സംസാരിക്കാനുള്ളത് കൂടുതലും പുതുതലമുറയോടാണ്; നാരീശക്തി പുരസ്കാരം ലഭിച്ച മിനി വാസുദേവന്‍ പറയുന്നു

By Asmitha Kabeer  |  First Published Feb 25, 2019, 7:59 PM IST

അമേരിക്കയിൽ വച്ച് തങ്ങൾ ദത്തെടുത്ത ഒരു നായയാണ് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയതെന്ന് പറയുന്നു മിനി വാസുദേവൻ. ചെറുപ്പത്തിലേ മൃഗങ്ങളെ സ്നേഹിച്ചിരുന്ന ഇവർക്ക് മൃഗങ്ങൾക്കായി പ്രവർത്തിക്കാനാകുമെന്ന തിരിച്ചറിവ് നൽകിയത് ദത്തെടുത്ത നായയാണ്.  ''മൃഗങ്ങളെ സഹായിക്കാനായി ഇന്ത്യയിൽ കാര്യമായ സംവിധാനങ്ങൾ ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞത് 2004 -ൽ ഇവിടെ വന്ന ശേഷമാണ്. 


'ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യന്‍ കൊന്നൊടുക്കും.. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും.'  (വൈക്കം മുഹമ്മദ് ബഷീർ- ഭൂമിയുടെ അവകാശികൾ) 

മനുഷ്യന് വേണ്ടിയുള്ളതല്ല ഭൂമിയെന്നും ഭൂമിയുടേതാണ് മനുഷ്യനെന്നും ആവർത്തിച്ച് പറയാനും കേൾക്കാനും തുടങ്ങിയിട്ട് കാലമൊരുപാടായി. പക്ഷേ, ഇപ്പോഴും നമുക്കും പ്രകൃതിക്കുമിടയിലെ ദൂരം അങ്ങനെ തന്നെയുണ്ട്. മൃഗങ്ങൾക്കായുള്ള സംഘടനകളും മൃഗസംരക്ഷണ പ്രവർത്തകരും ഒരുപാടാകുമ്പോഴും അവയെല്ലാം എത്രത്തോളം ലക്ഷ്യം കാണുന്നുണ്ടെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അത്തരമൊരു സാഹചര്യത്തിലാണ് മിനി വാസുദേവൻ എന്ന സ്ത്രീ പ്രസക്തയാകുന്നത്. 

Latest Videos

undefined

ഇതുവരെ ഈ നിയമത്തിൽ മാറ്റമുണ്ടാക്കാൻ സർക്കാർ തയാറായിട്ടില്ല

2018 -ലെ 'നാരിശക്തി പുരസ്‌കാര'ത്തിന് അർഹയായ മലയാളിയാണ് മിനി വാസുദേവൻ. മൃഗസംരക്ഷണത്തിനായി അവർ നടത്തിയ ശക്തമായ പ്രവർത്തനങ്ങളാണ് അവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് 'നാരിശക്തി പുരസ്‌കാരം'. 

'ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി' എന്ന സംഘടനയുടെ സ്ഥാപക കൂടിയായ മിനി വാസുദേവൻ, മൃഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകൾക്കെതിരെ വലിയ പോരാട്ടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ''1960 -ൽ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതക്ക് ഈടാക്കിയിരുന്ന പിഴ 50 രൂപയായിരുന്നു. വർഷങ്ങൾ ഇത്ര കഴിയുമ്പോഴും ഈ തുകയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇന്നും 50 രൂപ മാത്രമാണ് കുറ്റക്കാരിൽ നിന്ന് ഈടാക്കുന്നത്. ഇന്ന് 50 രൂപയ്ക്ക് എന്താണ് കിട്ടുക? ഇതുവരെ ഈ നിയമത്തിൽ മാറ്റമുണ്ടാക്കാൻ സർക്കാർ തയാറായിട്ടില്ല'' -മിനി വാസുദേവൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഇന്ത്യയിൽ മൃഗങ്ങൾ കൊടിയ പീഡനങ്ങൾ അനുഭവിക്കുന്നതായി മുൻപും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങളും, ലൈംഗിക പീഡനങ്ങളും വരെ മൃഗങ്ങൾക്ക് നേരെ നടക്കുന്നു. ഇതിനെല്ലാം എതിരായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി. 2006  ഏപ്രിലിലാണ് സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. ഇക്കാലയളവുകൊണ്ട് മിനി വാസുദേവനും ഹ്യുമെയ്ൻ അനിമൽ സൊസൈറ്റിയും സമൂഹത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഇവർ മൃഗങ്ങൾക്കായി ഇറങ്ങിത്തിരിച്ചതെന്ന് കൂടി പറഞ്ഞാൽ മാത്രമേ ഈ പുരസ്‌കാരത്തിന് ഇവരേക്കാള്‍ അര്‍ഹ മറ്റൊരാളില്ലെന്ന് തിരിച്ചറിയാനാകൂ. 

മൃഗങ്ങളുടെ സംരക്ഷണം എന്നത് ഒരർത്ഥത്തിൽ മനുഷ്യന്റെ സംരക്ഷണം കൂടിയാണ്

''1987 -ൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി നാല് വർഷം ബാംഗ്ലൂരിൽ ജോലി ചെയ്തു. അമേരിക്കയിലെ ടെക്സസിലായിരുന്നു തുടർ പഠനം. അവിടെ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും എടുത്ത ശേഷം ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഏതാണ്ട് പത്ത് വർഷത്തോളം ജോലി ചെയ്തു. പണമുണ്ടാക്കുക എന്നത് അന്നും ഇന്നും എന്റെ ലക്ഷ്യമായിരുന്നില്ല. മൃഗങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വന്നപ്പോൾ ജോലി ഉപേക്ഷിക്കാനായത് അതുകൊണ്ടാണ്. ഭർത്താവിനും അതിൽ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല.'' 

അമേരിക്കയിൽ വച്ച് തങ്ങൾ ദത്തെടുത്ത ഒരു നായയാണ് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയതെന്ന് പറയുന്നു മിനി വാസുദേവൻ. ചെറുപ്പത്തിലേ മൃഗങ്ങളെ സ്നേഹിച്ചിരുന്ന ഇവർക്ക് മൃഗങ്ങൾക്കായി പ്രവർത്തിക്കാനാകുമെന്ന തിരിച്ചറിവ് നൽകിയത് ദത്തെടുത്ത നായയാണ്.  ''മൃഗങ്ങളെ സഹായിക്കാനായി ഇന്ത്യയിൽ കാര്യമായ സംവിധാനങ്ങൾ ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞത് 2004 -ൽ ഇവിടെ വന്ന ശേഷമാണ്. അമേരിക്കയിൽ അങ്ങനെയായിരുന്നില്ല. അവിടെ അതിനു വേണ്ട ആളുകളും അഭയകേന്ദ്രങ്ങളും എല്ലാം ഉണ്ടായിരുന്നു. പ്രൈവറ്റ് സംവിധാനങ്ങളും പബ്ലിക്ക് സംവിധാനങ്ങളുമെല്ലാം അവിടെ ലഭ്യമാണ്. ഇന്ത്യയിലെ കാര്യം അതല്ല. മൃഗങ്ങൾക്ക് അവരുടെ ദുരിതങ്ങൾ പറഞ്ഞു തരാനാവില്ല. മനുഷ്യന് നിരവധി സാദ്ധ്യതകൾ ഉണ്ട്. വെറുതെ നോക്കി നിൽക്കുകയല്ല വേണ്ടതെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ഞങ്ങൾ ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി ആരംഭിക്കുന്നത്.'' അവർ പറയുന്നു.

ഉപകാരമില്ലാത്തതിനോടൊന്നും നമുക്ക് ദയവോ സഹാനുഭൂതിയോ ഇല്ല

ജനങ്ങൾക്ക് അവബോധം നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ഉദ്ദേശ്യം. മൃഗങ്ങളെ പറ്റിയും അവയുടെ സ്വഭാവ സവിശേഷതകളെപ്പറ്റിയും പൊതുജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക, മൃഗങ്ങൾക്ക്  വാക്സിനേഷൻ നൽകുക, പ്രജനനം നിയന്ത്രിക്കുക, പരിക്കേറ്റ മൃഗങ്ങളെ രക്ഷപ്പെടുത്തി അവയെ പുനരധിവസിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി ചെയ്യുന്നുണ്ട്. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൃഗക്ഷേമ സംഘടനായ  'ബ്ലൂ ക്രോസ്സ് ഓഫ് ഇന്ത്യ'യുടെ പല സഹായങ്ങളും തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് മിനി വാസുദേവൻ കൂട്ടിച്ചേർക്കുന്നു. ഇത്തരമൊരു സംഘടന തുടങ്ങാൻ ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും മറ്റും ബ്ലൂ ക്രോസ്സ് ഓഫ് ഇന്ത്യ ഇവർക്ക് നൽകിയിരുന്നു. 

''മനുഷ്യരുടേതൊഴിച്ചുള്ള ബാക്കി മുഴുവൻ ജീവജാലങ്ങളുടെയും എണ്ണത്തിൽ കുറവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നമുക്ക് ഉപകാരമില്ലാത്തതിനോടൊന്നും ആളുകൾക്ക് ദയവോ സഹാനുഭൂതിയോ ഇല്ല. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും. മൃഗങ്ങളുടെ സംരക്ഷണം എന്നത് ഒരർത്ഥത്തിൽ മനുഷ്യന്റെ സംരക്ഷണം കൂടിയാണ്. എന്നാൽ, മാത്രമേ നിലനിൽപ്പ് സാധ്യമാകൂ. പുതുതലമുറയോടാണ് ഞങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പറയാനുള്ളത്, അവരാണ് നാളത്തെ ഭാവി. എല്ലാവരോടും ദയവുള്ളവരായിരിക്കുക. അതിന് കാര്യമായ ചെലവൊന്നുമില്ലല്ലോ. അനിമൽ ഹസ്ബൻഡറിയും, അനിമൽ വെൽഫെയറും രണ്ടും രണ്ടാണ്. ഇവിടെ പഠിപ്പിക്കുന്നത് അനിമൽ ഹസ്ബൻഡറിയെക്കുറിച്ച് മാത്രമാണ്.'' 

ബോധവൽക്കരണ ക്ലാസ്സുകളിൽ മൃഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ ആദ്യം ചോദിക്കുക നായകളെക്കുറിച്ചാണെന്നു പറയുന്നു മിനി. തെരുവുനായ ശല്യമെന്ന വലിയ പ്രശ്നത്തിൽ ഇടപെട്ടാണ് ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി ഈ രംഗത്ത് സജീവമാകുന്നതും. പക്ഷേ ഈ പ്രശ്നത്തിന്റെയും മൂലകാരണം മനുഷ്യരാണ് എന്നാണ് മിനി വാസുദേവൻ പറയുന്നത്. 

പോമറേനിയനും സൈബീരിയൻ ഹസ്‌കിയും പോലെ രോമങ്ങളുള്ള നായകൾക്ക് ഈ കാലാവസ്ഥ ഒട്ടും ചേരില്ല

''തെരുവുനായകൾ കൂടുന്നത് എങ്ങനെയാണ് എന്നും നമ്മൾ ചിന്തിക്കണം. ഇത് സത്യത്തിൽ മനുഷ്യരുണ്ടാക്കിയ പ്രശ്നമാണ്. ചവറുകൾ പൊതു സ്ഥലങ്ങളിൽ ഇടുന്നതും മൃഗങ്ങളെ ഉപേക്ഷിക്കുന്നതുമെല്ലാം ഇതിനു കാരണമാണ്. ഇന്ത്യയിലെ കാലാവസ്ഥക്ക് ഇവിടത്തെ നാടൻ നായ്ക്കളാണ് യോജിച്ചത്. വലിയ വില കൊടുത്ത് ആളുകൾ വാങ്ങുന്ന ബ്രീഡുകൾ നമ്മുടേത് പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് യോജിച്ചവയല്ല. പോമറേനിയനും സൈബീരിയൻ ഹസ്‌കിയും പോലെ രോമങ്ങളുള്ള നായകൾക്ക് ഈ കാലാവസ്ഥ ഒട്ടും ചേരില്ല. സ്വാഭാവികമായ ബ്രീഡിങ്ങിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ ഉയർന്ന പ്രതിരോധ ശേഷിയും ജനിതക വൈവിധ്യവും ഉള്ളവയായിരിക്കും. അതുപോലെ ഇവിടെയുള്ള ബ്രീഡർമാരും നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നത്. ബ്രീഡിങ് നടത്താൻ ലൈസൻസ് വേണമെന്ന് നിയമമുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ അതൊന്നും നടക്കുന്നില്ല. പെറ്റ്‌ഷോപ്പുകളിലും മറ്റും അനധികൃതവും നിയമ വിരുദ്ധവുമായാണ് ബ്രീഡിങ് നടത്തുന്നത്.' 

നിലവിൽ പല ഇടങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയ മൂന്നു നായ്ക്കളുണ്ട് ഇവരുടെ വീട്ടിൽ. കൂടാതെ വലുതും ചെറുതുമായ 150 മൃഗങ്ങളെ ഒരേസമയം അധിവസിപ്പിക്കാനാകുന്ന സൗകര്യങ്ങളും സംഘടനയുടെ ഭാഗമായി  ഒരുക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടാം തീയതി രാഷ്ട്രപതിയിൽ നിന്നാണ് മിനി വാസുദേവൻ പുരസ്‌കാരം സ്വീകരിക്കുക. 

click me!