കേരള സൈബര്‍ വാരിയേഴ്‌സ് പറയുന്നു ആങ്ങളമാരാവാന്‍ ഞങ്ങളില്ല!

By വിഷ്ണു വേണുഗോപാല്‍  |  First Published May 15, 2017, 7:13 PM IST

വാര്‍ത്തകളില്‍ ഇപ്പോള്‍ ഹാക്കിംഗാണ്. വാനാക്രൈ ലോകമെങ്ങും ഭീതി വിതയ്ക്കുന്നു. ദേശരാഷ്ട്രങ്ങള്‍ക്കിടയിലെ വീറും വെറിയും തീര്‍ക്കാനുള്ള യുദ്ധമായി സൈബര്‍ യുദ്ധങ്ങള്‍ മാറുന്നു. ദേശീയതയും അപരരോടുള്ള വെറിയുമടക്കം പല വിഷയങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വളമാകുന്നു. ഇന്ത്യയും പാക്കിസ്താനുമിടയിലെ സംഘര്‍ഷം പൊലിപ്പിക്കുന്നതില്‍ ഹാക്കര്‍മാരും അവരവരുടെ പങ്കു വഹിക്കുന്നു. 

Latest Videos

undefined

അതിനിടെയാണ്, കേരളത്തിലും ഹാക്കര്‍മാര്‍ ചര്‍ച്ചയാവുന്നത്. പാക്കിസ്താന്‍ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്തു എന്ന് പലവട്ടം അവകാശവാദങ്ങള്‍ ഉന്നയിച്ച കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് ചര്‍ച്ചകളില്‍ നിറയുന്നത്. പാക്കിസ്താന്‍ സൈറ്റുകള്‍ ആക്രമിച്ചതിനെ കുറിച്ചല്ല എന്നാല്‍, ഇത്തവണ ചര്‍ച്ച. സ്ത്രീകളുടെ സ്വകാര്യതയില്‍ ഇടപെടുന്ന, സദാചാര പൊലീസായി മാറുകയാണ് ഈ സൈബര്‍ പോരാളികള്‍ എന്നാണ് വിമര്‍ശനം. ഞരമ്പുരോഗികള്‍ക്കെതിരായ ഇടപെടല്‍ എന്ന പേരില്‍ ഈ ഗ്രൂപ്പ് പുതുതായി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ സദാചാര പൊലീസിംഗ് അല്ലാതെ മറ്റൊന്നല്ല എന്നാണ് സ്ത്രീകള്‍ അടക്കം ഫേസ്ബുക്കില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. 

എന്താണ് ഇതിന്റെ വാസ്തവം? ഇക്കാര്യത്തില്‍, കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പിന് പറയാനുള്ളത് എന്താണ്? സദാചാരം, സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍, സ്ത്രീ പ്രശ്‌നങ്ങള്‍, ദേശീയത, രാഷ്ട്രീയം എന്നിവയില്‍ ഈ ഗ്രൂപ്പിന്റെ നിലപാടുകള്‍ എന്തൊക്കെയാണ്? 

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ശ്രമങ്ങളുടെ ഭാഗമായാണ് സൈബര്‍ വാരിയേഴ്‌സുമായി ബന്ധപ്പെടാനുള്ള ശ്രമം തുടങ്ങിയത്. 

അതീവ രഹസ്യസ്വഭാവമുള്ള ഗ്രൂപ്പില്‍ നിന്ന് ഒരാളെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായിരുന്നു. നിരവധി അന്വേഷണങ്ങള്‍ക്ക് ശേഷം നിരവധി പേരിലൂടെ കൈ മറിഞ്ഞാണ് സൈബര്‍ വാരിയേഴ്‌സിന്റെ പ്രതിനിധിയിലേക്കെത്തിയത്. ചോദ്യങ്ങള്‍ ഇങ്ങോട്ടായിരുന്നു. ആരാണ്, എന്താണ് വേണ്ടത് എന്നിങ്ങനെ തുരുതുരാ ചോദ്യങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ഈ വിഷയത്തിലെ വാര്‍ത്താ താല്‍പ്പര്യം വ്യക്തമാക്കിയപ്പോള്‍, പൊടുന്നനെ അതു സംഭവിച്ചു. ആ ഫേസ്ബുക്ക് ഐഡി നിശബ്ദമായി!

വീണ്ടും ശ്രമം തുടര്‍ന്നു. അതിനിടെ, മറ്റൊരു ഐഡിയില്‍ നിന്ന് ഒരു മെസേജ് എത്തി. എന്താണ് നിങ്ങള്‍ക്ക് ചോദിക്കാനുള്ളത്? ഇതായിരുന്നു ആ ഐഡിയില്‍നിന്നുണ്ടായ ആദ്യ പ്രതികരണം. ആരോപണങ്ങളില്‍ 'സൈബര്‍ വാരിയേഴ്‌സിന്' എന്താണ് മറുപടി പറയാനുള്ളത് എന്ന് അറിയുകയാണ് ഉദ്ദേശ്യമെന്ന് വ്യക്തമാക്കി. അതോടെ അപ്പുറത്തുള്ള ആള്‍ നിശ്ശബ്ദനായി. മറുപടി കിട്ടാതായപ്പോള്‍, വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചു. മണിക്കൂറുകള്‍ക്കുശേഷം ഇക്കാര്യം സംസാരിക്കാമെന്ന് അപ്പുറത്തുള്ളയാള്‍ സമ്മതിച്ചു. 

എന്താണ് ചോദ്യമെന്ന് ആദ്യം പറയണം. അഭിമുഖം ആണ് ലക്ഷ്യമെങ്കില്‍ അതെളുപ്പമല്ല. നിരവധി പേരോട് അഭിപ്രായം ചോദിച്ച ശേഷം മാത്രമേ മറുപടി നല്‍കാനാവൂ. ചോദ്യങ്ങള്‍ക്ക് ഉടനടി ഉത്തരം ലഭിക്കില്ല. 

ഇവയായിരുന്നു ഡിമാന്റുകള്‍. സമ്മതിച്ചു. പിന്നെ വീണ്ടും നിര്‍ദേശങ്ങള്‍. ഫോണിലൂടെ സംസാരിക്കാനാവില്ല. വീഡിയോ അഭിമുഖമോ ഓഡിയോ റെക്കോര്‍ഡിംഗോ സാധ്യമല്ല. അവര്‍ നിര്‍ദ്ദേശിക്കുന്ന ഫേസ്ബുക്ക് ഐഡിയിലൂടെ സംസാരിക്കാം. വ്യക്തിയല്ല, വാരിയേഴ്‌സ് ആര്‍മിയാണ് സംസാരിക്കുന്നത് എന്ന് പലവട്ടം ആവര്‍ത്തിച്ചശേഷമാണ് സംസാരം തുടങ്ങുന്നത്. ഒരു പകല്‍ മുഴുവന്‍ എടുത്താണ് ചുരുക്കം ചോദ്യങ്ങള്‍ക്ക് സൈബര്‍ വാരിയേഴ്‌സ് ഉത്തരം നല്‍കിയത്. 

ആരോപണങ്ങളോട് 'സൈബര്‍ വാരിയേഴ്‌സിന്' പറയാനുള്ളത്: 


 

'നിങ്ങള്‍ ഞങ്ങളുടെ സംരക്ഷകരാവേണ്ട'. ഇഷ ഇഷിക എന്ന പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ സദാചാര ബോധത്തെ പൊളിച്ചടുക്കിയത് കളഞ്ഞത് ഈ വാക്കുകളോടെയായിരുന്നു.. നിങ്ങള്‍ സദാചാര പോലീസ് കളിക്കുകയാണോ? 

ഞങ്ങള്‍ സദാചാര പൊലീസ് അല്ല. ആ പണിക്കു ഞങ്ങള്‍ പോവില്ല, അതല്ല ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് കിട്ടുന്ന  പരാതികളുടെ അടിസ്ഥാനത്തില്‍ അവ കൃത്യമായി അന്വേഷിച്ച് വ്യക്തമായിട്ടേ ഞങ്ങള്‍ എന്ത് ജോലിക്കും ഇറങ്ങു. അതും ഞങ്ങളുടെ ടീമിന് നേതൃത്വം നല്‍കുന്നവരുടെ സമ്മതം കിട്ടിയതിനു ശേഷം മാത്രം. 

പിന്നെ ആ കുട്ടി പറഞ്ഞത് നോക്കൂ. കേരള സൈബര്‍ വാരിയേഴ്‌സിലെ ഒരംഗം എന്നു പറഞ്ഞ് ഒരാള്‍ പറഞ്ഞ കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. 33000 അംഗങ്ങള്‍ ഉണ്ട് ഈ ഗ്രൂപ്പില്‍. അതില്‍ ഒരാള്‍ ആണ് ഇന്‍ബോക്‌സില്‍ പോയി ഇങ്ങനെ പറഞ്ഞത് എന്നാണ് അവര്‍ പറയുന്നത്.  എന്ത് ആധികാരികത ആണ്  ആ പറച്ചിലില്‍ ഉള്ളത്? സൈബര്‍ വാരിയേഴ്‌സ് എന്നു പറഞ്ഞ് ആരോ അവരോട് പറഞ്ഞ കാര്യങ്ങള്‍ക്ക് ഈ ഗ്രൂപ്പ് എങ്ങനെ ഉത്തരവാദിയാവും? അവര്‍ ആരെക്കുറിച്ച് എന്താ പറഞ്ഞത് എന്നൊന്നും അറിവില്ല. ആരോ ഇന്‍ബോക്‌സില്‍ പോയി ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് ഒരു ഗ്രൂപ്പിനെ മൊത്തം അധിക്ഷേപിക്കാന്‍ വരുന്നവര്‍ക്ക്  എന്ത് മറുപടി നല്‍കാനാണ്? 

ആ കുട്ടിയോട് ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ഇന്‍ബോക്‌സില്‍ ഒരേ ഒരു വാക്കാണ് ഞങ്ങള്‍ അയച്ചത്. ഹലോ എന്ന ഒറ്റ വാക്ക്. ഒരു വ്യക്തി ഈ കുട്ടിയെ പറ്റി ഒരു പരാതി തന്നിരുന്നു. അക്കാര്യം അറിയാനാണ് അവരെ സമീപിച്ചത്. പരാതി ചിലപ്പോള്‍ സത്യമാവും, നുണയാവും. അത് ആ കുട്ടിയോട് തന്നെ ചോദിക്കണം. ആ കുട്ടിയെ കുടുക്കാന്‍ വേണ്ടി ഞങ്ങളെ കരുവാക്കി അവരുടെ ശത്രുക്കള്‍ക്ക് കളിക്കാം. അത് കൊണ്ടാണ്  ആ  കുട്ടിക്ക് നേരിട്ട് സന്ദേശം അയച്ചത്.

മറ്റൊരു ഫേസ്ബുക്ക് ആങ്ങള കൂട്ടമാണോ? 

സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന പെണ്‍കുട്ടികളുടെ ആങ്ങളമാരാവാന്‍ പലരും ക്യൂ നില്‍ക്കുന്ന കാലമാണ്. അത്തരം ആങ്ങളമാരാവാനാണ് നിങ്ങളുടെയും ശ്രമമെന്നാണ് ആരോപണം. സ്വകാര്യതയിലേക്ക് നിങ്ങള്‍ കടന്നാക്രമണം നടത്തുകയാണെന്നും ആരോപണമുണ്ട്. നിങ്ങള്‍ മറ്റൊരു ഫേസ്ബുക്ക് ആങ്ങള കൂട്ടമാണോ? 

ഞങ്ങള്‍ ഒരിക്കലും ആങ്ങള വേഷം കെട്ടിയിട്ടില്ല. അതില്‍ താല്‍പര്യവും ഇല്ല. ഞങ്ങള്‍ക്ക് കിട്ടുന്ന പരാതികള്‍ മുഖേന മാത്രമാണ് ഞങ്ങള്‍ ജോലി തുടങ്ങുന്നത്. ഈ ആങ്ങള എന്ന് പറയുന്നത്  ഒറ്റ വാക്കല്ല. പീഡോഫീലിയ പ്രചരിപ്പിച്ച ഫര്‍ഹാദിന്റെ കേസുമായി ബന്ധപ്പെട്ട് ആ അഞ്ച് വയസ്സുകാരിക്കു വേണ്ടി ഞങ്ങള്‍ സന്തോഷത്തോടെ ആങ്ങള വേഷം ഏറ്റെടുക്കും. ഇഷികയെ പോലെ മുതിര്‍ന്ന ഒരു പെണ്‍കുട്ടി ആരോട് എന്ത് ചാറ്റ് ചെയ്യുന്നു എന്ന് പറഞ്ഞു നാശത്തിലേക്ക് പോവരുത് എന്ന് ഞങ്ങള്‍ പറയില്ല. അങ്ങിനെ ഒരു അംഗവും ഒരു പെണ്‍കുട്ടിയുടെയും സംരക്ഷണം ഏറ്റെടുക്കില്ല

ഞരമ്പ് രോഗികള്‍ക്ക് ഫുള്‍ സപ്പോര്‍ട്ട് ആണ് ഈ ആരോപണമുന്നയിക്കുന്നവരെല്ലാം.

പീഡോഫീലിയയുടെ പ്രചാരകരും അവരെ പിന്തുണക്കുന്നവരുമാണോ നിങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്? പീഡോഫീലിയോടുള്ള നിലപാട് എന്താണ് ?

അഞ്ച്  വയസുകാരിയോട് കാമം തോന്നി  അവള്‍ക്ക്  ദിവസവും  മഞ്ച്  വാങ്ങികൊടൂത്ത്  വശീകരിക്കാറുണ്ടെന്ന്  പറഞ്ഞ്  പീഡോഫീലിയയെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്ന വ്യക്തിക്കെതിരെ വലിയ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു. കേരളത്തിലെ നട്ടെല്ലുള്ള മാധ്യമങ്ങള്‍ ഇയാളൈ തുറന്ന് കാട്ടി.
 
അന്ന്  ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ  പ്രതികരിച്ചു.മുഹമ്മദ് ഫര്‍ഹാദിന്റെ  ഫേസ്ബുക് അക്കൗണ്ട് സൈബര്‍ വാരിയര്‍സ് ഹാക്ക് ചെയ്തു. അതിന്റെ പ്രതികാരമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സപ്പോര്‍ട്ടേഴ്‌സും നടത്തിയ പ്ലാന്‍ഡ് അറ്റാക്ക് ആണ് ഇപ്പോള്‍ ഉണ്ടായ ആരോപണങ്ങള്‍ക്കു പിന്നില്‍. ഞങ്ങള്‍ മറുപടി കൊടുക്കുമ്പോള്‍ അവര്‍ ഹിറ്റാവും. അത് ഞങ്ങള്‍ക്ക് അറിയാം.  അത് തന്നെ ആണ് അവരുടെ ലക്ഷ്യം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ലൈംഗിക അവകാശങ്ങളോടൊപ്പം ചേര്‍ത്ത് പൊതുസമ്മതിയുണ്ടാക്കാനാണ് അവരുടെ ശ്രമം. അത്തരക്കാരെ പൊളിച്ചടുക്കുക തന്നെ ചെയ്യും.

ഇഷിക, ഇഞ്ചിപ്പെണ്ണ് തുടങ്ങിയവരടക്കം ഞങ്ങളുടെ നേരെ വന്നത് ഞങ്ങള്‍ പീഡോഫീലിയക്കാരെ പൊളിച്ച് കാട്ടി എന്നതിനാല്‍ മാത്രമാണ്. ഒരു തരത്തില്‍, ഞരമ്പ് രോഗികള്‍ക്ക് ഫുള്‍ സപ്പോര്‍ട്ട് ആണ് ഈ ആരോപണമുന്നയിക്കുന്നവരെല്ലാം. ഇവര്‍ക്ക് അമ്മ ആരാണെന്നോ പെങ്ങള്‍ ആരാണെന്നോ അറിയില്ല. അവര്‍ക്കു ഫ്രീഡം  വേണം. എല്ലാ ഞരമ്പ് രോഗികളുടെയും ആവശ്യം അതാണ്. ആരുമായി സെക്ഷ്വല്‍ റിലേഷന്‍ ചെയ്യാനും ഫ്രീഡം വേണം.

ഈ പിഡോഫീലിയക്കാര്‍  ഞരമ്പു രോഗികളേക്കാളും കഷ്ടമാണ്. ഞരമ്പന്‍മാര്‍ കുറെ ഒക്കെ സമൂഹത്തില്‍ മാന്യതയോടെ ഇടപെടും. അവര്‍ക്ക് പൊതുസമൂഹത്തിനെയെങ്കിലും പേടിയുണ്ട്. എന്നാല്‍ പീഡോഫീലിയ അനുകൂലികള്‍ അവരുടെ ദുഷിച്ച ആശയം പരസ്യമായി പറഞ്ഞ് സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയാണ്. 

വ്യക്തി സ്വാതന്ത്ര്യവും ജീവിത രീതിയും ഓരോ മനുഷ്യന്റെയും അവകാശമാണ്. അതിലേക്കുള്ള കടന്ന് കയറ്റമല്ലേ നിങ്ങളുടെ അറ്റാക്ക് ?

അവരൊക്കെ എങ്ങനെ വേണേലും അവരുടെ ലൈഫ് ആഘോഷിക്കട്ടെ. അത് അവരുടെ ഇഷ്ടം. എന്നാല്‍ ഇന്‍ബോക്‌സില്‍ കൂടി അയലത്തെ സ്ത്രീയെയും  സ്വന്തം അമ്മയെയും കുടുംബത്തിലെ സ്ത്രീകളെയും മോശമായി ചിത്രീകരിച്ച് ഫോട്ടോ ഷെയര്‍ ചെയ്യുന്നവരുണ്ട്. അത് തടയുന്ന ഞങ്ങളെ കളിയാക്കാനും ഞരമ്പു രോഗികള്‍ക്കു ഫുള്‍ പിന്തുണ കൊടുക്കാനുമാണ് ഈ പീഡോഫീലിയ അനുകൂലികള്‍ ശ്രമിക്കുന്നത്. സ്ത്രീകളടക്കമുള്ളവരുണ്ട് അവരുടെ സംഘത്തില്‍.

(സൈബര്‍ വാരിയേഴ്‌സിനെ കുറിച്ച് കൂടുതല്‍. രണ്ടാം ഭാഗം നാളെ )

click me!