ഇത് ആദിവാസികളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം, സുപ്രീം കോടതി വിധിയെക്കുറിച്ച് സി.കെ ജാനു

By Sumam Thomas  |  First Published Feb 21, 2019, 7:56 PM IST

894 ആദിവാസി കുടുംബങ്ങളാണ് കേരളത്തിൽ കുടിയിറക്ക ഭീഷണി നേരിടുന്നത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ  കുടിയിറക്കപ്പെടുന്നത് എന്ന് വ്യക്തമാക്കേണ്ടതല്ലേ? എന്തുകൊണ്ട് കാടു വെട്ടിത്തെളിച്ച് കുടിയേറിയവരെ കുടിയൊഴിപ്പിക്കാൻ ഇവർ തയ്യാറാകുന്നില്ല? വെട്ടിപ്പിടിച്ചവർ‌ക്കൊക്കെ എങ്ങനെയാണ് പട്ടയം ലഭിച്ചത്? ആദിവാസികൾക്കെതിരായി എന്തിനാണ് അവർ ഇത്തരമൊരു നിലപാട് എടുക്കുന്നത്? ഈ ജനതയെ എന്നെന്നേയ്ക്കുമായി ഉൻമൂലനം ചെയ്യുക എന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്.


മുത്തങ്ങ സമരത്തിന്റെ പതിനാറാം വാർഷികമായിരുന്നു 2019 ഫെബ്രുവരി 20. അരികുവത്ക്കരിക്കപ്പെട്ട ഒരു ജനത  ജീവിക്കാനുളള അവകാശത്തിന് വേണ്ടി സമരം ചെയ്യാനിറങ്ങിയത് അന്നായിരുന്നു. 2003 -ലാണ് തങ്ങൾക്കും സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമുന്നയിച്ച് വയനാട് ജില്ലയിലെ മുത്തങ്ങയിൽ ആദിവാസികൾ സമരപ്രഖ്യാപനവുമായി രംഗത്തെത്തിയത്. എന്നാൽ, അവരുടെ ആവശ്യങ്ങളൊന്നും തന്നെ ഇതുവരെ അംഗീകരിക്കപ്പെട്ടതായി അറിവില്ല. അന്ന് നടന്ന വെടിവപ്പിൽ പൊലീസ് കോൺസ്റ്റബിൾ വിനോദിനും, ആദിവാസി യുവാവ് ജോഗിക്കും ജീവൻ നഷ്ടപ്പെട്ടു.

പതിനാറ് വർഷങ്ങൾക്കിപ്പുറം, അതേ ദിവസം ഇന്ത്യയിലുടനീളമുള്ള ആദിവാസി ജീവിതങ്ങളെ തകർത്തു കളഞ്ഞു കൊണ്ട് മറ്റൊരു സുപ്രീം കോടതി വിധിയുമെത്തി. രാജ്യത്തുടനീളമുള്ള പത്ത് ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽ നിന്നൊഴിപ്പിക്കണം എന്നാണ് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്. കേരളത്തിൽ 894 കുടുംബങ്ങളാണ് വനാവകാശ നിയമപ്രകാരം കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്നത്. ഈ വിധിയുടെ പശ്ചാത്തലത്തിൽ മുത്തങ്ങ സമരനായികയും, ഗോത്രമഹാസഭാ നേതാവുമായ സി.കെ ജാനു ഏഷ്യാനെറ്റ് ന്യൂസ് ‍ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

Latest Videos

undefined

പത്ത് ലക്ഷം ആദിവാസികൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ

സുപ്രീം കോടതി വിധിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. വിധിയുടെ പകർപ്പ് ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ല. പക്ഷേ, അതുമായി ബന്ധപ്പെട്ട വാർത്തകൾ വച്ച് പരിശോധിച്ചാൽ ബിജെപി ഗവൺമെന്റിന്റെ ആദിവാസി ദളിത് വിരുദ്ധ നയമായിട്ടാണ് അതിനെ കാണാൻ സാധിക്കുന്നത്. വിധിയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഇന്ത്യയിലുടനീളമുള്ള പത്ത് ലക്ഷം ആദിവാസികളെയാണ് കുടിയൊഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിൽ കേരളത്തിൽ 894 കുടുംബങ്ങളാണുള്ളത്. 

2016 -ലെ വനാവകാശ നിയമമനുസരിച്ച് വനത്തിനുള്ളിൽ കാലങ്ങളായി താമസിച്ചു വരുന്ന ആദിവാസികൾക്ക് പട്ടയമോ മറ്റ് ആനുകൂല്യങ്ങളോ കൊടുത്തിരുന്നില്ല. പൂർവ്വികരുടെ കാലം മുതൽ അവിടെ താമസിച്ചു വന്നവരാണവർ. എന്നിട്ടും 2016 -ലെ വനാവകാശ നിയമം അനുസരിച്ചാണ് അവർക്ക് കൈവശ രേഖ കൊടുത്തത്. ഈ കൈവശരേഖ റദ്ദാക്കി കൊണ്ട് അവരെ അവിടെ നിന്നും കുടിയിറക്കണമെന്നാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. എന്നാൽ, കാട് വെട്ടിത്തെളിച്ച് കുടിയേറിയവർക്ക് പട്ടയം നൽകിയ സംഭവം ഇവിടെ നടന്നിട്ടുണ്ട്. വനം വെട്ടിത്തെളിച്ച് അത് നശിപ്പിച്ച ആളുകൾക്ക് പട്ടയം കൊടുക്കുകയും വനസമ്പത്ത് സംരക്ഷിച്ച് അവിടെ കാലങ്ങളായി താമസിക്കുന്നവരെ കുടിയിറക്കുകയും ചെയ്യണം എന്ന നിലപാടാണ് ഇപ്പോഴുള്ളത്. വനാവകാശനിയമം അനുസരിച്ച് ആദിവാസികൾക്ക് മാത്രമേ വനത്തിൽ താമസിക്കാൻ അവകാശമുള്ളൂ. പുറത്തുള്ളവരെ ഇതിനായി പരിഗണിച്ചിട്ടില്ല. ആദിവാസികളെ എല്ലാം ഉൻമൂലനം ചെയ്യാനുള്ള നീക്കമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ബിജെപി സർക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടിന്റെ ഭാഗമാണിത്.

പുനരധിവാസം

ഒരു സ്ഥലത്ത് നിന്ന് ഒരു കൂട്ടം ആളുകളെ കുടിയൊഴിപ്പിക്കുമ്പോൾ അവരെ പുനരധിവസിക്കുന്ന കാര്യം ഇന്ത്യയുടെ ചരിത്രത്തിലിതുവരെ സംഭവിക്കാത്ത കാര്യമാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് ഇത്തരത്തിലൊരു പുനരധിവാസ പാക്കേജ് തയ്യാറാക്കി നൽകി എന്ന് അവർക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. ആ അവസ്ഥയിൽ പത്തുലക്ഷം ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത് വഴി അവരെ അനാഥരാക്കി തെരുവിലേക്ക് ഇറക്കിവിടുന്ന നടപടിയാണിത്. ബിജെപി സർക്കാരിന്റെ അജണ്ടയായിട്ടാണ് ഞാനിതിനെ കാണുന്നത്. ആദിവാസി-പിന്നാക്ക-ദളിത് വിരുദ്ധ അജണ്ടയുടെ ഭാഗം തന്നെയാണിതും. ഇതിനെ വളരെ ശക്തമായി എതിർക്കണം. ഇന്ത്യയിലുടനീളമുളള ആദിവാസി വിഭാഗങ്ങൾ വളരെ ശക്തമായ സമര പ്രക്ഷോഭത്തിനിറങ്ങും എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.

894 ആദിവാസി കുടുംബങ്ങളാണ് കേരളത്തിൽ കുടിയിറക്ക ഭീഷണി നേരിടുന്നത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ  കുടിയിറക്കപ്പെടുന്നത് എന്ന് വ്യക്തമാക്കേണ്ടതല്ലേ? എന്തുകൊണ്ട് കാടു വെട്ടിത്തെളിച്ച് കുടിയേറിയവരെ കുടിയൊഴിപ്പിക്കാൻ ഇവർ തയ്യാറാകുന്നില്ല? വെട്ടിപ്പിടിച്ചവർ‌ക്കൊക്കെ എങ്ങനെയാണ് പട്ടയം ലഭിച്ചത്? ആദിവാസികൾക്കെതിരായി എന്തിനാണ് അവർ ഇത്തരമൊരു നിലപാട് എടുക്കുന്നത്? ഈ ജനതയെ എന്നെന്നേയ്ക്കുമായി ഉൻമൂലനം ചെയ്യുക എന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്. ബിജെപി സർക്കാരിന്റെ ദളിത്- ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഇത്. പത്ത് ലക്ഷത്തോളം പേരെ ഇങ്ങനെ കുടിയിറക്കാൻ അവർ തീരുമാനിച്ചതെങ്ങനെയാണ്?

വൈൽഡ് ലൈഫ് സംഘടനകൾ എന്ന പേരിൽ  പ്രവർത്തിക്കുന്നവർ യഥാർത്ഥത്തിൽ വനസമ്പത്തിനെ കൊള്ളയടിക്കുന്നവരാണ്. വനം സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതും ആദിവാസി വിഭാഗങ്ങളാണ്. വനസമ്പത്ത് കൊള്ളയടിക്കുന്നതിൽ തടസമായി നിൽക്കുന്നത് ആദിവാസികളാണ്. അതുകൊണ്ട് അവരെ വനത്തിൽ നിന്ന് കുടിയിറക്കിയാൽ വനത്തിലുള്ളത് അവർക്ക് കൊളളയടിച്ച് കൊണ്ടുപോകാം. അതാണ് സംഭവം. 

ഗോത്രമഹാസഭയും കേരളത്തിലെ മറ്റ് ആദിവാസി സംഘടനകളും വളരെ ശക്തമായ സമരമുറയിലേക്കിറങ്ങും. 894 കുടുംബങ്ങൾ എന്ന കണക്ക് ശരിയല്ല. ഒരു കുടുംബത്തിനാണ് കൈവശരേഖ കൊടുത്തിരിക്കുന്നത്. ആ കുടുംബത്തിൽ ചിലപ്പോൾ അഞ്ചും ആറും മക്കളുണ്ടായിരിക്കും. അവരെല്ലാം വിവാഹം കഴിച്ച് ഇതേ കുടുംബത്തിൽ തന്നെയായിരിക്കും താമസിക്കുന്നത്. അപ്പോൾ കുടിയിറക്കപ്പെടുമ്പോൾ ആറും ഏഴും കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. അതായത് ഒരു കൈവശരേഖയിൽ ഒരു വീട്ടിൽ അഞ്ചും ആറും കുടുംബങ്ങളാണ് താമസിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന കുടുംബങ്ങളുടെ എണ്ണം രണ്ടായിരത്തിനും മൂവായിരിത്തനും ഇടയിലായിരിക്കും വരിക. 

ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും തെരുവിലാക്കപ്പെട്ട ആരെയും പുനരധിവസിപ്പിക്കപ്പെട്ടില്ല എന്ന്. ഒരു സർക്കാരിന്റെ മുന്നിലും അത്തരമൊരു പദ്ധതി ഇല്ല. ആദ്യം അനധികൃതമായി താമസിക്കുന്നവരെ കുടിയിറക്കട്ടെ, എന്നിട്ട് കാലങ്ങളായി താമസിക്കുന്നവരെ കുടിയിറക്കാം. അതിനുള്ള ഉത്തരവിറക്കട്ടെ ആദ്യം. ആദിവാസികൾക്കെതിരെ ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത് ഇങ്ങനെ കാടു വെട്ടിത്തെളിച്ച് കുടിയേറിയ ആരെങ്കിലുമായിരിക്കും. ആരാണ് ഹർജി കൊടുത്തിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിന്റെ പകർപ്പ് ഇതുവരെ കിട്ടിയിട്ടില്ല. അത് കിട്ടിക്കഴിഞ്ഞാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ.  ഉൾവനത്തിൽ ഇപ്പോൾ ആദിവാസികൾ താമസിക്കുന്നില്ല. അവിടങ്ങളൊക്കെ ഇപ്പോൾ ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അത് സംരക്ഷിക്കണം. 

കേരളത്തിൽ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി അപേക്ഷ നൽകിയത്. ഈ അപേക്ഷകളിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തി. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായകവിധി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. സംസ്ഥാനത്തുടനീളമുള്ള ആദിവാസികൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. അവർക്കും ഈ ഭൂമിയിൽ ജീവിക്കാനവകാശമുണ്ട്.  

click me!