കരുംകുളം കടപ്പുറത്തുനിന്നും യു.കെയിലെ സര്‍വകലാശാലയിലേക്ക് ഒരു വഴിയുണ്ട്!

By Rini Raveendran  |  First Published Nov 26, 2018, 7:34 PM IST

രണ്ടാം വര്‍ഷം കഴിഞ്ഞപ്പോള്‍ കുമാറിന്റെ പഠനത്തിന്റെ ചെലവ് നോക്കിയത് മാമന്‍ ബാബുവാണ്. ഹോട്ടലില്‍ ക്ലീനറും വെയിറ്ററുമൊക്കെയാണ് അദ്ദേഹം ജോലി നോക്കുന്നത്. അങ്ങനെ കിട്ടുന്ന കാശ് കൊണ്ടാണ് കുമാറിനെ പഠിപ്പിക്കുന്നതും. 
 


കരുംകുളം കടപ്പുറത്തെ ഒരു കൊച്ചുവീട്ടില്‍ നിന്ന് യു.കെയിലെ സ്‌റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലേക്ക് എത്ര ദൂരമുണ്ട്? അത് കൃത്യമായി അറിയണമെങ്കില്‍ കുമാറിനോട് ചോദിക്കണം. കുമാര്‍ കരുംകുളം കടപ്പുറത്തുനിന്നാണ് സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്. മറൈന്‍ ബയോടെക്‌നോളജിയില്‍ ബിരുദാനന്തരബിരുദം നേടി, കുമാര്‍ ഗൗണ്‍ അണിഞ്ഞുനില്‍ക്കുമ്പോള്‍ അതൊരു തീരത്തിന് മാത്രം അഭിമാനിക്കേണ്ട ഒന്നല്ല. കേരളത്തിനു തന്നെ അഭിമാനമാണത്. 

കടല്‍ മറ്റെന്തിനേക്കാളും വലുതാണ്. ആ കടലറിവുകള്‍ അത്ര പെട്ടന്നൊന്നും എഴുതിയോ, പഠിച്ചോ തീര്‍ക്കാനാവുന്നതല്ല. കടലിന്റെ മക്കള്‍ക്കും ആ കടലിന്റെ കരുത്തുണ്ട്. അവരെ ആര്‍ക്കും അങ്ങനെ തോല്‍പ്പിക്കാനുമാകില്ല. പ്രളയകാലത്ത്, കേരളം കണ്ടതാണ് ആ കരുത്ത്. അതുതന്നെയാണ് കുമാര്‍ കരിംകുളത്തിനുമുള്ളത്. ഒരു തടസ്സത്തിനും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ഇച്ഛാശക്തി കടലില്‍നിന്നാണ് അവനു കിട്ടിയത്. മത്സ്യത്തൊഴിലാളിയായ അച്ഛനേയും, മീന്‍കച്ചവടക്കാരിയായ അമ്മയേയും, കടപ്പുറത്തെ മനുഷ്യരേയും കണ്ടാണ് അവന്‍ വളര്‍ന്നത്. 

Latest Videos

undefined

ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ഷെവനിങ്ങ് സ്‌കോളര്‍ഷിപ്പോടു കൂടിയാണ് കുമാര്‍, യു.കെ  സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയത്. കഷ്ടപ്പാടിന്റെയും, ദുരിതത്തിന്റെയും, അറുതിയുടേയും നാളുകള്‍ കണ്ടുതന്നെയാണ് അവന്‍ വളര്‍ന്നത്. ഈ നേട്ടം ഓഖിയില്‍ ജീവന്‍ പൊലിഞ്ഞുപോയ തന്റെ അളിയനാണ് സമര്‍പ്പിക്കേണ്ടത് എന്ന് കുമാര്‍ പറഞ്ഞു കഴിഞ്ഞു. 'ഒരുപാട് വേദികളില്‍ നിന്ന് അനുമോദനങ്ങള്‍ വാങ്ങിവരുമ്പോള്‍ ആ ഉപഹാരങ്ങളൊക്കെ കയ്യിലെടുത്ത് ഒത്തിരി നേരം അഴകുനോക്കിയിരിക്കുമായിരുന്നു അളിയന്‍... ചേര്‍ത്തുപിടിച്ച് തോളില്‍ തട്ടി ഇനിയുമൊരുപാട് മുന്നേറണമെന്ന് വാഴ്ത്തുമായിരുന്നു... കഴിഞ്ഞ നവംബറിലെ വീഡിയോ കോളില്‍നിന്നും വിട പറഞ്ഞുമറയുമ്പോള്‍ ഒരിക്കലും നിരുവിച്ചിരുന്നില്ല, അത് ഓഖിയിലുലഞ്ഞ് കടലിലമരുന്നതിന് മുന്നേയുള്ള യാത്രപറച്ചിലാണെന്ന്...' കുമാര്‍ എഴുതുമ്പോള്‍ അതില്‍ കടല്‍ മക്കളുടെ ഇനിയും അറുതിയെത്താത്ത അലച്ചിലുകളുടെ ചുടുകാറ്റുണ്ട്. അതില്‍ കടലും തീരവും ഒന്നായി കൂടെ നിന്നവന്റെ നന്ദിയുണ്ട്. 

കുമാറിന്റെ യാത്ര
വീട്ടില്‍ അച്ഛനും അമ്മയും രണ്ട് രണ്ട് അനിയത്തിമാരുമാണ് കുമാറിന്. അതില്‍, മൂത്തയാളുടെ ഭര്‍ത്താവിനെ ഓഖി കൊണ്ടുപോയി. നാട്ടിലെ സ്‌കൂളിലായിരുന്നു നാലാം ക്ലാസ് വരെ പഠിച്ചത്. അഞ്ചാം ക്ലാസില്‍ വേറെ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ പഴയ സ്‌കൂളിലെ കൂട്ടുകാരെ നഷ്ടപ്പെട്ടു. പുതിയ സ്‌കൂളില്‍ പോകാതെ അഞ്ചാം ക്ലാസ് തൊട്ട് ക്ലാസുകള്‍ കട്ട് ചെയ്യുമായിരുന്നുവെന്ന് കുമാര്‍ പറയുന്നു. സ്ഥിരം ക്ലാസ് കട്ട് ചെയ്ത് നാട്ടിലെ കടപ്പുറങ്ങളില്‍ പോയിരിക്കലായിരുന്നു ആളുടെ സ്ഥിരം പണി. ഒരുദിവസം മീന്‍ വാങ്ങാന്‍ വന്ന അമ്മ കൂടത്തിനു പിന്നിലിരുന്ന കുമാറിനെ കയ്യോടെ പിടിച്ചു. ''അമ്മയും അച്ഛനും കൂടി ഒരുമിച്ച് സ്‌കൂളിലേക്ക് കൊണ്ടുവന്നു. എനിക്കവിടെ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോ, സ്‌കൂളിലെ മുത്തയ്യന്‍ സാറ് ഗ്രൗണ്ടിന് ചുറ്റും ഓടിച്ചിട്ട് അറഞ്ചം പുറഞ്ചം എന്നെ അടിച്ചു. അതും സ്‌കൂളിലെ കുട്ടികളൊക്കെ നോക്കിനില്‍ക്കെ. എനിക്ക് വാശിയായി, ആ സ്‌കൂളില്‍ തുടര്‍ന്നു പോകില്ലെന്ന്. അങ്ങനെ അവിടെ പഠനം നിര്‍ത്തി. പിന്നെ, കരിംകുളത്ത് തന്നെ എസ്.എന്‍.ഡി.പി യു.പി സ്‌കൂളില്‍ ചേര്‍ത്തു. അവിടെ ആയിരുന്നു അഞ്ച് മുതല്‍ ഏഴ് വരെ.'' അവിടെ വച്ചാണ് സ്‌കൂളിലെ അധ്യാപകര്‍ കുമാറിനെ തിരിച്ചറിയുന്നത്.  കവിത എഴുതുന്ന കുട്ടി. ആറില്‍ നിന്നും ഏഴില്‍ നിന്നും ക്ലാസ് ലീഡറൊക്കെ ആയി അത് ആ കുട്ടിക്ക് ആത്മവിശ്വാസമായി. തന്നെതന്നെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാനുള്ള കാരണമായി.

അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ തന്നെ വീട്ടിലെ സാഹചര്യം നോക്കി കുമാറിനോട് വീട്ടുകാര്‍ പറഞ്ഞിരുന്നു, 'നിന്നെ പഠിപ്പിക്കാന്‍ കഴിയില്ല. അച്ഛന്റെ കൂടെ കടലില്‍ പൊക്കോ' എന്ന്. പക്ഷെ, അവനന്ന് നന്നായി പഠിക്കുമായിരുന്നതു കൊണ്ട് കരുംകുളത്തെ കൊത്തലംഗോ കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ അവനെ പഠിപ്പിക്കാമെന്നേറ്റു. അങ്ങനെ, അഞ്ച് മുതല്‍ ഏഴ് വരെ അവര്‍ പഠിപ്പിച്ചു. അതിനുശേഷം ഒരുദിവസം വീട്ടില്‍ പുസ്തകം വായിച്ചോണ്ടിരിക്കുന്നത് കണ്ട് അന്നത്തെ ഇടവക വികാരി ഫാദര്‍ യേശുദാസന്‍, അവരുടെ കീഴില്‍ പഠിപ്പിക്കാമെന്ന് ഏല്‍ക്കുകയും 'തീരജ്യോതി' എന്ന സംഘടന പ്ലസ്ടു വരെയുള്ള എല്ലാ ചിലവുകളും നോക്കുകയും ചെയ്തു. 

ചെന്നപാടെ തിരക്കിയത് 'ഇവിടെ ഏറ്റവും ഫീസ് കുറവുള്ള കോഴ്സേതാണ്' എന്നാണ്

ഹൈസ്‌കൂളും പ്ലസ്ടുവും കഴിഞ്ഞു. പക്ഷെ, ഡിഗ്രിക്ക് എന്ത് ചെയ്യണമെന്നോ അപേക്ഷ എങ്ങനെ അയക്കണമെന്നോ പറഞ്ഞുകൊടുക്കാന്‍ പോലും ആരുമില്ലായിരുന്നു കുമാറിന്. അതുകൊണ്ട് ഡിഗ്രിക്ക് അപേക്ഷിക്കാനുമായില്ല. അങ്ങനെയാണ് എല്ലാവരും ചെയ്യുന്നതുപോലെ എഞ്ചിനീയറിങിന് ചേരുന്നത്. നാഗര്‍ കോവില്‍ ഉദയാ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ബയോടെക്നോളജിയില്‍ ബി.ടെക്. അതും ഇഷ്ടപ്പെട്ട് എടുത്തതല്ല. ചെന്നപാടെ തിരക്കിയത് 'ഇവിടെ ഏറ്റവും ഫീസ് കുറവുള്ള കോഴ്സേതാണ്' എന്നാണ്. അത് ബയോടെക്നോളജി ആയിരുന്നു. അതുകൊണ്ട് മാത്രം അതങ്ങ് സെലക്ട് ചെയ്തു. 

രസകരമായ സ്‌കൂള്‍ അന്തരീക്ഷം മാറി കോളേജിലെത്തിയപ്പോള്‍, അതുമായി പൊരുത്തപ്പെടുന്നില്ല. അങ്ങനെ വീണ്ടും ക്ലാസ് കട്ട് ചെയ്തു തുടങ്ങി. കുറേക്കാലം ക്ലാസില്‍ പോവാതിരുന്നപ്പോഴേക്കും കുമാറിനെ ഒരു വര്‍ഷം ഡീബാര്‍ ചെയ്തു. അതോടെ, ഈഞ്ചക്കലിലുള്ള ഒരു റെസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്തു തുടങ്ങി. ''ആ സമയത്ത് അവിടെ വിദ്യാര്‍ഥികളൊക്കെ കൂട്ടംകൂട്ടമായി കഴിക്കാന്‍ വരും. അപ്പോ തോന്നിത്തുടങ്ങി ഞാനും പഠിക്കാന്‍ പോയിരുന്നെങ്കില്‍ എനിക്കും എന്റെ കൂട്ടുകാര്‍ക്കൊപ്പം ഇതുപോലെ നടക്കാമായിരുന്നല്ലോ എന്നൊക്കെ.'' 

അങ്ങനെ വീണ്ടും അതേ കോളേജിലേക്ക്. കൂടെ പഠിച്ചവരെല്ലാം സീനിയറായി. കെട്ടിവച്ച കാശും പോയി. ബാങ്ക് ലോണിന് അപേക്ഷിച്ചു. പക്ഷെ, അതിന്റെ ശരിയായ നടപടിക്രമം അറിയാത്തതുകൊണ്ടും, അപേക്ഷിക്കാന്‍ വൈകിയതുകൊണ്ടും അതും കിട്ടിയില്ല. പിന്നെ, അമ്മ കടം വാങ്ങികൊടുത്തും ആരൊക്കെയോ സഹായിച്ചുമെല്ലാം എഞ്ചിനീയര്‍ പഠനം മുന്നോട്ട്.

ഒന്നിലും തളരാത്തവന്റെ പുഞ്ചിരി
പിന്നിട്ട വഴികളെ കുറിച്ച് പറയുമ്പോഴും, ആ കഷ്ടപ്പാടുകളെ ഓര്‍ക്കുമ്പോഴും പുഞ്ചിരി മാത്രമാണ് ഇന്ന് കുമാറിന് അത് ഒന്നിലും തളരാത്തവന്റെ പുഞ്ചിരിയാണ്. (ആ പുഞ്ചിരിയുടെ ഫലമാണ് കാലം അവനായി കാത്തു വച്ചതും). ''കോളേജില്‍ പഠിക്കുമ്പോഴും പരീക്ഷാ ഫീസടക്കാനൊന്നും കാശുണ്ടാകില്ല. പരീക്ഷക്ക് ബെല്ലടിക്കുമ്പോഴും നമ്മള്‍ പ്രിന്‍സിപ്പളുടെ ഓഫീസിന് മുന്നില്‍ കാത്തുകെട്ടി കിടക്കും. അമ്മ എവിടെ നിന്നെങ്കിലും ഒപ്പിച്ചു കൊണ്ടുവരുന്ന അയ്യായിരമോ പത്തായിരമോ കൊടുക്കും. എന്നിട്ട്, എങ്ങനെയെങ്കിലും പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നു പറയും... പരീക്ഷ ഫീസടക്കാന്‍ പറ്റാത്തതുകൊണ്ട് മാത്രം അവര് ക്ലാസീന്ന് പുറത്തിറങ്ങാന്‍ പറയും. ഫീസടക്കാന്‍ വേണ്ടി മാത്രം ഏതെങ്കിലും ഹോട്ടലില്‍ പിന്നെയും പണിക്ക് പോകും. അപ്പോഴേക്കും കൂട്ടുകാരും അധ്യാപകരും പോകരുത് എന്ന് പറഞ്ഞ് തിരിച്ച് വിളിച്ചുകൊണ്ടുപോകും. എന്റെ അധ്യാപകര്‍ ഫീസടക്കാന്‍ വേണ്ടി അവരുടെ ശമ്പളം വരെ തന്നിട്ടുണ്ട് എനിക്ക്. ''

രണ്ടാം വര്‍ഷം കഴിഞ്ഞപ്പോള്‍ കുമാറിന്റെ പഠനത്തിന്റെ ചെലവ് നോക്കിയത് മാമന്‍ ബാബുവാണ്. ഹോട്ടലില്‍ ക്ലീനറും വെയിറ്ററുമൊക്കെയാണ് അദ്ദേഹം ജോലി നോക്കുന്നത്. അങ്ങനെ കിട്ടുന്ന കാശ് കൊണ്ടാണ് കുമാറിനെ പഠിപ്പിക്കുന്നതും. 

പിന്നീട്, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്റേണിയായി അവസരം കിട്ടി. പ്രധാന ജോലി മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ കാലാവസ്ഥയെ കുറിച്ച് വിവരങ്ങളെത്തിച്ചു കൊടുക്കുക, കടല്‍ സംരക്ഷണത്തെ കുറിച്ചും, ജൈവവൈവിധ്യ സംരക്ഷണത്തെ കുറിച്ചും അവരെ ബോധവാന്മാരാക്കുക, അവരില്‍ നിന്നുള്ള കടലറിവുകള്‍ ശേഖരിക്കുക, എന്നിവയൊക്കെ ആയിരുന്നു. 

തീരദേശത്ത് നിന്നുള്ളവരാണ് പഠിക്കുന്നതെങ്കില്‍ അത് കടല്‍ സൌഹാര്‍ദ്ദപരമായിരിക്കും

''അപ്പോഴാണ് ഞാന്‍ തീരദേശത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്നും മനസിലാക്കുന്നതും, എന്തുകൊണ്ടാണ് സാങ്കേതികവിദ്യ മത്സ്യത്തൊഴിലാളികളിലെത്തുന്നതില്‍ നിന്നും പരാജയപ്പെടുന്നതെന്നും ഒക്കെ മനസിലാകുന്നത്. ഇതേ സമയത്ത് തന്നെ വലിയതുറ കേന്ദ്രമായി സിറ്റിസണ്‍ സൈന്റിസ്റ്റും സ്‌കൂബാ ഡൈവറുമായ റോബര്‍ട്ട് പനിപ്പിള്ളയുടെ കീഴില്‍ 'ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ്'ന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവുകള്‍ അവരുടെ സാമൂഹ്യജീവിതവും പശ്ചാത്തലവും പ്രശ്നങ്ങളും പഠിക്കുകയും ഒക്കെ ചെയ്യുന്നത്. റോബര്‍ട്ട് പനമ്പിള്ളയുമായുള്ള ബന്ധം, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും കടലിന്റെ അടിത്തട്ടുകളെ കുറിച്ചുള്ള അറിവുകളും അവന് നല്‍കി.

കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം

ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോണ് കുമാറിന്റെ സുഹൃത്തായ ജെയ്സണ്‍ ജോണിന്റെ നേതൃത്വത്തില്‍ തീരദേശത്ത് ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ ഒരുമിപ്പിച്ചുകൊണ്ട് 'കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറമു'ണ്ടാക്കുന്നത്. അത് പരമ്പരാഗതമായ കടലറിവുകളെ പുതിയ തലമുറയുമായി ബന്ധപ്പെടുത്താന്‍ സഹായിച്ചു. ''ബയോളജി ആവറേജായി പഠിക്കുന്ന തീരദേശത്തെ  ഒരു വിദ്യാര്‍ത്ഥി മറൈന്‍ ബയോളജി കൂടുതല്‍ നന്നായി പഠിക്കാനാകും. ഓഷന്‍ ഫിസിക്‌സ്, മറൈന്‍ ആര്‍ക്കിയോളജി എന്ന് തുടങ്ങി ഒത്തിരി മേഖലകളാണ് അവര്‍ക്കുള്ളത്. ആ അറിവ് തീരദേശത്തെ വിദ്യാര്‍ഥികളിലെത്തിക്കുക എന്നുള്ളതാണ് കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് ഫോറം ചെയ്യുന്നത്.'' കുമാര്‍ പറയുന്നു.

കടലിനെ കുറിച്ചറിയാതെ മത്സ്യത്തൊഴിലാളികളുടേതുപോലെ പരമ്പരാഗതമായി അറിവുള്ളവരുടെ അടുത്ത് നിന്നും വിവരങ്ങള്‍ ശേഖരിക്കാതെ തയ്യാറാക്കുന്ന പഠനറിപ്പോര്‍ട്ടുകള്‍ കടലിനെ നശിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. തീരദേശത്ത് നിന്നുള്ളവരാണ് പഠിക്കുന്നതെങ്കില്‍ അത് കടല്‍ സൌഹാര്‍ദ്ദപരമായിരിക്കും. അങ്ങനെ ഒരു തലമുറയെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിന്റെയും കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ യൂണിയന്റേയും ലക്ഷ്യം. 

സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലേക്ക്

കുമാര്‍ നേരത്തെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു കവിതാ പുസ്തകം പുറത്തിറക്കിയിരുന്നു. ആ കവിതാ പുസ്തകവും, സര്‍ട്ടിഫിക്കറ്റും ഒക്കെ കണ്ട ജോണ്‍സണ്‍ ജെമന്റാണ്, തുടര്‍ന്ന് പഠിച്ചൂടേ എന്ന് കുമാറിനോട് ചോദിച്ചത്. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ജോണ്‍സണ്‍ ജെമന്റിനെ കൂടുതല്‍ പരിചയപ്പെടുന്നു. അത് കുമാറിന്റെ ജീവിതം മാറ്റിമറിച്ചു. ''കടലുമായി ബന്ധപ്പെട്ട് ഉപരിപഠനം നടത്തണമെന്ന ഒരു വെട്ടം എന്നിലുദിപ്പിച്ചത് അദ്ദേഹമാണ്. കടലെന്തുകൊണ്ട് മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നത് എന്ന്, എന്തുകൊണ്ട് പഠനവിഷയമാക്കുന്നില്ലായെന്നും എന്നെയും കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറത്തിലെ മറ്റു വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്നത് അദ്ദേഹമാണ്. '' കുമാര്‍ പറയുന്നു.

ഇതൊക്കെയാണ് കുമാര്‍ ഷെവനിങ് കമ്മീഷന് മുന്നില്‍ വച്ചത്

''അപ്പോള്‍ തന്നെ എനിക്ക് സഹോദരിയെ വിവാഹം കഴിച്ചയച്ചതിന്റെ കടം കിടപ്പുണ്ട്. എന്നെ പഠിപ്പിച്ചതിന്റെ കടം കിടപ്പുണ്ട്.  മാത്രമല്ല വീട്ടിലെ കാര്യം നോക്കണം. അപ്പോ ഞാനിനി പഠിക്കാന്‍ മെനക്കെട്ടാല്‍ അത് കൂടുതല്‍ ബാധ്യതകളിലേക്ക് തള്ളിവിടുമെന്നുള്ളത് കൊണ്ട് ഇല്ല ഞാന്‍ പഠിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോ മാഷാണ് സ്‌കോളര്‍ഷിപ്പോട് കൂടി പഠിക്കാനുള്ള അവസരമുണ്ട്. അത് കിട്ടിയാല്‍ പഠിക്കാന്‍ തയ്യാറാണോ എന്ന് ചോദിക്കുന്നത്. അന്ന് ഞാന്‍ മൂളിയ യെസ് ആണ് എന്നെ ഇവിടെ കൊണ്ടുവന്ന് എത്തിച്ചിരിക്കുന്നത്. ''

അങ്ങനെ, സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു. പാരമ്പര്യമായ കടലറിവുകള്‍ ആധുനികവും ശാസ്ത്രീയവുമായ മാധ്യമങ്ങള്‍ ഉപയോഗിച്ച് മനസിലാക്കുക, അവരുടെ അറിവുകളില്‍ നിന്നും പുതിയ സയന്‍സ് പ്രോഡക്ട് ഉണ്ടാക്കുക, ഇതൊക്കെയാണ് കുമാര്‍ ഷെവനിങ് കമ്മീഷന് മുന്നില്‍ വച്ചത്. 

കടമ്പകള്‍ വഴി മാറുന്നു
അങ്ങനെ ആപ്ലിക്കേഷന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നു. അതിനെ കുറിച്ച് കുമാര്‍ പറയുന്നത് ഇങ്ങനെ, ''2017 ലെ ഒരു പെസഹാ വ്യാഴത്തിന് മുമ്പുള്ള ഒരു ബുധനാഴ്ച ദില്ലിയിലെ ബ്രിട്ടീഷ് ഹൈകമ്മീഷന്‍ ഇന്റര്‍വ്യൂവിന് വേണ്ടി ക്ഷണിക്കുന്നു. വെറും ആവറേജ് ഇംഗ്ലീഷ് മാത്രമേ കയ്യിലുള്ളൂ. എന്നാലും, എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ഞാന്‍ കണ്ടുവളര്‍ന്ന ഒരു സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളിയെ കുറിച്ച്, കടലറിവുകളെ കുറിച്ച്, മത്സ്യത്തൊഴിലാളികളനുഭവിക്കുന്ന വിവേചനത്തെ കുറിച്ച് സംസാരിക്കാനെനിക്ക് കഴിയുമെന്ന കോണ്‍ഫിഡന്‍സ്. ''

ട്രാഫിക് സിനിമയിലെ പഞ്ച് ഡയലോഗാണ് കുമാര്‍ അവസാനം അടിച്ചത്, 'നിങ്ങളെന്നെ സെലക്ട് ചെയ്തില്ലെങ്കില്‍ എന്നത്തേയും പോലെ ഒരു ദിവസമായി ഇന്നത്തെ ദിവസവും കടന്നു പോകും. പക്ഷെ, നിങ്ങളെന്നെ സെലക്ട് ചെയ്യുകയാണെങ്കില്‍, എന്നോട് യെസ് പറഞ്ഞാല്‍ കേരളത്തിലെ തീരദേശത്തുനിന്ന് വരുന്ന അനേകം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ആ യെസ്. അതുകൊണ്ടെങ്കിലും നിങ്ങളെന്നെ സെലക്ട് ചെയ്യണം, യെസ് പറയണം' എന്ന്. അതിലവര്‍ വീണു. അങ്ങനെ ഇന്റര്‍വ്യൂ പാസ്...  

മത്സ്യബന്ധനം മാത്രമല്ല കടലുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാനാവുന്നത്

പക്ഷെ, ഇംഗ്ലീഷ് ഭാഷ അവിടെയും പ്രശ്‌നമായി. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഐ.ഇ.എല്‍.ടി.എസ് പാസാകണം. എഴുതി. റിസല്‍ട്ട് വന്നപ്പോള്‍ ആവശ്യമുള്ള സ്‌കോറില്ല. അതില്‍ പരാജയപ്പെട്ടു. ഇനി എന്ത് എന്ന് കരുതി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനി, ബാംഗ്ലൂരില്‍ സെറ്റില്‍ഡായ ആനന്ദനിധി സഹായിക്കുന്നത്. അവരും ഇതുപോലെ സ്‌കോളര്‍ഷിപ്പ് കിട്ടിയ ആളായിരുന്നു. അവര്‍, കുമാറിനെ വിളിക്കുകയും ഐ.ഇ.എല്‍.ടി.എസ് പോലെ തന്നെ പി.ടി.ഇ എന്ന പരീക്ഷ കോയമ്പത്തൂര്‍ വെച്ച് നടക്കുന്നത് അതില്‍ ആനന്ദനിധി തന്നെ പണമൊക്കെ അടച്ച് പാതിരാത്രി കോയമ്പത്തൂരേക്ക്... അന്നുച്ചയ്ക്ക് അവിടെ എത്തി. ഒരു മണിക്കൂര്‍ യൂട്യൂബ് നോക്കി പഠിച്ചു. 61 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്. കുമാറിന് കിട്ടിയതും കൃത്യം 61 മാര്‍ക്ക് അങ്ങനെ അഡ്മിഷന്‍ ഓക്കെയായി. 

ഇതാണ് കുമാറിന്റെ ഭാവി പരിപാടി
ഏറ്റവും കുടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന സമൂഹമാണ് കടലിന്റെ മക്കള്‍. അതുപോലെ തന്നെ ചൂഷണം ചെയ്യപ്പെടുകയാണ് കടലും. വേണ്ടത്ര പഠിക്കാതെ സമര്‍പ്പിച്ച പല പഠന റിപ്പോര്‍ട്ടുകളും കടലിനെ നശിപ്പിക്കുകയാണ് ഉണ്ടായത്. തന്റെ പഠനം അതിനെക്കുറിച്ച് തന്നെ കൂടുതല്‍ ബോധവാനാക്കി എന്ന് കുമാറിന് ആത്മവിശ്വാസമുണ്ട്.

''മത്സ്യബന്ധനം മാത്രമല്ല കടലുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാനാവുന്നത്. അക്വാ കള്‍ച്ചര്‍ ചെയ്യാം, മറൈന്‍ റിസര്‍ച്ച്, മറൈന്‍ ടൂറിസം ഒക്കെ ചെയ്യാം. കടലുമായി ബന്ധപ്പെട്ട് വലിയൊരു തൊഴില്‍ മേഖല തന്നെ ഉണ്ടെന്ന് മനസിലാക്കാനുമാകും. കടലുമായി ബന്ധപ്പെട്ടതെല്ലാം മൂന്നാംകിട തൊഴിലാണെന്ന് പറയുന്നവര്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും, മോഡേണ്‍ അക്കാഡമിക് കഴിവുകളുടെ പിന്‍ബലത്തോടെയും പ്രൊഫഷണലി നമുക്ക് ജോലി ചെയ്യാനാകുന്ന ഒരു സ്ഥലമാണെന്ന രീതിയില്‍ മാറ്റിയെടുക്കണം. ഇങ്ങനെ ജനങ്ങളും കടലിനെ കുറിച്ച് പഠിച്ചവരും ഒരുമിച്ച് നിന്നുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാവുന്ന സമുദ്രഗവേഷണ സ്ഥാപനങ്ങളുടെ അഭാവം ഇന്ത്യയിലുണ്ട്. അതും നമുക്ക് ആവശ്യമാണ്. കടലുമായി ബന്ധപ്പെട്ട് റിസര്‍ച്ച് സെന്ററുകള്‍ സ്ഥാപിക്കണം. ആസ്‌ട്രേലിയയിലും യു.കെയിലും എല്ലാം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പഠനം നടക്കുന്ന റിസര്‍ച്ച് ഹൌസുകളുണ്ട്. ഇന്ത്യയില്‍ അതില്ല. മത്സ്യത്തൊഴിലാളികളെ സിറ്റിസണ്‍ സൈന്റിസ്റ്റുകളുമുണ്ട്. അതും ഇന്ത്യയിലില്ല. '' കുമാര്‍ മനസ്സിലിരിപ്പ് പറയുന്നു. 

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവുകളെ മോഡേണ്‍ മറൈന്‍ സയന്‍സുമായി ബന്ധിപ്പിച്ചുകൊണ്ട് സസ്‌റ്റൈനബിള്‍ മറൈന്‍ ഉപയോഗത്തിനുവേണ്ടിയും ഉപഭോഗത്തിനുവേണ്ടിയും എങ്ങനെ ഉപയോഗിക്കാമെന്നതില്‍ പി.എച്ച്.ഡി ചെയ്യണം എന്നാണ് കുമാറിന്റെ അടുത്ത ലക്ഷ്യം. കൂടെത്തന്നെ കോസ്റ്റല്‍സ് സ്റ്റുഡന്റ്‌സ് ഫോറത്തിന്റെയും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ മികച്ച മത്സ്യത്തൊഴിലാളികളെ സിറ്റിസണ്‍ സയന്റിസ്റ്റുകളാക്കുക, ആ അറിവുകള്‍ വച്ചുകൊണ്ട് കോസ്റ്റല്‍ സ്‌കോളേഴ്‌സിനേയും ഗവേഷകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തീരദേശത്ത് നിന്ന് ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് ഭാവി പരിപാടി. 

ഗ്രാജ്വേറ്റ് ആയിവരുമ്പോ സ്നേഹത്തോടെ, സന്തോഷക്കണ്ണീരോടെ എന്നെ വിളിച്ച കുറേ അമ്മച്ചിമാരുണ്ട്

ഇല്ലായ്മയില്‍ നിന്നും പഠിച്ചുയര്‍ന്നു വന്ന ആള്‍ എന്ന് തന്നെ കുറിച്ച് പറയുന്നതിനേക്കാള്‍ അവനിഷ്ടം ഒരുപാട് പേരുടെ നന്മയില്‍ നിന്നും കൈപിടിച്ചുയര്‍ന്നുവന്ന ആളാണ് താന്‍ എന്ന് പറയുന്നത് കേള്‍ക്കാനാണ്. ''സ്‌കൂള്‍ കാലത്ത് എനിക്ക് വേണ്ടി പ്രത്യേകം കഞ്ഞിയും കറിയും വച്ചുകൊണ്ട് തരാറുള്ള സ്‌കൂളിലെ കഞ്ഞിവെപ്പുകാരി അമ്പിളിച്ചേച്ചി മുതല്‍ ഇപ്പോള്‍ സ്റ്റെര്‍ലിംഗ് യൂണിവേഴ്സിറ്റിയില്‍ ലാബില്‍ നിന്നും തളര്‍ന്നിറങ്ങി വരുമ്പോള്‍ അവരുടെ വിശ്രമമുറിയല്‍ വിളിച്ചുകൊണ്ടുപോയി ചായയും കഴിക്കാനും തരുന്ന ഇവിടത്തെ ഹൗസ് കീപ്പിങ് സ്റ്റാഫ് വരെ... ഗ്രാജ്വേറ്റ് ആയിവരുമ്പോ സ്നേഹത്തോടെ, സന്തോഷക്കണ്ണീരോടെ എന്നെ വിളിച്ച കുറേ അമ്മച്ചിമാരുണ്ട്. സുഹൃത്തുക്കളുണ്ട്. മത്സ്യത്തൊഴിലാളിയുടെ മകനാണ് എന്ന് തോന്നിപ്പിക്കാതെ ചേര്‍ത്തുപിടിച്ച ഇവരുള്ളപ്പോ ഞാനെങ്ങനെയാണ് ഇല്ലയ്മയില്‍ നിന്ന് പഠിച്ചു വളര്‍ന്ന ഒരാളാവുക.'' കുമാറിന്റെ ശബ്ദത്തില്‍ ഒരു കടലോളം സ്‌നേഹം.

ഇത് തീരത്തിനും ആഘോഷമാണ്, അഭിമാനമാണ്

കുമാര്‍ അവിടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍, സര്‍ട്ടിഫിക്കറ്റ് നെഞ്ചോട് ചേര്‍ക്കുമ്പോള്‍ തിരുവനന്തപുരത്തെ കരുംകുളം കടപ്പുറത്തും അത് അഭിമാന നിമിഷമാണ്. അവരുടെ ഇടയില്‍ ഒരാളാണ് ലോകത്തിന് മുന്നില്‍ തന്നെ തല ഉയര്‍ത്തി നില്‍ക്കുന്നതെന്ന പോലെ... 

കുമാറിന്റെ അമ്മ പറയുന്നു, ''കരുംകുളത്തെ കൊത്തലംഗോ സിസ്റ്റേഴ്സിന്റെയും  'തീരജ്യോതി' എന്ന സംഘടനയുടെ സഹായത്തോടെയാണ് അവന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നത്. നാഗര്‍കോവില്‍ ഉദയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലായിരുന്നു എഞ്ചിനീയറിങ് പഠനം. പലരോടും കടം വാങ്ങിയായിരുന്നു കോളേജ് ഫീസ് അടച്ചുകൊണ്ടിരുന്നത്. കോളേജില്‍ പോകാനുള്ള ബസ് യാത്രയ്ക്കായി വേണ്ടിയിരുന്ന പതിനാല് രൂപ പോലും കണ്ടെത്താന്‍ പലദിവസങ്ങളിലും ഞാന്‍ ബുദ്ധിമുട്ടുമായിരുന്നു. അവന്റെ അനിയത്തിമാര്‍ ചേര്‍ത്തുവച്ച ചെറുതുട്ടുകള്‍ കൊണ്ടായിരുന്നു അവന്‍ യാത്ര ചെയ്തിരുന്നത്. പലപ്പോഴും സ്വന്തം ഭക്ഷണം പോലും ചേട്ടന് നല്‍കിക്കൊണ്ട് അവര്‍ പച്ചവെള്ളം മാത്രം കുടിച്ച് കിടക്കുമായിരുന്നു. അവന്റെ അനിയത്തിമാരുടെയും ഞങ്ങളുടെയും പ്രതീക്ഷയും സ്വപനവുമെല്ലാം അവനായിരുന്നു.'' ഏതായാലും ആ അമ്മയുടെ കണ്ണുനീരിന് അര്‍ത്ഥം വന്നു കഴിഞ്ഞു. പക്ഷെ, ഇനിയും ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട് അവന് എന്നാണ് അവരിപ്പോഴും കരുതുന്നത്.

പിന്നെയുമെന്തിനാണമ്മാ അമ്മയ്ക്ക് വിഷമം' എന്നാണ്

കുമാറിന് ബിരുദാനന്തരബിരുദം കിട്ടിയത് എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന് വളരെ പതിയെ, ഇടറിയ മറുപടിയാണ് ജനറ്റിന്. അവര്‍ക്ക് മകനെ നെറ്റ് കോള്‍ വിളിക്കാനുള്ള സൌകര്യമൊന്നുമില്ല. മകന് ബിരുദം കിട്ടിയെന്നോ, അതെന്താണെന്നോ പറഞ്ഞു നല്‍കാനും ആരുമില്ല. '' ഓഖിയില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു മകളുണ്ട്. അവള്‍ എന്റെ വീട്ടിലുണ്ടായിരുന്നു. അവളോട് ആരോ പറഞ്ഞു. കുമാറിന് ഇങ്ങനെ ബിരുദാനന്തരബിരുദമൊക്കെ കിട്ടിയല്ലോ എന്ന്. അയ്യോ, എനിക്ക് അണ്ണന്‍ ഫോട്ടോ അയച്ചുതന്നില്ലല്ലോ എന്ന് അവള്‍ സങ്കടപ്പെട്ടു. അപ്പോഴേക്കും അവള്‍ക്കും അവന്‍ ഫോട്ടോ അയച്ചു കൊടുത്തു. അങ്ങനെയാണ് ഞങ്ങളറിഞ്ഞത്. '' ജനറ്റ് തുടരുന്നു. അവനെ കാണാന്‍ കഴിയാത്തതില്‍, കണ്ടു സംസാരിക്കാനാകാത്തതിനാല്‍ ഒക്കെ ജനറ്റിന് വിഷമമുണ്ട്. അതു പറഞ്ഞപ്പോള്‍ കുമാറിന്റെ മറുപടി, 'ഞാനെവിടെയാണെങ്കിലും എന്റെ കൂടെ നിങ്ങളെല്ലാവരുമുണ്ടല്ലോ? പിന്നെയുമെന്തിനാണമ്മാ അമ്മയ്ക്ക് വിഷമം' എന്നാണ്. 

അന്ന് ചേര്‍ത്തു പിടിച്ചതാണവനെ

മത്സ്യത്തൊഴിലാളിയാണ് കുമാറിന്റെ അച്ഛന്‍ സഹായം രാജു. അദ്ദേഹം പറയുന്നു, ''കടലിനെ കുറിച്ചാണവന്‍ പഠിച്ചത്. കടലിനെ അറിഞ്ഞാണ് വളര്‍ന്നത്. അതുകൊണ്ട് അവന്‍ കടലിനെ കുറിച്ച് തന്നെ വീണ്ടും വീണ്ടും പഠിക്കട്ടെ. അവന്റെ അറിവ് മറ്റുള്ളോര്‍ക്ക് കിട്ടുമ്പോഴാണ് കൂടുതല്‍ സന്തോഷം. ഉയിര് കിടക്കും കാലം അതിന് സന്തോഷപ്പെടണം.'' 

ആദ്യമായും അവസാനമായും കുമാറിനെ കടലില്‍ കൊണ്ടുപോയതിനെ കുറിച്ചും രാജു പറയുന്നു. ''നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍  നണ്ടുവല താത്താന്‍ പോവുകയാണ്. ഇവന്‍ പറഞ്ഞു, അച്ഛാ ഞാനും വരുന്നു. ഇവന്റെ മാമനുമൊക്കെയുണ്ട്. ഞാന്‍ പറഞ്ഞു, എന്നാ വാ കേറ്. അങ്ങനെ ഇവനെ വലയുടെ അടുത്തിരുത്തി. വലയൊക്കെ ഇട്ടു. അതൊക്കെ കാണിച്ചു കൊടുത്തു. അപ്പോ വലിയൊരു തിരമാല വന്നു. ഞാനൊന്നും നോക്കിയില്ല. ഇവനേം പിടിച്ചിറങ്ങി. ഒരു കയ്യില്‍ തൊളവായുണ്ട്, ഒരു കയ്യില്‍ ഇവനും. അപ്പോഴേക്കും രണ്ടാമത് കടലുകേറി. അപ്പോ ഞാനിവനെ തോളിലെടുത്തിട്ടു. തൊളവായെ വിട്ടുകളഞ്ഞു. അവന്‍ പേടിച്ചു. കരയിലെത്തിയപ്പോ എല്ലാരും ചോദിച്ചു എന്തിനാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന്. അവന്റെ ആഗ്രഹം കണ്ട് കൊണ്ടുപോയതാണ്. അവനെ ഞാന്‍ പക്ഷെ, വിട്ടുകളഞ്ഞേയില്ല. ഞാന്‍ പോയാലും ഇവനെ കളയൂല്ല. ആ രീതിക്കാണ് ഇവനെ ഞാന്‍ പിടിച്ചിരുന്നത്. അതിനുശേഷം അവനെ ഞാന്‍ കടലില്‍ കൊണ്ടു പോയിട്ടില്ല. '' -അവനാണ് ഇന്ന് മറൈന്‍ ബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയിരിക്കുന്നത്. സ്‌കൂബാ ഡൈവിങ്ങിലൂടെ കടലിന്റെ അകക്കാഴ്ചകള്‍ കാണുന്നത്.

അവിടെ കുമാര്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങുമ്പോള്‍ ലഡുവുമായി അവന്റെ വീട്ടില്‍ സന്തോഷം പങ്കിടാനെത്തിയതാണ് 'കടല്‍ക്കൂട്ടം' സംഘത്തിലെ അജിത്ത് ശംഖുമുഖവും കൂട്ടരും.'' കുമാറിനെ കുറിച്ച് ഒരുപാട് പറയാനുണ്ട്. കടലിന്റെ മകന്‍ എന്നതിനുമപ്പുറം മനുഷ്യസ്‌നേഹി. കടലിന്റെ ഓരോ സ്പന്ദനവും അവനറിയാം. ഈ തീരത്തിന്റെ ശബ്ദം അവനിലൂടെ ലോകത്തിലെത്തുമെങ്കില്‍ അതാണ് അവന് ഈ തീരത്തിന് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനം.'' എന്നാണ് അജിത്തിനു പറയാനുള്ളത്.

ഞങ്ങടെ കുമാറ് ലോകത്തിനു മുന്നിലിങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നു

സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലേക്ക് അവനെ കൈപിടിച്ച് നടത്തിയ ജോണ്‍സണ്‍ ജെമന്റിന് പറയാനുള്ളത്, ''ഇനി കുമാര്‍ പറയും എങ്ങനെയാണ്, തന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളുടെ കടലറിവുകളും കടല്‍ സംസ്‌കാരവും, അത് ശേഖരിക്കാനും മുഖ്യധാരാ സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാനുമുള്ള തന്റെ ശ്രമങ്ങളും, ഈ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന്'' എന്നാണ്.

''ഞങ്ങടെ കുമാറ് ലോകത്തിനു മുന്നിലിങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നു... കുമ്പാരീ കടല്‍മണവുമായി നീ നടന്നുകയറിയിരിക്കുന്നത് ലോകത്തിന്റെ നെറുകയിലേക്കാണ്'' എന്ന് പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അഭിമാനത്തോടെയും സ്‌നേഹത്തോടെയും പറയുന്നു, കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം സെക്രട്ടറി കൂടിയായ വിപിന്‍ദാസ് തോട്ടത്തിലും. 

ഇതൊരു തീരത്തിന് ആഘോഷമാകുന്നത് എങ്ങനെയാണ് എന്നറിയണമെങ്കില്‍ കടലിന്റെ മക്കളുടെ ജീവിതം ഒരു ദിവസമെങ്കിലും ജീവിച്ചുനോക്കണം. കാറും കോളും, കേറിക്കേറി വരുന്ന കടലും ഭയപ്പെടാതെ നിലയില്ലാ കടലിലേക്ക് തുഴയെറിയുന്ന കടല്‍മക്കളെയറിയണം. അല്ലെങ്കിലും, തീയില്‍ കുരുത്തതിന് വെയിലത്ത് വാടാനാകില്ലല്ലോ. 

click me!