മുംബൈയിലെ ഒരു ഫ്ളാറ്റില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളിലായിരുന്നു അവരുടെ ജീവിതം. നാല്‍പ്പത് വര്‍ഷത്തിനിടെ ചുരുക്കം തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ. ചുരുക്കം ശിഷ്യര്‍ക്കായി പാതിരാവുകളില്‍ മാത്രം അവര്‍ സംഗീതാഭ്യാസനം നടത്തി.
തൊണ്ണൂറ്റിയൊന്നാമത്തെ വയസില്‍ അന്നപൂര്‍ണാ ദേവി വിടവാങ്ങിയിരിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്റെ ഇളയ മകള്‍. ലോക പ്രശസ്ത സിതാര്‍ വാദകന്‍ അലിഅക്ബര്‍ ഖാന്റെ സഹോദരി, സംഗീത മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സ്വയമാവട്ടെ, പരിമിതികള്‍ ഭേദിച്ചു തെഴുത്ത പ്രതിഭയുടെ ഒരു വന്‍മരം. എന്നിട്ടും അന്നപൂര്‍ണദേവി പുറംലോകത്തിന് അന്യ.
മുംബൈയിലെ ഒരു ഫ്ളാറ്റില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളിലായിരുന്നു അവരുടെ ജീവിതം. നാല്‍പ്പത് വര്‍ഷത്തിനിടെ ചുരുക്കം തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ. ചുരുക്കം ശിഷ്യര്‍ക്കായി പാതിരാവുകളില്‍ മാത്രം അവര്‍ സംഗീതാഭ്യാസനം നടത്തി. എന്നിട്ടും അവരെത്തേടിയെത്തിയത് പത്മഭൂഷണ്‍,സംഗീത നാടക അക്കാദമി പുരസ്കാരം, വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി, സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം എന്നിവ. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടിയും അവര്‍ തന്റെ വാതില്‍ തുറന്നില്ല- അന്നപൂര്‍ണാ ദേവിയുടെ അസാധാരണമായ വ്യക്തി-സംഗീത ജീവിതത്തിലൂടെ കലാരംഗത്തെ പെണ്ണവസ്ഥകളിലേക്ക് ഒരു സഞ്ചാരം.
undefined
അന്നപൂര്‍ണ്ണയുടെ ജീവിത ചരിത്രാഖ്യാനമോ അവരുടെ മഹത്തായ സംഗീതത്തിന്റെ സൌന്ദര്യാസ്വാദനമോ ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. അവര്‍ പിന്നിട്ട ജീവിതത്തെ കുറിച്ചുള്ള അറിവുകള്‍ ഇന്ന് നിരവധി വഴികളിലൂടെ ലഭ്യമായിരിക്കുന്നു. അതിലെല്ലാം അവരുടെ സംഗീതപാടവത്തെ കുറിച്ചുള്ള സൂചനകള്‍ ലഭ്യമാണ്. അതേ സമയം, സഹൃദയ മനസ്സുകളില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട വ്യക്തിത്വങ്ങളെ കുറിച്ചു ചിന്തിക്കുന്നവരിലേക്ക് അന്നപൂര്‍ണ്ണയെ കുറിച്ചുള്ള ചില വിവരങ്ങള്‍ എത്തിക്കുക എന്നതു മാത്രമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.
ഇത്തരത്തില്‍ തങ്ങളുടെ സംഭാവനകള്‍ തമസ്കരിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്തവരില്‍ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ് എന്നത് പ്രകടമായിരിക്കെ, അതിനുള്ള കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന വിശകലനങ്ങള്‍ മരങ്ങളെ കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നതു പോലെയാണ് ഏറെ വന്നു ഭവിച്ചിട്ടുള്ളത്. സ്ത്രീ എഴുത്തുകാരില്‍ ആത്മഹത്യാശ്രമം, മനോരോഗം തുടങ്ങിയ പ്രവണതകള്‍ കൂടുതല്‍ കാണപ്പെടുന്നു എന്ന രീതിയില്‍ കണക്കുകള്‍ നിരത്തുകയും അതിനുള്ള മനശാസ്ത്രപഠനങ്ങള്‍ കേവലമായി നടത്തുകയും സാഹിത്യസാംസ്കാരിക രംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതിന് ഉപോല്‍ബലകമായി നിലപാടെടുക്കുകയും അവരുടെ സ്വഭാവശുദ്ധിയിലേക്ക് ഇടയ്ക്കിടെ ഒളിച്ചു നോട്ടം നടത്തുകയും ചെയ്യുന്നതും വരെ കാര്യങ്ങളെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അന്നപൂര്‍ണ്ണയുടെ ജീവിതകഥാംശങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള ഈ ശ്രമം.
അടഞ്ഞുപോവുന്ന നാദങ്ങള്‍
നിര്‍ധനരായ കുട്ടികളെ സൌജന്യമായി സംഗീതം പഠിപ്പിച്ചിരുന്ന ബാബ അല്ലാവുദീന്‍ ഖാന്റെ മാനുഷികതയുടെ നൈര്‍മ്മല്യം ഏറ്റു വളര്‍ന്ന ഇളയ കുട്ടിയാണ് പില്‍ക്കാലത്ത് അന്നപൂര്‍ണ്ണാ ദേവിയെന്നറിയപ്പെട്ട റോഷന്‍ ആരഖാന്‍. തന്റെ വലിയ വീട് കാണാന്‍ പുറത്തു കൊതിയോടെ നോക്കി നിന്ന ഒരു പാവം സ്ത്രീയെ സ്നേഹത്തോടെ കൈ പിടിച്ചു അകത്തു കൊണ്ടു വന്നിരുത്തിയതിന് ശേഷം അവരുടെ കാല്‍ കഴുകാന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്‍ തന്നോട് പറഞ്ഞത് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പാഠമാണെന്ന അന്നപൂര്‍ണ്ണയുടെ അഭിപ്രായം ശ്രദ്ധേയമാണ്.
തളര്‍ന്നു സ്വവസതിയിലേക്ക് മടങ്ങിയ അവര്‍ താമസിയാതെ സ്വന്തം അമ്മയുടെ കയ്യില്‍ കിടന്നു മരിച്ചു
ലോക പ്രശസ്ത സംഗീതജ്ഞനായ അലിഅക്ബര്‍ ഖാനേക്കാള്‍ ഏഴു വയസ്സ് ഇളയ അനിയത്തി. 14 വയസ്സായപ്പോള്‍ മുതല്‍ ലോകപ്രശസ്ത സിതാര്‍ സംഗീതജ്ഞനായ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സംഗീത ലബ്ധിക്കിനിയെന്തു വേണം?
എന്നാല്‍, സംഗീതം സ്ത്രീകള്‍ക്ക് നിഷിദ്ധമാണെന്ന് കരുതുന്ന നിരവധി യാഥാസ്ഥിതിക കുടുംബങ്ങള്‍ കേരളത്തില്‍ പോലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ മഹത്തായ സംഗീത പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു പുറത്തു വരുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ പോലും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിന്റെ പേരില്‍ സംഗീതപഠനം നിഷേധിക്കപ്പെടുന്നുണ്ട് എന്നത് അപൂര്‍വ്വമല്ല. സംഗീതം ഒരു സശബ്ദ പ്രക്രിയയാണ് എന്നതു കൊണ്ടു തന്നെ അത് രഹസ്യമായി പ്രയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.
അലാവുദ്ദീന്‍ ഖാനും അലി അക്ബര്‍ ഖാനും പിന്നീട് പണ്ഡിറ്റ് രവിശങ്കറും വിരാജിച്ച കുടുംബത്തില്‍ നിന്ന് ഒരു വിദുഷി, അന്നപൂര്‍ണ്ണയുടെയും അലി അക്ബര്‍ ഖാന്റെയും ചേച്ചി ജഹനാര, സ്വന്തം സംഗീതബോധത്തിന്റെ പേരിലാണ് ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിനിരയായത്. ഭര്‍ത്താവിന്റെ അമ്മ തന്റെ തംബുരുവെടുത്തു ചുട്ടു കരിച്ചപ്പോള്‍ തളര്‍ന്നു സ്വവസതിയിലേക്ക് മടങ്ങിയ അവര്‍ താമസിയാതെ സ്വന്തം അമ്മയുടെ കയ്യില്‍ കിടന്നു മരിച്ചു. ഇത് അലാവുദ്ദീന്‍ ഖാന് ഒരു പാഠമായിരുന്നു.
ഏകലവ്യന് ഒരു പെണ്‍പകര്‍പ്പ്
സ്ത്രീകളുടെ ഭാവി ശോഭനമാകണമെങ്കില്‍ അവര്‍ സംഗീതം അഭ്യസിച്ചു കൂടാ എന്ന നിഗമനത്തിലേക്ക് ആ സാത്വികന്‍ എത്തിച്ചേരുകയും അതിന്റെ തുടര്‍ച്ചയായി അന്നു കുട്ടിയായിരുന്ന അന്നപൂര്‍ണ്ണയെ സംഗീത ശിക്ഷണത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും ചെയ്തു. സുര്‍ബാഹറിനും സിത്താറിനും സരോദിനും ഹാര്‍മോണിയത്തിനും ഇടയിലൂടെ മുട്ടിലിഴഞ്ഞു നടന്ന അന്നപൂര്‍ണ്ണയെന്ന റോഷനാര ഖാന് അങ്ങിനെ അതൊക്കെ അപ്രാപ്യമായി.
പതിനാലാമത്തെ വയസ്സില്‍ അവര്‍ രവിശങ്കറിനെ വിവാഹം കഴിച്ചു
എന്നാല്‍ ഏകലവ്യന്റെ സ്ത്രീ സാക്ഷാത്ക്കാരമായിരുന്നു അന്നപൂര്‍ണ്ണ. ലോക പ്രശസ്തനായി മാറുന്നതിനുള്ള അടിസ്ഥാന പാഠങ്ങള്‍ അലിഅക്ബര്‍ഖാന്‍ പഠിക്കുമ്പോള്‍ പിന്നണിയിലിരുന്ന് വേഗത്തില്‍ അന്നപൂര്‍ണ്ണ ഹൃദിസ്ഥമാക്കുകയും ചേട്ടന്റെ പിഴവുകള്‍ തിരുത്തിക്കൊടുക്കുകയും ചെയ്തു. അന്നപൂര്‍ണ്ണയുടെ സംഗീതാഭിരുചിയ്ക്കും ജ്ഞാനത്തിനും മുന്നില്‍ അലാവുദ്ദീന് ഒടുവില്‍ തന്റെ നിലപാട് മാറ്റേണ്ടി വന്നു.
അലാവുദ്ദീന്‍ ഖാന്‍ അപ്രകാരം അന്നപൂര്‍ണ്ണയിലേക്ക് സംഗീതം പകര്‍ന്നു നല്‍കുമ്പോള്‍ തന്നെയാണ് ലോകപ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കറിന്റെ കൂടെ നൃത്തച്ചുവടുകളുമായി വന്ന സഹോദരന്‍ രവിശങ്കര്‍ അലാവുദ്ദീന്‍ ഖാന്റെ സിതാര്‍ പഠിക്കാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് അലി അക്ബര്‍ഖാന്റെ സരോദിനോടും രവിശങ്കറിന്റെ സിതാറിനോടും ഒപ്പം സിതാറിലും സിതാറിന്റെ ഘന രൂപമായ സുര്‍ബഹാറിലുമായി അന്നപൂര്‍ണ്ണയും 5000 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി സംഗീതസാഗരത്തില്‍ അലകള്‍ തീര്‍ത്തു.
പണ്ഡിറ്റ് രവിശങ്കര്‍ ചെയ്തത്
പതിനാലാമത്തെ വയസ്സില്‍ രവിശങ്കറിനെ വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും സുഭേന്ദ്ര ശങ്കറിന് അവര്‍ ജന്മം നല്‍കി. എന്നാല്‍ സുഹ്റ സെഹ്ഗലിന്റെയും കമലയുടെയും സുകന്യയുടെയും ഇടയില്‍ അല്‍പ്പനേരത്തേക്കുള്ള ഇടത്താവളമായിരുന്നു രവിശങ്കറിന് താന്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഹിന്ദുവായ രവിശങ്കറിന് മുസ്ലിമായ റോഷനാരയെ വിവാഹം കഴിച്ചു കൊടുത്ത അലാവുദ്ദീന്‍ ഖാന്‍ ഒരേ സമയം ശാരദാംബയേയും അല്ലാഹുവിനേയും ആരാധിക്കാന്‍ തക്ക വിശാലമനസ്സുള്ള വ്യക്തിത്വമായിരുന്നു. പൌര്‍ണ്ണമി രാവില്‍ പിറന്നതിനാല്‍ രോഷനാര അന്നപൂര്‍ണ്ണയായി. അന്നപൂര്‍ണ്ണ രവിശങ്കറിനോടും മകനോടും കൂടി മെയ്ഹര്‍ വിട്ട് മുംബൈയില്‍ താമസമാക്കി.
അന്നപൂര്‍ണ്ണ സുര്‍ബഹാറില്‍ കാലത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ആസ്വാദകരില്‍ അവാച്യമായ അനുഭൂതി സൃഷ്ടിച്ചു
ഇക്കാലയളവില്‍ രവിശങ്കറോടൊപ്പം ചേര്‍ന്ന് നടത്തിയ സംഗീതക്കച്ചേരികളില്‍ പലപ്പോഴും അന്നപൂര്‍ണ്ണ ഭര്‍ത്താവിനേക്കാള്‍ വളരെ മുകളിലാണ് തന്റെ വൈദഗ്ദ്ധ്യം എന്ന് തെളിയിച്ചു. ഇതു ചര്‍ച്ചയാകാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുസ്ഥാനിയിലെ ശുദ്ധസംഗീത പാരമ്പര്യം കച്ചേരിയില്‍ അവതരിപ്പിക്കേണ്ടതില്ല എന്ന മുടന്തന്‍ ന്യായം അവതരിപ്പിച്ച് തന്റെ പ്രതിഛായയെ രക്ഷിക്കാന്‍ രവിശങ്കര്‍ ശ്രമിച്ചു. അലാവുദ്ദീന്‍ ഖാനിലൂടെ തനിക്ക് പകര്‍ന്നു കിട്ടിയ സേനിയ മെയ്ഹര്‍ ഖരാനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് അന്നപൂര്‍ണ്ണ സുര്‍ബഹാറില്‍ കാലത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ആസ്വാദകരില്‍ അവാച്യമായ അനുഭൂതി സൃഷ്ടിച്ചു.
ആ സംഗീതപ്പെരുമഴയില്‍ തന്റെ സിതാര്‍ വാദനം കുത്തിയൊലിച്ചു പോകുന്നത് അസൂയയോടെ രവിശങ്കര്‍ തിരിച്ചറിഞ്ഞു. കാലത്തിനൊത്ത പരിഷ്കാരിയാവാതെ പഴഞ്ചന്‍ വസ്ത്രധാരണം നടത്തുന്നുവെന്ന വില കുറഞ്ഞ ആരോപണം കൂടി അടിച്ചേല്‍പ്പിച്ചു കൊണ്ട് രവിശങ്കര്‍ ആ മഹാസംഗീതജ്ഞയെ പൊതുവേദിയില്‍ കച്ചേരി നടത്തുന്നതില്‍ നിന്ന് തടഞ്ഞു.
ഒറ്റക്കൊരു സിത്താര്‍
അന്നപൂര്‍ണ്ണയ്ക്ക് വായ്പ്പാട്ടിലും സിതാറിലും സുര്‍ബഹാറിലും അപാരമായ പ്രാവീണ്യം ഉണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ കണ്ണു നട്ടിരുന്ന രവിശങ്കര്‍ സംഗീതം ജനകീയമാക്കുന്നതിന്റെ പേരില്‍ അതിനെ ജനപ്രിയമാക്കുന്നതിന്റെ തിരക്കിലായിരുന്നു. സിതാര്‍ ശുദ്ധസംഗീതവുമായിട്ടുള്ള കച്ചേരിയ്ക്ക് യോജിച്ചതല്ലെന്നും ജനങ്ങള്‍ അന്നപൂര്‍ണ്ണയുടെ ശുദ്ധസംഗീതത്തിന് നേരെ ചീഞ്ഞ തക്കാളിയേറു നടത്തുമെന്നും പറഞ്ഞു കൊണ്ട് സിതാര്‍ കയ്യൊഴിയാനും സുര്‍ബഹാറിലേക്ക് മാത്രമായി ഒതുങ്ങി നില്‍ക്കാനും അന്നപൂര്‍ണ്ണയോട് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ പൊതു പരിപാടികളില്‍ നിന്നും അവര്‍ വിട്ടു നിന്നു
അല്ലാവുദ്ദീന്റെയും രവിശങ്കറിന്റെയും സംഗീതത്തിന്റെ വഴികള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് അന്നപൂര്‍ണ്ണ തന്നെ പറഞ്ഞിട്ടുണ്ട്. അല്ലാവുദ്ദീന്റെ ശിഷ്യര്‍ സംഗീതാഭ്യാസനത്തിനിടയില്‍ ആനന്ദലഹരിയില്‍ കണ്ണീര്‍വാര്‍ക്കുന്നത് സാധാരണയായിരുന്നുവത്രെ. സംഗീതത്തിനോടുള്ള വൈകാരികവും സൌന്ദര്യശാസ്ത്രപരവുമായ സമീപനം വ്യക്തിനിഷ്ഠമായിരിക്കണമെന്ന അലാവുദ്ദീന്‍ ഖാന്റെ നിലപാട് എക്കാലവും അന്നപൂര്‍ണ്ണ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
അന്നപൂര്‍ണ്ണയെ തള്ളിക്കളഞ്ഞു കൊണ്ട് രവിശങ്കര്‍ കമലയോടൊപ്പം വിഹരിക്കാന്‍ തുടങ്ങിയപ്പോള്‍ മുംബൈയിലെ വസതിയിലും മെയ്ഹറിലുമായി മാറിമാറിത്താമസിച്ചു കൊണ്ട് തന്നിലേക്ക് തന്നെ സംഗീതത്തെ അന്നപൂര്‍ണ്ണ ഒതുക്കി നിര്‍ത്തി. എല്ലാ പൊതു പരിപാടികളില്‍ നിന്നും അവര്‍ വിട്ടു നിന്നു. സംഗീതത്തിന്റെ ചേരുവകളില്‍ കണ്ണഞ്ചിക്കുന്ന നിറക്കൂട്ടുകള്‍ ചേര്‍ത്തു കൊണ്ട് രവിശങ്കര്‍ വിദേശത്ത് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ അതില്‍ ആവേശം കൊണ്ട് മകനും അമ്മയെ വിട്ട് അച്ഛന്റെ കൂടെ പോയി.
1962ല്‍ രവിശങ്കറുമായി അവര്‍ വിവാഹമോചനം നടത്തി. അലാവുദ്ദീന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം നയിച്ച അന്നപൂര്‍ണ്ണ പിന്നീട് 55ാമത്തെ വയസ്സില്‍ തന്നേക്കാള്‍ 13 വയസ്സ് ഇളയതായ രൂഷി കുമാര്‍ പാണ്ഡ്യയെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിവാഹം കഴിച്ചു. ഇതിനെ കുറിച്ച് അന്നപൂര്‍ണ്ണ പറയുന്നത് അദ്ദേഹത്തിന്റെ പരിചരണമില്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കയില്ലായിരുന്നെന്നാണ്.
പാതിരാവിന്റെ രാഗങ്ങള്‍
1950കളിലാണ് അന്നപൂര്‍ണ്ണ കച്ചേരി നടത്തിയിട്ടുള്ളത്. ആകെ 11 കച്ചേരികള്‍ മാത്രമാണ് ഈ വിശ്വോത്തര കലാകാരി നടത്തിയിട്ടുള്ളത്. അതില്‍ ആറെണ്ണം പൊതുവേദിയില്‍ നടന്നതാണ്. രവിശങ്കറുണ്ടാക്കിയ വിവിധ പ്രശ്നങ്ങളില്‍ മനം നൊന്ത് പൊതുവേദികളെയും സ്വകാര്യ വേദികളെയും വിട്ടൊഴിഞ്ഞ് നില്‍ക്കെയാണ് ജ്യേഷ്ഠനും വിശ്രുത കലാകാരനുമായ അലിഅക്ബര്‍ ഖാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് വേണ്ടി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. തന്റെ ശബ്ദമോ സംഗീതമോ റെക്കോര്‍ഡ് ചെയ്യപ്പെടരുതെന്നും തന്റെ സംഗീതം ദൈവത്തിനുള്ള അര്‍പ്പണം മാത്രമാണെന്നും നിലപാടുള്ള അന്നപൂര്‍ണ്ണ തന്റെ കച്ചേരി ശബ്ദലേഖനം നടത്തിയ റെക്കോര്‍ഡുകള്‍ ക്ഷോഭത്തോടെ തകര്‍ത്തു കളഞ്ഞു.
ഹിന്ദുസ്ഥാനി സംഗീത ലോകത്തെ വിഖ്യാതരായ പലരും അന്നപൂര്‍ണ്ണയുടെ ശിഷ്യരാണ്
വളരെ അപൂര്‍വ്വം പേരേ അവരുടെ കച്ചേരികള്‍ കേട്ടിട്ടുള്ളൂ. അവര്‍ നടത്തിയ സംഗീത സദസ്സുകളുടെ മൂന്നു ശകലങ്ങള്‍ അവരുടെ വ്യക്തിത്വത്തിന്റെ പ്രതിധ്വനിയെന്നോണം യു ട്യൂബില്‍ ലഭ്യമാണ്. വളരെ കുറച്ചു പേരേ അവരുടെ സംഗീതക്കച്ചേരി കേട്ടിട്ടുള്ളൂ. എന്തിന്, വളരെ കുറച്ചു പേരേ അവരെ കണ്ടിട്ടുള്ളൂ.
അതേ സമയം, ഹിന്ദുസ്ഥാനി സംഗീത ലോകത്തെ വിഖ്യാതരായ പലരും അന്നപൂര്‍ണ്ണയുടെ ശിഷ്യരാണ്. അന്നപൂര്‍ണ്ണയെ ‘മാ’ എന്നു വിളിയ്ക്കുന്ന പ്രശസ്ത ബാംസുരി വാദകന്‍ ഹരിപ്രസാദ് ചൌരസ്യയും യശശരീരനായ സരോദ് വിദഗ്ദ്ധന്‍ നിഖില്‍ ബാനര്‍ജിയും അന്നപൂര്‍ണ്ണയെ പില്‍ക്കാലത്ത് വിവാഹം കഴിച്ച രൂഷി കുമാര്‍ പാണ്ഡ്യയും അവരില്‍ ചിലര്‍ മാത്രം. ഡാനിയേല്‍ ബ്രാഡ്ലിയെ പോലുള്ള പാശ്ചാത്യ സംഗീതകാരന്മാരും ശിഷ്യഗണത്തില്‍ പെടുന്നു.
പാതിരാത്രി കഴിഞ്ഞുള്ള യാമങ്ങളിലാണ് അവര്‍ പഠിപ്പിച്ചിരുന്നത്. സൌജന്യമായി പഠിപ്പിച്ചു കൊണ്ട് അച്ഛന്റെ സമ്പ്രദായം അവര്‍ തുടര്‍ന്നു. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന അനിയത്തിയുടെ അടുത്തേയ്ക്ക് മക്കളായ ആശിശ് ഖാനെയും ധ്യാനേശ് ഖാനെയും അലിഅക്ബര്‍ ഖാന്‍ സംഗീതാഭ്യാസനത്തിന് അയച്ചു. അല്ലാവുദ്ദീന്‍ ഖാന്‍ സംഗീതാഭ്യസനം നടത്തുന്ന കാലത്തും അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യരേറെയുണ്ടായതിന് മറ്റൊരു കാരണം കൂടിയുണ്ട്. അല്ലാവുദ്ദീന്റെ കാര്‍ക്കശ്യത്തെയും മുന്‍കോപത്തെയും സംഗീതം പഠിക്കാന്‍ വരുന്നവര്‍ ഭയപ്പെട്ടിരുന്നു. ഇതിന്റെ ഫലമായിട്ടാണ് പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയെയും ഉസ്താദ് ബഹദൂര്‍ഖാനെയും പോലുള്ളവര്‍ അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യപ്പെടുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ വിരലിലെണ്ണാവുന്ന തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ
മറ്റൊരു കഥ കൂടിയുണ്ട്. രവിശങ്കര്‍ സംഗീതം പഠിക്കാന്‍ വീഴ്ച വരുത്തുന്നതു കണ്ടപ്പോള്‍ അന്നപൂര്‍ണ്ണയുടെ അടുത്തു നിന്ന് പഠിക്കാന്‍ അദ്ദേഹം അക്ഷമനായി പറഞ്ഞുവത്രെ. ഇതും അന്നപൂര്‍ണ്ണ രവിശങ്കറുമായിട്ട് ഒന്നിച്ച് സംഗീതവേദികള്‍ പങ്കെടുക്കുന്നതിന് തടസ്സമായി.
മുറിക്കുള്ളില്‍ ഒരു നദി
മുംബൈയിലെ അംബര ചുംബിയായ ഒരു ഫ്ളാറ്റിലെ ആറാം നിലയില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളില്‍ ഈ മഹാകലാകാരി തന്റെ നിഴലുമായി കഴിഞ്ഞു കൂടി. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ വിരലിലെണ്ണാവുന്ന തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ.പല്ലുകള്‍ ഡോക്ടറെ കാണിക്കാന്‍ മാത്രമായിരുന്നു അത്. അവരുടെ ഫ്ളാറ്റിന്റെ മുന്‍വശത്ത് അന്നപൂര്‍ണ്ണ എന്ന പേര് തൂക്കിയതിനടുത്ത് മറ്റൊരു ഫലകം തൂക്കിയിട്ടിരുന്നു. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:
1. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വാതില്‍ തുറക്കുന്നതല്ല.
2. മൂന്നു തവണ മാത്രം കോളിംഗ് ബെല്‍ അമര്‍ത്തുക.
3. എന്നിട്ടും ആരും വാതില്‍ തുറന്നില്ലെങ്കില്‍ പേരും വിലാസവും എഴുതി വെച്ചിട്ടു പോകുക. നന്ദി. അസൌകര്യം നേരിട്ടതില്‍ ഖേദിക്കുന്നു.
എന്നിട്ടും ലോകം കാണാത്ത, വീടുവിട്ടിറങ്ങാത്ത ഈ മഹാപ്രതിഭയെത്തേടി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനകീയ അംഗീകാരമായ പത്മഭൂഷണ്‍ 1977ലും കലാരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ സംഗീത നാടക അക്കാദമി അവാര്‍ഡ് 1991ലും വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി 1999ലും തേടിയെത്തി. 2004ല്‍ സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം നല്‍കി. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടി അവര്‍ തന്റെ വാതില്‍ തുറന്നില്ല.
തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നതു പോലെ അന്നപൂര്‍ണ്ണയുടെ ആത്മകഥയുടെ സംക്ഷിപ്താവിഷ്കരണമല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. സര്‍ഗ്ഗ വൈഭവമുള്ളവര്‍ പല തരത്തില്‍ നിശബ്ദരാക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍, ജീവിച്ചിരിക്കുന്ന അന്നപൂര്‍ണ്ണയെ പോലുള്ളവര്‍ സംഗീതവിഹായസ്സില്‍ ഏറ്റവും ഉജ്ജ്വലമായ താരപ്രഭയെ എപ്രകാരം മറച്ചു പിടിക്കുന്നു എന്നതിലേക്കു ശ്രദ്ധ തിരിച്ചു വിടാനും അതിന്റെ കാരണങ്ങളിലേക്ക് ഒന്നെത്തിനോക്കാനുമുള്ള ശ്രമം മാത്രമാണിത്.
മൌനത്തിന്റെ രാഷ്ട്രീയം
അന്നപൂര്‍ണ്ണ തെരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയായിരുന്നുവോ എന്ന വിഷയം സംവാദാത്മകമാണ്. സായിബാബ എന്ന ആള്‍ദൈവത്തിന്റെ സന്ദര്‍ശനാഭ്യര്‍ത്ഥന നിഷേധിക്കുകയും സംഗീതം ഈശ്വരാര്‍ച്ചനയാണെന്ന് വാദിക്കുകയും ചെയ്ത നിലപാടിന് താരതമ്യേന ഗുണപരമായ വശങ്ങളാണുള്ളത്. അതേ സമയം, സാമ്രാജ്യത്വം അതിന്റെ മുഖഛായയില്‍ ലോകത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാഗമായി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമവകാശപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്സുകളിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത് ഗുണപരമായിട്ടല്ല, മറിച്ച് വിനാശകരമായിട്ടാണ്. സംഗീതവേദികളില്‍ അണിഞ്ഞൊരുങ്ങി വരുന്നത് സംഗീതപരിപാടിയുടെ അവിഭാജ്യഘടകമാകുന്നതു വരെ മാത്രമേ അംഗീകരിക്കാനാവൂ. ഫ്യൂഷന്‍ സംഗീതം ഇന്ത്യന്‍ സംഗീതത്തിന് എന്നല്ല സംഗീത സംസ്കാരത്തിന് ഗുണം ചെയ്യുകയില്ല. പാശ്ചാത്യലോകത്ത് നിന്ന് കടം കൊണ്ട വയലിനും ഗിത്താറും പോലുള്ള ഉപകരണങ്ങള്‍ പോലും വിധേയമായി പ്രവര്‍ത്തിച്ചപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ സംഗീതത്തിന് ഗുണപരമായ പരീക്ഷണമായത്.
ഈയൊരു ഘട്ടത്തില്‍ അന്നപൂര്‍ണ്ണയ്ക്ക് ഒറ്റയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്?
രവിശങ്കര്‍ അന്നപൂര്‍ണ്ണയുടെ വസ്ത്രധാരണത്തെയും ശുദ്ധസംഗീതത്തെയും എതിര്‍ത്തതിന് കാരണം വ്യക്തിപരമായ അസൂയ മാത്രമല്ല. സംഗീതവും സാര്‍വ്വദേശീയ തലത്തില്‍ കമ്പോളവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യവസായമായി മാറിക്കൊണ്ടിരുന്ന കാലത്ത് അതിന്റെ വിദഗ്ദ്ധനായ വക്താവായിരുന്നു രവിശങ്കര്‍. അതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹം അന്നപൂര്‍ണ്ണയോട് ആകര്‍ഷണീയമായ നൂതന വേഷഭൂഷാദികള്‍ കൈക്കൊള്ളാനും ശുദ്ധസംഗീതത്തെ കയ്യൊഴിയാനും ആവശ്യപ്പെട്ടത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചന്തക്കച്ചേരിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ സിത്താര്‍ ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ അതുപേക്ഷിക്കാനും സുര്‍ബഹാറില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഏറ്റവും കഠിന രൂപമായ ധ്രുപദ് ശൈലിയുമായി സ്വയം ആസ്വദിച്ചിരിക്കാനും കൂടി അദ്ദേഹം അന്നപൂര്‍ണ്ണയോട് പറഞ്ഞു.
ഈയൊരു ഘട്ടത്തില്‍ അന്നപൂര്‍ണ്ണയ്ക്ക് ഒറ്റയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? പ്രശസ്തിയുടെ പളപളപ്പില്‍ അന്നപൂര്‍ണ്ണയെ ഒറ്റയ്ക്കാക്കി മകന്‍ സുഭേന്ദ്ര അച്ഛനോടൊപ്പം പോയി. തീര്‍ച്ചയായും സുബ്ഹേന്ദ്രയ്ക്കോ രവിശങ്കറിന്റെ സദാ സമയം കച്ചേരികളില്‍ കൂടെയുള്ള മറ്റൊരു ഭാര്യയിലെ മകളായ അനൂക്ഷയ്ക്കും അന്നപൂര്‍ണ്ണയുടെ ഏഴയല്‍പക്കത്തു വരാനുള്ള സംഗീതബോധം ഉണ്ടായില്ല എന്നുള്ള കാര്യം സ്വാഭാവികമാണല്ലോ.
മല്‍സരത്തിന്റേതായ സംഗീതലോകത്ത് പൊതുവേദികളില്‍ താനെന്തിനാണ് കച്ചേരി നടത്തുന്നത് എന്നൊരിക്കല്‍ അന്നപൂര്‍ണ്ണ ചോദിച്ചു. (അന്നപൂര്‍ണ്ണയുമായി നടന്ന അപൂര്‍വ്വം അഭിമുഖസംഭാഷണങ്ങളിലൂടെയാണ് അവരുടെ അഭിപ്രായങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.) താരശോഭ കൊണ്ട് ഏവര്‍ക്കും സുപരിചിതമായ പേരുകളാണ് സിതാറില്‍ രവിശങ്കറിന്റേയും സരോദില്‍ അംജദ് അലിഖാന്റെയും. എന്നാല്‍ അവരേക്കാള്‍ താരതമ്യേന കുറഞ്ഞ പ്രശസ്തരായ വിലായത്ഖാനും അലിഅക്ബര്‍ഖാനും ഇവരേക്കാള്‍ കേമന്മാരാണ് എന്നുള്ള വാദങ്ങള്‍ പല മാധ്യമങ്ങളിലേയും സംഗീത നിരൂപകര്‍ മുതല്‍ ലേഖകന്റെ ഹിന്ദുസ്ഥാനി പ്രിയരായ സുഹൃത്തുക്കള്‍ വരെ ഉയര്‍ത്തി കേട്ടിട്ടുണ്ട്.
സദസ്യരുടെ അഭിരുചിയ്ക്ക് വേണ്ടി സംഗീതത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല എന്ന പ്രസ്താവന അന്നപൂര്‍ണ്ണ നടത്തി
മറ്റെല്ലാ രംഗങ്ങളിലെയും പോലെ കൂടുതല്‍ ജനപ്രിയനാകാനുള്ള മല്‍സരം സംഗീതരംഗത്തും ഹീനമായ രീതിയില്‍ തുടരുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു നിലപാട് ശുദ്ധസംഗീതത്തിന്റെ പേരില്‍ അന്നപൂര്‍ണ്ണ കൈക്കൊണ്ടാല്‍ അവരെ എങ്ങിനെ കുറ്റം പറയാന്‍ പറ്റും? മാത്രമല്ല, നമ്മുടെ സമകാലീനരായ മറ്റു സംഗീതജ്ഞരുടെ വാചകമടിയില്‍ നിന്ന് വ്യത്യസ്തമായി സംഗീതം ഈശ്വരാര്‍ച്ചനയാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ അവര്‍ തെളിയിച്ചു കാണിക്കുകയായിരുന്നു ചെയ്തത്.
കരിയറിസത്തിന് ചില മറുപടികള്‍
കുടുംബ ജീവിതത്തില്‍ വന്ന തകര്‍ച്ച അവരെ എല്ലാ മേഖലകളിലും നിന്ന് മാനസികമായി പിന്നോട്ടടിപ്പിച്ചു എന്നത് ശരിയാണ്. അതിനെ തരണം ചെയ്ത് മുന്നോട്ടു വന്നു കൊണ്ട് ജനങ്ങള്‍ക്ക് അന്നപൂര്‍ണ്ണ തന്റെ മഹത്തായ സംഗീതസമ്പത്ത് പകര്‍ന്നു നല്‍കണമെന്ന് ലേഖകനും മറ്റെല്ലാവരെയും പോലെ ആഗ്രഹിക്കുകയും വാര്‍ദ്ധക്യം കൊണ്ട് വിറയാര്‍ന്നതായാല്‍ പോലും അവരുടെ കരങ്ങളിലൂടെ സുര്‍ബഹാര്‍ സംഗീതം പൊഴിയ്ക്കുന്നത് കാണാന്‍ കൊതിച്ചിരിക്കയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിനുള്ള വേദി ആരാണ്, എപ്രകാരമാണ് ഒരുക്കാന്‍ കഴിയുക?
സദസ്യരുടെ അഭിരുചിയ്ക്ക് വേണ്ടി സംഗീതത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല എന്ന പ്രസ്താവന അന്നപൂര്‍ണ്ണ നടത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യന്‍ സംഗീത വിദ്വാനും കേരളീയ സംഗീതപ്രേമികള്‍ക്ക് സുപരിചിതനുമായ എം ഡി രാമനാഥന്‍ പറഞ്ഞിട്ടുള്ളതാണ്. ഭാരതീയ സംഗീതത്തിന്റെ ഔന്നത്യങ്ങളിലേക്ക് സാധാരണ ജനങ്ങളുടെ ബോധത്തെ എത്തിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു പിടിയ്ക്കുകയായിരുന്നില്ല ഈ പ്രഗത്ഭമതികള്‍ ചെയ്തത്. മറിച്ച്, പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി നിലവിലുള്ള പ്രാദേശികവും സാമൂഹികവും സാംസ്കാരികവും മതപരവുമടക്കമുള്ള സാഹചര്യങ്ങളെ മുതലെടുത്തു കൊണ്ട് നടത്തുന്ന ഹീനമായ മായം ചേര്‍ക്കലുകളെയാണ് അവര്‍ എതിര്‍ത്തത്.
മറ്റുള്ളവര്‍ക്കും അവരുടെ സമ്പ്രദായങ്ങള്‍ക്കും ബുദ്ധിമുട്ടാവുമെന്ന് ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് പൊതുലോകം വെടിയുന്നത്
ഇത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കയാണ്. ആഗോളീകരണത്തിന്റെ ലോകത്ത് ഉദാരീകരണത്തിന്റെയും നവ കോളനീകരണത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കു വിധേയമായിട്ടുള്ള രാജ്യാന്തര മൂലധനപ്രക്രിയകള്‍ സംസ്കാരത്തെയും കമ്പോളവുമായി ബന്ധപ്പെടുത്തുമ്പോള്‍, സംഗീതജ്ഞരും കരിയറിസ്ററുകളായി അധ:പതിക്കുമ്പോള്‍, കമ്പോളാധിഷ്ഠിത സംസ്കാരം സംഗീതമേഖലയിലേക്ക് അലയടിച്ചു കയറുമ്പോള്‍, ബദല്‍ സാംസ്കാരിക സംഘടിത ജനകീയ മുന്നേറ്റങ്ങളുടെ അഭാവത്തില്‍ അന്നപൂര്‍ണ്ണയും എം ഡി രാമനാഥനും അത്തരമൊരു നിലപാടെടുത്തതിന് ഒരു ചെറുത്തുനില്‍പ്പിന്റെ ഭാവം കൈവരുന്നില്ലേ?
നിശ്ശബ്ദതയുടെ പെണ്‍വഴികള്‍
ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ സ്ത്രീകളായ എഴുത്തുകാരില്‍ വിശേഷിച്ച് കവയിത്രികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യാപ്രവണതയുടെയും ആധിക്യം കണക്കുകളെടുത്തു കൊണ്ട് ചൂണ്ടിക്കാണിക്കുകയും മരിക്കുന്നത് ഒരു കലയാണെന്ന് പ്രഖ്യാപിച്ച സില്‍വിയ പ്ലാത്തിന്റെ പേരുമായി ബന്ധപ്പെടുത്തി സില്‍വിയാ പ്ലാത്ത് ഇഫക്ട് ആയി ഇത്തരം മനോഭാവങ്ങളെ ഒതുക്കുകയും ചെയ്തിരിക്കയാണ് മനശാസ്ത്രജ്ഞര്‍. തീര്‍ച്ചയായും ഇതില്‍ ശാസ്ത്രീയതയുള്ളപ്പോള്‍ തന്നെ എന്തു കൊണ്ട് സ്ത്രീകളില്‍ അത് പ്രകടമാകുന്നുവെന്നതിന്റെ കാരണം സമൂര്‍ത്തമായ വര്‍ത്തമാന സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തില്‍ മനശാസ്ത്രമേഖലയും സാമൂഹിക സാഹചര്യങ്ങളും സമഗ്രമായി പരിശോധിച്ചു കൊണ്ടു വേണം ഇതിന് പരിഹാരം കാണേണ്ടത്. അന്നപൂര്‍ണ്ണയുടെ ഏകാന്തവാസവും ഇതിലേക്കുള്ള ചൂണ്ടു പലകയാണ്.
ഇനിയും ജീവിച്ചിരുന്നാല്‍ താന്‍ കഥകള്‍ ഇനിയും എഴുതുമെന്നും അതു കൊണ്ട് താന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ രാജലക്ഷ്മി ജീവത്യാഗം ചെയ്തത്. താന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് മറ്റുള്ളവര്‍ക്കും അവരുടെ സമ്പ്രദായങ്ങള്‍ക്കും ബുദ്ധിമുട്ടാവുമെന്ന് ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് പൊതുലോകം വെടിയുന്നതെന്ന് അന്നപൂര്‍ണ്ണയും പറഞ്ഞിട്ടുണ്ട്. (അലി അക്ബര്‍ ഖാന്‍ ഒരു തവണ പോലും അന്നപൂര്‍ണ്ണയുടെ സാന്നിദ്ധ്യത്തില്‍ സരോദ് പൊതുവേദിയില്‍ വായിച്ചിട്ടില്ല എന്നത് വിസ്മയിപ്പിക്കുന്ന വിവരമാണ്. അന്നപൂര്‍ണ്ണ നടത്തിയ ഒടുവിലത്തെ കച്ചേരി അലി അക്ബര്‍ ഖാന്റെ അപേക്ഷ പ്രകാരമായിരുന്നു എന്നിരിക്കെ, കുട്ടിക്കാലത്ത് ഇടയ്ക്കൊക്കെ തന്നെയും പില്‍ക്കാലത്ത് തന്റെ കുട്ടികളെ രണ്ടു പേരെയും പഠിപ്പിച്ച സ്വന്തം അനിയത്തിയോടൊപ്പം ഒരു സംഗീതസദസ്സ് പങ്കിടുന്നത് സംഗീതപ്രേമികളുടെ ചിരകാല മോഹമെന്നിരിക്കെ, ആ വേദിയിലെങ്കിലും അലി അക്ബര്‍ ഖാന്‍ അത്തരമൊരു ഉദ്യമത്തിന് മുതിരാതിരുന്നത് അന്നപൂര്‍ണ്ണയുടെ മുന്നില്‍ തന്റെ പെരുമയ്ക്ക് കോട്ടം തട്ടുമോ എന്ന ഭയത്താലാണോ എന്ന് സംശയിത്തെ ചെറുതായിട്ടെങ്കിലും ജനിപ്പിക്കുന്നുണ്ട്. അലി അക്ബര്‍ ഖാന്റെ അപാരമായ പാണ്ഡിത്യത്തിന് മുന്നില്‍ തല കുനിച്ചു കൊണ്ടു തന്നെ ഈ വളരേ നേരിയ സംശയം ഉന്നയിച്ചു പോയതായി മാത്രം കാണുക.)
രവിശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം സിതാര്‍ കൈവെടിഞ്ഞ് സുര്‍ബഹാറിലേക്ക് മാറിയത് തന്റെ കീഴടങ്ങലായിട്ടാണ് അന്നപൂര്‍ണ്ണ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ അത്തരം കീഴടങ്ങലുകള്‍ നിരവധി കുടുംബങ്ങളിലെ സ്ത്രീകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റു തരത്തില്‍ നടത്തുന്നുണ്ട്. അന്നപൂര്‍ണ്ണ തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ അഭിമുഖീകരിച്ചു ദശാബ്ദങ്ങള്‍ പിന്നിട്ടതിന് ശേഷം നടത്തിയ ഒരു അഭിപ്രായ പ്രകടനം സംഗീതലോകത്തിനപ്പുറത്ത് സ്ത്രീകളുടെ സാമൂഹിക, കുടുംബ യാഥാര്‍ത്ഥ്യങ്ങളെ അവരുടെ അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതാണ്:
“തന്റെ വിശ്വാസങ്ങള്‍ക്കായി നില കൊള്ളുകയും സ്ത്രീകളുടെ ഉന്നതിയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന സ്ത്രീകളോട് എനിക്ക് വളരെ ബഹുമാനമാണ്. വിവാഹവും സ്ത്രീകളുടെ പ്രൊഫഷനും ഒന്നിച്ചു പോകില്ല എന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം ബഹുമാനം നിലനിര്‍ത്തുകയും അസൂയ ഒഴിവാക്കുകയും ചെയ്താല്‍ ഇരുവരുടെയും പ്രൊഫഷനുകള്‍ മെച്ചപ്പെടുകയും അവരുടെ ദാമ്പത്യം സന്തോഷകരമായിരിക്കുകയും ചെയ്യും.”
(2012 ജുലൈ 29ന് നാലാമിടം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് )