മുക്കം: മതസൗഹാർദ്ദത്തിന് മുക്കത്ത് നിന്നൊരു മാതൃക. കോഴിക്കോട് മുക്കത്ത് കാഴ്ച ശക്തിയില്ലാത്ത മൂസ ഹാജിയെ ദിവസവും നിസ്കാരത്തിനായി പള്ളിയിൽ കൊണ്ട് പോകുന്നത് സമീപത്ത് കിടക്ക നിർമാണ കമ്പനി നടത്തുന്ന ഹിന്ദു വിഭാഗക്കാരനായ മുരളി. നാലു വർഷം മുൻപ് മൂസ ഹാജിക്ക് കാഴ്ച നഷ്ടപ്പെട്ടത് മുതൽ തുടരുന്നതാണ് മതസൗഹാർദ്ദത്തിന്‍റെ ഈ നല്ല കാഴ്ച.
കാഴ്ചയില്ലാത്ത മൂസ ഹാജിയെ ദിവസവും നമസ്കാരത്തിനായി പള്ളിയിലേക്ക് കൊണ്ട് പോകുന്നതും തിരിച്ച് കൊണ്ട് വരുന്നതും കിടക്ക നിർമാണ തൊഴിലാളിയായ മുരളിയാണ്. ചെയ്യുന്നത് വലിയ കാര്യമാണെന്ന് ഇതുവരെ തോന്നിയിട്ടേയില്ല.
undefined
പള്ളികമ്മറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്ന മൂസഹാജിക്ക് പ്രമേഹ ബാധയെ തുടർന്ന് നാലു വർഷം മുൻപാണ് കാഴ്ച നഷ്ടമായത്. പരസഹായം കൂടാതെ നടക്കാൻ കഴിയില്ല, തികഞ്ഞ മത വിശ്വാസിയായ ഹാജിക്ക് അഞ്ച് നേരവും പള്ളിയിൽ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇതു മനസ്സിലാക്കിയാണ് സമീപത്ത് തന്നെ കിടക്ക നിർമാണ യൂണിറ്റ് നടത്തുന്ന മുരളി ഹാജിയെ പള്ളിയിലെത്തിക്കാൻ തുടങ്ങിയത്.
ചെറിയ കേൾവിക്കുറവ് ഉണ്ടെങ്കിലും ബാങ്ക് വിളി കൃത്യമായി കേൾക്കുന്ന മുരളി ഏത് തിരക്കും മാറ്റി വച്ച് ഹാജിയുടെ വീട്ടിലേക്കെത്തും. പ്രാർത്ഥന കഴിയുന്നത് വരെ പള്ളിക്ക് പുറത്ത് കാത്തു നിൽക്കും സ്ഥലത്ത് ഇല്ലാത്ത ദിവസങ്ങളിൽ അസൗകര്യം ഹാജിയെ മുൻ കൂട്ടി അറിയിക്കും. കഴിയുന്ന അത്രയും കാലം ഹാജിക്ക് പള്ളിയിലേക്ക് കൂട്ടുപോകാൻ താൻ ഉണ്ടാകുമെന്ന് നിഷ്കളങ്കമായി പറഞ്ഞു വെക്കുന്നു മുരളി.