ഗൾഫ് മണലാരണ്യങ്ങളിൽ നിന്നും, അമേരിക്കയടക്കം പാശ്ചാത്യ നാടുകളിൽ നിന്നും, എത്രയോ നല്ല മനുഷ്യർ പ്രളയക്കെടുതി നേരിട്ട കേരളത്തിലേക്ക് ഓടിയെത്തി ആരുമറിയാതെ, ആരേയുമറിയിക്കാതെ, അറിയാത്തവർക്കായി സന്നദ്ധസേവനം ചെയ്തു.
എന്തായാലും, മന്ത്രിമാരുടെ യാത്ര എളുപ്പമാവില്ലെന്നത് വേറെ കാര്യം. നിർബന്ധിച്ച് സി.പി.എം നടത്തുന്ന പിരിവും സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനോടും യോജിക്കാനാവില്ലെങ്കിലും ഓടുന്ന വണ്ടിക്ക് അള്ളു വയ്ക്കുന്ന കോൺഗ്രസും ബി.ജെ.പി നിലപാടും അംഗീകരിക്കാനാകില്ല. കേന്ദ്രസഹായം ആവശ്യത്തിന് നൽകില്ല, വിശ്വാസികൾ ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാൻ പാടില്ല, വിദേശികൾ ആരെങ്കിലും സംഭാവന നൽകാമെന്ന് വച്ചാൽ അത് രാജ്യത്തിന്‍റെ ആത്മാഭിമാനം തകർത്തു കളയുമത്രേ.
undefined
സ്വന്തം നാടിന് സഹായം നൽകാൻ മന്ത്രിമാർ വന്ന് ഇരക്കണോ? പ്രളയം വന്ന് കെടുതി അനുഭവിച്ച നാടിനെ മലയാളികൾ കൈമെയ്യ് മറന്ന് സഹായിച്ചു. അത് പക്ഷേ ഔദാര്യമല്ല, കടമയാണ്. കേരളത്തിൽ ജീവിക്കുന്ന അൽപ്പപ്രാണികളായ കൂലിപണിക്കാരും, മത്സ്യത്തൊഴിലാളികളും, മുറുക്കാൻ കടക്കാരും, ചെറിയ കച്ചവടക്കാരും, സ്വകാര്യ, സർക്കാർ ജീവനക്കാരും എല്ലാതരത്തിലും സഹായിച്ചു. പലരും ജീവത്യാഗം വരെ ചെയ്തു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ജീവൻ വെടിയേണ്ടി വന്നു പലർക്കും. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ എലിപ്പനി വന്നും എത്രപേരാണ് മരിച്ചത്. അവരാക്കെ ഇന്നാട്ടിൽ ജീവിക്കുന്നവർ തന്നെയല്ലേ. ഇതിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എത്ര പേരാണ് സഹായിച്ചത്. മലയാളികളും, അല്ലാത്തവരും ഒരു പോലെ സഹായിച്ചു. ഇന്ത്യ ഒട്ടാകെയുള്ള പട്ടാളക്കാർ അതിർത്തി കാത്ത് കഷ്ടപ്പെട്ട് സമ്പാദിച്ച തങ്ങളുടെ ശമ്പളത്തിലൊരു വിഹിതം നൽകിയില്ലേ? എന്തേ മുഖ്യമന്ത്രിയും മന്ത്രിപ്പടയും നമ്മുടെ അതിർത്തികളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്നില്ല. അല്ല, അവരാരും അത് മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നുമില്ല.
നികുതിപ്പണമുപയോഗിച്ചാണ് മുഖ്യമന്ത്രി പോകുന്നതെങ്കിൽ അത് എന്തിനാണെന്ന് വെളിപ്പെടുത്തിയിട്ട് തന്നെ പോകണം
പിന്നെന്തേ വിദേശ മുതലാളിത്ത രാജ്യങ്ങളിലേക്ക് മാത്രം മന്ത്രിമാർ പായണം. എന്തിനാണ് അമേരിക്കയിൽ പോയതെന്ന് പിണറായി വിജയനോട് ആരും ചോദിക്കാൻ പാടില്ല. നാളെ പോകുമെന്ന് പറഞ്ഞിട്ട് ഇന്ന് രഹസ്യമായി പോകും. മറ്റന്നാൾ വരുമെന്ന് പറഞ്ഞിട്ട് ആരുമറിയാതെ ഇന്ന് എത്തിച്ചേരും. അസുഖം വന്നാൽ ഒരാൾ ചികിത്സക്ക് പോകുന്നതിൽ തെറ്റൊന്നുമില്ല. നമ്മളൊക്കെ പോയാൽ മുതലാളിത്ത അമേരിക്കയിൽ ചാരപ്രവർത്തനത്തിനെന്ന് ആക്ഷേപിക്കാം. അവരോ അവരുടെ മക്കളോ ഒക്കെ പോയാലോ അത് സാമ്രാജ്യത്തിൽ നുഴഞ്ഞ് കയറി അത് തകര്‍ക്കാനുള്ള തന്ത്രവുമായിരിക്കും. അത് പോട്ടേ. നമ്മുടെ നികുതിപ്പണമുപയോഗിച്ചാണ് മുഖ്യമന്ത്രി പോകുന്നതെങ്കിൽ അത് എന്തിനാണെന്ന് വെളിപ്പെടുത്തിയിട്ട് തന്നെ പോകണം.
പക്ഷേ, നമുക്ക് കാണാനായത് കുറെ പൊങ്ങച്ചക്കാരുടെയിടയിൽ മുഖ്യമന്ത്രിമാരുടെയും, മതനേതാക്കൻമാരുടെയും ഇടയിൽ അദ്ദേഹം ഇരിക്കുന്നത് മാത്രമാണ്. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുതെന്നാണ് പരമദരിദ്രനെങ്കിലും ആത്മീയമായി ധനികനായ ഒരാൾ രണ്ടായിരം വർഷം മുമ്പ് പറഞ്ഞത്. എന്നാൽ മുപ്പത് വെള്ളിക്കാശ് സംഭാവന വാഗ്ധാനം നൽകിയിട്ട് ഭാര്യയുടെ പൊങ്ങച്ചവും, ഏതോ മാധ്യമ സ്ഥാപനത്തിലെ സ്ഥാനമാനങ്ങളും ഇല്ലാത്ത കുടുംബ മഹിമയുമൊക്കെ പറഞ്ഞ് കുറേ പേർ വീമ്പിളക്കുന്നതിന് മുഖ്യമന്ത്രി സാക്ഷ്യം വഹിക്കുന്നതാണ് നമ്മൾ തൽസമയം കണ്ടത്.
ഗൾഫ് മണലാരണ്യങ്ങളിൽ നിന്നും, അമേരിക്കയടക്കം പാശ്ചാത്യ നാടുകളിൽ നിന്നും, എത്രയോ നല്ല മനുഷ്യർ പ്രളയക്കെടുതി നേരിട്ട കേരളത്തിലേക്ക് ഓടിയെത്തി ആരുമറിയാതെ, ആരേയുമറിയിക്കാതെ, അറിയാത്തവർക്കായി സന്നദ്ധസേവനം ചെയ്തു. അതിൽ മറ്റ് സംസ്ഥാനങ്ങളിലെ കളക്ടർമാരുണ്ട്, ഡോക്ടർമാരുണ്ട്, സൈനികരുണ്ട്, വിവര സാങ്കേതിക വിദഗ്ദ്ധരുണ്ട്, പ്രവാസികളായ യുവാക്കളുണ്ട്, തമിഴ് നാട്ടിലെയും, ആന്ധ്രയിലേയും ഒഡീഷയിലേയും ഫയർഫോഴ്സുകാരുണ്ട്, വൈദ്യുത വകുപ്പ് ജീവനക്കാരുണ്ട്, വിദൂരമായ ഉത്തരേന്ത്യൻ നാടുകളിൽ നിന്ന് പാവങ്ങൾ അയച്ച വില കുറഞ്ഞെതെങ്കിലും മൂല്യമേറിയ വസ്തുക്കൾ കാശ് വാങ്ങാതെ ചുമന്ന് മാറ്റിയ റെയിൽവേ പോർട്ടർമാരുണ്ട്. ഇനി എത്താൻ കഴിയാത്തവർ സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും സമാഹരിച്ച് ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുകയും ചെയ്തു.
5000 കോടി അവിടുന്ന് പിരിച്ചെടുക്കുമെന്നാണ് ന്യായീകരണം
പക്ഷേ, എന്തേ ചിലർക്ക് മാത്രം പണം കേരളത്തിലെ മന്ത്രി പട ( അതേ 17 മന്ത്രിമാരാണ് കച്ചകെട്ടി വിദേശത്തേക്ക് പോകാന്‍ കോട്ടും സൂട്ടും സൂട്ട്കേസുമായി ഒരുങ്ങി നിൽക്കുന്നത്) എത്തിയാലേ തരൂ എന്ന് എന്താണിത്ര വാശി? 5000 കോടി അവിടുന്ന് പിരിച്ചെടുക്കുമെന്നാണ് ന്യായീകരണം. അവശേഷിക്കുന്നവരിൽ ശൈലജ ടീച്ചറിനെയും, കെ. രവീന്ദ്രനാഥിനെയും പിന്നീട് ചൈനയിലേക്കും, ഉത്തര കൊറിയയിലേക്കും ഒക്കെ പിരിവെടുക്കാൻ അയക്കുമായിരിക്കും. പ്രളയ സമയത്ത് തന്നെ ഒട്ടും സമയം കളയാതെ ജർമ്മനിയിൽ പിരിവെടുക്കാൻ പോയ കെ.രാജുവിന് 'ഗുഡ് സർവ്വീസ് എൻട്രി' കിട്ടികഴിഞ്ഞു. വിദേശത്തൊക്കെ അന്തസ്സായി പണിയെടുത്താണ് മലയാളികൾ കഴിയുന്നത്. അവരുടെ കഠിനാദ്ധ്വാനവും, കർമ്മകുശലതയും, സമർപ്പണവും അന്നാട്ടുകാർക്കിടയിൽ തന്നെ ഏറെ മതിപ്പുണ്ടാക്കിയിട്ടുണ്ട്. നമ്മളൊക്കെ നാട്ടിൽ ചെയ്യുന്നതു പോലെ പണിക്കിടയിൽ സമ്മേളനത്തിന് പോകാൻ അവർക്കാവില്ല. അപ്പോൾ പിരിവ് മന്ത്രിമാരെ കാണാൻ അവധിയെടുത്ത് വേണം അവർക്ക് പോകാൻ. എന്തായാലും ഗൗരവപൂർണ്ണമായ ചർച്ചക്കൊന്നും ഇതിനിടയിൽ സമയം കിട്ടാനിടയില്ല. എന്തേ അവിടെ വന്ന് ചോദിച്ചാലേ പ്രവാസികൾ സഹായിക്കൂ എന്നുണ്ടോ. പണിക്കായും, പഠിക്കാനും അത്യാവശ്യം വിദേശത്ത് പോയിട്ടേയുള്ളൂ. കൂടുതലറിയില്ല. എന്നാലും ചോദിക്കാതെയും, പരസ്യമായി പ്രഖ്യാപിക്കാതെയും ഇനിയും സഹായം നൽകാൻ പ്രവാസികൾക്കാവില്ലേ? കഴിയുന്നതിലധികം, ഇവിടുള്ളവരെ പോലെ പ്രവാസികളും നൽകിയിട്ടുണ്ടാകും എന്ന് തന്നെയാണ് വിശ്വാസം.
എന്തായാലും, മന്ത്രിമാരുടെ യാത്ര എളുപ്പമാവില്ലെന്നത് വേറെ കാര്യം. നിർബന്ധിച്ച് സി.പി.എം നടത്തുന്ന പിരിവും സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനോടും യോജിക്കാനാവില്ലെങ്കിലും ഓടുന്ന വണ്ടിക്ക് അള്ളു വയ്ക്കുന്ന കോൺഗ്രസും ബി.ജെ.പി നിലപാടും അംഗീകരിക്കാനാകില്ല. കേന്ദ്രസഹായം ആവശ്യത്തിന് നൽകില്ല, വിശ്വാസികൾ ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാൻ പാടില്ല, വിദേശികൾ ആരെങ്കിലും സംഭാവന നൽകാമെന്ന് വച്ചാൽ അത് രാജ്യത്തിന്‍റെ ആത്മാഭിമാനം തകർത്തു കളയുമത്രേ. രാജ്യത്തിന്‍റെ എല്ലാ ഇടപാടുകളിലും കൃത്യ വിഹിതം തങ്ങളുടെ സംസ്ഥാനത്തേ തങ്ങളുടെ ആൾക്കാരിലേക്ക് എത്തിക്കുന്ന പ്രധാനമന്ത്രിക്കും പാർട്ടി അദ്ധ്യക്ഷനും മറ്റുള്ളവന് ഉടുതുണിക്ക് മറുതുണിയില്ലെങ്കിലെന്ത്? സ്വാഭിമാനം ഉള്ളതിനാലാകാം ഗുജറാത്തികൾ യോഗിയുടെ ഭയ്യമാരെ യു.പിയിലേക്ക് കെട്ട് കെട്ടിച്ചത്. കേരളത്തിലാണെങ്കിൽ നാം പ്രളയത്തെ അതിജീവിച്ചു കഴിഞ്ഞു. ഏതായാലും വിദേശത്ത് ചുറ്റിയടിക്കാൻ തനിക്കും മന്തിമാർക്കും പോകേണ്ടതിനാൽ, വിവാദം അതിന് തടസ്സമാകാതിരിക്കാൻ, തൽക്കാലത്തേക്ക് മാത്രം ബ്രൂവറി അടച്ചിടുമത്രേ. ഋതുമതികളായ സ്ത്രീകൾ വന്ന് ശബരിമല പൂങ്കാവനം അശുദ്ധമാക്കുമെന്നതിനാലും, അയ്യപ്പ സ്വാമികളുടെ നൈഷ്ഠിക ബ്രഹ്മചാരിത്യത്തിന് കോട്ടം തട്ടുമെന്നതിനാലും സമസ്ത കേരള നായൻമാർ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രകൾക്കായി ബി.ജെ.പിയും, കോൺഗ്രസ്സും, എന്തിന് മുസ്ലീം ലീഗും, കേരള കോൺഗ്രസ്സു പോലും പ്രളയത്തെ വിട്ടു കഴിഞ്ഞു. ഇനി ശബരിമല ദർശനത്തിന് വരുന്ന തൃപ്തി ദേശായിയെ നേരിട്ട്, പൂങ്കാവനം വിശുദ്ധമാക്കാൻ കൊല്ലം തുളസിയുടെ നേതൃത്വത്തിൽ ഇവരൊക്കെ അണിനിരക്കുമായിരിക്കും
അന്തസുള്ള കേരളീയർ കഷ്ടപ്പെട്ട് ഇനി മുതൽ ജീവിക്കാമെന്ന് തന്നെ തീരുമാനിക്കുക
'ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ’ എന്നാണല്ലോ വള്ളത്തോൾ നാരയണ മേനോൻ പറഞ്ഞത്. അന്തസുള്ള കേരളീയർ കഷ്ടപ്പെട്ട് ഇനി മുതൽ ജീവിക്കാമെന്ന് തന്നെ തീരുമാനിക്കുക. ഒരുത്തനും സഹായിച്ചില്ലെങ്കിലും നാം സ്വാഭിമാനം ജീവിക്കും.
വാൽകഷ്ണം- ബഹിരാകാശ നിലയത്തിലേക്ക് റഷ്യൻ അമേരിക്കൻ ശാസ്ത്രഞ്ജൻമാരെ കൊണ്ടു പോയ സോയൂസ് പേടകം തകാരാറുള്ളതിനാൽ പൊടുന്നനേ തിരിച്ചിറക്കി. നേരത്തെ പേടകം പുരോഹിതൻമാർ വെഞ്ചരിച്ചിരുന്നു. ഇതിലെന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ, ഋതുമതികളായ യുവതികൾ വിക്ഷേപണത്തറയെ അശുദ്ധമാക്കിയിട്ടും പുണ്യാഹം തളിച്ച് ശുദ്ധി ഉറപ്പാക്കിയില്ലയോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കാൻ നോം തിരുമേനിമാരെ അയക്കുമായിരിക്കും.