വിശ്വാസി സമൂഹത്തിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. അത് ഏതുതരം വിശ്വാസമാണെങ്കിലും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആളുകള്‍ വളരെ വൈകാരികം ആകും.
ശബരിമല നട നാളെ തുറക്കും. വിശ്വാസികളെന്ന് പരിചയപ്പെടുത്തി ഒരുകൂട്ടം ജനങ്ങള്‍ അവിടെയെത്തുന്ന സ്ത്രീകളെ അക്രമിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ആ പശ്ചാത്തലത്തിലാണ് സ്ത്രീകളടക്കമുള്ളവര്‍ ഒരു കൂട്ടം പേരുടെ അവകാശത്തിനു മേല്‍ കടന്നുകയറുന്നതും അക്രമം അഴിച്ചു വിടുന്നതും. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഇതിന് എന്താണ് പ്രതിവിധി. എഴുത്തുകാരി കെ.ശാരദക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
വിശ്വാസി സമൂഹത്തിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. അത് ഏതുതരം വിശ്വാസമാണെങ്കിലും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആളുകള്‍ വളരെ വൈകാരികം ആകും. അത് മതവിശ്വാസവുമായി ബന്ധപ്പെട്ടാണെങ്കില്‍ പ്രത്യേകിച്ചും. അവര്‍ ചെയ്യുന്നത് ശരിയാണോ, തെറ്റാണോ എന്നൊന്നും അവര്‍ ചിന്തിക്കില്ല. ആധുനികമായ ഒരു സമൂഹത്തില്‍ കോടതിയുടെ വിധിയാണ് ഇവിടെ ലിംഗപരമായ അനീതി പാടില്ലെന്നത്. അത് മനസിലാക്കണമെങ്കില്‍ ആലോചിക്കണം, ഇതൊരു തുല്ല്യനീതിയുടെ കാര്യമാണെന്നും, ഇവിടെ ലിംഗനീതി വേണമെന്നും. ഇത് വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ടിരിക്കുന്ന നീതിയുടെ കാര്യമാണ്. വിശ്വാസികളെ പോലും ഇവര്‍ ശബരിമലയില്‍ പോകുന്നതില്‍ നിന്നും തടയുകയാണ്. ഇത് ഒരുതരം അവകാശമെടുക്കലാണ്. മതസ്ഥാപനങ്ങളുടെ മറവില്‍. ചരിത്രജ്ഞാനമില്ലാത്തവരോട് യുദ്ധം ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണ്.
മുഖ്യമന്ത്രിയെടുക്കുന്ന കര്‍ശനമായ നിലപാടിനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്.
undefined
സാമൂഹികമായി ഉത്തരവാദിത്വപ്പെട്ടവരാണ് സ്ത്രീകളെ രണ്ടായി വലിച്ചുകീറുമെന്നും അക്രമിക്കപ്പെടുമെന്നും എല്ലാം പറയുന്നത്. അവരെ ആരും തടയുന്നില്ല. ആരുടെയൊക്കെയോ പിന്നണികളായിട്ട് പ്രവര്‍ത്തിക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത്. ഈ വിശ്വാസികളെന്ന് പറയുന്നവര്‍ അജ്ഞതയിലാണ് കഴിയുന്നത്. ഇവര്‍ക്കറിയില്ല എന്താണ് നടക്കുന്നതെന്ന്. ഒരുതരത്തിലുള്ള അറിവും ഇവരുടെ അടുത്തെത്താതിരിക്കാനാണ് ഇവരെല്ലാം ശ്രമിക്കുന്നത്. ബോധപൂര്‍വം ഇവരെ എല്ലാം അജ്ഞരാക്കി നിലനിര്‍ത്തുകയെന്നതാണ് കാലാകാലങ്ങളായി ചെയ്യുന്നത്. എല്ലാ മതത്തിന്‍റെയും കാവല്‍ക്കാരാക്കുന്നത് സ്ത്രീകളെയാണ്. മതം അതിന്‍റെ ദുഷിച്ച താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ എപ്പോഴും സ്ത്രീകളെയാണ് ഉപയോഗിക്കുന്നത്. സ്ത്രീകളാണ് അവരുടെ ടൂളുകള്‍. പുറംലോകത്തുനിന്നുള്ള ഒരു സാമൂഹ്യപ്രശ്നത്തിലും ഇടപെടുകയോ, അഭിപ്രായം പറയുകയോ, പ്രതികരിക്കുകയോ ഒന്നും ചെയ്യാത്തവരാണ് ഇവര്‍. എവിടെയും നമ്മളിവരെ കണ്ടിട്ടില്ല. അത്തരത്തിലുള്ള സ്ത്രീകളെ വളരെ എളുപ്പമാണ് ഭക്തിയുടേയും വിശ്വാസത്തിന്‍റേയും പേര് പറഞ്ഞ് ഇങ്ങനെ വഴിയിലേക്കിറക്കാന്‍.
എല്ലാ മതവും ഇങ്ങനെ തന്നെയാണ്. മതമൊരിക്കലും കാറ്റിന്, വെളിച്ചത്തിന്, സത്യത്തിന് വാതില്‍ തുറന്നുകൊടുക്കില്ല. കുടുംബത്തിലിരിക്കുന്ന സ്ത്രീകളെ മതത്തിന്‍റെ ടൂളാക്കാന്‍ എളുപ്പമാണ്. ഇത്ര വേഗത്തില്‍ പിന്നോക്കം പോകുന്ന ഒരു സമൂഹത്തില്‍ വളരെ ജാഗ്രതയോടെ, എത്രയെല്ലാം തെറി കേട്ടാലും എന്തെല്ലാം അക്രമങ്ങളുണ്ടായാലും തളരരുത്. പുരോഗമനബോധമുള്ളവര്‍, ചിന്താശേഷിയുള്ളവര്‍ വാക്കുകള്‍ കൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും നിരന്തരം ശബ്ദിക്കണം. ആയിരം പേര്‍ നമ്മളെ വായിച്ചാല്‍, ആയിരം പേര്‍ നമ്മളെ കേട്ടാല്‍ അതില്‍ ഒരാളില്‍ അത് ചെല്ലും, ഒരാളായിരിക്കും ഉള്‍ക്കൊള്ളുക, ഒരാള്‍ക്കായിരിക്കാം വെളിച്ചം കിട്ടുക.
ഇതിപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കുറച്ച് ഡാമേജുണ്ടാക്കുക, കുറച്ച് പ്രശ്നങ്ങളുണ്ടാക്കുക തുടങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിത്രയും വലിയ പ്രശ്നമാക്കിത്തീര്‍ക്കുന്നതിനു പിന്നില്‍. ആ രാഷ്ട്രീയ ഉദ്ദേശത്തെ തിരിച്ചറിയുന്നവരുണ്ടായാല്‍ മതി ഇവിടെ. സെന്‍സേഷണല്‍ സംഭവങ്ങളെയൊക്കെ കാറ്റ് കൊണ്ടുപോവും. ബാക്കിയുള്ള രാഷ്ട്രീയ കാര്യങ്ങള്‍ ശേഷിക്കും. ആ സമയത്ത് ഒരല്‍പം ചിന്താശേഷി ഉപയോഗിച്ചാല്‍ മതി.
സതി നിരോധിക്കാനൊരുങ്ങിയപ്പോള്‍ എഴുപതിനായിരം പേരാണ് നിരോധിക്കരുതെന്ന് പറഞ്ഞ് വന്നത്. എന്നിട്ട് സതി നിരോധിച്ചില്ലേ? മാറ് മറക്കാതെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറിക്കൊണ്ടിരുന്നത്. മാറ് മറക്കരുതെന്നാണ് പണ്ട് പറഞ്ഞോണ്ടിരുന്നത് അവിടെ കയറിച്ചെല്ലണമെങ്കില്‍. ഇപ്പോള്‍ അവിടെ ചെന്നാല്‍ ചുരിദാറിന്‍റെ ഷാള് ധരിക്കാത്തവരെ ഷാള് ധരിക്കാന്‍ പറഞ്ഞുവിടും. പണ്ട് പറഞ്ഞവരുടെ പിന്മുറക്കാരനാണ് ഇപ്പോള്‍ അവിടെ ഒറ്റമുണ്ടുടുത്ത് നിന്ന് പെണ്ണുങ്ങളോട് ഷാള് വാങ്ങിക്കൊണ്ടുവരാന്‍ പറയുന്നത്.
എല്ലാക്കാലത്തും പിന്തിരിപ്പന്മാരുണ്ടായിരുന്നു. നമ്മള്‍ ജാഗ്രതയോടെ ഇരിക്കുക എന്നുള്ളതാണ് പ്രതിവിധി. നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുക എന്നതും.