കിണറും മുറ്റത്തിരുന്ന സ്കൂട്ടർ, ബൈക്കുകൾ ഒന്നും കാണാനില്ല. കുത്തിയൊഴുകുന്ന പമ്പ വീടിന്റെ മതിലുകൾ തകർത്തു തുള്ളിയുറയുന്നു. ജനലുകളുടെ മുകൾ ഭാഗത്തു തൊട്ടു താഴെ നിൽക്കുമ്പോലെ വെള്ളം. വീടുകളിൽ കൂടിയെല്ലാം കുത്തൊഴുക്ക്.
പ്രളയകാലത്തെ അനുഭവങ്ങള്ക്ക് ഒരിടം. കുറിപ്പുകള് webteam@asianetnews.in എന്ന മെയില് ഐഡിയിലേക്ക് ഒരു ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില് പ്രളയക്കുറിപ്പുകള് എന്നെഴുതാന് മറക്കരുത്.
undefined
ആഗസ്ത് 15, 2018
തലേന്ന് രാത്രിയിലും തോരാമഴ കണ്ട് 'rain rain go away' എന്നു സ്റ്റാറ്റസ് ഇട്ടു കിടന്നുറങ്ങിതാണ്. ഉണർന്നപ്പോൾ വെള്ളം കാട്ടൂർ തോട്ടിലൂടെ കയറിത്തുടങ്ങി എന്നു കേട്ടു. മെല്ലെ കയറിക്കൊണ്ടിരിക്കുമ്പോൾ, മുന്നേ കണ്ടതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചേയില്ല. പിന്നെ, വെള്ളം പതിയെ പൊങ്ങി തുടങ്ങി. ഉച്ചയോടെ റോഡിൽ നല്ല ഒഴുക്കു തുടങ്ങി. മനുച്ചേട്ടനും ഉണ്ണിക്കുട്ടനും, 'ചങ്ങാടം ഉണ്ടാക്കാൻ പോകുന്നു' എന്നു പറഞ്ഞു പോയി. ഒഴുക്കു കൂടുന്നത് കണ്ടു സനാഫനും ഉണ്ണിക്കുട്ടനും കൂടി ശ്രീലക്ഷ്മിയെയും, അഞ്ചുവയസുകാരൻ കുഞ്ഞുണ്ണിയെയും, ഒൻപതു മാസക്കാരി ചിന്നുവിനെയും പരിയാരത്ത് എത്തിച്ചു.
ജനലുകളുടെ മുകൾ ഭാഗത്തു തൊട്ടു താഴെ നിൽക്കുമ്പോലെ വെള്ളം. വീടുകളിൽ കൂടിയെല്ലാം കുത്തൊഴുക്ക്.
അവിടെ വെള്ളം കയറിയ ചരിത്രം ഇല്ല. പറമ്പിലെ വെള്ളം, പെയ്ത്ത് വെള്ളമാകും എന്ന തെറ്റിദ്ധാരണയുമുണ്ടായിരുന്നു. അമ്മയ്ക്ക് അമ്പലത്തിന്റെ തകിടിയിൽ വെള്ളം കയറിയത് കാണണം എന്ന് ആഗ്രഹം. പറമ്പിൽ ഇറങ്ങുമ്പോൾ മുട്ടിനു താഴെ വെള്ളം. കുറച്ചു നടന്ന് തോടിനടുത്തെത്തി. അവിടുത്തെ ഒഴുക്കു കണ്ട് അമ്മ പിന്മാറി. എല്ലായിടവും കണ്ട് തിരിച്ചു വീട്ടിലെത്തുമ്പോഴും വെള്ളം വീട്ടിൽ കയറുമെന്നു വിചാരിക്കുന്നില്ല. അപ്പോഴേക്കും താമരപ്പിള്ളിലും കൊട്ടാരത്തിലും മുറ്റത്തേക്ക് കയറി തുടങ്ങി. അഞ്ചുമണിയോടെ പരിയാരത്തും മുറ്റത്തേക്ക് വെള്ളം കയറിതുടങ്ങി. ഏഴുമണിയോടെ മുറ്റം നിറഞ്ഞു വെള്ളം. പന്തികേടായി തോന്നിത്തുടങ്ങിയിരുന്നു. നാലു കുഞ്ഞുങ്ങളും കൂടെയുണ്ടെന്നുള്ള തിരിച്ചറിവിൽ വീട് വിട്ടു ഇറങ്ങാൻ തീരുമാനിച്ചു. കുറച്ചപ്പുറം മധുച്ചേട്ടന്റെ വീട്ടിലേക്കാണ് പോയത്.
തലേന്ന് മുതൽ കറന്റ് ഇല്ലാതിരുന്നതുകൊണ്ട് ഇൻവെർട്ടർ ഓഫ് ആവും മുന്നേ രണ്ടു ഫോണും, ലാപ്ടോപ്പും ചാർജ് ചെയ്തു വച്ചു. കുഞ്ഞുങ്ങളെയെടുത്തിറങ്ങുമ്പോൾ 'ലാപ്ടോപ് മറക്കല്ലേ' എന്ന് ഓർമിപ്പിച്ചു പോന്നു. മനുച്ചേട്ടനും അമ്മയും അച്ഛനും കൂടി വീടുവിട്ടിറങ്ങുമ്പോൾ കഴിയുന്നതൊക്കെ ഉയർത്തി വച്ചിട്ട് പോന്നു. ഉറങ്ങാൻ കിടക്കുമ്പോഴും വീട്ടിൽ അങ്ങേയറ്റം മുട്ടുവരെ വെള്ളം കയറിയേക്കും എന്നതായിരുന്നു ധാരണ.
ആഗസ്റ്റ് 16
രാവിലെ എഴുന്നേറ്റ് വീട് നോക്കാൻ പോയിട്ട് പിന്നെ പോകാൻ തോന്നിയതെ ഇല്ല. കിണറും മുറ്റത്തിരുന്ന സ്കൂട്ടർ, ബൈക്കുകൾ ഒന്നും കാണാനില്ല. കുത്തിയൊഴുകുന്ന പമ്പ വീടിന്റെ മതിലുകൾ തകർത്തു തുള്ളിയുറയുന്നു. ജനലുകളുടെ മുകൾ ഭാഗത്തു തൊട്ടു താഴെ നിൽക്കുമ്പോലെ വെള്ളം. വീടുകളിൽ കൂടിയെല്ലാം കുത്തൊഴുക്ക്.
കഥയിൽ ഒരു കഥ
ഒരു മാധ്യമത്തിന്റെ റെസ്ക്യൂ ടീമിനെ കോൺടാക്ട് ചെയ്തിട്ട് അവരുടെ നമ്പർ തന്ന് തിരികെ വിളിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ വിളിച്ചു. എന്റെ വീട്ടുകാർ ഉൾപ്പെടെ മുന്നൂറോളം പേര് മുകൾ നിലയിലും ടെറസിലും തട്ടിൻപുറത്തുമായി ഓതറ പുതുക്കുളങ്ങര അമ്പലത്തിനു ചുറ്റും തന്നെയുണ്ടായിരുന്നു. ലൊക്കേഷൻ അയച്ചു കൊടുക്കാൻ പറഞ്ഞതനുസരിച്ച് അയച്ചു. ജിമ്മി എന്നയാളിന്റെ നമ്പറിൽ വിളിക്കുമ്പോൾ "മനുച്ചേട്ടന്റെ വൈഫ് അല്ലേ? " എന്നാണ് ഞാൻ കേട്ടത്. നിങ്ങളുടെ അനിയത്തി നിഷയും വിളിച്ചിരുന്നു എന്നു പറഞ്ഞു. 'ഏതു നിഷ' എന്നു ചോദിച്ചു. 'അനിയത്തി എന്നാണ് പറഞ്ഞത്, അവർ കുട്ടിയേയും കൊണ്ട് എറണാകുളം ഹോസ്പിറ്റലിൽ ആണ്' എന്നും പറഞ്ഞു. അമ്മയുടെ അനിയത്തിയുടെ മകൾ നിഷയാണ്, അവൾ എന്റെയും അനിയത്തി ആണല്ലോ. 'അതെ' എന്നു പറഞ്ഞു. ആശുപത്രിയിൽ ആണെന്ന് കേട്ടാലൊന്നും അന്വേഷിക്കാനുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ കൂടുതൽ ചോദിച്ചുമില്ല. ശ്രീലക്ഷ്മിയുടെ നമ്പറും അവര്ക്ക് കൊടുത്തു.
കുറച്ചു കഴിഞ്ഞ് ശ്രീലക്ഷ്മിയുടെ ഫോണിൽ ഒരു കാൾ, "നിമ്മിച്ചേച്ചിയല്ലേ? " അല്ല എന്നു മറുപടി പറഞ്ഞു വച്ചു. എന്റെ ഫോണിലേക്കൊരു വാട്സ്ആപ്പ് ഓഡിയോ ക്ലിപ്പ്. 'കലാഭവൻ മണിച്ചേട്ടന്റെ ഭാര്യ നിമ്മിച്ചേച്ചിയല്ലേ, ഞാൻ അക്ബർ, നിങ്ങൾ സേഫ് ആണോ?'. 'നിമ്മി ചേച്ചിയല്ല, പക്ഷെ വെള്ളപ്പൊക്കത്തിലാണ്'. എന്നു റിപ്ലൈ ചെയ്തു. പിന്നീട് എനിക്കും കാൾ വരുന്നു "നിമ്മി ചേച്ചിയാണോ, ഞാൻ ഷാഫിയാണ് ". അല്ല എന്നു പറഞ്ഞു വച്ചു. കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ്. നാദിർഷായുടെ നമ്പർ ആണെന്നായിരുന്നു അത്. കാര്യങ്ങൾ ഇങ്ങനെ പോയപ്പോൾ എല്ലാം കൂടി കൂട്ടിച്ചേർത്തു വായിച്ചപ്പോൾ ഒരു സംശയം. ജിമ്മി ആദ്യം ചോദിച്ചത് ഒരു പക്ഷെ, 'മണിച്ചേട്ടന്റെ വൈഫ് ആണോ' എന്നാവാം. പോരാത്തതിന് റെസ്ക്യൂ ടീമിൽ സിനിമാക്കാർ ഉണ്ടെന്നും പറഞ്ഞിരുന്നു. അനിയത്തി നിഷ, നിമ്മിയുടെ അനിയത്തി ആവാം. പോരാത്തതിന് ഞാൻ കൊടുത്ത നമ്പർ ശ്രീലക്ഷ്മിയുടെ! കലാഭവൻ മണിയുടെ മകളുടെ പേരും അതാണല്ലോ! അപ്പോഴേക്കും ഏഴു മണി കഴിഞ്ഞിട്ടുണ്ട്. ഇനി നിമ്മിയും വെള്ളത്തിൽ ആണെങ്കിൽ എന്റെ ലൊക്കേഷൻ ആണ് അവർക്കായി പോയിരിക്കുന്നതെങ്കിൽ അവർ പെട്ടുപോവുമല്ലോ എന്നോർത്ത് വീണ്ടും ജിമ്മിയെ വിളിച്ചു. എന്നിട്ട് കാര്യം പറഞ്ഞു.
'കലാഭവൻ മണിയുടെ സുഹൃത്തുക്കളൊക്കെയുണ്ട്' എന്നു വരെ പറഞ്ഞിരുന്നു.
അപ്പോൾ, 'നിങ്ങൾ ആരാണ്' എന്നായി. ഞാൻ വാട്സാപ്പിൽ ലൊക്കേഷൻ അയച്ചപ്പോൾ എന്റെ പേര് ഉൾപ്പെടെ ആണല്ലോ അയച്ചിരുന്നത് എന്നു പറഞ്ഞു. അപ്പോൾ വരെ കിട്ടിയ വിവരം അനുസരിച്ച് അവരുടെ ബോട്ട് രണ്ടു തവണ എത്താൻ ശ്രമിച്ചു, വഴിയിൽ കണ്ട ആദ്യത്തെ ആൾക്കാരെ രക്ഷിച്ച് മൂന്നാമത്തെ ട്രിപ്പ് വരികയാണ്. പക്ഷെ വഴിയിൽ മരം വീണു കിടക്കുന്നു. എന്നാലും, 'ഞങ്ങളുടെ കംപ്ലീറ്റ് ഗ്രൂപ്പ് നിങ്ങളെ ലക്ഷ്യം വച്ചാണ് വന്നു കൊണ്ടിരിക്കുന്നത്. കലാഭവൻ മണിയുടെ സുഹൃത്തുക്കളൊക്കെയുണ്ട്' എന്നു വരെ പറഞ്ഞിരുന്നു. അവസാനത്തെ വാചകം കൂടി കേട്ടിട്ടായിരുന്നു എനിക്കു വീണ്ടുവിചാരം ഉണ്ടാവുന്നത്. എന്തായാലും 8:30നോട് ഞങ്ങളുടെ ഏരിയ ക്ലിയർ ചെയ്യും എന്നൊരു ഉറപ്പും തന്നു. പക്ഷെ, അവർക്ക് എത്താൻ കഴിഞ്ഞില്ല.
ഇതോടൊപ്പം തന്നെ എയർക്രാഫ്റ്റ് എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഇപ്പോൾ വരും വരും എന്ന പ്രതീക്ഷയിൽ കുറെ നോക്കിയിരുന്നു. ഒടുവിൽ വൈകിട്ട് അവർ എത്തും എന്ന് അറിവ് കിട്ടി. വൈകിട്ട് പറഞ്ഞപോലെ അവർ വന്നു. കുറെ കറങ്ങി. ഒടുവിൽ പ്രതികൂല കാലാവസ്ഥകൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നു കൂടി കേട്ട് തളർന്നു തുടങ്ങിയിരുന്നു. 92 വയസായ അഫൻ, എതിരെ വീട്ടിൽ മുകളിലായി 30 ലേറെ ആൾക്കാർ, അതിൽ രണ്ടര വയസുള്ള കുഞ്ഞ്, തട്ടിൻപുറത്തു ഒരു കുടുംബം മൊത്തം. ആരുമായും നേരെ സംസാരിക്കാൻ പോലും കഴിയുന്നില്ല. ഉള്ള ഫോണിൽ കിട്ടുന്നില്ല.
വടം വലിച്ചുകെട്ടി അതിൽ പിടിച്ച് വരാൻ പറഞ്ഞപ്പോള് ആരും വന്നില്ല. ഒഴുക്കിൽ പിടിവിട്ടാൽ വെള്ളത്തിലാകും എന്ന ഭയം
'നാളെ വീണ്ടും എയർക്രാഫ്റ്റ് വരും ഫുഡ് വേണമെങ്കിലും അവരെ അറിയിക്കണം' എന്ന് ഇൻഫർമേഷൻ കിട്ടി. രാവിലെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു വട്ടമിടുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിരുന്നു. അത്യാവശ്യ സാധനങ്ങളും ഭക്ഷണവും തന്ന ശേഷം അതുപോയപ്പോൾ സങ്കടം ആയെങ്കിലും. 16 ന് രാവിലെ തന്നെ തിരുവനന്തപുരത്തു നിന്നും അരുണും വിളിച്ചു. കണ്ട്രോൾ റൂം ഹെഡ്ക്വാർട്ടേഴ്സ് ബന്ധപ്പെട്ടു നമ്പർ തന്നു. അവർ ഉറപ്പു പറഞ്ഞതാണ്. ഓരോ മണിക്കൂറിലും അരുൺ വിളിച്ചു കൊണ്ടിരുന്നു. പുതിയ വഴികൾ ഏജൻസികൾ... ഒത്തിരി ശ്രമങ്ങൾ. ശ്രീലക്ഷ്മിയുടെ ഫോണും നിശ്ചലമായി. ബി.എസ്.എന്.എല് അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. അതിൽ എന്റെ രണ്ടു നമ്പറും എപ്പോഴും ശബ്ദിച്ചു കൊണ്ടേയിരുന്നു.
അതിനിടയിൽ 16 ന് സിസേറിയൻ തീരുമാനിച്ചിരുന്ന ഗർഭിണിയുമുണ്ട് പോവേണ്ട ഹോസ്പിറ്റൽ വെള്ളത്തിലാണ്. എമർജൻസി ഉണ്ടെങ്കിൽ ചെല്ലണം എന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഇത്ര ശ്രമിച്ചിട്ടും ഒന്നും നടന്നില്ല, അപ്പോൾ എമർജൻസിക്ക് എന്താക്കാന്! പിന്നെ അതിനായി വിളി. (അന്ന് സാധിച്ചില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു).
പിറ്റേദിവസവും ഇങ്ങനെ കടന്നുപോയി.
ആഗസ്റ്റ് 18
പതിനെട്ടിന് രാവിലെ ഒരു മരണ വാർത്തയാണ് കേട്ടത്. 'ചേച്ചി, അപ്പുറത്തെ അപ്പൂപ്പൻ ഇന്നലെ മരിച്ചു. ആരെയെങ്കിലും ഒന്നു വിളിച്ചുപറയൂ' എന്നും പറഞ്ഞ് അപ്പുറത്തെ പയ്യൻ ഓടി വന്നു. ആരെയൊക്കെയോ വിളിച്ചു പറഞ്ഞു. ഹെലികോപ്റ്റർ വീണ്ടും എത്തിയപ്പോൾ ബോഡി എടുക്കാൻ ആവും എന്നു പ്രതീക്ഷിച്ചു. ബോട്ട് വരും എന്ന അറിയിപ്പിൽ അവർ പോയി. മല്ലപ്പള്ളിയിലുള്ള ഒരുകൂട്ടം ആൾക്കാർ ചങ്ങാടം കെട്ടിയുണ്ടാക്കി കടുത്ത ഒഴുക്കിൽ ബോഡി വാഹന സൌകര്യമുള്ള സ്ഥലത്തു എത്തിച്ചു. വീണ്ടും ഒരു ദിവസം കൂടി കഴിഞ്ഞു പോകുന്നു. വെള്ളം കുറെ ഇറങ്ങി തുടങ്ങി. നാളെയ്ക്കെങ്കിലും അവരെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോൾ അടുത്ത അറിയിപ്പ്. കക്കി ഡാം വീണ്ടും തുറക്കുന്നു. വീണ്ടും ടെൻഷൻ. പമ്പാവാലിയിലെ കഥയറിയാൻ ബിബിൻ സാറിനെ വിളിച്ചു. "പേടിക്കേണ്ട ടീച്ചറെ, ഒരുപാടൊന്നും കൂടില്ല. ഇവിടിപ്പോൾ ഒരു കനത്ത മഴയ്ക്കുണ്ടാവുന്ന ഒഴുക്കേയുള്ളു. ". സമാധാനം. എങ്കിലും രാത്രി മൈക്ക് വച്ചുകെട്ടി അന്നൗൺസ്മെന്റ് കേട്ട് ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഭാഗ്യം! പിറ്റേന്ന് വെള്ളം കുറഞ്ഞിട്ടേയുള്ളു. (ഈ അറിയിപ്പ് 15 ന് തന്നിരുന്നെങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നല്ലോ എന്നു മനസ്സിൽ ഓർത്തു.)
ആഗസ്റ്റ് 19
19 ന് ബോട്ട് എത്തി. അപ്പോഴേക്കും തട്ടിനുമുകളിൽ കുടുങ്ങിയ സ്മിത ചേച്ചിയും ചേട്ടനും കുട്ടികളും കൊട്ടാരത്തിൽ എത്തിയിരുന്നു. ജയൻ ചേട്ടൻ, സുമചേച്ചി വല്യഫൻ എന്നിവർ ബോട്ടിൽ പോയി. എതിരെയുള്ള വീട്ടിലുള്ളവരും. കോസ്റ്റ് ഗാർഡ് ആൾക്കാർ വന്നിരുന്നു എങ്കിലും 18 ന് അവരുടെ മോട്ടോർ കേടായി. പിറ്റേന്ന് വടം വലിച്ചുകെട്ടി അതിൽ പിടിച്ച് ഒഴുക്കിനെ നേരിട്ട് വരാൻ ശ്രമിച്ചപ്പോൾ ആരും വന്നില്ല. ഒഴുക്കിൽ പിടിവിട്ടാൽ വെള്ളത്തിലാകും എന്ന ഭയം. പോരാത്തതിന് വെള്ളം ഇറങ്ങുന്നു എന്ന വിശ്വാസവും. പിന്നീട് ഉച്ചയാവാറാകുമ്പോൾ സ്മിത ചേച്ചിയെയും ചേട്ടനെയും എല്ലാവരും കൂടെ ഇക്കരെ കടത്തി. പിന്നാലെ ബാക്കിയുള്ളവരെയും. അപ്പോഴേക്കും ചുറ്റുപാടും എല്ലായിടവും ആളുകൾ സുരക്ഷിതരായി എത്തിയിരുന്നു.
ഇത് നാലഞ്ചു ദിവസത്തെ മാനസിക സംഘർഷത്തിന്റെ പൊടിപ്പും തൊങ്ങലും ഇല്ലാത്ത ചിത്രം ആണ്
ഇത് നാലഞ്ചു ദിവസത്തെ മാനസിക സംഘർഷത്തിന്റെ പൊടിപ്പും തൊങ്ങലും ഇല്ലാത്ത ചിത്രം ആണ്. സഹായിക്കാൻ ശ്രമിച്ചവരെ പേരെടുത്തു പറയാൻ നൂറിലേറെ ഉണ്ടാവും. അന്വേഷണങ്ങളും പ്രാർത്ഥനകളും ആയിരക്കണക്കിന്. പക്ഷെ അതാതു നാട്ടിലുള്ളവർക്ക് അഭയം ആയ കുറെ വീടുകൾ, സ്വന്തം വീട്ടുകാരെപ്പോലെ കണ്ട ആ വീട്ടുകാർ. നാട്ടിലെ എന്തിനും ശ്രമിക്കാനും പ്രവർത്തിക്കാനും കഴിവുള്ള യുവാക്കൾ... ഒരു ടീം വർക്ക് ആയിരുന്നു.
ഓരോ സ്ഥലങ്ങളിൽ ഇരുന്ന് അവർക്ക് പറ്റാവുന്നതിന്റെ, ഇവിടെ കഴിയാവുന്നതിന്റെ അങ്ങേയറ്റം എത്തിച്ച കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, എനിക്കറിയാത്ത അന്യനാടുകളിൽ ഇരുന്ന് ഇതിൽ പങ്കാളികൾ ആയവർ. പഠിപ്പിക്കുന്ന കുട്ടികൾ, അവരുടെ രക്ഷാകർത്താക്കൾ, നേവി, ആർമി, സർക്കാർ ഏജൻസികൾ, എസ്.ഐയും, സി.ഐയും, ഡൽഹി IIT യിൽ നിന്നുള്ള അരവിന്ദൻ ചേട്ടന്റെ സുഹൃത്ത്, അന്യനാടുകളിൽ നിന്ന് എത്രയോ ആൾക്കാർ! എനിക്കാരെയും അറിയില്ലായിരുന്നു. പക്ഷെ, എല്ലാവരും സുരക്ഷിതരായി എന്നു കേട്ടതിനു ശേഷമാണു അവർ പിന്മാറിയത്.
നാടിന്റെ ഭീകരമായ അവസ്ഥയുടെ താരതമ്യേന ഭീകരത കുറഞ്ഞവ ആണ് ഇവിടെ പറഞ്ഞത്. ആർക്കും അടുക്കാൻ കഴിയാത്ത വിധം ഒഴുക്കും നിറഞ്ഞ മരങ്ങളും ഇവിടെ തടസ്സമായിരുന്നു.ചുറ്റുപാടും ഇതിലും ഭീകരമാണ് കാര്യങ്ങൾ. ഇനി അതിജീവനം ആണ്. കയറിവരും എല്ലാവരും. നഷ്ടങ്ങളുടെ കണക്കു നോക്കുന്നില്ല.