ബിഗ് ബോസില്‍ ഞാന്‍ കിടക്കുക മാത്രമായിരുന്നില്ല; ദീപന്‍ പറയുന്നു

By Web Team  |  First Published Jul 28, 2018, 6:37 PM IST

ബിഗ് ബോസില്‍ ഇന്നും മറ്റൊരു എലിമിനേഷന്‍ നടക്കാന്‍ പോകുകയാണ്. ശ്വേതാ മേനോനും രഞ്ജിനി ഹരിദാസുമാണ് ഇന്ന് എലിമിനേഷന്‍ കാത്തുകഴിയുന്നത്. ഈ അവസരത്തില്‍ കഴിഞ്ഞ ആഴ്ച എലിമിനേറ്റ് ചെയ്യപ്പെട്ട ദീപന്‍ തന്റെ അഭിപ്രായങ്ങള്‍ പറയുന്നു. സുനിതാ ദേവദാസ് നടത്തിയ അഭിമുഖം


ബിഗ് ബോസില്‍ നിന്നും വളരെ അസാധാരണമായ രീതിയില്‍ എലിമിനേറ്റ് ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയാണ് ദീപന്‍  മുരളി. ബിഗ് ബോസിനോട് സംസാരിക്കാനായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കപ്പെട്ട ദീപനെ പിന്നീട് വീട്ടിലേക്ക് തിരിച്ചു വിട്ടില്ല. കണ്‍ഫെഷന്‍ റൂമിനു പുറത്തേക്ക് ഉണ്ടായിരുന്ന വാതിലിലൂടെ കണ്ണ് കെട്ടി പുറത്തെത്തിക്കുകയാണ് ബിഗ് ബോസ് ചെയ്തത്.  ഇന്നും മറ്റൊരു എലിമിനേഷന്‍ ബിഗ് ബോസില്‍ നടക്കാന്‍ പോകുകയാണ്. ശ്വേതാ മേനോനും രഞ്ജിനി ഹരിദാസുമാണ് ഇന്ന് എലിമിനേഷന്‍ കാത്തുകഴിയുന്നത്. ഈ അവസരത്തില്‍  ദീപന്‍  മുരളി സംസാരിക്കുന്നു, തന്റെ എലിമിനേഷനെ കുറിച്ച്, എലിമിനേഷനില്‍ വന്നവരെ കുറിച്ച്, ബിഗ് ബോസ് കളിയിലെ ന്യായാന്യായങ്ങള്‍ കുറിച്ച്. സുനിതാ ദേവദാസ് നടത്തിയ അഭിമുഖം

ഇന്നത്തെ എലിമിനേഷനില്‍ ശ്വേതയും രഞ്ജിനിയും വന്നു നില്‍ക്കുന്നതും അവരിലൊരാള്‍ ഔട്ട് ആകുന്നതും തികച്ചും അന്യായമാണ് എന്ന് ഞാന്‍ കരുതുന്നു. കാരണം ഗെയിമിന്റെ ഈ ഘട്ടത്തില്‍ പുറത്തു പോകേണ്ടവരല്ല അവര്‍. അവരെക്കാള്‍ ദുര്‍ബലര്‍ ഗെയിമില്‍ തുടരുമ്പോള്‍ ഇവരിലൊരാള്‍ പുറത്തു പോകേണ്ടി വരുന്നത് തികച്ചും അനീതിയായി തോന്നുന്നു. 

Latest Videos

undefined

എന്നെ ഗെയിമില്‍ നിന്നും ഈ ഘട്ടത്തില്‍ എലിമിനേറ്റ് ചെയ്തതും വളരെ അണ്‍ ഫെയര്‍ ഗെയിമായി എനിക്ക് തോന്നുന്നുണ്ട്. കാരണം കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷന് വീട്ടിലെ വിഷയത്തില്‍ ഇടപെടാത്തവരെയും നിലപടില്ലാത്തവരെയും നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. വീട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും നിലപടുകള്‍ തുറന്നു പറയുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും എന്നെ വീട്ടിലുള്ളവര്‍ എലിമിനേഷന് നോമിനേറ്റ് ചെയ്തു. അപ്പോഴും അവരില്‍ പലരും എന്നോട് പറഞ്ഞത് ദീപന്‍ ശക്തനായ മത്സരാര്‍ത്ഥിയാണ്. അതിനാല്‍ എലിമിനേറ്റ് ആവില്ല എന്നാണ്. 

കണ്‍ഫെഷന്‍ റൂമിലേക്ക് എന്നെ വിളിക്കുമ്പോഴും എനിക്ക് പുറത്താവാന്‍ പോകുകയാണെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. പെട്ടന്നാണ് ബിഗ് ബോസ് തീരുമാനം പറഞ്ഞതും എന്നെ പുറകിലെ വാതില്‍ വഴി കണ്ണ് കെട്ടി മോഹന്‍ലാല്‍ നില്‍ക്കുന്ന സ്‌റ്റേജില്‍ എത്തിച്ചതും . കളിയുടെ നിയമങ്ങളില്‍ ഇതൊക്കെ ഉണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പുറത്തക്കപ്പെടാം എന്ന്. ഞാന്‍ ഗെയിമിന്റെ സ്പിരിറ്റ് ഉള്‍കൊള്ളുന്നു. 

എന്നാല്‍ ഒരു മാസം കൂടെ കഴിഞ്ഞവരോട് ഒന്ന് യാത്ര പോലും പറയാന്‍ കഴിഞ്ഞില്ല എന്ന വേദന ഇപ്പോഴും മാറിയിട്ടില്ല . ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ ഇപ്പോഴും തോന്നും ഞാന്‍ അവിടെയാണെന്ന്. 

ഗെയിമില്‍ രണ്ടാമതായി ആ വീട്ടില്‍ എത്തിയ ആളാണ് ഞാന്‍. അവിടെ ഞാന്‍ ശരിക്കും ജീവിക്കുകയായിരുന്നു. കാരണം എന്റെ വിവാഹം കഴിഞ്ഞു 58 ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ ബിഗ് ബോസില്‍ എത്തിയത്. അതിനും മുമ്പ് എന്റെ വീട്ടില്‍ ഒറ്റക്കായിരുന്നു ഞാന്‍. മൂന്നു മാസം ഒറ്റക്കൊരു വീട്ടില്‍ താമസിച്ചു ഒരു വീട് കെട്ടിപ്പടുക്കുകയായിരുന്നു ഞാന്‍. വീട്ടിലേക്കാവശ്യമായ ഓരോന്നും വാങ്ങി കൂട്ടിയും കണ്ടെത്തിയും ... അതേ ജീവിതത്തിന്റെ തുടര്‍ച്ചയാണ് എനിക്ക്  ബിഗ് ബോസിലും കിട്ടിയത്. കൂടാതെ ഒരു വലിയ കുടുംബത്തെ എനിക്ക് കിട്ടി അവിടെ. ഞാനവിടെ അഭിനയിച്ചില്ല. എന്നാല്‍ വീട്ടിലെ ഓരോ പ്രശ്‌നങ്ങളിലും ഇടപെട്ടു. നിലപാട് വ്യക്തമാക്കി. എന്നാല്‍ ഞാനൊരു അറ്റന്‍ഷന്‍ സീക്കറായിരുന്നില്ല.  

നോമിനേഷന്‍ പ്രക്രിയയില്‍ എനിക്ക് അനീതിയായി തോന്നിയവ ഇവയാണ്. 

1 . പലപ്പോഴും നോമിനേഷന്‍ പ്രക്രിയ അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു ചിലരെ ടാര്‍ഗെറ്റ്  ചെയ്യുന്നു. ബിഗ് ബോസ് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട് നോമിനേഷന്‍ ആരെ ചെയ്യണമെന്ന് ചര്‍ച്ച ചെയ്യരുതെന്നും അവനവന്റെ സ്വന്തം അഭിപ്രായം അനുസരിച്ചു ചെയ്യണമെന്നും. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ പലരും ചര്‍ച്ച ചെയ്തു ആളുകളെ ടാര്‍ഗറ്റ് ചെയ്യുമ്പോള്‍ അവിടെ പക്ഷപാതിത്വം കടന്നു വരുന്നു. 

2 . ബിഗ് ബോസ് വീട്ടില്‍ നല്ല ഗ്രൂപ്പിസമുണ്ട്. പലരും ഓരോ വ്യക്തിതാല്പര്യങ്ങള്‍ അനുസരിച്ചു ഓരോ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് താല്‍പര്യമുള്ളവരെ ഒഴിവാക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പിലുമില്ലാത്തവരെ നോമിനേറ്റ്   ചെയ്യും. അത് നല്ല പ്രവണതയല്ല. എന്നെ സാബു നോമിനേറ്റ് ചെയ്തതിനു ശേഷം പിന്നീട് പറഞ്ഞു വ്യക്തിതാല്പര്യമുള്ള ഒരാളെ രക്ഷിക്കാന്‍ വേണ്ടി ചെയ്തതാണെന്ന്. 

രഞ്ജിനി പറഞ്ഞു നിലപാടില്ലാത്തവരെയും ആക്റ്റീവ് അല്ലാത്തവരെയും നോമിനേറ്റ്  ചെയ്യേണ്ട സമയത്ത് ദീപനെ നോമിനേറ്റ് ചെയ്യുന്നത് ശരിയായില്ലെന്ന്. അരിസ്‌റ്റോ സുരേഷ് പറഞ്ഞു ദീപന്‍  ശ്വേതയുടെയും രഞ്ജിനിയുടെയും ഗ്രൂപ്പില്‍ ആണെന്ന് കരുതി തെറ്റിദ്ധാരണ കൊണ്ടാണ് നോമിനേറ്റ് ചെയ്തു പോയതെന്ന്. 

ഫലത്തില്‍ എന്തുണ്ടായി? എന്നെ പ്രേക്ഷകര്‍ക്ക് നോമിനേറ്റ് ചെയ്തു ഇട്ടു കൊടുത്തു. ഞാന്‍ വീട്ടില്‍ ചെയ്തതൊന്നും ടെലികാസ്റ്റ് ചെയ്ത എപ്പിസോഡുകളില്‍ വരാതിരിക്കുകയും ഞാന്‍ കിടക്കുന്നത് മാത്രം വരികയും ചെയ്തു. ഞാന്‍ പുറത്തായി. ദീപന്‍ എന്ന വ്യക്തി എന്താണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞില്ല. അതില്‍ എനിക്ക് വിഷമമുണ്ട്. 

ഹിമ ഒരു ശക്തയായ മത്സരാര്‍ത്ഥി ആയിരുന്നു. ഇപ്പോള്‍ ശ്വേതയും രഞ്ജിനിയും എലിമിനേഷനില്‍ നില്‍ക്കുന്നു. ദുര്‍ബലരായ നിരവധി പേര്‍ അകത്ത് നില്‍ക്കുമ്പോഴാണ് കരുത്തരായ മത്സാര്‍ത്ഥികള്‍ പുറത്തു പോകേണ്ടി വരുന്നത് എന്നത് എനിക്ക് അനീതിയായി തോന്നുന്നുണ്ട്. 

ടാസ്‌ക്കുകള്‍ പോലും ശരിയായി ചെയ്യാത്തവരെയും ബിഗ് ബോസ് നിയമങ്ങള്‍ ലംഘിക്കുന്നവരെയുമാണ് ആദ്യം എലിമിനേറ്റ് ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം. 

പ്രേക്ഷകര്‍ എന്നെ കണ്ടത് 'കട്ടില്‍ ദീപന്‍' ആയിട്ടായിരുന്നുവെന്നു പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്. എനിക്ക് ന്യായമായ സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയില്ലെന്ന് അപ്പോള്‍ തോന്നി. എനിക്ക് ഡിസ്‌ക്കിനു അസുഖമായി ബിഗ് ബോസിനുള്ളില്‍ വച്ച് എന്നെ നാലഞ്ചു തവണ ഡോക്ടര്‍മാര്‍ കണ്‍ഫെഷന്‍ റൂമില്‍ വന്നു നോക്കിയിരുന്നു. മരുന്നും തന്നിരുന്നു. അത് പ്രേക്ഷകരാരും കണ്ടില്ല. എന്നാല്‍ അതിനു ശേഷം ഞാന്‍ കിടക്കുന്നത് മാത്രം പ്രേക്ഷകര്‍ കാണുകയും ചെയ്തു. 

എന്നാല്‍ ഞാന്‍ കിടന്നിരുന്നത് എന്റെ എല്ലാ ടാസ്‌ക്കും പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു. പേളി എന്നെ വിളിച്ചിരുന്നത് പോലും പെര്‍ഫെക്ഷനിസ്‌റ് എന്നാണ്. ഞാന്‍ അങ്ങനെ എപ്പോഴും കിടക്കുകയാണെങ്കില്‍ ബിഗ് ബോസ് വീടിനുള്ളിലുള്ളവര്‍ എന്നെ കുറ്റം പറയില്ലേ? 

ഞാന്‍ അവിടെ ജീവിക്കുകയായിരുന്നു, സ്‌ട്രേറ്റ് ഫോര്‍വെര്‍ഡ് ആയിരുന്നു, നിലപടുകളില്‍ ഉറച്ചു നിന്നു. അഭിപ്രായങ്ങള്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളായി ഇരിക്കുക എന്നതാണ് ബിഗ് ബോസ് നിയമം. ഞാനതു പാലിച്ചു. 

ഞാന്‍ ഇടപെട്ട പ്രധാന വിഷയങ്ങള്‍ ഷോയില്‍ വന്നില്ല. സാബു ഹിമയോട് മോശമായി പെരുമാറിയപ്പോള്‍ ഞാനിടപെട്ടു സംസാരിച്ചു സാബു ഹിമയോട് മാപ്പ് പറഞ്ഞിരുന്നു, അനൂപ് അര്‍ച്ചനയെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തിലും ഞാന്‍ ഇടപെട്ട് സംസാരിച്ചു പ്രശ്‌നം തീര്‍ത്തിരുന്നു, സാബു പേളിയെ ചെരിപ്പെറിഞ്ഞ സംഭവത്തിലും ഇടപെട്ട് സംസാരിച്ചിരുന്നു. ആഹാരവും മുട്ടയുമായി ബന്ധപ്പെട്ടു പ്രശ്‌നമുണ്ടായപ്പോഴും ഇടപെട്ടു. കൂടാതെ എല്ലാ മീറ്റിംഗുകളിലും രഞ്ജിനി, സാബു, അനൂപ് എന്നിവര്‍ സംസാരിച്ചു കഴിഞ്ഞാല്‍ നാലാമതായി സംസാരിച്ചിരുന്ന വ്യക്തി ഞാനായിരുന്നു.

ഇതൊക്കെ ഷോയില്‍ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു വിഷമം തോന്നി. എങ്കില്‍ പ്രേക്ഷകര്‍ക്ക് ഞാന്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. 

എങ്കിലും ജീവിതത്തില്‍ എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ആളാണ് ഞാന്‍. ഇതൊരു ഗെയിം ആണെന്നും അതിന്റെ ഭാഗമാണ് ഇതൊക്കെ എന്നും പോസിറ്റിവ് സ്പിരിറ്റില്‍ എടുക്കുന്നു 


(തുടരും : നാളെ അര്‍ച്ചനയെ കുറിച്ച് ദീപന്‍ സംസാരിക്കുന്നു.) 

 

click me!