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ സ്ത്രീവിരുദ്ധമായ ഒരു ബിംബത്തിന്റെ അട്ടിമറി സാധ്യതയാണ് സ്ത്രീവാദികള്‍ തന്നെ തന്ത്രപരമായി ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള രാഷ്ട്രീയ പ്രതിരോധങ്ങളുടെ സാദ്ധ്യതകള്‍ ഇസ്ലാമിക വേഷത്തിനു പലപ്പോഴും ആരും കല്‍പിച്ചു കൊടുക്കാറില്ല. ബ്രിട്ടനില്‍ പൊതു ഇടങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക വേഷത്തിന്റെ ദൃശ്യതയെ കുറിച്ച് പഠനം നടത്തിയ എമ്മ റ്റാര്‍ലോ ഇങ്ങനെയുള്ള പ്രതിരോധ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം പറയുന്നുണ്ട്. ലിബറലിസത്തിന്റെയും മുതലാളിത്തത്തിന്റെയും ഭാഗമായി അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഇക്കൊണമിയില്‍ ശരീരം തുറന്നിടുക എന്നത് ട്രെന്‍ഡായും പരിഷ്‌കാരമായും വ്യഖ്യാനിക്കപ്പെടുന്ന സാഹചര്യങ്ങളെ ഇസ്ലാമിക വേഷം ധരിച്ചു കൊണ്ട് പല മുസ്ലിം സ്ത്രീകളും പ്രതിരോധിക്കുന്നുണ്ട് എന്ന് എമ്മാ റ്റാര്‍ലോ ചൂണ്ടിക്കാട്ടുന്നു. വിപണിയോടു ഒത്തുപോയി മാത്രമല്ല അതിന്റ യുക്തികളോട് കലഹിച്ചും - ബോധപൂര്‍വമോ അല്ലാതെയോ- സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പുകള്‍ ഈ അര്‍ത്ഥത്തില്‍ പ്രധാനമല്ലേ? അതിന്റെ രാഷ്ട്രീയപരമായ ഫലങ്ങള്‍ ആ അര്‍ത്ഥത്തില്‍ കാണണം എന്ന റ്റാര്‍ലോയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
എളുപ്പത്തില്‍ അഭിപ്രായം പറഞ്ഞു കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ലെന്നും വളരെ സുക്ഷ്മരാഷ്ട്രീയമുള്ള ഒരു വസ്ത്രമാണെന്നും മനസ്സിലാക്കേണ്ടതുണ്ട് .
ഇസ്ലാമിക വേഷത്തെ വിലയിരുത്തുമ്പോള്‍
ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിക വേഷത്തെ വിമോചനം അല്ലെങ്കില്‍ അടിച്ചമര്‍ത്തല്‍ എന്ന ദ്വന്ദത്തിലൂടെ ലഘുകരിക്കാന്‍ സാധ്യമല്ല. മറ്റു വസ്ത്രങ്ങളെപോലെ തന്നെ അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും തിരഞ്ഞെടുപ്പിന്റെറയും നിയന്ത്രണത്തിന്റെയും ദൃശ്യതയുടെയും അദൃശ്യതയുടെയും ഒക്കെ ബഹുവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക വേഷത്തിന്റെ തിരഞ്ഞെടുപ്പ് മറ്റൊരു സാഹചര്യത്തില്‍ ഘടനപരമായി ഒരു കീഴടങ്ങല്‍ ആവാം. നേരെ തിരിച്ചു പ്രത്യക്ഷമായ ഒരു കീഴടങ്ങല്‍ ഘടനാപരമായ അര്‍ത്ഥത്തില്‍ വലിയ ഒരു തുറസ് സൃഷ്ടിക്കലും ആവാം. അല്ലെങ്കില്‍ സബ മഹമൂദ് ഒക്കെ നിരീക്ഷിക്കുന്ന പോലെ അടിച്ചമര്‍ത്തല്‍/വിമോചനം എന്ന ദ്വന്ദത്തെ തന്നെ അപ്രസകതമാകുന്ന മറ്റൊരു പ്രവര്‍ത്തന/ ജീവിത രീതിയും ആവാം. ഇസ്ലാമിക വേഷം ഓരോ സാഹചര്യങ്ങളിലും പല അര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വ്യത്യസ്ത സാമുഹിക സാംസ്‌കാരിക രാഷ്ട്രിയ സാഹചര്യങ്ങളിലെ ഇസ്ലാമിക വേഷത്തിന്റെ പ്രധിനിധാനത്തിനു തീര്‍ത്തും വ്യത്യസ്ഥമായ കാരണങ്ങളാണുള്ളത്. ഒരേ സാമുഹിക ചുറ്റുപാടുകളില്‍ ജിവിക്കുന്ന മുസ്ലിം സ്ത്രികള്‍ പോലും ഇസ്ലാമിക വേഷത്തെ സമിപിക്കുന്നത് വ്യത്യസ്ഥമായാണ്. അങ്ങനെ ഇസ്ലാമിക വേഷം എന്നത് എളുപ്പത്തില്‍ അഭിപ്രായം പറഞ്ഞു കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ലെന്നും വളരെ സുക്ഷ്മരാഷ്ട്രീയമുള്ള ഒരു വസ്ത്രമാണെന്നും മനസ്സിലാക്കേണ്ടതുണ്ട് .
അവലംബം
Ann Marie Leshkowich and Carlo Jones “what Happens when Asian Chic Becomes Chic in Asia?” Fashion Theory 7, 3-4 (2003): 281-300.
Elizabeth Bucar. “Dianomy: Religious Women’s Agency as Creative Conformity.” Journal of the American Academy of Religion 78, 3 (2010): 662-686.
Elizabeth Bucar. The Islamic Veil: A Beginner’s Guide. Oxford: Oneworld Publication, 2012.
Emma Tarlo. Visibly Muslim: Fashion, Politics, Faith. Oxford: Berg, 2010
Joan Wallach Scott. Sex and Secularism. Princeton: Princeton University Press, 2018.
Saba Mahmood. Politics of Piety: The Islamic Revival and the Feminist Subject. Princeton: Princeton University Press, 2005.
.....................
(സംഘടിത മാസികയില്‍ പ്രസിദ്ധീകരിച്ചത്. കടപ്പാട്: സംഘടിത മാസിക)