സിപിഎം സമ്മേളനം ഉത്തരം തരേണ്ട ചോദ്യങ്ങള്‍

By എം അബ്ദുള്‍ റഷീദ്  |  First Published Feb 22, 2018, 10:09 PM IST

പക്ഷെ, മാറിയ ഈ കാലത്തും ആശയപോരാട്ടത്തിന്റെയും സംവാദത്തിന്റെയും ജനാധിപത്യ മര്യാദയുടേയുമൊന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ, ചാവേര്‍ സംഘങ്ങളെ ഒരുക്കിനിര്‍ത്തി കൊന്നും കൊലവിളിച്ചും കണ്ണൂര്‍ രാഷ്ട്രീയം എന്തുകൊണ്ട് എന്നും ചോരയില്‍ മുങ്ങിനില്‍ക്കുന്നു എന്ന ചോദ്യത്തെ സംസ്ഥാന സമ്മേളനത്തിന് പുറത്തായാലും സിപിഎം നേരിട്ടേ മതിയാവൂ. കാരണം, രാഷ്ട്രീയ ധാര്‍മികതയെപ്പറ്റിയും ഉത്തരവാദിത്തത്തെപ്പറ്റിയും നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നതുതന്നെ.

Latest Videos

undefined

വിഭാഗീയതയുടെ കാര്യമായ ഭാരങ്ങള്‍ ഇല്ലാത്ത ഒരു സംസ്ഥാന സമ്മേളനത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സി പി എം കൊടിയുയര്‍ത്തിയിരിക്കുന്നു, ചങ്കില്‍ കത്തിമുന തറച്ചു സഖാവ് അഴീക്കോടന്‍ രാഘവന്‍ പിടഞ്ഞുവീണ തൃശൂരിന്റെ മണ്ണില്‍.

പാര്‍ട്ടിയുടെ കേരളത്തിലെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്നു കൊണ്ടുവന്ന ദീപശിഖയില്‍നിന്നു പകര്‍ന്ന ജ്വാലയാണ് സമ്മേളനനഗരിയില്‍ അഞ്ചുദിവസം ആളുന്നത്.

സിപിഎമ്മുകാര്‍ കൊത്തിയരിഞ്ഞു കൊന്നുകളഞ്ഞ ഒരു എതിര്‍പ്പാര്‍ട്ടിക്കാരന്റെ ചോരമണം നാടിനെ വല്ലാതെ അലോസരപ്പെടുത്തുന്ന നാളുകളിലാണ് , കേരളത്തിലെ തലമുതിര്‍ന്ന 475 പ്രതിനിധി സഖാക്കള്‍ സംസ്ഥാനസമ്മേളനത്തിനായി പൂരനഗരിയില്‍ ഒന്നിയ്ക്കുന്നത്.

കൊല്ലുകയും കൊല്ലിയ്ക്കുകയും ജയിലിലാവുകയും പാര്‍ട്ടിക്കായി ചാവുകയും ചെയ്യുന്ന പ്രാകൃത ഗോത്രവര്‍ഗ രീതികളില്‍നിന്നു ഇനിയെങ്കിലും പാര്‍ട്ടിയും കേരളവും രക്ഷപ്പെടുമോ എന്നൊരു ചോദ്യം ഏതെങ്കിലും പ്രതിനിധി സഖാവ് സംസ്ഥാനസമ്മേളനത്തില്‍ ചോദിക്കുമോ എന്നറിയില്ല. സാക്ഷാല്‍ പിണറായിയും ജയരാജന്മാരുമുള്ള സമ്മേളനഹാളില്‍ ആരുമത് ഉറക്കെ ചോദിയ്ക്കാനിടയില്ല.

ചോദിച്ചാലും, 577 രക്തസാക്ഷികളുടെ നീണ്ട പട്ടിക ചൂണ്ടിക്കാട്ടി സ്വന്തം കൊലകള്‍ ന്യായീകരിയ്ക്കാനുള്ള വിദ്യകളൊക്കെ ബ്രാഞ്ച് സഖാക്കള്‍ക്കുപോലും മനപ്പാഠമാണ്. സംശയമുണ്ടെങ്കില്‍, ഷുഹൈബ് വധത്തെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിച്ചുകൊണ്ടും കൊലയ്ക്കു എതിരെ പ്രതികരിച്ചവരെയാകെ ഇടതു വിരുദ്ധരാക്കിയും സൈബര്‍ സഖാക്കള്‍ പോയ ദിവസങ്ങളില്‍ നടത്തിയ വാചകക്കസര്‍ത്തുകള്‍ ഓര്‍ക്കുക. കൊലകളിലൂടെ തങ്ങള്‍ ചെയ്യുന്നത് മഹത്തായ വിപ്ലവപ്രവര്‍ത്തനമാണ് എന്നുകൂടി അവര്‍ പറയാതെ പറഞ്ഞുവെച്ചു.

കയ്യൂരിന്റെയും കരിവള്ളൂരിന്റെയും പുന്നപ്രവയലാറിന്റെയും ചരിത്രമുള്ള ഒരു പാര്‍ട്ടിയ്ക്ക് രക്തസാക്ഷിത്വത്തെ മഹത്വവല്‍ക്കരിച്ചു അണികളെ ആവേശഭരിതരാക്കുക എളുപ്പമാണ്. പ്രത്യേകിച്ച് അതിവൈകാരികതയുടെ ആണിക്കല്ലില്‍ രാഷ്ട്രീയബോധത്തെ തളച്ചിട്ടിരിയ്ക്കുന്ന സാധാരണ പാര്‍ട്ടിയംഗങ്ങളെ.

പക്ഷെ, മാറിയ ഈ കാലത്തും ആശയപോരാട്ടത്തിന്റെയും സംവാദത്തിന്റെയും ജനാധിപത്യ മര്യാദയുടേയുമൊന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ, ചാവേര്‍ സംഘങ്ങളെ ഒരുക്കിനിര്‍ത്തി കൊന്നും കൊലവിളിച്ചും കണ്ണൂര്‍ രാഷ്ട്രീയം എന്തുകൊണ്ട് എന്നും ചോരയില്‍ മുങ്ങിനില്‍ക്കുന്നു എന്ന ചോദ്യത്തെ സംസ്ഥാന സമ്മേളനത്തിന് പുറത്തായാലും സിപിഎം നേരിട്ടേ മതിയാവൂ. കാരണം, രാഷ്ട്രീയ ധാര്‍മികതയെപ്പറ്റിയും ഉത്തരവാദിത്തത്തെപ്പറ്റിയും നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നതുതന്നെ.

തീര്‍ച്ചയായും, വടക്കന്‍ കേരളത്തിലെ ഈ കൊലപാതകരാഷ്ട്രീയത്തിന്റെ ഒരേയൊരു പ്രതി സിപിഎം മാത്രമല്ല. പക്ഷെ, ഉറപ്പിച്ചു പറയാനാവും , ഒന്നാം പ്രതി ആ പാര്‍ട്ടിതന്നെയാണ്! അതിന്റെ ജനിതക ഘടനയിലുള്ള ജനാധിപത്യവിരുദ്ധതയാണ്. അതിന്റെ തലമുതിര്‍ന്ന സംസ്ഥാന നേതാക്കളുടെ കുടിപ്പകയാണ്, ധാര്‍ഷ്ട്യമാണ്, ചോരക്കൊതിയാണ്.

ജനാധിപത്യബോധം അണികളെ ശീലിപ്പിക്കാത്ത പാര്‍ട്ടി നേതൃത്വമാണ് ഈ മാമാങ്കപ്പോരിന്റെ ഉത്തരവാദികള്‍.

ഈ ചോരക്കളി നിര്‍ത്താന്‍ നാളിന്നോളം സിപിഎം ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് ഉറപ്പാണ്. ഒരു ജയരാജന്റെ ശരീരത്തില്‍ പായുന്ന വെടിയുണ്ടയും മറ്റൊരു ജയരാജന്റെ ശരീരത്തിലെ വെട്ടേറ്റ പാടുകളും പോലും സിപിഎമ്മിന് ഇന്നും ആവേശമാണ്.

കൊല്ലുമ്പോഴും ചാവുമ്പോഴും ജീവച്ഛവമാകുമ്പോഴുമുള്ള ഈ അതിവൈകാരിക ആവേശമാണ് ഫാസിസത്തെ തടയാനുള്ള ഏറ്റവും നല്ല വഴിയെന്നും, ഈ ചോരക്കളിയിലൂടെയാണ് നാളെ വിപ്ലവം വരികയെന്നുംപോലും നിഷ്‌കളങ്ക അണികള്‍ ധരിച്ചുവെയ്ക്കുന്നു. അതിനു അനുസരിച്ചു ഓരോ സിപിഎമ്മുകാരനും ഉള്ളില്‍ ഒരു കത്തി രാകി മൂര്‍ച്ചകൂട്ടി വെച്ചിരിയ്ക്കുന്നു!

ജനാധിപത്യബോധം അണികളെ ശീലിപ്പിക്കാത്ത പാര്‍ട്ടി നേതൃത്വമാണ് ഈ മാമാങ്കപ്പോരിന്റെ ഉത്തരവാദികള്‍

മതാന്ധതയെക്കാള്‍ ഭീകരമായ ഈ പാര്‍ട്ടിഅന്ധതയാണ് കണ്ണൂരിനെ കണ്ണില്ലാത്ത നാടാക്കുന്നത്. അതാകട്ടെ പാര്‍ട്ടി ബോധപൂര്‍വം സൃഷ്ടിച്ചു, ഊട്ടിവളര്‍ത്തി, ചൊല്ലും ചോറും കൊടുത്തു പരിപാലിച്ചു വരുന്നതാണ്.

സാന്ത്വന ചികിത്സാ രംഗത്തു പാര്‍ട്ടി സജീവമാകണം എന്നതാണ് അടുത്തിടെ സിപിഎം എടുത്ത തീരുമാനങ്ങളില്‍ ഒന്ന്. അത്തരം തീരുമാനം നടപ്പാക്കുന്ന ഒരു പാര്‍ട്ടിതന്നെയാണ് ശവമായും ജീവച്ഛവമായും ചെറുപ്പക്കാരെ വീഴ്ത്തുന്ന ഒരു ചോരക്കളിയുടെ ഒരു വശത്ത് എന്നത് എന്തൊരു വിരോധാഭാസമാണ്!

മാനുഷികതയെക്കുറിച്ചു വാചാലമാകുന്ന ഒരു പാര്‍ട്ടിയാണ്, ഒരു കലാലയ തര്‍ക്കത്തെപ്പോലും മഴുകൊണ്ട് മനുഷ്യ ഉടല്‍ കൊത്തിയരിഞ്ഞു നേരിടുന്നത്.
പോയകാല ത്യാഗങ്ങളുടെയോ നൊമ്പരങ്ങളുടെയോ കഥപറഞ്ഞു ന്യായീകരിയ്ക്കാന്‍ കഴിയാത്ത അരുംകൊലകളുടെ ചരിത്രം പാര്‍ട്ടി ഇപ്പോഴും തുടരുകയാണ്.

'അവര്‍ കൊല്ലാന്‍ വരുന്നതുകൊണ്ടാണ് നമ്മളും കൊല്ലുന്നത്'എന്ന ന്യായം ലോകത്തെ സകല ഫാസിസ്റ്റുകളും ഭീകരരും പറയുന്ന ഒന്നാണ്. കൊല്ലാനും ചാകാനും പറഞ്ഞയക്കുമ്പോള്‍ പല ഭീകരസംഘടനകളും അതിന്റെ അണികള്‍ക്ക് ഒരു അന്ത്യ അത്താഴമെങ്കിലും നല്‍കാറുണ്ട്. ഇവിടെയാവട്ടെ, അത്താഴക്കഞ്ഞിയ്ക്കു മുന്നിലാണ് പലപ്പോഴും പച്ചമനുഷ്യര്‍ 51 കഷണങ്ങളായി മുറിഞ്ഞുവീഴുന്നത്.

സഖാവ് കെ വി സുധീഷും സി വി രവീന്ദ്രനും ധനരാജ് പയ്യന്നൂരും ധനേഷും ഒക്കെ ജീവന്‍ നല്‍കിയ ചരിത്രം ഉള്ളപ്പോള്‍ തന്നെ, ആക്രമണത്തിന്‍േറതാവട്ടെ, പ്രതിരോധത്തിന്റേതാവട്ടെ, കൊലക്കത്തി താഴ്ത്തിവെയ്ക്കാന്‍ സിപിഎം തയാറാവുമോ എന്നതാണ് ചോദ്യം.

'ഇനിമേലില്‍ ചോരക്കളിയ്ക്കു ഇല്ല' എന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ സിപിഎം പ്രഖ്യാപിച്ചാല്‍ അത് ഏതു ശത്രുവിനെയും നിരായുധനാക്കുന്ന നീക്കമാവും. പ്രത്യേകിച്ച് ഭരണവും ആഭ്യന്തരവും പോലീസും കയ്യിലുള്ള ഒരു പാര്‍ട്ടിയ്ക്ക് , നിയമലംഘനത്തെ കൊലക്കത്തികൊണ്ടേ പ്രതിരോധിയ്ക്കാനാവൂ എന്നതില്‍ത്തന്നെ ഒരു പരാജയമുണ്ട്.

പക്ഷെ, പൂര്‍ണ്ണാര്‍ത്ഥത്തില്‍ അക്രമത്തെ തള്ളിപ്പറയാനും തള്ളിക്കളയാനുമുള്ള രാഷ്ട്രീയ സത്യസന്ധത സിപിഎമ്മിന് ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
കാരണം, പലപ്പോഴും പരസ്യമായും രഹസ്യമായും പാര്‍ട്ടി ഉപയോഗിക്കുന്നത് കയ്യൂക്കിന്റെ രാഷ്ട്രീയമാണ്.

ഒരു ഗര്‍ഭിണിയുടെ ഉദരത്തിലെ കുഞ്ഞിനുനേരെപോലും പാര്‍ട്ടി നേതാവിന്റെ കാലുയരുന്ന ക്രൂരതയുടെ പടച്ചട്ട സിപിഎമ്മിന് ഇപ്പോഴും അന്യമല്ല. സാംസ്‌കാരിക നായകരുടെ സെലക്ടീവ് മൗനംകൊണ്ടു നീതീകരിയ്ക്കാന്‍ കഴിയാത്ത വയലന്‍സ് സിപിഎമ്മിന്റെ കോശഘടനയില്‍ ഇപ്പോഴുമുണ്ട്.

അതുകൊണ്ടു രഹസ്യമായും പരസ്യമായും ഊട്ടിവളര്‍ത്തുന്ന കൊലയാളിപ്പടകളെ അയച്ചു പാര്‍ട്ടി വെട്ടിക്കൊല്ലിയ്ക്കുന്ന ശുഹൈബുമാരും ചന്ദ്രശേഖരന്മാരും പാര്‍ട്ടിയ്ക്കായി കൊന്നും കൊലവിളിച്ചും യുവത്വം ജയിലഴികളില്‍ തീര്‍ക്കുന്ന തില്ലങ്കേരി ആകാശുമാരും ഇനിയുമിനിയും ആവര്‍ത്തിയ്ക്കപ്പെടും. അതുവഴി കൂടുതല്‍ സുധീഷുമാരും ധനരാജുമാരും സൃഷ്ടിയ്ക്കപ്പെടുകയും അന്തമില്ലാതെ ഈ ചാവേര്‍ക്കളി തുടരുകയും ചെയ്യും.

ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി നേതാക്കള്‍ അത് ആഗ്രഹിയ്ക്കുന്നുപോലുമുണ്ട്. ആ ചോരക്കൊതി ഇല്ലാതാക്കാനുള്ള 'വാക്‌സിനെക്കുറിച്ചു' കൂടി ഈ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്താല്‍ നന്നായി.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സമ്മേളനം മുന്‍പാകെ വെയ്ക്കുന്ന മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍, തുടരുന്ന ഈ ചോരക്കളി അവസാനിപ്പിയ്ക്കാന്‍ കഴിയാത്ത ദൗര്‍ബല്യം സ്വയംവിമര്‍ശനപരമായെങ്കിലും ഇടംനേടുമോ എന്നറിയില്ല. ഉണ്ടാവാന്‍ ഇടയില്ല.

ഓരോ മൂന്നു വര്‍ഷവും പതിവുള്ള, ഒരു വഴിപാടോ നേര്‍ച്ചയോ ആയി സിപിഎമ്മിന്റെ ഈ സമ്മേളനം അവസാനിയ്ക്കുമോ?

മറ്റു ചിലതുകൂടിയുണ്ട്.

ഈ സംസ്ഥാന സമ്മേളനത്തില്‍ കലാപമുയര്‍ത്താന്‍ ഒരു വി എസ് പക്ഷം ഇല്ല. തികച്ചും വ്യക്തിനിഷ്ഠമായ ഒരു പോരാട്ടമായിരുന്നിട്ടും, അതിലൂടെ വി എസ് നിരന്തരം പാര്‍ട്ടിയില്‍ ഉന്നയിച്ചുകൊണ്ടിരുന്ന ചില വിഷയങ്ങളുണ്ട്. അത്, ഈ നാട്ടിലെ വലിയൊരു വിഭാഗം വരുന്ന അടിസ്ഥാന ജനതയെ സംബന്ധിയ്ക്കുന്ന ചില ജീവല്‍പ്രശ്‌നങ്ങള്‍ ആയിരുന്നു.

രണ്ടു പതിറ്റാണ്ടു നീണ്ട വി എസ് പക്ഷ ഭൂതത്തെ ഒഴിപ്പിച്ച ശേഷം നടക്കുന്ന ഈ സമ്മേളനത്തില്‍ സിപിഎം മറന്നുപോയ ആ ബദല്‍ വികസനത്തെക്കുറിച്ചു ആരെങ്കിലും സംസാരിയ്ക്കുമോ എന്നറിയില്ല.

'വികസന വിരോധികളെയാകെ' കര്‍ശനമായി നേരിടണം എന്നഭിപ്രായമുള്ള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പ്രസീഡിയത്തില്‍ ഉണ്ടായിരിക്കെ ബദല്‍ വികസനം എന്ന വാക്ക് എത്രത്തോളം ഉച്ചത്തില്‍ സമ്മേളനത്തില്‍ ഉന്നയിക്കപ്പെടും എന്ന ചോദ്യം ശേഷിയ്ക്കുന്നു.

ഓരോ മൂന്നു വര്‍ഷവും പതിവുള്ള, ഒരു വഴിപാടോ നേര്‍ച്ചയോ ആയി സിപിഎമ്മിന്റെ ഈ സമ്മേളനം അവസാനിയ്ക്കുമോ?

'പൊതുസമൂഹത്തില്‍ വര്‍ഗീയത ശക്തിപ്പെടുന്നു' എന്ന പതിവ് വാചകത്തിനപ്പുറം പാര്‍ട്ടിയ്ക്കുള്ളില്‍ത്തന്നെ ശക്തിപ്പെടുന്ന ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ചു ഈ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യുമോ?

സംവരണത്തിന്റെ ആത്യന്തികാര്‍ത്ഥം മനസിലാക്കാന്‍ പരാജയപ്പെട്ടുപോയ ഒരു ഭരണ സംവിധാനത്തെക്കുറിച്ചു ഏതെങ്കിലും പ്രതിനിധി ഗൗരവമുള്ള വിമര്‍ശനം ഉന്നയിക്കുമോ? 

'ഒരു അരുംകൊല നടന്നാല്‍ അതിനെ തള്ളിപ്പറയാന്‍ ആറ് ദിവസം വേണ്ട, ആറ് നിമിഷം മതി സഖാവേ..' എന്ന് ആരെങ്കിലും ഒരാള്‍ സമ്മേളന പൊതുചര്‍ച്ചയില്‍ പിണറായി വിജയനോട് വിരല്‍ചൂണ്ടി പറയുമോ?

സംസ്ഥാനസമിതിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പോ ചേരിതിരിഞ്ഞുള്ള മത്സരമോ വോട്ടുപിടിത്തമോ ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ഈ സമ്മേളനത്തില്‍ അതിനുള്ള സമയംകൂടി കേരളത്തിന്റെ ജീവല്‍പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുമോ?

'സാര്‍വദേശീയ രംഗത്തു മുതലാളിത്തവും ദേശീയ രംഗത്തു ബിജെപിയുടെ വര്‍ഗീയനയങ്ങളും പിടിമുറുക്കുന്നുവെന്ന' പതിവ് പ്രസ്താവനയ്ക്ക് അപ്പുറം, വരും കാലത്തും കേരളത്തെ ജനാധിപത്യപരമായും സക്രിയമായും നിലനിര്‍ത്താനുള്ള ആത്മാര്‍ത്ഥമായ ആലോചനകള്‍ ഈ സമ്മേളനത്തില്‍ ഉണ്ടാവുമോ?

ഒക്കെയും തൃശൂര്‍ സമ്മേളനം ഉത്തരം തരേണ്ട ചോദ്യങ്ങളാണ്.

എതിര്‍ ശബ്ദമുയര്‍ത്തുന്ന പെണ്ണിന് മറുപടി തെറിയല്ലെന്നും എതിര്‍ പാര്‍ട്ടിയിലെ ചെറുപ്പക്കാരനെ പ്രതിരോധിയ്ക്കേണ്ടത്  കൊലക്കത്തികൊണ്ടല്ലെന്നുമുള്ള പ്രാഥമിക ജനാധിപത്യ പാഠം സ്വന്തം യുവസഖാക്കളെ ഓര്‍മ്മിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ സിപിഎമ്മിന്റെ ഈ സമ്മേളനം വിജയിച്ചുവെന്ന് പറയാം.

click me!