മാതൃ രാജ്യത്തെ ഡിജിറ്റൽ ആക്കാനും കള്ളപ്പണം ഇല്ലാതാക്കാനും എന്ന വ്യാജേന ഒരു ഭരണാധികാരി ജീവിതത്തെ അരക്ഷിതാവസ്ഥയിലേയ്ക്കും ആരാജകത്വത്തിലേയ്ക്കും തള്ളിയിട്ട് അധികാരത്തെ അമ്മാനമാടാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു - അന്ന് നോട്ട് നിരോധനത്തെ കുറിച്ച് എഴുതി തുടങ്ങിയത് ഇങ്ങനെ ആണ്. 'ചരക്ക് സേവന നികുതി' ഏർപ്പെടുത്തി കൊണ്ട് വീണ്ടും പുതിയ പരീക്ഷണത്തിലേയ്ക്ക് അതെ ഭരണാധികാരി ,അതേ ജനതയുടെ ജീവിതത്തെ വിജയ പരാജയങ്ങൾക്ക് വേണ്ടി അമ്മാനം ആടി തുടങ്ങിയിരിക്കുന്നു.
undefined
ജി എസ് ടി നാടിന്‍റെ ഭാവിയ്ക്ക് ഗുണകരമോ അല്ലയോ എന്നും തീരുമാനം മുന്നൊരുക്കങ്ങൾ എടുക്കാതെ എന്നും തുടങ്ങി നാനാവിധ ചർച്ചകൾ നടക്കുമ്പോൾ എന്‍റെ മനസ്സിനെ അസ്വസ്ഥതയും അമർഷവും നിറഞ്ഞത് ആക്കിയ വാർത്ത സാനിറ്ററി നാപ്കിനുകളുടെ പന്ത്രണ്ട് ശതമാനം നികുതി എന്നതാണ്. പഴകി കീറിയ തുണിയുടെ നനവിലേയ്ക്ക് പെണ്ണിന് തിരിച്ചുപോകാതിരിക്കാൻ ചുമത്തിയ കപ്പം ആണ് ആ പന്ത്രണ്ട് ശതമാനം എന്ന സത്യത്തിന് മാറ് മറയ്ക്കാൻ കൊടുക്കേണ്ടി വന്ന കപ്പത്തിന്‍റെ മുഖമുണ്ട്.
സാനിറ്ററി നാപ്കിൻ ഏത് അർഥത്തിൽ ആണ് ആഡംബരം ആകുന്നത് ? , സാനിറ്ററി പാടുകൾ ഉപയോഗിച്ച് തുടങ്ങുന്നതിന് മുൻപും പിൻപും എന്ന് സ്ത്രീ ജീവിതത്തിന് രണ്ട് മുഖങ്ങൾ ഉണ്ട് എന്ന് നിങ്ങൾ ആലോചിക്കാത്തത് എന്ത് കൊണ്ടാണ് ?, ഒരു പെൺകുട്ടിയും അമ്മയും ഉള്ള ഒരു ശരാശരി കുടുംബത്തിന്റെ , പുതിയ നികുതി വരുന്നതിനു മുൻപുള്ള കണക്ക് നോക്കാം. 6 പാഡുകൾ ഉള്ള ഒരു പാക്കറ്റിനു ശരാശരി 35 രൂപ ആകും. ഒരാൾ ഒരു ദിവസം നാല് പാഡുകൾ എന്ന രീതിയിൽ ഉപയോഗിച്ചാലും ഒരു മാസത്തേക്ക് അവർ ശരാശരി നാല് പാക്കറ്റുകൾ ഉപയോഗിക്കുന്നു (ആഡംബരം തീരെ കുറയ്ക്കാൻ കുറഞ്ഞ വിലയും കുറഞ്ഞ എണ്ണവും ആണ് കണക്ക് കൂട്ടുന്നത്).
അപ്പോൾ രണ്ട് ആളുകൾക്ക് വേണ്ടി ആ വീട്ടിൽ ഒരു മാസം കുറഞ്ഞത് 8പാക്കറ്റുകൾ വാങ്ങേണ്ടി വരുന്നു , ഏകദേശം 280 രൂപയ്ക്ക്.
ഇനി ഏതെങ്കിലും സ്ത്രീ ഇന്നും തനിയ്ക്ക് വേണ്ടി ഒരു മാസം 140 രൂപ മുടക്കാതെ ഇരിക്കുന്നുണ്ട് എങ്കിൽ ,അതിന് കാരണം അവർ ലളിത ജീവിതം ഇഷ്ടപ്പെടുന്നു എന്നതല്ല ,തീർച്ചയായും തനിയ്ക്ക് മാത്രം കിട്ടുന്ന ഒരു സമാധാനത്തിന് വേണ്ടി ,ആരോഗ്യ സംരക്ഷണത്തിന് വേണ്ടി 140 രൂപ മാസാമാസം ചെലവാക്കാൻ ഇല്ലാത്തത് കൊണ്ടാണ്.
മദ്യ ലഭ്യത കുറയുമ്പോൾ, സിഗരറ്റിന് വില കൂടുമ്പോൾ സമൂഹത്തിൽ ഉയരുന്ന ചോദ്യം ചെയ്യലുകൾ ഇക്കാര്യത്തിൽ ഉണ്ടാവില്ല . (അതൊന്നും മോശമാണെന്നല്ല, ചിലപ്പോഴൊക്കെ അറിയാതെ മനസ്സ് ചിലതിനെ താരതമ്യം ചെയ്ത് പോകുന്നത് ആണ്). നാപ്കിനുകളുടെ 12 ശതമാനം നികുതിയും കോണ്ടത്തിന്റെ 0 ശതമാനം നികുതിയും ചേർത്ത് വച്ച് നമ്മൾ ട്രോളുകൾ ഉണ്ടാക്കി സ്വയം പരിഹാസ്യരാവുകയാണ് മറിച്ചു ചെയ്തുകൊണ്ടിരിക്കുന്നത് . കുറഞ്ഞ പക്ഷം സാനിറ്ററി നാപ്കിനുകളിൽ ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ഇല്ല എന്ന് എങ്കിലും മനസ്സിലാക്കൂ .
ഇത് ഞങ്ങളുടെ അവശ്യ വസ്തുക്കളുടെ ഗണത്തിൽ പെട്ടതാണ് . ഞങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഉള്ളതാണ്.
വൃത്തിയുള്ള പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ലാത്ത , നാപ്കിൻ വെന്റിങ് മെഷീൻ എന്ന് കേട്ട് കേൾവി പോലുമില്ലാത്ത ഭൂരിപക്ഷം സ്കൂളുകളുള്ള രാജ്യത്തെ ജനസംഖ്യയിൽ സ്ത്രീകളും ഉണ്ടെന്ന് ,അവർക്ക് ആർത്തവം സ്വയം നിയന്ത്രിക്കാൻ കഴിയുന്ന ഒന്ന് അല്ലെന്ന് സർക്കാരും സംവിധാനങ്ങളും തിരിച്ചറിഞ്ഞേ മതിയാകൂ.
ഞങ്ങളുടെ ആരോഗ്യത്തെ നിങ്ങൾ കീശയിലെ തുട്ടുകളുമായി ബന്ധിപ്പിക്കാൻ നോക്കുമ്പോൾ ഞങ്ങൾ തോറ്റ് പോകും സർക്കാരെ .
നികുതി ഒഴിവാക്കേണ്ട ഒരു അവശ്യ വസ്തുവാണ് സാനിറ്ററി നാപ്കിനുകൾ എന്ന് തിരിച്ചറിയാനുള്ള ബോധം പോലുമില്ലാത്ത സർക്കാരിന് മഴയത്ത് ഉണങ്ങാത്ത കീറത്തുണിയുടെ മുശുക്കു വാട ആയിരിക്കും. ഞങ്ങളുടെ മുൻപിൽ വന്ന് നിങ്ങൾ ഇനിമേലിൽ രാജ്യപുരോഗതി ,ആരോഗ്യ മേഖലയുടെ വികാസം തുടങ്ങിയ ഭാരിച്ച പ്രയോഗങ്ങൾ നടത്താതെ ഇരിക്കുക .