23, ഡിസംബര്‍ 2018, കേരളത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും നാണം കെട്ട ഒരു ഏടായി രേഖപ്പെടുത്തേണ്ടി വരും. ഒരുകൂട്ടം സ്ത്രീകൾ അവർക്കു ഭരണഘടന അനുവദിച്ച അവകാശത്തിനു വേണ്ടി ശബരിമല കയറുവാൻ എത്തുന്നത് രാജ്യം ഒട്ടാകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വര്‍ഷം 1873... അമേരിക്കയിലെ കോടതിയിൽ ഒരു വിസ്താരം നടക്കുകയാണ്. വിസ്താരം നേരിടുന്നത് സൂസൻ ബി. ആന്‍റണി എന്ന, സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നേതാവ്. മൂന്ന് ദിവസം നീണ്ടു നിന്ന വിസ്താരത്തിനൊടുവിൽ അവളെ കുറ്റക്കാരിയായി പ്രഖ്യാപിക്കുന്നു. സ്ത്രീയായ അവൾ ഇലക്ഷനിൽ വോട്ടു ചെയ്യാൻ ശ്രമിച്ചു എന്നതായിരുന്നു അവളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. ഇന്ന് ചിലപ്പോൾ അത് വിചിത്രം എന്ന് തോന്നിയേക്കാം.
undefined
1868 -ൽ ആണ് അമേരിക്കൻ ഭരണകൂടം Fourteenth Amendment വഴി പൗരന്മാർക്ക് തുല്യനീതി വാഗ്ദാനം ചെയുന്ന ഉപാധി തുറന്നു കൊടുത്ത്. സ്ത്രീകൾക്ക് തുല്യ നീതി തുലോം കുറവായിരുന്ന അക്കാലത്ത്, അതായത് സ്വന്തമായി സ്വത്ത് കൈവശം സൂക്ഷിക്കാൻ പോലും സ്ത്രീകൾക്ക് അധികാരം ഇല്ലാതിരുന്ന എഴുപതുകളുടെ ആരംഭത്തിൽ പല സ്ത്രീകളും വോട്ടു ചെയ്യാൻ ശ്രമിക്കുകയും എന്നാൽ, അതിന് അനുവദിക്കാതെ തിരിച്ചയക്കപ്പടുകയും ചെയ്തിരുന്നു.
1872 -ൽ ആണ് സൂസനും കൂടെയുള്ള മറ്റു പതിനാല് സ്ത്രീകളും തുല്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി വോട്ടു ചെയ്യാൻ ചെല്ലുന്നത്. സ്ത്രീകൾ തുടർച്ചയായി വോട്ടു ചെയ്യാൻ ശ്രമിക്കുന്നത് അക്കാലത്തെ ചില പുരുഷകേസരികളെയും അധികാരത്തിൽ ഇരുന്നവരെയും അതിനോടകം ചൊടിപ്പിച്ചിരുന്നു. അപമാനത്തിനും, പരിഹാസത്തിനും, ഭീഷണിക്കും ഈ സ്ത്രീകൾ വഴങ്ങുന്നില്ല എന്ന് കണ്ട അവർ സൂസനെ അറസ്റ്റ് ചെയുകയും പിന്നീട് വിസ്തരിക്കുകയും ചെയ്യുന്നു. ജൂഡിത്ത് വെൽമാൻ 2004 -ൽ എഴുതിയ പുസ്തകത്തിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
എനിക്ക് കിട്ടേണ്ട നീതികൾ എനിക്ക് നിഷേധിക്കപ്പെട്ടു
അന്നത്തെ ജഡ്‌ജി Hunt വിസ്താരത്തിനിടയിൽ ഒരിക്കൽ പോലും സൂസന് തന്‍റെ ഭാഗം പറയുവാൻ അവസരം കൊടുക്കാതിരുന്നതും, ജൂറിയോടു സൂസനെ കുറ്റക്കാരി ആയി വിധിക്കാൻ നിർദേശിച്ചതും അന്ന് മാധ്യമങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ട് വരികയും സ്ത്രീകളുടെ വോട്ടവകാശം രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. വിധിപ്രസ്താവന കേട്ട സൂസനോട് ജഡ്ജ് Hunt എന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ ആ കോടതിമുറിയിൽ നടത്തിയ പ്രസംഗം പിന്നീട് ശ്രദ്ധേയമായി 'എനിക്ക് വളരെ കാര്യങ്ങൾ പറയുവാൻ ഉണ്ട്, കാരണം താങ്കൾ എന്നെ കുറ്റക്കാരിയായി വിധിച്ചിരിക്കുന്നു, നിങ്ങളുടെ കാലടികൾ ചവിട്ടി തേച്ചത് ഈ ഗവണ്‍മെന്‍റ് നിലകൊള്ളുന്ന എല്ലാ അടിസ്ഥാന തത്വങ്ങളെയും ആണ്. ഒരു പൗരനെന്ന നിലയിൽ ഉള്ള എന്‍റെ അവകാശങ്ങൾ, പൊളിറ്റിക്കൽ, ജുഡീഷ്യൽ, സ്വാഭാവികമായി എനിക്ക് കിട്ടേണ്ട നീതികൾ എനിക്ക് നിഷേധിക്കപ്പെട്ടു. എന്നിൽ നിന്നും കൊള്ളയടിക്കപ്പെട്ടതു ഒരു പൗരൻ എന്ന നിലയിലുള്ള എന്‍റെ അവകാശങ്ങൾ ആണ്, ഒരു പൗരനിൽ നിന്നും ഞാൻ വെറും ഒരു 'വിഷയം' എന്ന നിലയിലേക്ക് തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ഞാൻ മാത്രം അല്ല സ്ത്രീ ലിംഗത്തിൽ പെട്ട എല്ലാവരും' (വിവർത്തനം).’
ആൻ ഡി ഗോർഡൻ എന്ന ചരിത്രകാരിയുടെ വിവരണത്തിൽ, സ്ത്രീകളുടെ അവകാശസമരങ്ങളിൽ അറിയപ്പെടുന്ന ഒരേടായി സൂസന്‍റെ ഈ പ്രഭാഷണം മാറി. അധിക കാലം കഴിയുന്നതിനു മുമ്പ് തന്നെ സ്ത്രീകൾക്ക് വോട്ടവകാശവും മറ്റ് അവകാശങ്ങളും ലഭിക്കുകയും ചെയ്തു. ഇന്ന്, ചരിത്രത്തിൽ കുറിക്കപ്പെട്ട പേരുകളിൽ ഒന്നാണ് സൂസന്‍റേത്. അതുപോലെ അന്ന് അവരോടൊപ്പം നിന്ന് പോരാടിയ ഒട്ടനേകം സ്ത്രീകളുടേതും. സമകാലിക ഇന്‍റർനെറ്റ് ഭാഷയിൽ പറഞ്ഞാൽ ഒരു കാലത്തു 'കണ്ടം വഴി ഓടിയ', ചില പുരുഷ കേസരിമാർ കണ്ടം വഴി ഓടിച്ച ഈ പെണ്ണുങ്ങൾ ആണ് ഇന്ന് അമേരിക്കന്‍ സ്ത്രീകൾ നേടിയെടുത്ത വോട്ടവകാശത്തിന്‍റെയും മറ്റും മുന്നണി പോരാളികൾ.
23, ഡിസംബര്‍ 2018, കേരളത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും നാണം കെട്ട ഒരു ഏടായി രേഖപ്പെടുത്തേണ്ടി വരും. ഒരുകൂട്ടം സ്ത്രീകൾ അവർക്കു ഭരണഘടന അനുവദിച്ച അവകാശത്തിനു വേണ്ടി ശബരിമല കയറുവാൻ എത്തുന്നത് രാജ്യം ഒട്ടാകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് എട്ടുമണിക്കൂർ നീണ്ട അവരുടെ മനക്കരുത്തിനു മുന്നിൽ കൈക്കരുത്തുമായി ഓടിയടുക്കുന്ന ഒരു കൂട്ടം മനുഷ്യരെയും കണ്ടു. പോലീസിന്‍റെയോ പോലീസിനെ ഭരിക്കുന്ന ഗവണ്‍മെന്‍റിന്‍റേയോ ഉദ്ദേശശുദ്ധിയെയോ, അല്ലെങ്കിൽ വിധി നടപ്പാക്കാനുള്ള നിശ്ചയദാർഢ്യത്തെയോ, തുല്യനീതിക്കു വേണ്ടി വാദിക്കുന്ന സമൂഹം ചോദ്യം ചെയ്താൽ അതിശയം ഇല്ല.
സംസ്കാരം എന്നത് കൂട്ടായ ഒരു ചിന്ത ആണ്
പക്ഷെ, സമസ്യ അതിലും വലുതാണെന്ന്, ഈ സ്ത്രീകളുടെ 'കണ്ടം വഴിയുള്ള ഓട്ടം' കണ്ട് ആനന്ദം കൊള്ളുന്ന കുറെ മനുഷ്യരുടെ ഊറ്റം കൊള്ളലുകൾ തെളിയിച്ചു. ഇതിനു മുമ്പും ഒരു സ്ത്രീ ഇക്കൂട്ടരുടെ ആക്രമണത്തിനിരയായി പൊലീസ് ജീപ്പിൽ ഓടിക്കയറുന്നതും ആഘോഷമാക്കിയ മനുഷ്യരുടെ മാനസികാവസ്ഥയാണ് പ്രശ്നം. അതിനവരെ പ്രാപ്തരാക്കുന്ന സംസ്കാരം ആണ് വിഷയം.
സംസ്കാരം എന്നത് കൂട്ടായ ഒരു ചിന്ത ആണ്. ഒരു കൂട്ടം മനുഷ്യരുടെ പരിസരങ്ങളിൽ നിന്നും, ജീവിത രീതിയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന, പങ്കുവെക്കപ്പെടുന്ന വിശ്വാസങ്ങൾ, മൂല്യങ്ങൾ അതിൽ നിന്നും ഉടലെടുക്കുന്ന പെരുമാറ്റ രീതികൾ, കാലങ്ങൾ കൊണ്ട് സമൂഹത്തിലെ അംഗങ്ങൾ തന്നെ ഉണ്ടാക്കി എടുക്കുന്ന ഒന്നാണ് ഈ സംസ്കാരം. അല്ലാതെ ഒരു ദിവസം പൊട്ടി കിളിർത്തു വരുന്ന വിശിഷ്ട്യമായ ഒന്നുമല്ല. ആദ്യം പറഞ്ഞ പോരാട്ടകഥയിലെ സൂസൻ സൂചിപ്പിച്ച പോലെ, പെണ്ണ് വെറും പച്ച മാംസം ആകുന്ന ഒരു സംസ്കാരം, ഞാൻ അടങ്ങുന്ന സ്ത്രീകൾ ഒരിടത്തു പ്രവേശിപ്പിക്കാൻ കൊള്ളാത്തവർ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ്, പരിഹസിച്ച്, നെയ്ത്തേങ്ങ കൊണ്ട് എറിഞ്ഞോടിക്കുന്ന സംസ്കാരം. 'മനിതി'ക്കു നേരെ പാഞ്ഞടുത്ത അക്രമി സംഘം പ്രധിനിധാനം ചെയ്യുന്നത് ഈ സംസ്കാരം ആണ്.
രഹ്ന ഫാത്തിമ എന്ന പെണ്ണിന്‍റെ തുട കാണുമ്പോൾ മതവികാരം വ്രണപ്പെടുകയും അവളെ ജാമ്യം പോലും ലഭിക്കാത്ത വിധത്തിൽ അഴിക്കുള്ളിൽ ആക്കുകയും ചെയ്യുന്നത് ഈ സംസ്കാരം ആണ്. വെറും ലൈംഗിംക ഇറച്ചി കഷ്ണത്തിന്‍റെ നിലയിലേക്ക് പെണ്ണിനെ തരം താഴ്ത്തുന്ന സംസ്കാരം. ശരീരത്തിന്‍റെ രാഷ്ട്രീയം മുന്നോട്ടു വെക്കാനുള്ള പക്വത ഇല്ലാത്ത സമൂഹത്തിന്‍റെ മുന്നിലേക്കാണ് കറുത്ത കുപ്പായം അണിഞ്ഞ് തുട പ്രദര്‍ശിപ്പിച്ചത് എന്നത് മനസിലാകുന്നു. പക്ഷെ, അത്ര അശ്ലീലം ആണോ പെണിന്‍റെ ശരീരം? അതേ അവസ്ഥയിൽ ചിലപ്പോൾ അതിലും കയറ്റി മുണ്ടു മടക്കി കുത്തി അയ്യപ്പന്മാർ നടക്കുന്ന തെരുവോരങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ഒരു പെണ്ണിന്‍റെ തുട ഇത്ര പ്രേശ്നമാകുന്നത് ഈ സംസ്കാരത്തിന്‍റെ ആകെ തുക ആണ്.
മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
ക്രിസ്തുമസ് കൂട്ടിലെ മാലാഖമാർ ആകാനും, താലപ്പൊലി ഏന്തി സദസ്സുകൾ അലങ്കരിക്കാനും മാത്രമേ പെൺശരീരങ്ങളെ നമ്മുടെ സംസ്കാരത്തിന് ആവശ്യമുള്ളൂ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സംസ്കാരത്തിൽ പെണുങ്ങളെ 'കണ്ടം വഴി ഓടിക്കുക' ആണ് നമ്മൾ കണ്ടെടുത്ത പെരുമാറ്റ രീതി എങ്കിൽ, പെണിന്‍റെ ശരീരം അത്ര അയിത്തം കല്പിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നു എങ്കിൽ മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
കണ്ടം വഴി നിങ്ങൾ ഓടിച്ച പെണ്ണുങ്ങൾ നാളെ ഓർമ്മിക്കപ്പെടും, ചരിത്രത്തിൽ അവരാകും ധൈര്യ ശാലികൾ. അവരെ ഓടിച്ചവരും, നിസ്സംഗരായി കാഴ്ച കണ്ടു നിന്നവരും വെറും മുഖങ്ങൾ മാത്രം ആണ്. ലോകത്തിനു മുന്നിൽ തന്നെ ഈ കൊച്ചു കേരളത്തെ, ദൈവത്തിന്‍റെ സ്വന്തം നാടിനെ അപഹാസ്യരാക്കിയ ഒരു കൂട്ടം മുഖങ്ങൾ മാത്രം.
(ലേഖിക സ്വതന്ത്ര മാധ്യമ പ്രവർത്തകയും, ഇംഗ്ലണ്ടിലെ യോർക്ക് സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയുമാണ് )