മണ്ണില്‍ നട്ടുനനച്ച സ്വപ്നങ്ങളെല്ലാം മലയോടെ ഒലിച്ചുപോയ ഇടമാണ് ഇടുക്കിയിലെ വെള്ളത്തൂവല്‍. ഇവിടെ എനിക്കൊരു കിടപ്പാടമുണ്ടായിരുന്നുവെന്ന് കണ്ണീരോടെ ഓര്‍ത്തെടുക്കേണ്ട ഗതികേടിലേക്കാണ് മണ്ണില്‍ പൊന്ന് വിളയിച്ച ഇവിടത്തെ കര്‍ഷകര്‍ എത്തിയത്.
ജീവന്‍ കിട്ടി, പക്ഷേ ജീവിതം കൈവിട്ടുപോയി. നമ്മുടെ നാട്ടിലെ ഒരു പാട് മനുഷ്യരുടെ ജീവിതം ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, ഇപ്പോള്‍ ഇങ്ങനെയാണ്. പ്രളയം സര്‍വ്വതും തകര്‍ത്തവര്‍. ജീവന്‍ തിരിച്ചു കിട്ടിയിട്ടും ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാത്തവര്‍. ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനില്‍ക്കുന്ന ആ മനുഷ്യര്‍ കൂടി ചേര്‍ന്നതാണ് പ്രളയാനന്തര കേരളം.
മഹാപ്രളയം സര്‍വ്വസ്വവും തൂത്തെറിഞ്ഞവരാണ് അവര്‍. പ്രളയം പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞവര്‍. തലചായ്ക്കാനിടമില്ലാതെ തെരുവില്‍ അലയുന്നവര്‍, അയലത്തെ തിണ്ണയില്‍ അന്തിയുറങ്ങുന്നവര്‍, കൂരപൊളിഞ്ഞുവീഴുന്ന ശബ്ദം ഓര്‍ത്ത് ഉറക്കമില്ലാതെ രാത്രികള്‍ കഴിക്കുന്നവര്‍.
undefined
അതുവരെ കൊണ്ടുനടന്ന എല്ലാ തീണ്ടായ്മകളെയും വലിപ്പച്ചെറുപ്പത്തെയും വലിച്ചെറിഞ്ഞാണ് കേരളം പേമാരിദുരിതത്തെ നേരിട്ടത്. മതവും ജാതിയും സാമൂഹ്യ പദവിയും സമ്പത്തും ദാരിദ്ര്യവും ഇല്ലായ്മയുമൊന്നും പ്രസക്തമല്ലാതിരുന്ന നാളുകളായിരുന്നു അത്. ഉള്ളവനും ഇല്ലാത്തവനും പ്രളയജലത്തിനു മുന്നില്‍ ഒരു പോലെ സഹിച്ചു. ഒരേു പോലെ ജീവനു കേണു. ഒന്നിച്ച് അതിജീവനശ്രമങ്ങള്‍ നടത്തി. ഒരേ മനസ്സോടെ ജീവന്‍ രക്ഷപ്പെടുത്തി.
ആലപ്പുഴയിലെ കൈനകരിപ്പള്ളി സെമിത്തേരി ഇതിന്റെ മനോഹരമായ മാതൃകയായിരുന്നു. പ്രളയം എല്ലാം വിഴുങ്ങിയതിനെ തുടര്‍ന്ന് അവിടെ അന്ന് അഭയം തേടിയവരില്‍ ഇരുകാലികളും നാല്‍ക്കാലികളുമെന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. കിടക്കയും അടുക്കളയും തൊഴുത്തും കല്ലറയായ കാഴ്ച. മനുഷ്യന്‍ എന്ന വാക്കിനപ്പുറം മറ്റൊന്നും പ്രസക്തമായിരുന്നില്ല അന്ന്.
പ്രളയദുരന്തത്തിന് നൂറ് ദിനങ്ങള്‍ കഴിയുമ്പോള്‍ നാമാലോചിക്കേണ്ടതുണ്ട്. ആരൊക്കെയാണ് അന്ന് കരപറ്റിയവര്‍? പ്രളയാനന്തര ദുരിതങ്ങളുടെ കയത്തില്‍ നിലയില്ലാതെ ഇന്നും തുഴയുന്നവര്‍ ആരെല്ലാമാണ്? പ്രളയം നക്കിത്തുടച്ച കേരളത്തിന്റെ നേര്‍ക്കാഴ്ച ലോകത്തിനു മുന്നിലെത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് അക്കാര്യം അന്വേഷിക്കുകയാണ് ഇപ്പോള്‍. പ്രളയദുരിതങ്ങള്‍ക്കിടയില്‍ ഹൃദയസ്പര്‍ശിയായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഞങ്ങളുടെ മൂന്ന് ലേഖകര്‍ അതേ വഴിയിലൂടെ ഒരിക്കല്‍ കൂടി പോവുകയാണ്. പ്രളയാനന്തര കേരളത്തിന്റെ യഥാര്‍ത്ഥ ജീവിതചിത്രങ്ങള്‍ അടുത്ത ദിവസം മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യും.
പ്രളയവഴികളില്‍ വീണ്ടും
ആ റിപ്പോര്‍ട്ടര്‍മാര്‍
പ്രളയമധ്യേ, കൈനകരിപ്പള്ളിമുറ്റത്തെ ജീവിതാവസ്ഥകളെ സമാനതകളില്ലാത്തവിധം അവതരിപ്പിച്ച റിപ്പോര്‍ട്ടര്‍ ആദര്‍ശ് ബേബി അവിടേക്ക് വീണ്ടും പോവുകയാണ്. പ്രളയശേഷമുള്ള അപ്പര്‍കുട്ടനാട്ടിലെ കണ്ണീരില്‍ കുതിര്‍ന്ന മണ്ണില്‍ ഉരുകിത്തീരുന്ന ജീവിതങ്ങളെ ആദര്‍ശ് കണ്ടെടുക്കുന്നു. ചുവപ്പുനാടക്കുരുക്കില്‍ പ്രാണവായു മുട്ടുന്നവരെ ആദര്‍ശ് മലയാളികളുടെ മുന്നിലേക്ക് എത്തിക്കുകയാണ്.
മണ്ണില്‍ നട്ടുനനച്ച സ്വപ്നങ്ങളെല്ലാം മലയോടെ ഒലിച്ചുപോയ ഇടമാണ് ഇടുക്കിയിലെ വെള്ളത്തൂവല്‍. ഇവിടെ എനിക്കൊരു കിടപ്പാടമുണ്ടായിരുന്നുവെന്ന് കണ്ണീരോടെ ഓര്‍ത്തെടുക്കേണ്ട ഗതികേടിലേക്കാണ് മണ്ണില്‍ പൊന്ന് വിളയിച്ച ഇവിടത്തെ കര്‍ഷകര്‍ എത്തിയത്. അവരുടെ പ്രളയകാല ദൈന്യത റിപ്പോര്‍ട്ട് ചെയ്ത ജോഷി കുര്യന്‍ ഇവിടെ വീണ്ടും എത്തുകയാണ്. നാല് മാസമായിട്ടും സ്വന്തം ഭൂമിയോ പകരം ഭൂമിയോ ഇല്ലാതെ പെരുവഴിയിലായ മനുഷ്യരെയാണ് ജോഷി കണ്ടെത്തുന്നത്.
ഒരു ചുള്ളിക്കമ്പുമായി മലഞ്ചരിവിലെ ഒലിച്ചിറങ്ങിയ കന്‍മദക്കൂട്ടങ്ങള്‍ക്കിടയില്‍ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ തിരയുന്ന, തേടുന്ന വയനാട് അമ്പാറയിലെ മനുഷ്യനെ നമ്മള്‍ മറന്നിട്ടുണ്ടാവില്ല. ചുരം കയറി അന്ന് റിപ്പോര്‍ട്ടര്‍ സഹല്‍ സി മുഹമ്മദ് തുറന്ന് കാട്ടിയത് പ്രളത്തിന്റെ കൊടും ഭീകരമുഖമാണ്. അതേ ഇടത്ത് വീണ്ടുമെത്തുമ്പോള്‍ സഹല്‍ കാണുന്ന കാഴ്ചകള്‍ ഒട്ടും സമാധാനം തരുന്നതല്ല. നഷ്ടങ്ങളുടെ കണക്ക് സര്‍ക്കാരിന് എഴുതിയെടുക്കാം, പക്ഷേ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളുടെ കണക്ക് എങ്ങനെയെടുക്കാം എന്ന ചോദ്യത്തോടെയാണ് പ്രളയകാലത്തെ അമ്പാറ റിപ്പോര്‍ട്ട് സഹല്‍ പൂര്‍ത്തിയാക്കിയിരുന്നത്. ആ വാക്കുകളുടെ വഴിയിലൂടെ വീണ്ടുമെത്തുമ്പോള്‍ കാണുന്ന പൊള്ളിക്കുന്ന കാഴ്ചകള്‍ സഹല്‍ അവതരിപ്പിക്കുകയാണ്.