നമ്മുടെ നിശ്ശബ്ദതകളിലാണ് പിഡോഫീലുകള്‍ വളരുന്നത്

By Web Team  |  First Published Aug 1, 2018, 6:26 PM IST

'പിഞ്ചു കുഞ്ഞിനെക്കൊണ്ട്  ഓറല്‍ സെക്‌സ് ചെയ്യിച്ചു കൊണ്ടായിരുന്നു മുതുകിളവന്റെ  പേയിളക്കം. ഇന്‍ഡൊനീഷ്യയില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന പോലെ ഇവിടെ  വധശിക്ഷയും ഷണ്ഡീകരിക്കലുമാണ് വേണ്ടത് അല്ലേല്‍ പച്ചയ്ക്ക് കത്തിക്കണം'


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

തൂവല്‍ പോലെ നനുത്ത കണ്‍ പീലികള്‍, മുത്തു പോലത്തെ മുക്കാലും മുള പൊട്ടിയ കിന്നരി പല്ലുകള്‍... കിലുകിലാ ചിരിയില്‍ ആരും ഓമനിച്ചു പോകുന്ന 8 മാസം പ്രായമുള്ള ചിന്നന്‍. ഇരുട്ട് കനത്ത വഴികള്‍ പിന്നിട്ട് സങ്കടത്തിന്റെ  ഉച്ചിയിലേക്ക് പായുന്ന ജീവിതത്തില്‍ അവനുണ്ടായതോടെയാണ് സൂര്യനുദിച്ചത് എന്നാണ്  എന്റെ കൂട്ടുകാരി റിമ പറയാറ്. ഭര്‍ത്താവ് ജോസഫിന് സ്ഥിരവരുമാനമുള്ള ജോലി കിട്ടിയതും, നാത്തൂന്റെ വിവാഹം നടന്നതുമൊക്കെ ചിന്നപ്പന്റെ ജനനത്തോട് ചേര്‍ത്ത് വെക്കുമ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്: നീ എവിടുത്തെ കത്തോലിക്കത്തിയാടീ അന്ധവിശ്വാസി! 

അനുഭവങ്ങള്‍ ഉള്ളവരോടേ പറഞ്ഞിട്ട് കാര്യമുള്ളു എന്നവള്‍ പരിച ഉയര്‍ത്തുമ്പോള്‍ പിന്മാറുന്നതിനു പകരം എന്നാല്‍ ഞാനൊരു  കണ്ണേറു പാട്ട് പാടാമെന്ന് പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് എന്റെ രീതി. 

സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച്  കുഞ്ഞിനെ കണ്ട് ആരൊക്കെയോ ക്യൂട്ട് എന്ന് കൊഞ്ചിച്ച ദിവസം ദൃഷ്ടിദോഷം മാറ്റാനെന്നും പറഞ്ഞ് അവള്‍ കുടുംബസുഹൃത്തായ ശാരദാന്റിയെക്കൊണ്ട് കുഞ്ഞിന്റെ  തലയ്ക്കു മീതെ കടുകും മുളകും ഉഴിഞ്ഞിടീച്ചതിന് ഞാന്‍ സാക്ഷിയായിരുന്നു. എന്റെ പരിഹാസത്തിന്  മറുപടിയായി 'അല്ലേലും നാവേറു പാട്ടിനു നീ മിടുക്കിയാണല്ലോ, തര്‍ക്കത്തിനും... '  എന്ന്  കളിയാക്കി സ്വയം കീഴടങ്ങിയതായി പ്രഖ്യാപിച്ച് വാവയെ എന്റെ കയ്യിലോട്ട് തന്നപ്പോള്‍  സൗഹൃദം നിറഞ്ഞൊരു കാറ്റ് ഞങ്ങള്‍ക്കിടയിലൂടെ കടന്നുപോയി.

തമ്മില്‍ കാണുക വിരളമായതിനാല്‍ വാട്‌സപ്പ് വഴിയുള്ള കുശലം പറച്ചിലിലാണ് അവള്‍ വീട്ടില്‍  ഫ്‌ളവര്‍ മേക്കിങ്ങ് ക്ലാസ്  തുടങ്ങിയെന്നറിഞ്ഞത്. കുഞ്ഞിനെ നോക്കാന്‍ അവളുടെ അമ്മ ഒപ്പം വന്ന് നില്‍ക്കുന്നുണ്ട്.പോരാഞ്ഞ്  അയല്‍വക്കത്തെ  അപ്പച്ചനും അമ്മച്ചിയും,  മക്കള്‍ വിദേശത്തായതിനാല്‍ ഒഴിവ് സമയം ഏറെയുള്ള അവര്‍ കുഞ്ഞിനെ പൊന്നുപോലെ നോക്കുവാന്‍ മനസ്സ് കാണിക്കാറുണ്ട് എന്നൊക്കെ അവള്‍ സന്തോഷം പങ്കുവെച്ചു. 

വീണ്ടും തിരക്കുകള്‍ക്കിടയില്‍ ഞങ്ങളുടെ സൗഹൃദം മുറിഞ്ഞെങ്കിലും വലിയ ബിസിനസ് മാഗ്‌നറ്റ് ആയപ്പോ പഴയ സുഹൃത്തുക്കളെ മറന്നോ എന്ന എന്റെ പരിഭവത്തിന് ചിന്നന്  ആകെ മേലായ്കയാ അലര്‍ജീടെ പ്രശ്‌നാന്ന് തോന്നുന്നുവെന്ന് പറഞ്ഞ്‌റിമയുടെ ഒരു മെസേജും ഒപ്പം കരയുന്ന ഇമോട്ടികോണും തിരികെക്കിട്ടി. താമസിയാതെ അവളുടെ വീഡിയോ കോള്‍ വന്നു. കഫക്കെട്ടിന്റെ കൂടെ ചുമ, ശ്വാസംമുട്ടല്‍, അങ്ങനെ  അസ്വസ്ഥതകള്‍ ചിന്നനെ വിട്ടൊഴിയുന്നില്ല. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടിനുള്‍ഭാഗം പരമാവധി പൊടിയും ചെളിയുമില്ലാതെ സൂക്ഷിക്കുന്നുണ്ട്. ബഡ്ഷീറ്റുകള്‍ എപ്പോഴും മാറി  വൃത്തിയായി വയ്ക്കുന്നു, പൊടിയുണ്ടാകാന്‍ സാധ്യതയുള്ള കളിപ്പാട്ടങ്ങള്‍ കമ്പിളി, പഞ്ഞി സാധനങ്ങള്‍ ഒഴിവാക്കി എന്തിന് പറയുന്നു അവരുടെ ഓമനയായ പഗ്ഗിനെപ്പോലും ഒരു ബന്ധുവിന് കൊടുത്തു. എന്ത് അലര്‍ജിയാണെന്ന് ഒരു പിടീം കിട്ടുന്നില്ലത്രെ.

ഞാനെന്റെ ചില പൊടിക്കൈകള്‍ സൂചിപ്പിച്ചപ്പോള്‍  അതൊക്കെയും  അവള്‍ പരീക്ഷിച്ചു കഴിഞ്ഞിരുന്നു.

'മഞ്ഞള്‍പ്പൊടി ചുമയും കഫക്കെട്ടും മാറാന്‍ നല്ലതാ. പാലില്‍ ഒരു നുള്ള് മഞ്ഞളിട്ട് കുഞ്ഞിന് കൊടുക്ക്. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞല്ലേ  പാല്‍ കൊടുക്കുന്നതിന് മുന്‍പ് മാറിടത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി പുരട്ട്. തുളസിനീരും പനിക്കൂര്‍ക്കനീരും ഈര്‍ഷ്യ മാറാന്‍ നല്ലതാ. ചെറുചൂടുള്ള എണ്ണ കുഞ്ഞിന്റെ നെഞ്ചിലും പുറത്തും പുരട്ടി തടവ്...-ഇങ്ങനെ ആരെന്തു പറയുന്നതും ഞങ്ങളനുസരിക്കുന്നുണ്ട്. ഇതൊക്കെ ആയിട്ടും അവന്റെ കുറുകുറുപ്പ് (ശ്വസിക്കുമ്പോഴുള്ള ശബ്ദം) മാറുന്നില്ല രാരിമാ'. റിമയുടെ നനഞ്ഞ സ്വരവും വാടിയ മുഖവും!

ആശങ്കയും ഉത്കണ്ഠയും അവളെ കീഴ്‌പെടുത്തിയ പോലെ തോന്നി. ഇതൊക്കെ  കുഞ്ഞുങ്ങളായാല്‍ സാധാരണയാ പേടിക്കാതിരിക്ക് എന്ന് സമാധാനിപ്പിച്ചുവെങ്കിലും  മനസ്സില്‍ വല്ലാത്ത ഒരു ഭാരം നിറയുന്നത് ഞാനറിഞ്ഞു. പിന്നീട് കുറച്ച് ദിവസം അവളെ ഓണ്‍ലൈനില്‍ കണ്ടതേയില്ല.

കുഞ്ഞിന്റെ വിശേഷം അറിയാന്‍ ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍  അവളുടെ വീട്ടില്‍ ചെന്ന് നേരില്‍ക്കണ്ട് സംസാരിക്കണമെന്ന് പറഞ്ഞ് വേഗം ഡിസ്‌കണക്ടഡ് ആക്കി.  

വീട്ടിലെത്തിയപ്പോള്‍ കണ്ടത് പരിചയമുള്ള റിമയെ ആയിരുന്നില്ല. എപ്പോഴും ഒരുങ്ങി നടന്നിരുന്ന റിമ  ചീകാത്ത മുടിയും തളര്‍ന്ന കണ്ണുകളുമായി  ദുഃഖങ്ങള്‍ അടിഞ്ഞു കൂടി തീര്‍ത്തും വേറിട്ട് നില്‍ക്കുന്ന ഒരു തുരുത്ത്  പോലെ. നെരിപ്പോടായി നീറിക്കൊണ്ടിരുന്ന അവളുടെ മുഖത്ത് നോക്കി നില്‍ക്കെ ഉള്‍ത്തട്ടില്‍ ഒരു  കടല്‍ ഇരമ്പുന്നതറിഞ്ഞു. എന്റെ കൈകളില്‍ പിടിച്ചു വലിച്ച് അവള്‍ ആരോടോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം മുറിക്കുള്ളില്‍ കൊണ്ടുപോയി നിറഞ്ഞ് വരുന്ന കണ്ണുകള്‍ ഒളിക്കാന്‍ ശ്രമിക്കാതെ  മനസ് തുറന്നു. 

ഇപ്പോള്‍ പത്തരമാസം പ്രായമായ വാവയ്ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട്  ന്യൂമോണിയ പോലെ മാരകമായി തീരാന്‍ ഇടയാകുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു .അതനുസരിച്ച്  കഷ്ടിച്ച് ഒരാഴ്ച മുമ്പാണ്  കുഞ്ഞിന്റെ തൊണ്ടയിലെ സ്രവം പരിശോധിച്ചത്. അപ്രതീക്ഷിതമായി  അതില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന ഈ വിവരം റിമയും  ജോസഫും മറ്റാരും അറിയാതെ രഹസ്യമായി സൂക്ഷിക്കുകയും  കുഞ്ഞുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരെ നിരീക്ഷിച്ച്  പ്രതിയെ കണ്ടെത്തുകയും ചെയ്തിതിരുന്നു.അടുത്ത വീട്ടിലെ 'സ്‌നേഹനിധി'യായ 63 കാരന്‍ അപ്പച്ചന്‍!

'പിഞ്ചു കുഞ്ഞിനെക്കൊണ്ട്  ഓറല്‍ സെക്‌സ് ചെയ്യിച്ചു കൊണ്ടായിരുന്നു മുതുകിളവന്റെ  പേയിളക്കം. ഇന്‍ഡൊനീഷ്യയില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന പോലെ ഇവിടെ  വധശിക്ഷയും ഷണ്ഡീകരിക്കലുമാണ് വേണ്ടത് അല്ലേല്‍ പച്ചയ്ക്ക് കത്തിക്കണം'

പൊതുവെ സൗമ്യയായ റിമയ്ക്ക് രോഷം നിയന്ത്രിക്കാനായില്ല. ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ  പ്രസരിപ്പോടെ കയറിവരികയും കൂട്ടായ്മകളെ ചൂടുപിടിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അവളുടേത്. നന്നായി പാടുന്ന അതിനേക്കാളേറെ പാട്ടിനെ സ്‌നേഹിക്കുന്നവള്‍. 'പുറത്ത് മഴ  പെയ്യുമ്പോള്‍ നല്ല നാടന്‍ മുറുക്കും കൊറിച്ച് അബിദ പര്‍വീണിന്റ ഗസലും  കേട്ടുകൊണ്ടിരിക്കണം' എന്നു പറയാറുള്ള, ജീവിതത്തിനോട് തന്നെ ഒരു റൊമാന്റിക് സമീപനമുള്ള അവളാണ് ഇന്ന് ബാധ കയറിയ നിലയില്‍!   കിഴുക്കാംതൂക്കുകളില്‍ നിന്നും കുത്തിയൊഴുകി മണ്ണും മരങ്ങളും ചിതറിപരത്തി  സംഹാരരുദ്രയായി ഹുങ്കാരത്തോടെ കടലിലേക്ക് തിരിച്ച പുഴയുടെ ഭാവമായിരുന്നപ്പോളവള്‍ക്ക്. 

ഇക്കാര്യം കണ്ടുപിടിച്ചതിലുള്ള അപമാനത്തില്‍ അയല്‍വക്കത്തെ  കുടുംബം വീടുമാറി പോയത്രെ. 

'കണ്ണ് വെട്ടിച്ചായിരുന്നു ഭര്‍ത്താവ്  വൃത്തികേട് കാണിച്ചിരുന്നത്. ഞാനൊരു പൊട്ടിക്കാളി! ഇപ്പോള്‍ എനിക്ക് അങ്ങേരെപ്പറ്റി വേറേയും ചില സംശയങ്ങളുണ്ട്. ഈ റെസിഡന്‍സ് കോളനിയില്‍ ആരും ഇതറിയല്ലേ, മോളെ ഞാന്‍ നിന്റെ കാലു പിടിക്കാം ...'-വിതുമ്പലോടെ   അവിടുത്തെ അമ്മച്ചി  ക്ഷമ ചോദിച്ച് അവളുടെ പാദങ്ങളില്‍  സ്പര്‍ശിക്കാന്‍ തുടങ്ങിയത് ഓര്‍മ്മിച്ചതും റിമയുടെ സ്വരം  ഇടറിപ്പോയി. ആ കാഴ്ച  ചെറുനൊമ്പരമായി അവളുടെ തലയ്ക്കുള്ളില്‍  തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. അത്രകണ്ട് ഇഷ്ടമായിരുന്നു ഒരിക്കല്‍ അവള്‍ക്ക് അവരോട് ഇരുവരോടും.

ലൈംഗികതയെ അതിന്‍റതായ ആഘോഷങ്ങളിലല്ലാതെ അറിയുന്ന കുഞ്ഞുങ്ങള്‍ വളര്‍ന്ന് മുതിര്‍ന്ന ചിന്തകളിലേക്ക് എത്തുകയും ശരീരം എന്നാല്‍ അവനവന്റേതു മാത്രമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ മാനസിക പ്രശ്നങ്ങളിലേയ്ക്കു വീണുപോകുമോ എന്നൊക്കെയുള്ള ഭീതിയില്‍ റിമയും ജോയും അവരുടെ കുടുംബ സുഹൃത്തായ അനുഭവ സമ്പത്തുള്ള സൈക്കോളജിസ്റ്റിനെക്കണ്ട് സംശയനിവൃത്തി വരുത്തി. 

ഇന്‍ഡ്യയില്‍ 53 ശതമാനം കുട്ടികള്‍ ലൈംഗിക പീഡനം നേരിടുന്നവരാണ് എന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ നടത്തിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണു നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 

ഫ്രോട്ടറിസം, എക്‌സിബിഷനിസം, വോയറിസം, മസോക്കിസം, ട്രോയിലിസം തുടങ്ങിയ 'വൈകൃതഇസങ്ങള്‍'  കൂടാതെ  കുഞ്ഞുങ്ങളില്‍ വിശപ്പ് തീര്‍ക്കുന്ന പിഡോഫീലിക്ക് ആയവരെ പുറത്ത് കൊണ്ടുവരാന്‍ ചിലപ്പോഴെങ്കിലും  റിമ- ജോ പോലുള്ള സാധാരണ അച്ഛനമ്മമാര്‍ മടിക്കുന്നു. മറ്റൊന്നും കൊണ്ടല്ല ,തന്റെ കുഞ്ഞിനെ ആള്‍ക്കാര്‍ തുറിച്ചു നോക്കുന്നതോ ചൂണ്ടിക്കാട്ടി  കുശുകുശുക്കുന്നതോ സഹിക്കാനാകില്ല അവര്‍ക്ക്. കണ്ണുകള്‍ കലങ്ങി  കരള്‍ പിടച്ച് ഹൃദയകോണുകളില്‍ നീറുന്ന തേങ്ങലായി ഇത്തരം സംഭവങ്ങള്‍ മൂടിവെക്കപ്പെടുമ്പോള്‍ പീഡോഫീലുകള്‍ പിടിക്കപ്പെടാതെ പെരുകുന്നുണ്ടോ? അത് വായനക്കാര്‍ പൂരിപ്പിക്കേണ്ട ചോദ്യമാണ്.

റിമയുടെ  സംസാരത്തിനിടയില്‍ ഷെല്‍ഫിലിരുന്ന ഒരു ലാമിനേറ്റഡ് ചിത്രം കണ്ടു. അയല്‍വക്കത്തെ അപ്പച്ചനും അമ്മച്ചിയും ചിന്നനെയെടുത്ത് നില്‍ക്കുന്ന ഫോട്ടോ.  അവള്‍ അത് റാഞ്ചി  എടുത്ത്  ഓടിയിറങ്ങി വീടിന്റെ പിന്‍മുറ്റത്ത്  ചവറിന്റെ കൂനയില്‍ എറിഞ്ഞ്  മണ്ണെണ്ണ ഒഴിച്ച് ഒരു തീപ്പെട്ടി കൊള്ളി അതിലേക്ക് ഉരസി ഇട്ടു. ആളി ഉയരുന്ന തീയിലേക്ക് നോക്കി കാര്‍ക്കിച്ചു  തുപ്പി. കൊടും വൈരാഗ്യത്തോടെ   എരിയുന്ന ജ്വാലയിലേക്ക് തന്നെ  മിഴികള്‍ തറപ്പിച്ച്  മറ്റാര്‍ക്കും കേള്‍ക്കാനാകാതെ എന്തോ പിറുപിറുത്തു 

'അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ പിടിക്കും. ആകാശത്തിലേക്ക് അവര്‍ കയറിപ്പോയാലും അവിടെ നിന്നു ഞാന്‍ അവരെ വലിച്ചുതാഴെയിറക്കും. കാര്‍മല്‍ ശൃംഗത്തില്‍ ഒളിച്ചാലും അവിടെനിന്ന് ഞാനവരെ തിരഞ്ഞുപിടിക്കും. എന്റെ കണ്ണില്‍പ്പെടാത്തവിധം ആഴിയുടെ അഗാധത്തില്‍ അവര്‍ ഒളിച്ചിരുന്നാലും, സര്‍പ്പത്തിനു ഞാന്‍ കല്‍പന കൊടുക്കും. അത് അവരെ ദംശിക്കും. ശത്രുക്കള്‍ അവരെ പ്രവാസികളായി പിടിച്ചുകൊണ്ടു പോയാലും ഖഡ്ഗങ്ങളോടു ഞാന്‍ ആജ്ഞാപിക്കും, അത് അവരെ വധിക്കും. അവരുടെമേല്‍ ഞാന്‍ ദൃഷ്ടി പതിക്കും. നന്‍മയ്ക്കല്ല തിന്മയ്ക്ക്!'

ആഴിക്കൊപ്പം  വെന്തു നീറുന്ന അത്തരം മനസുകള്‍ മതിയാകുമല്ലേ ചില ശിക്ഷകള്‍ക്ക് പകരം വെക്കാന്‍!

click me!