കുഞ്ഞുങ്ങളുടെ 'സൂപ്പര്‍ഹീറോ' ആയി ഇനി 'ചേക്കുട്ടിപ്പാവ'യും

By Web Team  |  First Published Nov 15, 2018, 6:57 PM IST

സ്കൂളില്‍ പഠിക്കുന്ന ഒരു സാധാരണ കുട്ടി, അവന്‍ ഔപചാരികവിദ്യാഭ്യാസത്തിന്‍റെ തടവിലാക്കപ്പെട്ടിരിക്കുകയാണ്. അവനെ ഈ ലോകത്തിന്‍റെ മറ്റ് കാഴ്ചകളിലേക്ക്, സാധ്യതകളിലേക്ക് എല്ലാം കൂട്ടിക്കൊണ്ടുപോകുന്ന ഒരാളാണ് ചേക്കുട്ടി. 


തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ, അതിജീവനത്തിന്‍റെ പ്രതീകമാണ് ചേക്കുട്ടിപ്പാവകള്‍. ആ ചേക്കുട്ടി പാവ മുഖ്യ കഥാപാത്രമായി പുസ്തകമിറങ്ങിയിരിക്കുന്നു.  കവി വീരാന്‍കുട്ടിയാണ് ചേക്കുട്ടിപ്പാവയെ സൂപ്പര്‍ഹീറോയാക്കി ആദ്യത്തെ പുസ്തകം എഴുതിയിരിക്കുന്നത്. ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച ചേന്ദമംഗലം കൈത്തറി തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ചേക്കുട്ടിപ്പാവ. അത് പിന്നീട് പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ അടയാളമായി മാറുകയായിരുന്നു. 

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ശിശുദിനത്തിന്  പുറത്തിറങ്ങി. 'പറന്നുപറന്ന് ചേക്കുട്ടിപ്പാവ' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ ചേക്കുട്ടി കുട്ടികളുടെ ഉറ്റ ചങ്ങാതിയായിരിക്കും. ഈ ഒരു പുസ്തകം കൊണ്ട് തീര്‍ന്നില്ല, തുടര്‍ന്ന് ഈ പരമ്പരയില്‍ ചേക്കുട്ടിപ്പാവയെ പ്രധാന കഥാപാത്രമാക്കി സേതു, എം ആര്‍ രേണുകുമാര്‍ തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും ഉടന്‍ പുറത്തിറങ്ങും.

Latest Videos

undefined

കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്രളയാനന്തരകേരളത്തിന്‍റെ കാഴ്ചപ്പാടും ഉണ്ട്

കുട്ടികളുടെ ഭാവനകള്‍ക്കൊത്ത് സഞ്ചരിക്കുന്ന ചങ്ങാതിയായ  കഥാപാത്രമായാണ് ചേക്കുട്ടിയ്ക്ക് വീരാന്‍കുട്ടി ജീവന്‍ നല്‍കിയിരിക്കുന്നത്. ചിത്രകാരനായ റോണി ദേവസ്യയാണ് കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാവും വിധത്തില്‍ ചേക്കുട്ടിയ്ക്ക് രൂപവും ഭാവവും പകര്‍ന്നിരിക്കുന്നത്.

പുസ്തകത്തെ കുറിച്ച് എഴുത്തുകാരന്‍ വീരാന്‍കുട്ടി പറയുന്നു,

അതിജീവനത്തിന്‍റെ പ്രതീകമാണ് ഈ ചേക്കുട്ടി. കേരളത്തെ പുനര്‍നിര്‍മ്മിക്കുമ്പോള്‍ അതില്‍ കേരളത്തെ കുറിച്ചുള്ള കുഞ്ഞുങ്ങളുടെ കാഴ്ചപ്പാടും, കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്രളയാനന്തരകേരളത്തിന്‍റെ കാഴ്ചപ്പാടും ഉണ്ട്. നമുക്ക് അവരെ കുറിച്ചും, അവര്‍ക്ക് പുതിയ കേരളത്തെ കുറിച്ചും പ്രതീക്ഷകളുണ്ടാകണം. കുഞ്ഞുങ്ങളുടെ കണ്ണിലൂടെയുള്ള പ്രളയാനന്തരകേരളത്തിന്‍റെ കാഴ്ചകളാണ് ഈ പുസ്തകം. 

ചേക്കുട്ടിപ്പാവയുടെ കഥയില്‍ കഥ മാത്രമല്ല കാര്യവുമുണ്ട്

സ്കൂളില്‍ പഠിക്കുന്ന ഒരു സാധാരണ കുട്ടി, അവന്‍ ഔപചാരികവിദ്യാഭ്യാസത്തിന്‍റെ തടവിലാക്കപ്പെട്ടിരിക്കുകയാണ്. അവനെ ഈ ലോകത്തിന്‍റെ മറ്റ് കാഴ്ചകളിലേക്ക്, സാധ്യതകളിലേക്ക് എല്ലാം കൂട്ടിക്കൊണ്ടുപോകുന്ന ഒരാളാണ് ചേക്കുട്ടി. പരിസ്ഥിതിയോട് മനുഷ്യര്‍ ചെയ്യുന്ന ക്രൂരതയെ കുറിച്ച് അവനെ കാണിച്ചുകൊടുക്കുന്നു, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മഹത്വത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നു. അങ്ങനെ, സാധാരണ വിദ്യാഭ്യാസത്തിനുമപ്പുറം സമാന്തരവിദ്യാഭ്യാസം മനുഷ്യനിലുണ്ടാക്കുന്ന നല്ല മാറ്റങ്ങളെ കുറിച്ചും ചേക്കുട്ടി പറയുന്നുണ്ട്. 

അതിനുമപ്പുറം, വെറുമൊരു പ്രളയാനന്തരകേരളത്തിന്‍റെ അടയാളം എന്നതിനേക്കാള്‍ എല്ലാക്കാലത്തും ഓര്‍മ്മിക്കുന്ന പുതിയ കേരളത്തെ അടയാളപ്പെടുത്തുന്ന ഒന്നായി ചേക്കുട്ടിപ്പാവ മാറണം. 

പുസ്തകത്തിന്റെ പുറംചട്ടയിലെ കുറിപ്പില്‍ വീരാന്‍ കുട്ടി ഇങ്ങനെ എഴുതുന്നു: 

ചേക്കുട്ടിപ്പാവയുടെ കഥയില്‍ കഥ മാത്രമല്ല കാര്യവുമുണ്ട്. ചിരിമാത്രമല്ല കണ്ണീര്‍ നനവുമുണ്ട്. അതു കാട്ടിത്തരും, വഴിയില്‍ വീണ്ടുമൊരു പ്രളയം വരാതിരിക്കാനുള്ള കരുതലുണ്ട്. പ്രളയശേഷം നാം എങ്ങനെയാവണമെന്ന വിവേകമുണ്ട്.  പിറക്കാനിരിക്കുന്ന മക്കള്‍ക്കായി  ഈ ഭൂമിയെ ബാക്കിവയ്ക്കാനുള്ള വിനയമുണ്ട്. നന്മയുടെ അണയാത്ത തിരിവെട്ടമുണ്ട്. ഇക്കഥ വായിച്ചുകഴിയുമ്പോള്‍  കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവന്‍ വച്ച് ഉയിര്‍ക്കാതിരിക്കില്ല  ചേക്കുട്ടിപ്പാവയുടെ അതിജീവന പാഠങ്ങള്‍!

click me!