അന്ന്, തീണ്ടാരിത്തുണികള്‍ ഉണക്കാനിട്ടിരുന്നത് ആരും കാണാത്തിടത്തായിരുന്നു

By Web Team  |  First Published Oct 5, 2018, 1:13 PM IST

സാനിറ്ററി പാഡ് വേറെ ആരും കാണാതിരിക്കാന്‍ ഭദ്രമായി പൊതിഞ്ഞുകെട്ടി കൊടുക്കുന്ന ഫാര്‍മസിയിലെ അങ്കിളിനോട് പെണ്‍കുട്ടി, 'അതൊന്നും ഇങ്ങനെ കെട്ടി പൊതിയണ്ട അങ്കിളേ, വെറുതെ ഇങ്ങോട്ട് തന്നാല്‍ മതി' എന്ന് പറഞ്ഞു.


അങ്ങനെയാണ്, ഓരോ സമൂഹവും അതിനെ പുതുക്കുന്നത്. അങ്ങനെയാണ്, ഓരോ ആളും അയാളുടെ ഉള്ളിലെ അനവധി കാലങ്ങളെ മുമ്പോട്ട് എടുക്കുന്നത്. ഇതാണ്, ഈ മാറ്റത്തെയാണ് കേരളത്തിലെ യാഥാസ്ഥിതിക ആണ്‍രാഷ്ട്രീയം, ഇന്ന് ശബരിമലയിലെ സ്ത്രീപ്രവേശത്തിന്‍റെ പേരില്‍ അട്ടിമറിക്കുന്നത്‌. ഇന്ന്, ഈ സമരത്തില്‍ പങ്കെടുക്കുന്നത് 'അധികവും സ്ത്രീകളാണ്' എന്ന് വാദിക്കാം, 'വിശ്വാസികളുടെ' കൂടെയാണ് ഞങ്ങള്‍ എന്ന് ഓരോ വോട്ടുതെണ്ടിയും ഇനിയും വാദിക്കാം.

Latest Videos

undefined

ഞാന്‍ തൊഴുതിരുന്ന 'ഈശ്വരന്‍' ഒരു പെണ്ണാണ്. ഒരു നാടന്‍ ഭഗവതി. ഞങ്ങള്‍ ഒരുപാട് പേരുടെ ഭഗവതിയാണ്. മുത്തശ്ശിയാര്‍ക്കാവിലമ്മയുടെ നേരെ അനിയത്തി, 'ചിനവതിക്കാവിലമ്മ' എന്നാണ് പേര്. ‘എന്റെ തട്ടകം’എന്ന് ചുറ്റുമുള്ള മൂന്നോ നാലോ ഗ്രാമങ്ങളെയും 'എന്റെ മക്കള്‍' എന്ന് ഈ ഗ്രാമങ്ങളിലെ അത്രയും ആളുകളെയും ചിനവതിക്കാവിലമ്മ വിളിയ്ക്കും. അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞങ്ങളുടെ വെളിച്ചപ്പാടിനെ ഒരുതവണ കേട്ടാല്‍ മതി. പാല, ആല്, അരയാല് ഒക്കെയായിരുന്നു ‘കാവി’ലെ മരങ്ങള്‍, ഭഗവതി താമസിച്ചിരുന്നത് അവിടെയാണ്. അതിനാല്‍ ഭഗവതിയെ ആരും കണ്ടിരുന്നില്ല. ഇടക്ക് ചിലരുടെ സ്വപ്നത്തിലോ, ഇടക്ക് ചിലര്‍ക്ക് രാത്രി വഴി തെറ്റുമ്പോഴോ, ഇടക്ക് കുട്ടികള്‍ക്ക് പനി പിടിക്കുമ്പോഴോ ഒന്ന് കണ്ടാലായി. അല്ലെങ്കില്‍ ഇല്ല. അവിടേക്ക് വിളക്കുവെയ്ക്കാന്‍ ഞങ്ങള്‍ പോയിരുന്നു, പെണ്‍കുട്ടികളും, ആണ്‍കുട്ടികളും, ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ. 'തീണ്ടാരി'യായ ദിവസങ്ങളില്‍ 'പെണ്ണുങ്ങള്‍' വരില്ല. 'കുളിച്ചേ' പിന്നെ വരൂ. അതുകൊണ്ടുമാത്രം ‘കാണാന്‍ പറ്റാതിരുന്ന, ഒപ്പം പഠിയ്ക്കുന്ന പെണ്‍കുട്ടി’യെ ഓര്‍ക്കുമ്പോള്‍ ഇതാ, ഇപ്പോഴും ഒരു ഈഷലുണ്ട്.

അന്ന് പക്ഷെ, തീണ്ടാരി വീടുകളിലും ആചരിച്ചു. ചോരക്കറയുള്ള തുണികള്‍ ഒക്കെ തൊടിയില്‍ ‘ആരും കാണാത്തിടത്ത്’തോരാന്‍ ഇട്ടു. സാനിറ്ററി പാഡുകള്‍ വരുന്നതിനും മുമ്പാണ്, രണ്ടോ മൂന്നോ തലമുറ മാറിയപ്പോള്‍, ഈ ആചാരങ്ങളും വീടുകളില്‍ അയഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അമ്മമാര്‍ ആ ദിവസങ്ങളില്‍ ചെയ്യേണ്ടത് പറഞ്ഞുകൊടുത്തു. ആണ്‍കുട്ടികള്‍ സാനിറ്ററി പാഡുകള്‍ വാങ്ങിക്കൊണ്ടുവന്നു. സാനിറ്ററി പാഡ് വേറെ ആരും കാണാതിരിക്കാന്‍ ഭദ്രമായി പൊതിഞ്ഞുകെട്ടി കൊടുക്കുന്ന ഫാര്‍മസിയിലെ അങ്കിളിനോട് പെണ്‍കുട്ടി, 'അതൊന്നും ഇങ്ങനെ കെട്ടി പൊതിയണ്ട അങ്കിളേ, വെറുതെ ഇങ്ങോട്ട് തന്നാല്‍ മതി' എന്ന് പറഞ്ഞ് കൂടെയുള്ള ആണ്‍കുട്ടിയെ നോക്കി ഒരു കണ്ണടച്ചു കാണിച്ചു.

പക്ഷെ, നല്ല ഉറപ്പുണ്ട് ഈ സ്ത്രീകള്‍ ഒന്നും ഇപ്പോള്‍ തീണ്ടാരിത്തുണി, ആരും കാണാത്തിടത്ത് ഉണക്കാന്‍ ഇടുന്നവരല്ല

അങ്ങനെയാണ്, ഓരോ സമൂഹവും അതിനെ പുതുക്കുന്നത്. അങ്ങനെയാണ്, ഓരോ ആളും അയാളുടെ ഉള്ളിലെ അനവധി കാലങ്ങളെ മുമ്പോട്ട് എടുക്കുന്നത്. ഇതാണ്, ഈ മാറ്റത്തെയാണ് കേരളത്തിലെ യാഥാസ്ഥിതിക ആണ്‍രാഷ്ട്രീയം, ഇന്ന് ശബരിമലയിലെ സ്ത്രീപ്രവേശത്തിന്‍റെ പേരില്‍ അട്ടിമറിക്കുന്നത്‌. ഇന്ന്, ഈ സമരത്തില്‍ പങ്കെടുക്കുന്നത് 'അധികവും സ്ത്രീകളാണ്' എന്ന് വാദിക്കാം, 'വിശ്വാസികളുടെ' കൂടെയാണ് ഞങ്ങള്‍ എന്ന് ഓരോ വോട്ടുതെണ്ടിയും ഇനിയും വാദിക്കാം. പക്ഷെ, നല്ല ഉറപ്പുണ്ട് ഈ സ്ത്രീകള്‍ ഒന്നും ഇപ്പോള്‍ തീണ്ടാരിത്തുണി, ആരും കാണാത്തിടത്ത് ഉണക്കാന്‍ ഇടുന്നവരല്ല. ഇവരില്‍ ഭൂരിപക്ഷവും മെന്‍സസ് കാലത്തെ ഇന്ന് ശരീരശുദ്ധിയുടെ പ്രശ്നമായി കാണുന്നില്ല. അതുകൊണ്ടുകൂടിയാണ്, ശബരിമല അയപ്പനെ ദര്‍ശിക്കാന്‍ എല്ലാ വയസ്സിലുമുള്ള സ്ത്രീകള്‍ക്കും അവകാശമുണ്ട്‌ എന്ന് വാദിക്കുമ്പോള്‍ ഇന്നത്‌ ഒരു തുല്യതയുടെ മാത്രം പ്രശ്നമാവാത്തത്. മറിച്ച്, കേരളീയ സമൂഹം കണിശമായും കടന്നുപോകേണ്ട ഒരു റ്റാബൂ (taboo),ഒരു വിലക്ക്, അതിലുണ്ട്. 'തീണ്ടാരിയെ അശുദ്ധിയുടെ/അശുദ്ധ'ത്തിന്‍റെയും കാര്യമായി കാണാതിരിക്കുക എന്ന മാറ്റമാണത്.

ആ അവസരമാണ്, ഇന്ന് കോടതിവിധി ഉണ്ടായിട്ടും, കേരളത്തിലെ രാഷ്ട്രീയവര്‍ഗം, ഇടതും വലതും, കളഞ്ഞു കുളിക്കുന്നത്. ഇതേ വോട്ടുതെണ്ടി മോന്തകളാണ് നാളെ നാരായണഗുരു വിപ്ലവകാരിയായിരുന്നു എന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിക്കുക. ഇതേ വോട്ടുതെണ്ടിത്തൊള്ളകളാണ് വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച് പറഞ്ഞത് എത്ര ശരി എന്ന് ഉത്ബുദ്ധരാവാന്‍ നോക്കുക.

ഹരീഷിന്റെ ‘മീശ’ നോവല്‍ വിവാദമായപ്പോള്‍ കേട്ടിരുന്ന ഒരു ‘വസ്തുത’യുണ്ടായിരുന്നു: ആ നോവലിനെതിരെ നീങ്ങാന്‍ ആര്‍എസ്എസും, സംഘപരിവാറും കേരളത്തില്‍ കണ്ട ഒരു വഴി സിപിഎമ്മിന്‍റെ വാട്സാപ്പ്‌ ഗ്രൂപ്പുകള്‍ ആയിരുന്നു എന്ന് – അവര്‍ അതിലെ ‘കുലസ്ത്രീകളെ’, അത്തരം സവര്‍ണ പുരോഗമന ഗ്രൂപ്പുകളെ, കണ്ടുപിടിച്ചു, സംഗതി പ്രചരിപ്പിച്ചു, നായര്‍ മാര്‍ക്സിസ്റ്റ് ആയ എല്ലാ പുരോഗമന സ്ത്രീ സിംഗങ്ങളും ഒളിഞ്ഞും, തെളിഞ്ഞും തങ്ങളുടെ ‘ജാതി’യെ പൊക്കിവെച്ചു. അവരിലെ സാഹിത്യമതികള്‍ വരെ... അല്ലെങ്കില്‍, ഒന്ന് ആലോചിച്ചു നോക്കൂ, എന്‍എസ്എസ് പോലെ ശക്തമാണോ ആ നമ്പൂരി കൂട്ടായ്മ കേരളത്തില്‍?

പറയന്‍ വെളിച്ചപ്പാട്’ പൂരം ദിവസം മാത്രം ‘അകത്തേയ്ക്ക്’ ചിലമ്പും അരമണിയും കിലുക്കി വാള്‍ നീട്ടിപ്പിച്ച് ഒന്ന് ഓടി വരും

ഈ കുറിപ്പ് തുടങ്ങിയത് ഞങ്ങളുടെ 'പരദേവത'യുടെ കാര്യം പറഞ്ഞാണ്, അവിടേക്ക് ഒന്നുകൂടി പോയ്ക്കോട്ടെ- എന്റെ കുട്ടിക്കാലത്ത് അവിടത്തെ ‘കാര്യങ്ങള്‍’ഒക്കെ നോക്കി നടത്തിയിരുന്നത് നമ്പ്യാര്‍മാരും, നായന്മാരും, മേനോന്മാരും ഒക്കെ ആയിരുന്നു. അകത്ത് പൂജിക്കാന്‍ നമ്പൂരി കയറും, നമ്പീശന്‍ വിളക്ക് പിടിക്കും, മാരാര് ചെണ്ട കൊട്ടും അങ്ങനെ... പൂരം ദിവസം മാത്രം 'എല്ലാ വിഭാഗം ആളുകളും' എത്തും... ഓരോ ആല്‍ത്തറയില്‍ ഓരോ ‘കൂട്ടര്‍’ നില്‍ക്കും. അയിത്തം പാസീവ് ആയി പാലിച്ചിരുന്നു, ‘അവരുടെ പറയന്‍ വെളിച്ചപ്പാട്’ പൂരം ദിവസം മാത്രം ‘അകത്തേയ്ക്ക്’ ചിലമ്പും അരമണിയും കിലുക്കി വാള്‍ നീട്ടിപ്പിച്ച് ഒന്ന് ഓടി വരും... ആ ‘തീണ്ടല്‍’ മൂന്നും നാലും തവണ നടക്കും. ഇത്രയും നാള്‍ കഴിഞ്ഞും ഞാന്‍ ആ ‘പ്രവേശം’ ഓര്‍ക്കുന്നത് ഒരു വിറയോടെയാണ്. കാരണം, അത് നമ്മുടെ സവര്‍ണ ബോധ്യങ്ങളെ മുഴുവന്‍ ഭയപ്പെടുത്തുന്നു. ദൈവസങ്കല്‍പ്പത്തെ വരെ. 

ഇന്ന്, അവിടെ കമ്മിറ്റി പ്രസിഡന്‍റ്  ഒക്കെ ‘അവര്‍ണ’രാണ്, പൂജയ്ക്കും മറ്റും നമ്പൂതിരിയും നമ്പീശനും മാരാരും ഒക്കെ ഉള്ളപ്പോഴും 'നടത്തിപ്പ്’ മാറുന്നു. ഇത് വളരെ പ്രധാനമാണ്. കാരണം, മനുഷ്യന്റെ എക്കാലത്തെയും കീറാമുട്ടിയായ ഒരു പ്രശ്നം എങ്ങനെ അധികാരത്തെ കൈകാര്യം ചെയ്യാം എന്നാണ്. അധികാരത്തെ മനുഷ്യന്‍ കൈകാര്യം ചെയ്യുന്നത് ‘സ്വതന്ത്ര’രാവാനാണ്.

അത്തരമൊരു അവസരമാണ് കേരളത്തില്‍ വരുന്നത്, ശബരിമലയിലെ സ്ത്രീ പ്രവേശത്തിന്റെ കാര്യത്തില്‍

അങ്ങനെ ഒരു കീറാമുട്ടി ഉള്ളിടത്തെക്കാണ് സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും വരുന്നത്. അവരുടെ ഒരു വലിയ അജണ്ട തന്നെ ഇത്തരം റ്റാബൂ/വിലക്കുകള്‍ മാറ്റുക എന്നായിരുന്നു. ലോകസമൂഹം ഏറ്റെടുത്തതാണ് അത്. അത്തരമൊരു അവസരമാണ് കേരളത്തില്‍ വരുന്നത്, ശബരിമലയിലെ സ്ത്രീ പ്രവേശത്തിന്റെ കാര്യത്തില്‍. ആ അവസരത്തെ തടയാന്‍ എല്ലാ കളികളും കളിക്കും മുന്നണി-രാഷ്ട്രീയക്കാര്‍. വിശ്വാസത്തിന്റെ പേരില്‍ രാജകുടുംബങ്ങളും. ഇതില്‍, രാഷ്ട്രീയക്കാരെ തുറന്നെതിര്‍ക്കണം. കാരണം അവര്‍ നാം കണ്ട ഏറ്റവും ദുഷ്ടന്മാരായ അവസരവാദികളാണ്. രാജകുടുംബത്തോട്, 'അപ്പോള്‍ സാനിറ്ററി പാഡുകള്‍ വന്നതോ, സതി നിര്‍ത്തിയതോ' എന്നൊന്നും ചോദിച്ചിട്ട്‌ കാര്യമല്ല, അവര്‍ ദൈവത്തെ തങ്ങളുടെ അധികാര പരിധിയില്‍ നിര്‍ത്തിയവരാണ്, ബ്രഹ്മസ്വം, അതിന് അവസരമാക്കിയവരാണ്.

അവരോട്, പക്ഷെ, 'ഇപ്പോള്‍, ചിനവതിക്കാവിലമ്മയുടെ കാര്യങ്ങള്‍ നോക്കുന്നത് നമ്പ്യാര്‍ അല്ല' എന്നു പറയാം'. അല്ലാതെന്ത് സാക്ഷരത, ചേച്ചി? വോട്ടുതെണ്ടികളുടെ നാവ് ആവലോ? രാജാവിന്‍റെ മെമ്മറി കളിക്കാന്‍ റോഡിലേക്ക് ഇറങ്ങലോ?

click me!