വീട്ടില്‍ കുറച്ച് പ്രശ്‍നങ്ങളുണ്ട്, തീര്‍ത്തിട്ടു തിരിച്ചു വരാം; കത്തെഴുതിവച്ച് തടവുപുള്ളികള്‍ ജയില്‍ ചാടി

By Web Team  |  First Published Jun 14, 2020, 11:29 AM IST

ജയിൽ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ, തങ്ങളുടെ കുട്ടികൾ ഒരപകടത്തിൽ പെട്ടിരിക്കുകയാണെന്നും അതിൽ നിന്ന് അവരെ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ ജയിൽ ചാടുന്നതെന്നും അവർ എഴുതിയിരുന്നു.


തടവുപുള്ളികൾ ചാടിപ്പോയ സന്ദർഭങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും, ഇറ്റാലിയൻ മീഡിയ റിപ്പോർട്ട് ചെയ്‍ത ഒരു സംഭവം വളരെ വിചിത്രമാണ്. റെബിബിയ ജയിലിൽ നിന്ന് ചാടിപ്പോയ രണ്ടു തടവുപുള്ളികൾ പോകുന്നതിനുമുമ്പേ ഒരു കത്ത് എഴുതിവച്ചിട്ടാണ് രക്ഷപ്പെട്ടത്. ആ കത്തിലെ ഉള്ളടക്കം എന്താണെന്നോ? നിങ്ങളാരും വിഷമിക്കണ്ട ഞങ്ങൾ വേഗം തിരിച്ചുവരാം എന്നായിരുന്നു ആ കത്തിൽ അവർ എഴുതിയിരുന്നത്. ആരാണാ തടവുപുളളികൾ? എന്തിനാണ് ഇങ്ങനെയൊരു കത്തും എഴുതിവച്ച് അവർ സ്ഥലം വിട്ടത്?  

റോമിലെ റെബിബിയ ജയിലിൽ കഴിയുകയായിരുന്നു കസിൻ‌സായ 40 -കാരന്‍ ദവാദ് സുകനോവിച്ചും, 46 -കാരനായ ലിൻ അഹ്മെറ്റോവിക്കും. ജൂൺ രണ്ടിന് രാത്രി അവർ ജയിൽ നിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ കമ്പികൾ മുറിച്ചുമാറ്റി പുറത്തെത്തിയ അവർ, മുകളിൽ നിന്ന് ഒരു പൈപ്പ് വഴി താഴെ ഇറങ്ങി. തുടർന്ന്, മുറ്റത്തെത്തിയ അവർ ഉയരം കൂടിയ മതിലിൽ പിടിച്ച് കയറി ചുറ്റും കെട്ടിയിരിക്കുന്ന മുള്ളുവേലി മുറിച്ച് പുറത്തു കടക്കുകയായിരുന്നു. ഒരു ഹോളിവുഡ് സിനിമയ്ക്ക് വേണ്ട സംഭവങ്ങൾ എല്ലാം അന്ന് നടന്നുവെങ്കിലും, ഏറ്റവും രസകരമായത് അവർ സെല്ലിൽ ഉപേക്ഷിച്ച ആ കുറിപ്പാണ്. അവർക്ക് അടിയന്തിരമായി തീർക്കേണ്ട ഒരു  കുടുംബ പ്രശ്‌നമുണ്ടെന്നും 15 ദിവസത്തിനുള്ളിൽ തിരിച്ചെത്താമെന്നുമായിരുന്നു കത്തിന്റെ സാരാംശം.

Latest Videos

ജയിൽ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ, തങ്ങളുടെ കുട്ടികൾ ഒരപകടത്തിൽ പെട്ടിരിക്കുകയാണെന്നും അതിൽ നിന്ന് അവരെ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ ജയിൽ ചാടുന്നതെന്നും അവർ എഴുതിയിരുന്നു. മാത്രമല്ല ഇത് ചെയ്യാൻ അവർക്ക് മാത്രമേ കഴിയൂവെന്നും അവരുടെ ഭാര്യമാരും ഇരുമ്പഴിക്കുള്ളിലാണ് എന്നും അതിൽ അവർ പറയുന്നു. തങ്ങളുടെ പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാൽ ഉടനെ തിരികെ വരാമെന്നും അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. മടങ്ങിവന്നയുടൻ ജുഡീഷ്യൽ അതോറിറ്റിയുടെ മുമ്പാകെ ഹാജരാകാൻ അവർ തയ്യാറാണെന്നും ഇരുവരും കത്തിൽ വെളിപ്പെടുത്തി. കത്തിന്റെ ആധികാരികതയെക്കുറിച്ച് ഇറ്റാലിയൻ പൊലീസിന് യാതൊരു സംശയവുമുണ്ടായിരുന്നില്ല, കാരണം ആ കത്തിൽ അവരുടെ വിരലടയാളം പതിഞ്ഞിരുന്നു. എന്നാൽ, അവർ നൽകിയ ഉറപ്പ് വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ല. പൊലീസ് അവരെ തപ്പി ഇറങ്ങിക്കഴിഞ്ഞു.  

വഞ്ചന, മോഷണം എന്നീ കുറ്റകൃത്യങ്ങൾക്കാണ് സുക്കനോവിച്ചും അഹ്മെറ്റോവിച്ചും ശിക്ഷ അനുഭവിച്ചിരുന്നത്. അവരുടെ ശിക്ഷ 2029 -ൽ അവസാനിക്കാനിരിക്കുകയായിരുന്നു. കത്തിൽ നൽകിയ വാഗ്ദാനത്തെ പൊലീസ് മാനിക്കുന്നുണ്ടെങ്കിലും, അവർ തിരിച്ചു വന്നാൽ ജയിൽ ചാടിയതിന് അഞ്ച് വർഷത്തെ തടവ് കൂടി അനുഭവിക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. അത്കൊണ്ട് തന്നെ അവർ സ്വമേധയാ തിരിച്ച് വരാനുള്ള സാധ്യത കുറവാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.  

ജയിലിലെ ക്യാമറകൾ പരിശോധിച്ചപ്പോൾ, പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത് എന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മഗ് ഷോട്ടുകൾ ഉടൻ തന്നെ പൊലീസ്‌ മാധ്യമങ്ങളുമായി പങ്കിട്ടെങ്കിലും ഇരുവരെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരുപക്ഷേ, ഇറ്റാലിയൻ അധികാരികൾക്ക് ഭാഗ്യമുണ്ടെങ്കിൽ സുകനോവിച്ചും അഹ്മെറ്റോവിച്ചും അവരുടെ പ്രശ്‍നങ്ങൾ എത്രയും വേഗം പരിഹരിച്ച് അവർ പറഞ്ഞപോലെ ജയിലിലേയ്ക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം.   
 

click me!