നമ്മളെന്നാണ് ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കുക?

By Web Team  |  First Published Oct 20, 2018, 4:35 PM IST

ഭരണകൂടങ്ങൾ പ്രഖ്യാപിക്കാൻ വിട്ടു പോകുന്ന ചില അടിയന്തിര സന്ദേശങ്ങളുടെ അഭാവങ്ങൾ ശബരിമലയിലും അമൃത് സറിലുമൊക്കെയുണ്ട്. അത് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ട്രാക്കുകൾ തമ്മിൽ കൂട്ടിമുട്ടാതെ നോക്കണമെന്നതാണ്.


ഈ വിധി നൂറ്റാണ്ടുകളായി നമ്മുടെയുള്ളിൽ ഉറങ്ങിക്കിടന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുനരുജ്ജീവനമാണ്. പണ്ട് തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവ വെടിക്കെട്ടിന്‍റെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിനിടയിൽ ട്രെയിൻ വന്നതറിയാതെ പലരും 'മോക്ഷ' പ്രാപ്തരായിരുന്നു. പ്രസ്തുത ദുരന്തത്തിനു ശേഷം ഹൈക്കോടതി വെടിക്കെട്ട് നിരോധിച്ചെങ്കിലും ഇന്നുമാ വെടിമരുന്ന് വ്യാപാരം ആഘോഷിക്കപ്പെടുന്നതായി കാണാം.

Latest Videos

undefined

ദസറ ആഘോഷത്തിനിടെ രാവണ രൂപം കത്തിക്കുമ്പോൾ ട്രെയിൻ വന്ന് 50 പേരെ കൊന്നെന്ന് വാർത്ത.

ജോൺ ലോഗൻ തിരക്കഥയെഴുതി മാർട്ടിൻ സ്കോർസസെ സംവിധാനം ചെയ്ത 'ഹ്യൂഗോ' എന്ന സിനിമയിൽ 'ഹ്യൂഗോ കാബ്രെറ്റ്' എന്ന കുട്ടി കാണുന്ന ഒരു സ്വപ്നമുണ്ട്. തന്‍റെ അച്ഛൻ റിപ്പയർ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു റോബോട്ടിന്‍റെ കീ റെയിൽവെ ട്രാക്കിൽ കാണുന്നത്. അച്ഛന്‍റെ മരണശേഷം ഹ്യൂഗോ, റെയിൽവെ സ്റ്റേഷനിലെ ക്ലോക്ക് ടവറിലാണ് താമസം. സമയത്തെ പരിചരിച്ചും ചിലപ്പോൾ പിടിച്ചു നിർത്തിയും അവനവിടെ ആരുമറിയാതെ വാഴുന്നു. അവന്‍റെ കൈയിൽ നിന്ന് അബദ്ധത്തിൽ വീഴുന്ന ഒരു സ്പാനറിൽ നിന്നാണ് വികലാംഗനും അഴകൊഴമ്പനുമായ റെയിൽവെ സെക്യൂരിറ്റിക്ക് ഹ്യൂഗോയുടെ അജ്ഞാത വാസത്തെക്കുറിച്ചറിയാൻ കഴിഞ്ഞത്.

പറഞ്ഞു വന്നത് ട്രെയിനപകടത്തെക്കുറിച്ചാണ്. യാഥാർഥ്യത്തിലെയും സ്വപ്നത്തിലെയും ട്രെയിനപകടങ്ങൾ. സ്വപ്നത്തിലേത് ആദ്യം പറയാം.

ആ താക്കോലെടുക്കാൻ ശ്രമിച്ച ഹ്യൂഗോ ട്രെയിൻ വരുന്നതറിയുന്നില്ല. പഴയ സ്റ്റീം എഞ്ചിൻ ഘടിപ്പിച്ച ആ തീവണ്ടിയുടെ എഞ്ചിൻ ഡ്രൈവർ ഹ്യൂഗോവിനെ കാണുന്നു. അലമുറയിടുന്നു. റെയിൽവെ ട്രാക്കിൽ നിന്ന് താക്കോലെടുക്കുന്നതിന് മുന്നെ ട്രെയിൻ ഭീകരമായ അലർച്ചയോടെ വരുന്നു. സുന്ദരനും പൂച്ചക്കണ്ണനുമായ ഹ്യൂഗോവിനെ രക്ഷിക്കാനായി ട്രെയിൻ ട്രാക്കിൽ നിന്ന് മാറി പ്ലാറ്റ്ഫോമിലേക്ക് കയറുന്നു. ആളുകൾക്ക് പരക്കംപായാൻ സമയം കിട്ടുന്നതിന് മുൻപേ ട്രെയിൻ എല്ലാം തകർക്കുന്നു.

ഹ്യൂഗോവിന്‍റെ ഈ സ്വപ്നം യാഥാർഥ്യമാകുന്നുമുണ്ട്. ചിത്രം വരക്കുന്ന റോബോട്ടിന്‍റെ ചാവി കൂട്ടുകാരിയുടെ കഴുത്തിൽ തൂക്കിയ മാലയുടെ ലോക്കറ്റ് തന്നെയായിരുന്നു. അവൾ ഹ്യൂഗോവിന് രഹസ്യത്തിന്‍റെ താക്കോൽ സമ്മാനിക്കുന്നു. അവരാ ചാവിയുപയോഗിച്ച് റോബോട്ട് പ്രവർത്തിപ്പിക്കുന്നു. കൂട്ടുകാരിയുടെ അച്ഛന്റെ മ്യൂസിയത്തിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ ആ റോബോട്ട് പഴയത് പോലെ ചിത്രങ്ങൾ വരക്കുന്നു.

മതത്തിന്‍റെ ട്രാക്കിൽ ശാസ്ത്രം കയറി വരുമ്പോൾ വലിയ പരിക്കുകൾ ഉണ്ടാകാനിടയില്ല

പറഞ്ഞു വന്നത് ട്രെയിനപകടത്തെക്കുറിച്ചായിരുന്നു. ഹ്യൂഗോയിലെ ട്രെയിനപകടം ധനാത്മകമായിരുന്നു. പ്ലാറ്റ്ഫോമിനകത്തെ കാപട്യങ്ങളെയും പൊങ്ങച്ചങ്ങളെയുമാണത് സംഹരിച്ചത്. അമൃത്‌സറില്‍ നടന്ന ദുരന്തവും ചിന്തിപ്പിക്കുന്നത് ശാസ്ത്രത്തിന്‍റെ ട്രാക്കിൽ മതം ആധിപത്യമുറപ്പിക്കുമ്പോൾ സംഭവിക്കുന്ന തിരിച്ചടിയായിരിക്കാം. മതത്തിന്‍റെ ട്രാക്കിൽ ശാസ്ത്രം കയറി വരുമ്പോൾ വലിയ പരിക്കുകൾ ഉണ്ടാകാനിടയില്ല. പഞ്ചാബ് മുഖ്യമന്ത്രി, മരിച്ചവർക്ക് 5 ലക്ഷം വീതം പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകൂടങ്ങൾ പ്രഖ്യാപിക്കാൻ വിട്ടു പോകുന്ന ചില അടിയന്തിര സന്ദേശങ്ങളുടെ അഭാവങ്ങൾ ശബരിമലയിലും അമൃത് സറിലുമൊക്കെയുണ്ട്. അത് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ട്രാക്കുകൾ തമ്മിൽ കൂട്ടിമുട്ടാതെ നോക്കണമെന്നതാണ്. ഇനി രണ്ടും സമന്വയിക്കണമെന്നുണ്ടെങ്കിൽത്തന്നെ പരിക്ക് പറ്റാത്ത തരത്തിൽ ശാസ്ത്രീയവും മാനവികവുമാകണമെന്ന് മാത്രം.

മുപ്പതുകളിൽ പാരീസിലെ ഗെയർമോണ്ട് പാർനാസ് റെയിൽവെ സ്റ്റേഷന്‍റെ ക്ലോക്ക് ടവറിൽ കാലത്തെ കവച്ചു വെക്കുന്ന ശാസ്ത്രകൗതുകങ്ങളുമായി ജീവിച്ച ഹ്യൂഗോ എന്ന അനാഥ ബാലന്‍റെ യുക്തിചിന്ത പോലും നമുക്കില്ലെന്നതിന്‍റെ തെളിവാണ് രാവണവധത്തിനിടയിൽ ലോഹശകടത്തിനിടയിൽപ്പെട്ട അമ്പത് പേരുടെ വിധി. 

ഈ വിധി നൂറ്റാണ്ടുകളായി നമ്മുടെയുള്ളിൽ ഉറങ്ങിക്കിടന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുനരുജ്ജീവനമാണ്. പണ്ട് തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവ വെടിക്കെട്ടിന്‍റെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിനിടയിൽ ട്രെയിൻ വന്നതറിയാതെ പലരും 'മോക്ഷ' പ്രാപ്തരായിരുന്നു. പ്രസ്തുത ദുരന്തത്തിനു ശേഷം ഹൈക്കോടതി വെടിക്കെട്ട് നിരോധിച്ചെങ്കിലും ഇന്നുമാ വെടിമരുന്ന് വ്യാപാരം ആഘോഷിക്കപ്പെടുന്നതായി കാണാം.

വിശ്വാസത്തിന്‍റെ പേരിൽ എല്ലാ വിധ ജനാധിപത്യമൂല്യങ്ങളെയും ബലികഴിക്കുകയാണ്

യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും മതം നവീകരിക്കപ്പെടുമ്പോൾ ഇന്ത്യയിലതിന്‍റെ പ്രതിലോമ സ്വഭാവം കൊടുമ്പിരി കൊള്ളുകയാണ്. മതം മനുഷ്യനിൽ നിന്നകലുകയാണ്. വിശ്വാസത്തിന്‍റെ പേരിൽ എല്ലാ വിധ ജനാധിപത്യമൂല്യങ്ങളെയും ബലികഴിക്കുകയാണ്.

വ്യവസ്ഥയുടെ അപകടങ്ങളിൽ നിന്ന് ഹ്യൂഗോ തന്‍റെ റോബോട്ടിനെ രക്ഷിച്ചെടുക്കുന്ന രംഗമുണ്ട്, സിനിമയിൽ. പോലീസുകാരൻ ഹ്യൂഗോവിന്‍റെ കൈയിൽ നിന്ന് 'വികട' യന്ത്രം പിടിച്ചെടുത്ത് വലിച്ചെറിയുന്നുണ്ട്. അതാ റെയിൽവെ ട്രാക്കിലാണ് വീഴുന്നത്. അപ്പോഴാണ് യാഥാർഥ്യത്തിലെ ട്രെയിൻ കുതിച്ചെത്തുന്നത്. ഒന്നും വകവെക്കാതെ ഹ്യൂഗോ ട്രാക്കിൽച്ചാടി അത് കടന്നെടുത്ത് രക്ഷിച്ചെടുക്കുന്നു. വ്യവസ്ഥയുടെ ലോഹ കഠോരതകളിൽ നിന്ന് യുക്തിബോധത്തെ രക്ഷിച്ചെടുക്കുകയാണവൻ.

സംവിധായകൻ ഒടുവിൽ ഹ്യൂഗോവിനെയും അവൻ 'ജീവൻ' നൽകിയ ചിത്രം വരക്കുന്ന യന്ത്രത്തെയും ഏറ്റെടുക്കുന്നു

ഭരണകൂടമിത് പോലെ ഇടപെടുമ്പോഴാണ് ദുരന്തമൊഴിയുക. ആരുമറിയാതെ മൺമറഞ്ഞു പോകാനിടയുണ്ടായിരുന്ന ഒരു സംവിധായകനെയും ഹ്യൂഗോ കണ്ടെടുക്കുന്നുണ്ട്. പുതിയ കാലത്തിന് തന്‍റെ 'പഴയ' സിനിമകൾ വേണ്ടാതായപ്പോൾ ചരിത്രത്തിൽ നിന്നും ഓർമകളിൽ നിന്നും മറഞ്ഞു നിന്ന ആ സംവിധായകൻ ഒടുവിൽ ഹ്യൂഗോവിനെയും അവൻ 'ജീവൻ' നൽകിയ ചിത്രം വരക്കുന്ന യന്ത്രത്തെയും ഏറ്റെടുക്കുന്നു. അങ്ങനെ ശാസ്ത്രവും യുക്തിയും ഫിക്ഷനുമെല്ലാം പരസ്പരം സ്വീകരിക്കപ്പെടുന്നതായി മാറുന്നു.

നമ്മളെന്നാണ് ഇത്തരം സിനിമകൾ നിർമിക്കുക? ദുരന്തങ്ങളിൽ നിന്ന് നമ്മളൊന്നും പഠിക്കാതിരിക്കുമ്പോളെങ്ങനെ നല്ല സിനിമകളുണ്ടാകും.
 

click me!