ഇതൊന്നും പക്ഷെ, രേഖയെ തളര്‍ത്തിയില്ല. കടല്‍ക്കരയിലെ കൊച്ചുവീട്ടില്‍ പ്രണയവും പ്രാരബ്ധവും പങ്കുവെച്ച് അവര്‍ കഴിഞ്ഞു. ആദ്യമാദ്യം രേഖ മീന്‍ അഴിക്കാനൊക്കെ സഹായിക്കുമായിരുന്നു. അന്ന് കാര്‍ത്തികേയന്‍ ചെറുവഞ്ചിയിലായിരുന്നു കടലില്‍ പോയിരുന്നത്.
ഇന്ത്യയില്‍ ആദ്യമായി ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ലൈസന്‍സ് നേടുന്ന സ്ത്രീ. ആണിനെപ്പോലെ തന്നെ കടലില്‍ പോയി പണിയെടുക്കുന്ന സ്ത്രീ. ഇത് ചേറ്റുവയിലുള്ള രേഖച്ചേച്ചി. വാര്‍ത്തകളില്‍ നിറയുന്ന രേഖയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകയുടെ അനുഭവക്കുറിപ്പ്. റിനി രവീന്ദ്രന്‍ എഴുതുന്നു
കണ്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ രേഖച്ചേച്ചിയുടെ പേര് പറയും. ഇന്ത്യയില്‍ ആദ്യമായി ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ലൈസന്‍സ് നേടുന്ന സ്ത്രീ. ആണിനെപ്പോലെ തന്നെ കടലില്‍ പോയി പണിയെടുക്കുന്ന സ്ത്രീ. ഒരു വര്‍ഷം മുമ്പ് ഒരു ആര്‍ട്ടിക്കിള്‍ എഴുതാന്‍ വേണ്ടി അവരെ കണ്ട് മടങ്ങുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു. അത്, ആ സ്ത്രീ തന്നതാണ്.
undefined
ആദ്യമായി കാണുമ്പോള്‍ അവര്‍ ഫൈബര്‍ വള്ളത്തിന്റെ തുഞ്ചത്ത് നില്‍ക്കുകയായിരുന്നു. കണ്ണെടുക്കാതെ അവരെ നോക്കി നിന്നുപോയി എന്നതാണ് സത്യം. ഉച്ചവെയിലില്‍ കടലങ്ങനെ തിളച്ചുമറിയുമ്പോള്‍ തീരത്തോടടുത്ത വള്ളത്തില്‍ അവരൊരു സൂര്യനെപ്പോലെ തിളങ്ങി.
എപ്പോഴും ചിരിയാണ് അവര്‍ക്ക്, എല്ലാ കഷ്ടപ്പാടുകളിലും അവരതങ്ങനെ കാത്തുസൂക്ഷിക്കും. ഞങ്ങളെയും കൂട്ടി കടലിലേക്കിറങ്ങുമ്പോഴും അവര്‍ നിര്‍ത്താതെ വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു. അതെല്ലാം കടലിനെ കുറിച്ചായിരുന്നു. നമ്മളാരും കാണാത്ത കടലിലെ കാഴ്ചകളെ കുറിച്ച്. ആടിയുലഞ്ഞ വള്ളത്തില്‍ ഞങ്ങള്‍ ഭയത്തോടെയാണിരുന്നത്. 'ഒന്നും പേടിക്കേണ്ടെ'ന്ന് അവര്‍ ഇടക്കിടെ പറയുന്നുണ്ടായിരുന്നു.
തിരികെയെത്തി, നല്ല മധുര കരിക്ക് വെട്ടിത്തന്ന് കുടിക്കാന്‍ പറഞ്ഞു. പിന്നെ, അവര്‍ ജീവിതം പറഞ്ഞു. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലുള്ള രേഖയെന്ന പെണ്‍കുട്ടി, ഇന്ത്യയിലാദ്യമായി ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് നേടിയ സ്ത്രീ ആയി മാറിയ കഥ.
കടലിലേക്ക് ചില പ്രണയവഴികളുണ്ട്
പ്രണയമാണ് അവര്‍ക്ക് കടലിലേക്ക് വഴി തെളിച്ചത്. രേഖയുടെ മാമന്‍റെ കൂട്ടുകാരനായിരുന്നു കാര്‍ത്തികേയന്‍. രണ്ട് ജാതിയില്‍ പെട്ടവര്‍. മാമാ എന്നായിരുന്നുവത്രെ രേഖ ആദ്യം കാര്‍ത്തികേയനെ വിളിച്ചിരുന്നത്. സമൂഹത്തിന്‍റെ കണ്ണുകള്‍ ഇല്ലാത്ത കഥ പറഞ്ഞു തുടങ്ങി. രേഖയും കാര്‍ത്തികേയനും പ്രണയമാണെന്ന്, അവര്‍ പരസ്പരം അറിയുന്നതിന് മുമ്പേ അക്കാര്യം നാട്ടുകാര്‍ പറഞ്ഞു തുടങ്ങി. എന്നാല്‍ പിന്നെ പ്രേമിച്ചേക്കാം എന്ന് രേഖയും കാര്‍ത്തികേയനും തീരുമാനിച്ചു. അങ്ങനെ പ്രണയം... വീട്ടുകാരൊന്നും കൂടെയില്ലെങ്കിലും രണ്ടാളും കല്ല്യാണം കഴിച്ചു. അങ്ങനെ കൂര്‍ക്കഞ്ചേരിയിലുള്ള രേഖ, ചേറ്റുവയിലെത്തി. കടലൊന്നാഞ്ഞടിച്ചാല്‍ വീട്ട് മുറ്റത്തെത്തും വെള്ളം. അത്ര കടലിനോട് ചേര്‍ന്നാണ് ചേറ്റുവയിലെ കുഞ്ഞ് വീട്. കഷ്ടപ്പാടുകളും പ്രണയവും മാത്രമാണ് അന്ന് മുന്നോട്ടുള്ള ജീവിതത്തിന് അവരുടെ കൈമുതല്‍.
അന്ന് രണ്ടര രൂപയ്ക്ക് കഞ്ഞി വാങ്ങി രണ്ടുപേരും കൂടി പങ്കിട്ട് കഴിക്കുകയായിരുന്നു
ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച കാര്യം പറയുമ്പോള്‍ കാര്‍ത്തികേയന്‍റെ കണ്ണ് നിറയും. '' ആശുപത്രിയില്‍ കൂട്ട് നിക്കാന്‍ പെണ്ണുങ്ങളാരൂല്ല. ആണുങ്ങളെ അവര് അകത്ത് കയറ്റുകയുമില്ല. അവസാനം ഞാന്‍ വഴക്കായി. ഡോക്ടറ് പിന്നെ പറഞ്ഞു. ഞാനെപ്പോള്‍ വന്നാലും അകത്ത് കയറ്റണം എന്ന്. അന്ന് രണ്ടര രൂപയ്ക്ക് കഞ്ഞി വാങ്ങി രണ്ടുപേരും കൂടി പങ്കിട്ട് കഴിക്കുകയായിരുന്നു. ഡിസ്ചാര്‍ജ്ജായപ്പോള്‍ വണ്ടി പിടിക്കാനൊന്നും കാശില്ല. പൊടിക്കുഞ്ഞിനേയും കൊണ്ട് ബസില്‍ പോന്നു.'' (ആ കുഞ്ഞ് ഇന്ന് ഡിഗ്രിക്ക് പഠിക്കുന്നു. വീട്ടിലെ കാര്യം അവളാണ് നോക്കുന്നത്.)
ഇതൊന്നും പക്ഷെ, രേഖയെ തളര്‍ത്തിയില്ല. കടല്‍ക്കരയിലെ കൊച്ചുവീട്ടില്‍ പ്രണയവും പ്രാരബ്ധവും പങ്കുവെച്ച് അവര്‍ കഴിഞ്ഞു. ആദ്യമാദ്യം രേഖ മീന്‍ അഴിക്കാനൊക്കെ സഹായിക്കുമായിരുന്നു. അന്ന് കാര്‍ത്തികേയന്‍ ചെറുവഞ്ചിയിലായിരുന്നു കടലില്‍ പോയിരുന്നത്. പുറത്ത് നിന്നുള്ള പണിക്കാരെയാണ് കൂടെ കൂട്ടുക. അവര്‍ ഒരു ദിവസം വന്നാല്‍ ചിലപ്പോള്‍ പിറ്റേദിവസം വരില്ല. ഇതങ്ങനെ തുടര്‍ന്നപ്പോഴാണ് രേഖ, ഞാനും കൂടി കടലില്‍ പോയാലെന്താ എന്ന് ചിന്തിച്ചു തുടങ്ങിയത്.
'സ്ത്രീകള്‍ കടലില്‍ പോകരുത്, കടലമ്മ കോപിക്കു'മെന്ന അലിഖിത നിയമം തെറ്റിക്കാന്‍ തന്നെ രേഖ തീരുമാനിച്ചു. അതിന് രേഖക്ക് വിശദീകരണവുമുണ്ട്, ''അതേ, ഈ കടലമ്മാന്ന് പറയണത് തന്നെ പെണ്ണല്ലേ. നേരോടെയും നെറിയോടെയും സ്വന്തം മക്കളെ പോറ്റാന്‍ കടലീ പോകുന്ന പെണ്ണുങ്ങളോട് കടലമ്മയ്ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല. കടലമ്മ അമ്മയാണ്. ഇത്രേം കാലമായിട്ടും എനിക്ക് ഒരു ബുദ്ധിമുട്ടും കടലമ്മ തന്നിട്ടില്ല. ആരും കാണാത്ത മീനിനെ വരെ കാണിച്ചു തന്നിട്ടേയുള്ളൂ''.
പുലര്‍ച്ചെ മൂന്നു മണിക്ക് കാര്‍ത്തികേയന്‍റെ കൂടെ അവരും ഇറങ്ങും
ആദ്യമായി രേഖയങ്ങനെ കടലിന്‍റെ ഉള്ള് കണ്ടു. ചോര വരെ ഛര്‍ദ്ദിച്ചു. പക്ഷെ, ജീവിതത്തോട് തോറ്റുകൊടുക്കില്ലെന്ന് വാശിയായിരുന്നു. പിറ്റേന്നും പോയി, അതിന്‍റെ പിറ്റേന്നും പോയി. കടല്‍ രേഖയെ സ്‌നേഹിച്ചു തുടങ്ങി, രേഖ കടലിനെ സ്‌നേഹിച്ചതുപോലെ തന്നെ. ഫൈബറില്‍ ഉറച്ച് നില്‍ക്കാന്‍ തുടങ്ങി. പുലര്‍ച്ചെ മൂന്നു മണിക്ക് കാര്‍ത്തികേയന്‍റെ കൂടെ അവരും ഇറങ്ങും. നാല് പെണ്‍കുട്ടികളാണ്. അവര്‍ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കും. വീടിന്‍റെ മുന്നിലെ അമ്പലത്തിലെ വിഷ്ണുമായയും, കടലമ്മയും കൂട്ടുണ്ടെന്ന് രേഖ.
അപ്പോഴും ചുറ്റുമുള്ളവര്‍ വെറുതെ ഇരുന്നില്ല. 'പെണ്ണ് കടലില്‍ പോവുകയോ' എന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. 'കടല് നശിച്ചു പോവുകയേ ഉള്ളൂ പെണ്ണ് ഇറങ്ങിയാല്‍' എന്ന് ശപിച്ചു. അതിനൊരു അറുതി വന്നത് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് രേഖയെ ആദരിച്ചപ്പോഴാണ്. കുറ്റം പറഞ്ഞവരൊക്കെ പയ്യെപ്പയ്യെ സ്‌നേഹം പറഞ്ഞു തുടങ്ങി.
പത്തുവര്‍ഷമായി രേഖ കടലില്‍ പോകുന്നു, കാര്‍ത്തികേയന്‍റെ കൂടെ. കടലില്‍ കാണുന്ന മനുഷ്യരെയാണ് അവര്‍ക്ക് കരയില്‍ കാണുന്ന മനുഷ്യരേക്കാള്‍ വിശ്വാസം. ദൂരെ കാണുന്ന വള്ളക്കാര്‍ വരെ അടുത്ത് വരും. മലയാളികള്‍ 'ചേച്ചീ' എന്ന് വിളിക്കും. തമിഴര്‍ 'അക്കാ'ന്ന് വിളിക്കും വിശേഷങ്ങള്‍ തിരക്കും. തമിഴ് നാട്ടില്‍ നിന്നു വരുന്ന വള്ളക്കാര്‍ അവര്‍ക്ക് കിട്ടിയതില്‍ നിന്നും ഒരു വലിയ മീന്‍ രേഖക്ക് നല്‍കും. 'ഇത് അക്കയ്ക്ക്' എന്ന് പറയും.
''കടലില്‍ കുശുമ്പില്ല, ഒരു വിശ്വാസമാണത്. ആ വിശ്വാസത്തിലല്ലേ നമ്മളൊക്കെ കടലില്‍ പോകുന്നത് തന്നെ'' എന്നാണ് സ്വകാര്യ സംഭാഷണത്തിലൊരിക്കല്‍ അവര്‍ പറഞ്ഞത്.
നാമറിയാത്ത കടലില്‍ നാമറിയുന്നൊരാള്‍
എല്ലാവരും പല സ്ഥലങ്ങളിലും പ്രിയപ്പെട്ടവന്‍റെ കൈ പിടിച്ച് യാത്ര ചെയ്ത കഥ പറയും. പക്ഷെ, രേഖയുടെ യാത്ര മറ്റൊരു സ്ത്രീയും നടത്താത്തതാണ്. അത് കടലിന്‍റെ ആഴങ്ങളിലേക്കാണ്. ''അകത്തോട്ട് പോകുന്തോറും കടലിന്‍റെ നിറം മാറും. നീലക്കളറുണ്ടായിരുന്ന കടല് മെല്ലെ മെല്ലെ പച്ചക്കളറാകും. നമുക്ക് അറിയാത്ത കുറേ കുറേ മീനുകളുണ്ടാകും. അയലേം മത്തീം ചാടണുണ്ടാകും''-നാമറിയാത്ത കടലിനെ രേഖച്ചേച്ചി അറിഞ്ഞത് ഇങ്ങനെയാണ്.
ഒരുപാട് തവണ ഭയത്തിന്‍റെ ഏറ്റവും അറ്റത്തെത്തിയിട്ടുണ്ട് രേഖ. ഒരിക്കല്‍ രാത്രി രണ്ട് മണിക്ക് മറ്റൊരു ബോട്ട് അവര്‍ സഞ്ചരിച്ച ഫൈബറിന് നേരെ പാഞ്ഞുവന്നു. കാര്‍ത്തികേയനും കൂടെയുണ്ടായിരുന്ന മറ്റൊരാളും ഉറക്കത്തില്‍. ആദ്യം രേഖ കരുതിയിരുന്നത്, മീനുണ്ടോ എന്ന് ചോദിക്കാനോ മറ്റോ വരുന്നതാണെന്നാണ്. പിന്നെയാണ് അല്ലെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതോ മറ്റോ ആണെന്നും മനസിലാവുന്നത്. അതോടെ അവര്‍ ഉറക്കെ ഒച്ചയുണ്ടാക്കി. അങ്ങനെയാണ് ബോട്ട് മാറിപ്പോയത്. ''ഒന്നോ രണ്ടോ മിനിറ്റ് കാണാന്‍ വൈകിയിരുന്നെങ്കില്‍ അന്ന് ആ കടലില്‍ തീര്‍ന്നു പോയേനെ, കടലമ്മ കാത്തു''-നെഞ്ചില്‍ കൈചേര്‍ത്ത് രേഖ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കും സ്വപ്നങ്ങളുണ്ട് എന്നൊക്കെ പറഞ്ഞു
നീന്തല്‍ അറിയുന്ന ഒരാള്‍ക്ക് പോലും നടുക്കലില്‍ പെട്ടാല്‍ ഒന്നും ചെയ്യാനാകില്ല. രേഖക്ക് നീന്തല്‍ പോലും അറിയില്ല. പക്ഷെ, ആത്മവിശ്വാസവും ഉള്‍ക്കരുത്തുമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. കടലിന്‍റെ ഭാവം മാറുന്നത് എപ്പോഴാണ് എന്ന് പറയാനാകില്ല. ശാന്തയായിരുന്ന കടല്‍ പെട്ടെന്ന് രൗദ്രഭാവം കൈക്കൊണ്ട എത്രയോ സന്ദര്‍ഭങ്ങള്‍. കാറ്റടിക്കും, വെള്ളം കയറും. അന്നൊക്കെ കരയിലെത്തിയത് കടലമ്മയുടെ കനിവാണെന്ന് രേഖ പറയുന്നു.
'എന്നാലും എനിക്ക് വാശിയുണ്ട്, കടലമ്മയില്‍ വിശ്വാസമുണ്ട്'
'വേള്‍ഡ് ഫോറം ഓഫ് ഫീഷര്‍ പീപ്പിള്‍സ്' ഏഴാമത് ജനറല്‍ അസംബ്ലിയുടെ തീം സോങ്ങ് റിലീസിന് അവര്‍ ക്ഷണിച്ചതനുസരിച്ച് ഞാനും രേഖച്ചേച്ചിയും പങ്കെടുത്തു. ശശി തരൂരും വി.എസ് അച്യുതാനന്ദനും സംഘടനാ ഭാരവാഹികളും സംസാരിച്ചു. ഞാന്‍ കാത്തിരുന്നത് രേഖച്ചേച്ചി സംസാരിക്കുന്നത് കേള്‍ക്കാനാണ്.
''എനിക്കിങ്ങനെ സ്‌റ്റേജിലൊന്നും സംസാരിച്ച് ശീലമില്ല''എന്ന് പറഞ്ഞാണ് തുടങ്ങിയത്. പക്ഷെ, കടലിന്‍റെ ചൂരുണ്ടായിരുന്നു അവര്‍ പറഞ്ഞ ഓരോ വാക്കിലും. കടലില്‍ പോകുന്ന മനുഷ്യര്‍ക്ക് ഇവിടെ എന്ത് സംരക്ഷണമാണുള്ളത് എന്ന് അവര്‍ ആവര്‍ത്തിച്ച് ചോദിച്ചു. കടലിന്‍റെ മക്കള്‍ക്ക് വേണ്ടത് വാഴ്ത്തുപാട്ടുകളല്ല, കേരള-കേന്ദ്ര സര്‍ക്കാരിന്റെ സഹായമാണ് എന്ന് പറഞ്ഞു. ഓരോ മത്സ്യത്തൊഴിലാളിയും ചൂഷണം ചെയ്യപ്പെടുകയാണ് എന്ന്, മത്സ്യത്തൊഴിലാളികള്‍ക്കും സ്വപ്നങ്ങളുണ്ട് എന്നൊക്കെ പറഞ്ഞു. പുരുഷന് മാത്രമല്ല, പെണ്ണിനും കടലില്‍ പോകാമെന്ന് പറഞ്ഞു. ഓരോ വാക്കിനും അവിടെയിരുന്ന ഓരോ മത്സ്യത്തൊഴിലാളിയും കണ്ണീരോടെ കയ്യടിച്ചു. കടലില്‍ പോകുന്ന പെണ്ണിനെ അവര്‍ ആദ്യമായി, അദ്ഭുതത്തോടെ കേട്ടു.
ഇന്നലെ കണ്ടപ്പോഴും അവര്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു
ഒരു വര്‍ഷം മുമ്പ് കണ്ടതുപോലെയായിരുന്നില്ല. കടല്‍ കുറേക്കൂടി കേറിയിരുന്നു. ഓഖിയും പ്രളയവും വന്ന് വീടിന്‍റെ മുന്നിലെ വഴി കുറേ മാറിപ്പോയിരുന്നു. അന്ന് ഓഖി വന്നപ്പോള്‍ കരയിലുണ്ടായിരുന്നവര്‍ പരിഹസിച്ചു. പക്ഷെ, പ്രളയം വന്നപ്പോള്‍ അവരുടെ വീട്ടിലും വെള്ളം കയറി. എല്ലാ മനുഷ്യരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെ എന്ന് അവര്‍ പറയുന്നു.
മണ്ണെണ്ണ വാങ്ങാന്‍ പോയി മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ ഭാര്യയും ഭര്‍ത്താവും. ''മണ്ണെണ്ണ കിട്ടിയില്ല. ഇനി എന്ത് ചെയ്യും എന്നറിയില്ല. വാടാനപ്പള്ളിയില്‍ ഒരാളോട് പറഞ്ഞിട്ടുണ്ട്. കിട്ടുമായിരിക്കും'' -ആശങ്ക വലയ്ക്കുന്നൊരു നിസ്സഹായമായ ചിരിയോടെ അവര്‍ പറഞ്ഞു. ''പഴയ എഞ്ചിനാണ്. പുതിയ എഞ്ചിന്‍ കിട്ടാതെ പെര്‍മിറ്റില്‍ മണ്ണെണ്ണ കിട്ടില്ല. എഞ്ചിന് ഒരു ലക്ഷത്തിലധികം രൂപ വേണ്ടി വരും. എന്ത് ചെയ്യാനാണ്. ഒരിക്കല്‍ എഞ്ചിന് തകരാറ് പറ്റി നടുക്കടലില്‍ അകപ്പെട്ടു പോയി. ആരുമില്ല സഹായത്തിന്. അവസാനം തലയില്‍ കെട്ടിയ ഷാള്‍ ഒരു കമ്പില്‍ കെട്ടി വീശി. ഒരു വള്ളക്കാര്‍ വന്നു. ഏഴെട്ട് മണിക്കൂറിന് ശേഷമാണ് കര കണ്ടത്.'' -അവര്‍ പറയുന്നത് നടുക്കടലില്‍ ഓരോ മത്സ്യത്തൊഴിലാളിയും അനുഭവിക്കുന്ന സഹനങ്ങളുടെ പച്ച യാഥാര്‍ത്ഥ്യമാണ്.
കണ്ടോ, തൊലിയൊക്കെ വെയിലേറ്റ് പൊള്ളിയടരും
രക്ഷകരെന്നും ദേശത്തിന്‍റെ സൈന്യമെന്നും വിളിക്കുമ്പോഴും മല്‍സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വേണ്ടപ്പെട്ടവര്‍ കണ്ടേ തീരുവെന്ന് കേരളത്തോട് നിരന്തരം പറയുകയാണ് ഈ സ്ത്രീ. ഈ കഷ്ടപ്പാടിനിടയിലും രേഖയെ നയിക്കുന്നത് അവരുടെ മനക്കരുത്താണ്, ലോകത്തെ എല്ലാത്തിനോടും കാത്തുസൂക്ഷിക്കുന്ന സ്‌നേഹമാണ്. രേഖയ്ക്കും കാര്‍ത്തികേയനും ഇടയിലുള്ള പ്രണയമാണ്.
കാര്‍ത്തികേയനോട് ചേര്‍ന്നിരുന്ന്, 'ഞങ്ങള് രാത്രീല് വീടിന്റെ മുറ്റത്ത് മണലിലാ കിടന്നുറങ്ങുന്നത്. കുറച്ച് നേരമേ ഉറങ്ങാന്‍ കിട്ടൂ' എന്ന് പറയുമ്പോള്‍ അവരുടെ ഉള്ളിലെ പ്രണയം കാണാം. ''പട്ടികളൊന്നും ഒന്നും ചെയ്യില്ല. ഞാന്‍ അവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കും. വാടാ മക്കളേ എന്ന് വിളിക്കും'' എന്ന് പറയുമ്പോള്‍ അവരുടെ ഉള്ളിലെ സ്‌നേഹം കാണാം. ''കണ്ടോ, തൊലിയൊക്കെ വെയിലേറ്റ് പൊള്ളിയടരും. മുള്ള് കേറി കീറും. ഒരാണിന് തന്നെ ബുദ്ധിമുട്ടുള്ള പണിയാണ് കടല്‍പ്പണി. എന്നാലും എനിക്ക് വാശിയുണ്ട്, കടലമ്മയില്‍ വിശ്വാസമുണ്ട്'' എന്ന് പറയുമ്പോള്‍ അവരുടെ ഉള്ളറിയാം.
ചിത്രങ്ങള്‍: ഷിയ എസ് ബാബു