അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ
undefined
ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്നു. പ്രശ്‌നങ്ങളെ നേരിടാന്‍ എവിടുന്ന് കിട്ടി ഇങ്ങനൊരു ധൈര്യം എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രം- അച്ഛന്‍.
ബെന്യാമിന്റെ ആട് ജീവിതം ഞാന്‍ വായിച്ചത് വെറും രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ്. അതിനും എത്രയോ മുന്‍പ് ഞാന്‍ ഒരു അടിമ ജീവിതം (ആട് ജീവിതം അല്ല) കേട്ട് കരഞ്ഞിരിക്കുന്നു..നാടും വീടും വീട്ടുകാരേം കാണാന്‍ പറ്റുമെന്ന് ഒരു നേരിയ പ്രതീക്ഷ പോലുമില്ലാതിരിക്കുമ്പോള്‍ ആത്മ ധൈര്യം കൊണ്ട് ജീവിതം തിരിച്ച് പിടിച്ച അച്ഛന്റെ കഥ.വലിയ വിഷമത്തോടെ കേട്ട് തുടങ്ങിയ കഥ അവസാനത്തോട് അടുക്കുമ്പോളേക്കും ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയുമായ കഥ.
എല്ലാ പ്രവാസികളെയും പോലെ ജീവിതം പച്ച പിടിപ്പിക്കാന്‍ വേണ്ടി മരുപ്പച്ച തേടി ഇറങ്ങിയതായിരുന്നു അച്ഛന്‍. ഡ്രൈവിങ് ജോലി മാത്രമേ നാട്ടില്‍ ചെയ്തിട്ടുള്ളു. അതു മാത്രമേ അറിയുകയുമുള്ളൂ. പോവുന്നത് ഹൗസ് ഡ്രൈവര്‍ വിസക്കും. അമ്മ പറയുന്നത് കേട്ടിട്ടുണ്ട് അന്നത്തെ ഏറ്റവും വല്യ ആഗ്രഹം, വിസക്ക് കൊടുത്ത പൈസയുടെ കടം തീര്‍ന്നാല്‍ വീട് ഒന്ന് ഓട് മേയണം എന്നതായിരുന്നു എന്ന്. അതിനു കാരണവും ഉണ്ടായിരുന്നു. അന്ന് മ്മടെ പ്രദേശത്ത് മഴ പെയ്താല്‍ പിറ്റേ ദിവസം വെള്ളം കോരേണ്ടി വരില്ല്യാ. വീടിനകത്ത് ചോരുന്ന സ്ഥലത്ത് എല്ലാം പാത്രങ്ങള്‍ വെക്കുമായിരുന്നു. മ്മടെ ഭാഗ്യം എന്ന് പറയട്ടെ വലിയ പത്രങ്ങള്‍ മുതല്‍ കിണ്ണവും (പ്‌ളേറ്റ്) ഗ്ലാസ്സും വരെ നിറഞ്ഞു കിട്ടുമായിരുന്നു. പിറ്റേ ദിവസം അമ്മയ്ക്കും അമ്മമ്മക്കും പിന്നെ വെള്ളം കോരേണ്ടല്ലോ. വല്ലാത്തൊരു ഭാഗ്യം തന്നെ!
ഇവിടെ വന്നിരിക്കുന്നത് ഡ്രൈവര്‍ ആയിട്ടല്ല, തോട്ടക്കാരന്‍ ആയിട്ടാണ്.
അങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങളുമൊക്കെയായി അച്ഛന്‍ ഏഴാം കടലു കടന്നു സൗദിയിലേക്ക്. ചെന്ന് കയറിയ ഉടനെ തന്നെ പാസ് പോര്‍ട്ടും ഫോണ്‍ നമ്പര്‍ എഴുതിയ പുസ്തകവും എല്ലാം അര്‍ബാബ് (അറബി മുതലാളി) വാങ്ങി വച്ചു.അവരുടെ വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസില്‍ താമസം. ഏ സി ഒന്നും ഇല്ല. ഒരു കുടുസുമുറി. അപ്പുറത്തെ മുറി അടച്ചിട്ടിരിക്കുന്നു. കൂടെ വേറൊരു പാക്കിസ്ഥാനിയും. അവന്റെ ജോലി കൂടി കേട്ടപ്പോള്‍ ഞെട്ടി പോയി. അവന്‍ ആ വീട്ടിലെ ഡ്രൈവര്‍ ആണ്. ചതിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പായി. അപ്പോഴും മനസ്സില്‍ ചിന്ത നാട്ടിലെ കടങ്ങളും ചോര്‍ന്നൊലിക്കാത്ത വീടും. എന്തും വരട്ടെ എന്ന് കരുതി അടുത്ത ദിവസമാവാന്‍ കാത്ത് നിന്നു. പിറ്റേ ദിവസം കാലത്ത് നേരത്തെ തന്നെ അറബി മുതലാളി വന്നു. മലയാളം അല്ലാതെ വേറൊരു ഭാഷയും അറിയില്ല. അയാള്‍ അടുത്തേക്ക് വിളിച്ചു കയ്യിലെ കൈക്കോട്ട് കൊടുത്ത് അറബിയില്‍ എന്തൊക്കെയോ പിറുപിറുത്തു. എന്നിട്ട് പൂന്തോട്ടം കാണിച്ച് കൊടുത്തു. അപ്പോളാണ് കാര്യങ്ങള്‍ ഏകദേശം പിടികിട്ടിയത്, താന്‍ ഇവിടെ വന്നിരിക്കുന്നത് ഡ്രൈവര്‍ ആയിട്ടല്ല, തോട്ടക്കാരന്‍ ആയിട്ടാണ്.
ആകെ അറിയുന്ന ജോലി വണ്ടി ഓടിക്കുക മാത്രമാണ്. ഇപ്പൊ കിട്ടിയിരിക്കുന്നത് കൈക്കോട്ട്. മനസ്സില്‍ കടങ്ങളും വീട് മേയുന്നതും. അറിയാവുന്ന പോലെയെല്ലാം പണിയെടുത്തു. എന്നാലും അറബിയിലുള്ള ശകാരം മിച്ചം. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. നാട്ടിലേക്ക് വിളിക്കുന്നത് പോയിട്ട് കത്ത് അയക്കുന്നത് പോലും അസാധ്യം. ശമ്പളം പോയി ഭക്ഷണം പോലും ശരിയായി കിട്ടുന്നില്ല. അവിടുത്തെ ജോലിക്കാര്‍ക്ക് വേറെ ഭക്ഷണം. അറബി മുതലാളിക്കും കുടുംബത്തിനും വേറെ ഭക്ഷണം... അമ്മ പറഞ്ഞിട്ട് എനിക്ക് ഓര്‍മ ഉണ്ട്. എന്നും ഉപ്പിട്ട് വേവിച്ച ഇറച്ചിയും ചോറും മാത്രം. പ്രതീക്ഷയുടെ പുല്‍നാമ്പ് പോലുമില്ല.എന്നാലും കാത്തിരിക്കുക തന്നെ. മാസങ്ങള്‍ കഴിഞ്ഞു ദിവസം പോവുന്നത് ഒന്നും അറിയുന്നില്ല. സൂര്യോദയവും അസ്തമനവുമാണ് ആകെ മനസിലാവുന്നത്.
രക്ഷപ്പെടാനുള്ള പഴുതുകള്‍ കിട്ടുന്നില്ല. പാസ്‌പോര്‍ട്ട് ആണെങ്കില്‍ അറബി മുതലാളിയുടെ കയ്യില്‍.
പെട്ടെന്ന് ഒരു ദിവസം അറബി മൊതലാളി വന്ന് പൊട്ടിത്തെറിക്കുന്നു. കാര്യം മനസിലായി. പാക്കിസ്ഥാനി ഡ്രൈവറെ കാണുന്നില്ല. അന്നത്തോടെ അസ്തമിച്ച പ്രതീക്ഷകള്‍ വീണ്ടും വന്നിരിക്കുന്നു. ഇനി ഡ്രൈവര്‍ ആയി തന്റെ ഊഴമാണ്. പ്രതീക്ഷ തെറ്റിയില്ല. ഡ്രൈവിങ് ലൈസന്‍സ് എടുത്തു. ഇപ്പോ ഇടക്കിടക്ക് പുറത്ത് പോവാം എന്നുള്ള സ്ഥിതി ആയി. അറബിയുടെ ഉമ്മാക്ക് പുറത്തേക്ക് പോവുമ്പോള്‍ ഡ്രൈവര്‍ ആയി പുറത്തേക്ക് പോകാം. പക്ഷെ കൂടെ എപ്പോളും ആരെണെങ്കിലുമൊക്കെ ഉണ്ടാവുമെന്ന് മാത്രം. എന്നാലും ആദ്യമൊക്കെയുള്ള ഏകാന്തതക്ക് കുറവുണ്ട്. ഇപ്പൊ ബംഗ്ലാവില്‍ അല്ലാതെ കുറച്ച് മനുഷ്യരെ കാണുന്നുമുണ്ട്. എന്നാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ കിട്ടുന്നില്ല. പാസ്‌പോര്‍ട്ട് ആണെങ്കില്‍ അറബി മുതലാളിയുടെ കയ്യില്‍. എന്നാലും കാത്തിരുന്നു. ഓടി പോവുക അല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ല.
അങ്ങനെ ഒരു ദിവസം അറബി മുതലാളിയുടെ അമ്മക്ക് ആശുപത്രിയില്‍ പോണം. കൂടെ ആരുമില്ല. മുതലാളി രൂക്ഷമായി ഒന്ന് നോക്കി പറഞ്ഞു, സൂക്ഷിച്ചു പോയി വാ '
അങ്ങനെ ആശുപത്രിയില്‍ എത്തി. അവര്‍ പുറത്ത് കാത്ത് നില്‍ക്കുവാന്‍ പറഞ്ഞു. തലക്കും ചുറ്റും സിനിമ പോലെ നാടും വീടും ഓര്‍മകളും. രക്ഷപ്പെടാനുള്ള അവസരം ആണ്. അറബി മുതലാളിയുടെ അമ്മയ്ക്ക് തന്റെ അമ്മയുടെ വയസ്സ്. അവരെ ഒറ്റക്ക് വിട്ടിട്ട് വേണം രക്ഷപെടാന്‍ എന്ന് ആലോചിച്ചപ്പോള്‍ മനസിലൊരു വിഷമം. പിന്നെ ചിന്തിച്ചു ഇത് കിട്ടാവുന്നതില്‍ വച്ച് അവസാന അവസരമാണെങ്കിലോ ? ആ അമ്മക്ക് ആണേല്‍ അവരുടെ നാടാണ്. കൂടാതെ പരിചയക്കാരുള്ള ആശുപത്രിയും. ഒന്നും നോക്കിയില്ല. വണ്ടി പാര്‍ക്ക് ചെയ്ത് പറ്റാവുന്ന വേഗതയില്‍ എങ്ങോട്ടെന്നില്ലാതെ ഓടി. ഒരു ലക്ഷ്യവുമില്ല. ആരെയും പരിചയവുമില്ല. ഓടി ഓടി കുറച്ചു പൈപ്പുകള്‍ കൂട്ടി ഇട്ടിരിക്കുന്ന സ്ഥലത്തെത്തി. ഒരാള്‍ക്ക് കയറി ഇരിക്കാന്‍ പറ്റുന്ന തരത്തിലുള്ള കുറച്ചു പൈപ്പുകള്‍. ഉള്ളില്‍ കയറി ഇരുന്നു. പേടിയാവുന്നുണ്ട്. കയ്യില്‍ പാസ്‌പോര്‍ട് ഇല്ല. ഒന്നുമില്ല. ഇട്ടിരിക്കുന്ന വസ്ത്രം മാത്രം. എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല. ഒരു ദിവസം കഴിഞ്ഞു പൈപ്പിനുള്ളില്‍ പുറത്തിറങ്ങിയാല്‍ എങ്ങാനും അറബി മുതലാളി കണ്ടു തിരികെ കൊണ്ട് പോയാലോ ?
മൂന്നാം ദിവസം ഒരു വാര്‍ത്ത വരുന്നു ഗള്‍ഫ് യുദ്ധം കാരണം തടവുകാരെ കയറ്റി അയക്കുന്ന പരുപാടി നിറുത്തി വച്ചിരിക്കുന്നു.
രണ്ടാം ദിവസവും ഇത് തന്നെ സ്ഥിതി. ഒന്നും കഴിച്ചിട്ടില്ല. തിരിച്ചു പോയാലോ? അറബി മുതലാളി ചിലപ്പോള്‍ ഉപദ്രവിക്കുമായിരിക്കും. എന്നാലും വേണ്ടില്ല്യ ഭക്ഷണമെങ്കിലും കഴിക്കാമല്ലോ എന്ന് ചിന്തിച്ചു. നാടും വീടും എല്ലാം ചിന്തിച്ചപ്പോള്‍ അതിനു മനസ്സ് വന്നില്ല.
തളര്‍ന്നു കിടന്നുറങ്ങി.മൂന്നാം ദിവസം.
ഒരാള്‍ കൊട്ടി വിളിക്കുന്നു. ക്ഷീണത്തിന്റെ പാരമ്യതയിലാണ്. അയാള്‍ എന്തൊക്കെയോ ചോദിച്ചു മലയാളി ആണെന്ന് മനസിലായി.മറുപടി പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല. അയാള്‍ താങ്ങിയെടുത്ത് റൂമില്‍ കൊണ്ടു പോയി. ഭക്ഷണം കൊടുത്തു. പതിയെ പതിയെ മനസിലായി താന്‍ അടിമ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. പിന്നീട് അവരോടു നടന്നതെല്ലാം പറഞ്ഞു. അവര്‍ കൂടെ കൂട്ടി കൂടെ ജോലിക്ക് കൊണ്ട് പോയി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഹെല്‍പ്പര്‍ ആണ്. അതിനിടക്ക് നാട്ടിലേക്ക് ഒരു കത്തും അയച്ചിരുന്നു. അതിലെ മറുപടിയിലാണ് എന്റെ ജനനം പോലും അച്ഛന്‍ അറിയുന്നത്.
അങ്ങനെ ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മറുപടിയില്‍ കിട്ടിയ നമ്പറിലേക്ക് വിളിച്ചു സംസാരിക്കുന്നു. സംസാരത്തെക്കാള്‍ ഇരുപുറത്തും കരച്ചിലായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെ കുറച്ച് കുറച്ച് ആയി പൈസ അയച്ചു കൊടുത്തു. വിസയുടെ കടങ്ങള്‍ വീട്ടി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. നാട്ടില്‍ പോണം. കയ്യില്‍ പാസ്‌പോര്‍ട്ട് ഇപ്പോളും ഇല്ല. ഇനി നാടുകാണാന്‍ ഒരേ ഒരു മാര്‍ഗം പൊലീസിന് പിടി കൊടുക്കണം, മാപ്പ് കൊടുത്ത് നാട്ടിലേക്ക് കയറ്റി വിടുന്ന ഒരു ഏര്‍പ്പാട് ഉണ്ടെന്നു കേട്ടു. ഒരാഴ്ച ജയിലില്‍ കിടന്നാല്‍ മതിയാവും. അതിനു വേണ്ടി സ്‌റ്റേഷനില്‍ ഹാജരായി. എല്ലാം കഴിഞ്ഞു നാട് കാണാമല്ലോ എന്ന അവസ്ഥയില്‍ ജയിലില്‍ കിടന്നു. മൂന്നാം ദിവസം ഒരു വാര്‍ത്ത വരുന്നു ഗള്‍ഫ് യുദ്ധം കാരണം തടവുകാരെ കയറ്റി അയക്കുന്ന പരുപാടി നിറുത്തി വച്ചിരിക്കുന്നു.
പ്രതീക്ഷയില്‍ വീണ്ടും മങ്ങല്‍. എന്നാലും കാത്തിരുന്നു. ഒരാഴ്ച ജയിലില്‍ കിടക്കേണ്ടിടത്ത് 2 മാസം. ഒടുവില്‍ ആ വാര്‍ത്ത അടുത്ത ബാച്ചില്‍ അച്ഛനും നാട്ടിലേക്ക്..
പ്രതീക്ഷകളാണ് ജീവിതത്തെ നയിക്കുന്നത്. ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം ജീവിതം തിരിച്ചു പിടിച്ച അച്ഛന്റെ കഥ. അമ്മ സ്‌നേഹവും വാത്സല്യവുമാണെങ്കില്‍ അച്ഛന്‍ ധൈര്യവും ആത്മ വിശ്വാസവും ആണ്. അച്ഛന്‍ എന്റെ ഹീറോ. ഇപ്പൊ പ്രശ്ങ്ങളെ നോക്കി ഞാന്‍ ഇങ്ങനെ പറയാറുണ്ട്- വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേന്ന്!