നിങ്ങളുടെ വൈകൃതത്തിന് ബലിയായ ഒരു കുട്ടിക്ക് പിന്നെന്ത് സംഭവിക്കുന്നു എന്നറിയാമോ?

By Web Team  |  First Published Jul 31, 2018, 6:19 PM IST

അന്നൊന്നും പ്രതികരിക്കാതെ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്തിനാണിപ്പോള്‍? അവരുടെ ഭാര്യയോടും മക്കളോടും ചെയ്യുന്ന ദ്രോഹമല്ലേ ഇത്? ഇനി പറഞ്ഞിട്ടെന്തു പ്രയോജനം? എന്നാല്‍ നിയമത്തിന്റെ വഴിക്ക് പോയിക്കൂടെ? ഈ ചോദ്യങ്ങളെല്ലാം ഏറ്റവുമടുത്തവരില്‍ നിന്നും ഞാന്‍ കേട്ടു കഴിഞ്ഞു. ഇനിയുമേറെ കേള്‍ക്കാനിരിക്കുന്നു. ഉത്തരം പറഞ്ഞേയ്ക്കാം. വേണ്ടത്ര വേദനയും കഷ്ടപ്പാടും ഞാന്‍ അനുഭവിച്ചു കഴിഞ്ഞു. ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള ബഹുമാനം താഴത്തു വെക്കാതെ പറയട്ടെ; നിയമത്തിന്റെ വഴിക്ക് പോകാന്‍ എനിക്ക് താത്പര്യവും കളയാന്‍ ജീവിതവും ബാക്കിയില്ല. 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

നാലു വയസ്സുള്ള എന്നെ മേശപ്പുറത്തു കയറ്റി നിര്‍ത്തി കാലുകളിലൂടെ മുകളിലേയ്ക്കിഴയുന്ന കൈകള്‍. അതാണ് ആദ്യ ഓര്‍മ്മ. ബാല്യത്തില്‍ നാലുപേരില്‍ നിന്ന് എനിയ്ക്കു ചീത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം അച്ഛന്റെ കസിന്‍സ്. മര്യാദ പഠിപ്പിയ്ക്കാനും വായ്‌പൊത്തി ഇരുകയ്യും ഞെരിച്ച് നിയന്ത്രിയ്ക്കാനും ത്രാണിയും വീട്ടില്‍ അധികാരവുമുണ്ടായിരുന്നവര്‍. ഒന്നും തുറന്നു പറയുവാനുള്ള അടുപ്പം അച്ഛനമ്മമാരുമായി എനിയ്ക്കില്ലായിരുന്നു. അവരുടെ ലോകത്തേക്ക് പ്രവേശനമില്ലാത്ത അപരിചിതയെപ്പോലെയായിരുന്നു എന്റെ ബാല്യം. 

ഓര്‍ക്കാന്‍ ഭയവും വെറുപ്പും തോന്നിയ ഇക്കാര്യമെല്ലാം തീര്‍ത്തും എന്റെ കുറ്റമല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് പോലും ഇരുപത്തിയാറാം വയസ്സില്‍ ഓപ്പറ വിന്‍ഫ്രിയുടെ വാക്കുകള്‍ കേട്ടാണ്. ടിവി ഷോയില്‍ അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു: 

'ഇതു നിങ്ങളുടെ തെറ്റല്ല. നിങ്ങള്‍ തെറ്റുകാരിയല്ല'

എന്തൊരു വൈരുദ്ധ്യം! തെറ്റ് ചെയ്തവന്‍ ആണ്‍ എന്ന് അഭിമാനം കൊണ്ട് ഞെളിഞ്ഞു നടക്കുമ്പോള്‍ അവന്റെ വൈകൃതത്തിനോ, ചാപല്യത്തിനോ ബലിയായ കുട്ടി കുറ്റബോധം കൊണ്ട് നീറിനീറി പലവക മാനസിക ക്ലേശങ്ങളിലൂടെയും അഡ്ജസ്റ്റ്‌മെന്റ് ഡിസോഡറുകളിലൂടെയും കടന്നുപോകുന്നു.  

പ്രിയപ്പെട്ട പെണ്ണുങ്ങളേ,

മനോവൈകല്യം കൊണ്ടോ, ക്രൂരത കൊണ്ടോ ഒരുത്തന്‍ നിങ്ങളുടെ ശരീരത്തോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കില്‍ അതിനെ ശരീരത്തിന്റെ വിശുദ്ധിയുമായി ബന്ധപ്പെടുത്തി ചിന്തിയ്ക്കാതിരിയ്ക്കൂ. മനസ്സിനുണ്ടാകുന്ന അപമാനത്തെ, അപകര്‍ഷതയെ അതിജീവിയ്ക്കാന്‍ പ്രതികരണവും പ്രതികാരവും നിങ്ങളെ സഹായിയ്ക്കും. ഉറക്കെ വിളിച്ചു പറഞ്ഞാല്‍ നഷ്ടപ്പെടുന്നത് നിങ്ങള്‍ക്കല്ല. കുറ്റവാളിയ്ക്കാണ്. അവളവളോടു നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയട്ടെ.

നിങ്ങള്‍ ഭയന്ന്, നഷ്ടപ്പെട്ടെന്നു കരഞ്ഞ്, കളങ്കമാക്കപ്പെട്ടു എന്ന് കുറ്റബോധം കൊണ്ട നിങ്ങളുടെ ശരീരം... അതിനീ പറഞ്ഞ അശുദ്ധിയും വിശുദ്ധിയും ഒക്കെ ആണിന്റെ, ആണ്‍പക്ഷതലച്ചോറുളള പെണ്ണിന്റെ- പ്രതിഷ്ഠകളാണ്. എങ്ങനത്തെ? സ്ഥലം കൈവിട്ടു പോകുമെന്നോ, അയലോക്കക്കാരന്‍ കുത്തുപാളയെടുക്കണമെന്നോ കരുതി ഒറ്റരാത്രി കൊണ്ട് മഞ്ഞളും കുങ്കുമവും പൂശി ഭൂമിയില്‍ പൊട്ടി മുളച്ചു വരുന്ന ചില ദൈവങ്ങളെപ്പറ്റി അറിയില്ലേ? അതുപോലത്തെ പ്രതിഷ്ഠകള്‍. പെണ്ണിനെ കടിഞ്ഞാണിട്ട് നിയന്ത്രിയ്ക്കാനും ഉപയോഗിയ്ക്കുവാനുമായി ഉടലെടുത്ത പിശാചിന്റെ സ്വഭാവമുള്ള ഒരു ദൈവമാണ് ശരീരത്തിന്റെ വിശുദ്ധി എന്ന മിത്ത്. കല്ലെറിഞ്ഞോടിയ്ക്കൂ അതിനെ.

കരഞ്ഞു കരഞ്ഞ് ഞാന്‍ കഴിച്ചു വിട്ട കൗമാരത്തിലെ ദിനരാത്രങ്ങള്‍. കുത്തനെ ഇടിഞ്ഞു പോയ പ്രോഗ്രസ് കാര്‍ഡിലെ അക്കങ്ങള്‍. അകന്നുപോയ സുഹൃത്തുക്കള്‍. കുറ്റബോധം കൊണ്ടറച്ച് ഒരിക്കലും തുറന്നു നോക്കാത്ത സൗഹൃദങ്ങളുടെ വാതിലുകള്‍.. പ്രണയത്തിന്റെ കിളിവാതിലുകള്‍.പൊട്ടിച്ചിരികളുടെ ഇടനാഴികള്‍. അനര്‍ഹമെന്നു കരുതി വിഷാദത്തോടെ തുടങ്ങിയ വിവാഹ ജീവിതം. ഒന്നുമിനി ഞാന്‍ സ്വപ്നം കണ്ടതുപോലെ മാറ്റിയെടുക്കാനാവില്ല. സമൂഹത്തിന്റെ കപട സദാചാര മുഖം മൂടി അഴിച്ചു കളഞ്ഞ് എനിയ്‌ക്കൊന്നു മന:സമാധാനത്തോടെ ഇരിയ്ക്കണം. കരഞ്ഞു കരഞ്ഞു മുഖം വീര്‍ത്ത, ഉറക്കവും ആത്മവിശ്വാസവും നഷ്ടപ്പെട്ട, സന്തോഷവും ചിരിയും സ്വപ്നം കണ്ടിരുന്ന കുട്ടിയായ പ്രസന്നയോട് എനിയ്ക്കു മാപ്പു ചോദിയ്ക്കണം.

ഓപ്പറ വിന്‍ഫ്രിയുടെ ഷോ കണ്ടു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് ഞാന്‍ എന്നെ പഠിപ്പിച്ചു: 

'അത് എന്റെ തെറ്റല്ല...'
 
വര്‍ഷങ്ങളായി കാര്‍മേഘം മൂടിയ എന്റെ മനസ്സിലേക്ക് ശാന്തമായി വെയില്‍ പരന്നു. എന്നെപ്പോലെ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയനുഭവിച്ച മറ്റനേകം പേര്‍ ഇതേറ്റു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ ഭൂമിയുടെ ഭാരം കുറഞ്ഞു കുറഞ്ഞ് അതൊരു സോപ്പ് കുമിള പോലെ ഭ്രമണപഥത്തില്‍ നിന്നുയര്‍ന്നു പറന്നു പോയേക്കാം.

അന്നൊന്നും പ്രതികരിക്കാതെ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്തിനാണിപ്പോള്‍? 

അവരുടെ ഭാര്യയോടും മക്കളോടും ചെയ്യുന്ന ദ്രോഹമല്ലേ ഇത്? 

ഇനി പറഞ്ഞിട്ടെന്തു പ്രയോജനം? 

എന്നാല്‍ നിയമത്തിന്റെ വഴിക്ക് പോയിക്കൂടെ? 

ഈ ചോദ്യങ്ങളെല്ലാം ഏറ്റവുമടുത്തവരില്‍ നിന്നും ഞാന്‍ കേട്ടു കഴിഞ്ഞു. ഇനിയുമേറെ കേള്‍ക്കാനിരിക്കുന്നു. ഉത്തരം പറഞ്ഞേയ്ക്കാം. 

വേണ്ടത്ര വേദനയും കഷ്ടപ്പാടും ഞാന്‍ അനുഭവിച്ചു കഴിഞ്ഞു. ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള ബഹുമാനം താഴത്തു വെക്കാതെ പറയട്ടെ; നിയമത്തിന്റെ വഴിക്ക് പോകാന്‍ എനിക്ക് താത്പര്യവും കളയാന്‍ ജീവിതവും ബാക്കിയില്ല. 

ഇതുകൊണ്ടു ഭാര്യയും മക്കളും വേദനിക്കും എന്നാണെങ്കില്‍, ഈ പറഞ്ഞവര്‍ സ്വന്തം മക്കളോട് ഇതൊന്നും ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പില്ല.തെറ്റൊന്നും ചെയ്യാതെ കുറെ വേദന ഞാനും സഹിച്ചതാണ്.  

ഇത്രയും വര്‍ഷം കഴിഞ്ഞ് ഇന്നും കുറ്റബോധത്തിന്റെ കണിക പോലും ഇവരിലില്ല എന്നുമാത്രമല്ല, സദാചാരത്തിന്റെ കാവല്‍പ്പടയാളികളായി സ്ത്രീകളുടെ നല്ല നടപ്പിനെപ്പറ്റി വീട്ടു നിയമങ്ങള്‍ ഉണ്ടാക്കാനും അവരെ അടക്കിഭരിച്ച് വ്യക്തിത്വങ്ങളെ കാല്‍ക്കീഴില്‍ ഞെരിച്ചു കൊല്ലാനുമുള്ള ആ വ്യഗ്രതയാണ് എഴുതാന്‍ എനിക്ക് പ്രചോദനം. 'ആരോടും എന്തും പ്രവര്‍ത്തിയ്ക്കാം - സമൂഹത്തില്‍ നിന്ന് അത് മറച്ചു പിടിയ്ക്കണം എന്നു മാത്രം' ഇതാണ് ഇക്കൂട്ടരുടെ തത്വം.

കാട് സിംഹത്തിന്‍േറതാണെന്നും മാനിനു ജീവന്‍ വേണമെങ്കില്‍ പുറത്തിറങ്ങരുതെന്നുമാണ് സാമൂഹ്യവ്യവസ്ഥ പറയുന്നതെങ്കില്‍ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീയിട്ടു ചാമ്പലാക്കട്ടെ. ഭരണഘടന കീറിയെറിയട്ടെ. കാട്ടുനീതിയാണ് ഈ നാട്ടുനീതിയെക്കാള്‍ നീതിപൂര്‍ണ്ണം. 

അന്ന് പ്രതികരിക്കാത്തതും ശബ്ദമുയര്‍ത്താനും ഭയം കൊണ്ടും അജ്ഞതകൊണ്ടുമായിരുന്നു. അന്ന് പ്രതികരിച്ചിരുന്നെങ്കില്‍ എന്റെ ശബ്ദം വീടിന്റെ ചുമരുവിട്ടു പുറത്തേക്ക് പോവുകയില്ലായിരുന്നു. എനിക്ക് ഇതൊരു ചെറിയ കാര്യമല്ല. വളരെയധികം പിന്തുണയ്ക്കുന്ന, എന്നെ ജീവിതപങ്കാളിയായി കാണുന്ന ഭര്‍ത്താവ് തരുന്ന ധൈര്യം ചില്ലറയല്ല. ഇതൊന്നും ഇനി എന്നെ സ്പര്‍ശിക്കാത്ത ഭൂതകാലമാണെന്നൊക്കെ എന്നോടുതന്നെ വീമ്പിളക്കാന്‍ കൊള്ളാം. മരിക്കുംവരെ അലോസരപ്പെടുത്തുന്ന ബാല്യത്തിന്റെയും കൗമാരത്തിന്റെയും കണ്ണീരില്‍ കുതിര്‍ന്നു മരിച്ച നിഴലുകള്‍ ഇരവും പകലും എന്നോട് കൂടെയുണ്ട്. ആഗ്രഹിച്ച ഉപരിപഠനമോ സാമൂഹിക-സാമ്പത്തിക പദവിയോ നേടാന്‍ പ്രസന്ന എന്ന പരിശ്രമശാലിയായിരുന്ന, പഠനത്തെ ഇഷ്ടപ്പെട്ടിരുന്ന ആ പെണ്‍കുട്ടിക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനു കാരണം ഈ വിഷദംശനങ്ങളും മകളെ ഒട്ടും തിരിച്ചറിയുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത വീട്ടുകാരുമാണ്.

ഇതുവായിച്ച്, കേട്ട് എന്റെ മാതാപിതാക്കള്‍ വേദനിക്കുമെങ്കില്‍ ഓരോ അച്ഛനമ്മമാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ.

(In collaboration with FTGT Pen Revolution)

click me!