അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
undefined
നമുക്കവളെ നീനയെന്നു വിളിക്കാം.
ഒരേ ഡിപ്പാര്‍ട്ടുമെന്റിലായിരുന്നെങ്കിലും, വെവ്വേറെ യൂണിറ്റുകളില്‍ വ്യത്യസ്ത ജോലികള്‍ ചെയ്തിരുന്നവരാണ് ഞങ്ങള്‍. ജോലിയുടെ ആദ്യകാലങ്ങളില്‍ അപരിചിതമായ പല മുഖങ്ങള്‍ നിറഞ്ഞിരുന്ന പല മീറ്റിങ്ങുകളിലും നിറഞ്ഞ പുഞ്ചിരി തന്നിരുന്ന നീന. പിന്നെ കാണുമ്പോളെല്ലാം പരിചയക്കാരെപ്പോലെ മിണ്ടുകയും, ദേശി-വിദേശി തരം തിരിവു മറന്നു പോകുന്ന പോലെ എനിക്ക് തുറന്നു സംസാരിക്കാവുന്ന സഹപ്രവര്‍ത്തകയായി മാറുകയും ചെയ്തു, നീന. പിന്നീട് ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ കൂടുകയും, പല കാര്യങ്ങളുടെയും നേതൃത്വമേറ്റെടുക്കേണ്ടി വരികയും ചെയ്തപ്പോള്‍ പല കമ്മിറ്റികളിലും നീന ഒപ്പമുണ്ടായിരുന്നു. അതൊരു വലിയ സഹായവും, ആശ്വാസവുമായി തോന്നിയിരുന്നു പലപ്പോഴും. കാരണം, സ്വന്തം ബോസിനെ കാണിക്കാന്‍ വേണ്ടി, ഇ പി ആറില്‍ അടയാളപ്പെടുത്താന്‍ വേണ്ടി, വെറുതെ പേരിനു വേണ്ടി, മാത്രം കമ്മിറ്റികളില്‍ ചേരുന്നവരാണ് അധികവും. അവിടെ വ്യത്യസ്തയായിരുന്നു നീന. 'ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതൊഴിച്ചു എന്തിനും എന്നെ കൂട്ടിക്കോളൂ'യെന്നു പറഞ്ഞു, എപ്പോളും എന്ത് സഹായം ചെയ്യാനും തയ്യാറായ നീന. ഞങ്ങള്‍ ഒരുമിച്ചു ഒരുപാടു കാര്യങ്ങള്‍ ചെയ്തിരുന്നു.
ഒരു ജനുവരിക്കാലത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയുടെ ആ ഇമെയില്‍ വരുന്നത് ...'ഇറ്റ്‌സ് വിത്ത് ഡീപ് സാഡ് നെസ്' സ്‌ക്രോള്‍ ചെയ്തു കണ്ടന്റ് നോക്കിയപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ നീനയുടെ മുഖം. എന്തോ തെറ്റി വേറെ മെയില്‍ ക്ലിക്ക് ചെയ്തതാവും. ഞാന്‍ ഇന്‍ബോക്‌സില്‍ തിരിച്ചു പോയി. ശ്രദ്ധയോടെ മെയില്‍ വീണ്ടും തുറന്നു. സബ്ജക്റ്റ് ലൈന്‍ വീണ്ടും നോക്കി -കേയറിംഗ് ആന്‍ഡ് ഷെയറിംഗ്. വിശ്വസിക്കാന്‍ വയ്യ -നീന തന്നെ- നീന പോയിരിക്കുന്നു! അതാണ് മെയിലിന്റെ ഉള്ളടക്കം
അലറി അലറിക്കരയണമെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ എങ്ങും നിശ്ശബ്ദത. ഇരുനൂറ്റിയമ്പതോളം ആളുകളുള്ള ഈ ഫ്‌ലോറില്‍ ആരും ഈ മെയില്‍ കണ്ടില്ലെന്നാണോ? ആര്‍ക്കും നീനയെ അറിയില്ലെന്നാണോ? നീനയുടെ യൂണിറ്റുള്ള കോര്‍ണറില്‍ പോയി നോക്കിയാലോ? എന്നും അവളെ കാണുന്നവര്‍ ഈ വാര്‍ത്ത അറിഞ്ഞുവോ? അവരെല്ലാം എങ്ങനെയിതു നേരിടുന്നു?
പെട്ടെന്നൊരു കൂട്ട പൊട്ടിച്ചിരി. ഓ ഇതവരാണ്. ഒരു അഞ്ചംഗ സംഘം മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൂട് മാറി ഇവിടെ വന്നു ഒരു പുതിയ യൂണിറ്റുണ്ടാക്കി ചേക്കേറിയിട്ടുണ്ട് -അവരാണ്. എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ആളുകളുടെ സ്വഭാവത്തിനു തീര്‍ത്തും വിപരീതമാണ് ഇവരുടെ രീതികള്‍. ഇവിടെ ഭൂരിപക്ഷവും അന്തര്‍മുഖരും അപാര ബുദ്ധിശാലികളുമാണ്. സ്ഥാപനത്തിന്റെ തലച്ചോറും നട്ടെല്ലും ആണ് ഈ ഫ്‌ലോറിലുള്ള ഓരോരുത്തരും എന്നാണ് വെപ്പ്. ജോലിയെക്കുറിച്ചല്ലാതുള്ള സംഭാഷണങ്ങള്‍ മിക്കവാറും ഇവിടെ കേള്‍ക്കുകയില്ല. ഉറക്കെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് കരിയര്‍ ടോപിക്‌സ് ആയിരിക്കും. ഉച്ചക്ക് ഊണ് കഴിക്കാന്‍ മുപ്പത് മിനുട്ട് പോലും ചെലവാക്കാത്തവര്‍. ലഞ്ച് കഴിക്കുമ്പോളും ജോലി ചെയ്യുന്നവര്‍. നേരത്തെ വരുന്നവര്‍. ജോലി സമയം കഴിഞ്ഞും വീട്ടിലെത്താന്‍ തിരക്ക് കാണിക്കാതെ, ആരോടോ പക വീട്ടുന്ന പോലെ, മത്സരബുദ്ധിയോടെ അധികപ്പണി ചെയ്യുന്നവര്‍. ഇവര്‍ക്കിടയില്‍ തികച്ചും ഒരു പൊരുത്തക്കേടായിരുന്നു ഈ പുതിയ അഞ്ചംഗ സംഘം. ഒരു പുരുഷനും നാല് സ്ത്രീകളും. പുരുഷന്‍ താരതമ്യേന മൗനിയാണ്. സ്ത്രീകള്‍ തരം കിട്ടുമ്പോളൊക്കെ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു - പെഡി, മാനി വിശേഷങ്ങളും, തുണിക്കടകളിലെ സെയില്‍ ഓഫറുകളും ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു. അവര്‍ക്കു നീനയെ അറിയില്ലായിരിക്കും. അല്ലെങ്കില്‍ അവര്‍ മെയില്‍ കണ്ടിട്ടില്ലായിരിക്കും, അതാണവര്‍ ഇത്രയും ഒച്ചയില്‍ ബഹളം തുടരുന്നത്- ഞാന്‍ വിചാരിച്ചു.
ഞാന്‍ ഓടിയാണ് റസ്റ്റ് റൂമിലെത്തിയത്. വാതിലടച്ചു ഞാന്‍ വായും പൊത്തിക്കരഞ്ഞു.
ഞാന്‍ ഓടിയാണ് റസ്റ്റ് റൂമിലെത്തിയത്. വാതിലടച്ചു ഞാന്‍ വായും പൊത്തിക്കരഞ്ഞു. കരയുമ്പോളും ഞാന്‍ എന്നോട് ചോദിച്ചു - 'വിഡ്ഡീ, നിന്റെ ആരാണ് പോയത് ഇങ്ങനെ കരയാന്‍'. പക്ഷെ ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു മുഖം കഴുകി ഞാന്‍ ക്യൂബില്‍ തിരിച്ചു വന്നു മെയില്‍ പിന്നെയും നോക്കി അപ്രതീക്ഷിത വിയോഗം-വേറെ വിവരങ്ങള്‍ ഒന്നുമില്ല. വെള്ളിയാഴ്ച റസ്റ്റ് റൂമിന്റെ പുറത്തു വെച്ച് ഞാന്‍ കണ്ടതാണല്ലോ -ഒരു കാലില്‍ വലിയൊരു പ്ലാസ്റ്റര്‍ ഉണ്ടായിരുന്നു. ഇവിടുത്തെ ആളുകള്‍ക്ക് ഇങ്ങനെയൊക്കെ പതിവാണ്. എന്തെങ്കിലും സ്‌പോര്‍ട്‌സ് കളിച്ചു കാല് ഉളുക്കുകയോ ഒടിയുകയോ ചെയ്യുന്നത് സ്ഥിരമാണ്. അതാണെന്നേ ഞാന്‍ കരുതിയുള്ളൂ . അന്ന് ക്രച്ചസും പിടിച്ചു നിന്നപ്പോളും നീനയുടെ മുഖത്ത് വിടര്‍ന്ന ചിരിയുണ്ടായിരുന്നു. 'ഹാപ്പി വീക്കെന്‍ഡ്' പരസ്പരം നേര്‍ന്നു പിരിഞ്ഞതാണല്ലോ -വേറെ ഒന്നും മിണ്ടിയില്ല-വെള്ളിയാഴ്ച ആയ സന്തോഷത്തിലായിരുന്നു ഞാനും. നാല് ദിവസം കൊണ്ട് എന്താണ് സംഭവിച്ചത് ? എന്ത് മാരക മരണ കാരണമാണ് ഉണ്ടായത്? അപകട മരണം? കൊലപാതകം? ആത്മഹത്യ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ എന്റെ തലയില്‍ ദിശയറിയാതെ പരക്കം പാഞ്ഞു.
എന്റെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് അല്ല നീന. ഓഫീസിലെ ആരെയും ഞാന്‍ എന്റെ ലിസ്റ്റിില്‍ ചേര്‍ത്തിയിട്ടില്ല. എന്നില്‍ നിന്നും വളരെ വേറിട്ട ചിന്താഗതിയാണ് ഓഫീസിലെ ഭൂരിപക്ഷത്തിനും. മതത്തിന് ജീവിതത്തില്‍ നല്‍കുന്ന സ്വാധീനമായാലും രാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍ ആയാലും എല്ലാം. ആളുകള്‍ അവരുടെ മതത്തിനെ, ദൈവത്തിനെ, പ്രത്യേക രാഷ്ട്രീയ ബോധത്തെയൊക്കെ ഫെയ്‌സ്ബുക്ക് വഴി മാര്‍ക്കറ്റു ചെയ്യുന്നത് കാണാന്‍ എനിക്ക് താല്പര്യം കുറവാണ്. വ്യക്തമായ അഭിപ്രായം ഈ പറഞ്ഞ വിഷയത്തിലൊക്കെ എനിക്കുമുണ്ട്- അതിനോടൊക്കെ പലരും യോജിക്കണം എന്നുമില്ല. വ്യക്തി വിരോധമൊഴിവാക്കാന്‍ ഞാന്‍ ഇതൊക്കെ ഞാന്‍ സ്വയം ഉണ്ടാക്കിയ കൂട്ടില്‍ തന്നെ പൂഴ്ത്തി വെക്കാനാണ് ശ്രമിക്കാറ്.
എന്നാല്‍ എന്നെ ഇങ്ങോട്ട് അവരുടെ എഫ് ബി സുഹൃത്ത് ലിസ്റ്റില്‍ ചേര്‍ത്തിയ ചെറിയൊരു കൂട്ടം ആളുകളുണ്ട്. അവരില്‍ ഒരാള്‍ നീനയുടെ യൂണിറ്റിലാണ്. അവര്‍ക്കു ഞാന്‍ വൈകീട്ട് മെസേജിട്ടു ചോദിച്ചു -എന്താണ് നീനക്ക് പറ്റിയത്? മറുപടി ഉടന്‍ വന്നു. ക്രിസ്മസിനു ബേസ്‌മെന്റില്‍ നിന്നും അലങ്കാരവിളക്കുകളും മറ്റു സാധനങ്ങളും എടുത്തു കോണി കയറി വരുമ്പോള്‍ ഒന്ന് വീണു. കാലുളുക്കി. എക്‌സ്റേ എടുത്തു. പൊട്ടലൊന്നും ഇല്ലായിരുന്നു. അത് കഴിഞ്ഞു ഒരാഴ്ചയായി. ഇന്നലെ രാത്രി ഉറങ്ങുമ്പോള്‍ മരിച്ചു. ഹൃദയത്തിലേക്കുള്ള വഴിയില്‍ രക്തം കട്ട പിടിക്കാന്‍ തുടങ്ങിയിരുന്നു. ആരും അറിഞ്ഞില്ല. ഉറക്കത്തിലെപ്പൊഴോ രക്തത്തിന് സഞ്ചരിക്കാനുള്ള വഴിയടഞ്ഞു. ഹൃദയം നിലച്ചു. കുറെ നേരം ഞാനോര്‍ത്തിരുന്നു. ഒരു ക്രിസ്മസിന് ജനിച്ച നീന, ക്രിസ്മസ് ഒരുക്കങ്ങള്‍ക്കിടയിലെ ചെറിയൊരു വീഴ്ച, ഇതാ ദൈവത്തിന്റെ അരികിലേക്ക് തന്നെ പോയിരിക്കുന്നു!
മൂന്നാല് ദിവസം കഴിഞ്ഞിട്ടായിരുന്നു നീനയുടെ വിസിറ്റേഷന്‍. എനിക്ക് പോകണമെന്നും വേണ്ടെന്നുമുണ്ട്. ചലനമറ്റ നീനയെ കാണാന്‍ വയ്യ. പക്ഷെ ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ല എന്നോര്‍ക്കുമ്പോള്‍, അവസാനമായി ഒരു നോക്ക് കാണണം എന്നുമുണ്ട്. ഭര്‍ത്താവിന് വരാന്‍ പറ്റില്ല. കുട്ടികളെ സ്‌കൂളില്‍ നിന്നും എടുക്കണം. അവരെ കൊണ്ട് പോകാനും പറ്റില്ല. എവിടെയും ആക്കി വരാനും പറ്റില്ല. അവര്‍ക്ക് നീന്തല്‍ ക്ലാസും, പിയാനോ ക്ലാസും, ഒക്കെയുണ്ട്. ഓഫിസില്‍ കുറെ നേരമിരുന്നു ഞാന്‍ ആലോചിച്ചു. പോകണോ, വേണ്ടയോ? ഒടുവില്‍ പോകുന്നില്ലയെന്ന് തീരുമാനിച്ചു ബാഗുമെടുത്തിറങ്ങാന്‍ തുടങ്ങുകയായിരുന്നു -അപ്പോള്‍ മറ്റൊരു സഹപ്രവര്‍ത്തകയെ കണ്ടു. 'ആര്‍ യു ഓകെ? ', എന്റെ കലങ്ങിയ കണ്ണുകള്‍ കണ്ടാവണം, അവര്‍ ചോദിച്ചു.' ഞാന്‍ നീനയെ പറ്റി ഓര്‍ക്കുകയായിരുന്നു' - ഞാന്‍ അറിയാതെ മനസ്സ് തുറന്നു പറഞ്ഞു. 'പോകുന്നുണ്ടോ ഇന്ന്?', അവര്‍ ചോദിച്ചു. എന്നെ പോലെ പാതി മനസ്സുമായി നില്ക്കുകയായിരുന്നു അവരും. സംസാരിച്ചപ്പോള്‍ ഞാനും അവരും ഒരുമിച്ചു പോകാന്‍ തീരുമാനമായി.
ഫ്യൂണറല്‍ ഹോമില്‍ എത്തിയപ്പോള്‍ മുതല്‍ എന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി .വലിയൊരു ക്യൂ. ഡിപ്പാര്‍ട്ട് മെന്റിലെ പലരുമുണ്ട് മുന്നിലും പിന്നിലുമായി. നീണ്ട ഇടനാഴിയില്‍ വെച്ചിരുന്ന വിസിറ്റര്‍ ഗസ്റ്റു ബുക്കില്‍ ഞാന്‍ എഴുതി- നീന നിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായത്! അവിടെയിരുന്ന നോട്ടീസും ഒരെണ്ണം കയ്യിലെടുത്തു. വിടര്‍ന്ന ചിരിയുള്ള നീനയുടെ മുഖം. കല്യാണത്തിന്റെ ചിത്രമാണ്. വെള്ളയുടുപ്പിട്ട ഒരു മാലാഖ പോലെ! നീന കണ്ണട വെച്ചിട്ടുണ്ട്. നോട്ടീസിന്റെ മറു വശത്ത് ഒരു കവിത -എനിക്ക് വേണ്ടി നിങ്ങള്‍ കണ്ണീര്‍ പൊഴിക്കരുത് -അതായിരുന്നു ആദ്യ വരി. ഇല്ല, കരയില്ല ഞാനുറപ്പിച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ക്ക് മെയിന്‍ ഹാളില്‍ എത്താന്‍ കഴിഞ്ഞത് അവിടെ മുഴുവന്‍ നീനയുടെ ബാല്യ കാലം മുതലുള്ള ചിത്രങ്ങള്‍. പിന്നെ നീന വരച്ച ചിത്രങ്ങള്‍. ചിത്രങ്ങളും ആളുകള്‍ നല്കിയ പൂക്കള്‍ അലങ്കരിച്ചു വെച്ചിരിക്കുന്നതുമൊക്കെ കണ്ടു ഞങ്ങള്‍ പതിയെ പതിയെ ക്യൂവില്‍ നീങ്ങി.
'അതാണ് അമ്മ. പിന്നെ അത് ചേട്ടന്‍, ചേട്ടത്തിയമ്മ. ചേട്ടത്തി രണ്ടാമതും ഗര്‍ഭിണിയാണ് -ആ നില്‍ക്കുന്നത് രണ്ടു അനിയത്തിമാര്‍, അതാണ് ഭര്‍ത്താവ്, അപ്പുറത്തുള്ളത് അച്ഛനും അച്ഛന്റെ രണ്ടാം ഭാര്യയും'- എന്റെ കൂടെ ഉണ്ടായിരുന്നവള്‍ പറഞ്ഞു കൊണ്ടിരുന്നു. ഒരു അനിയത്തിയെ കാണാന്‍ നീനയെ പോലെയുണ്ട്. നീനയെ എങ്ങനെ കാണും എന്നായിരുന്നു ഞാനപ്പോള്‍ ഭയപ്പെട്ടു കൊണ്ടിരുന്നത്. കാലുകള്‍ കഴക്കുന്ന പോലെ. മുന്നോട്ടു നീങ്ങാന്‍ പാടെ പ്രയാസം. വരേണ്ടായിരുന്നു! ഞാന്‍ മനസ്സിനെ കുറ്റപ്പെടുത്തി. എന്ത് കിട്ടാനാണ് ആ ചലനമറ്റ മുഖം കണ്ടിട്ട്? ചിരിച്ചു 'ഹാപ്പി വീക്കെന്‍ഡ് 'പറഞ്ഞ നീനയുടെ അവസാന ഭാവം എന്തിനാണ് മനസ്സില്‍ നിന്നും വേറൊരു മുഖഭാവത്താല്‍ മാറ്റി വെക്കാന്‍ വന്നത്?
'ഓ, കാസ്‌കറ്റില്ല, ബോഡി കാണാന്‍ പറ്റില്ല, ഫാമിലിയെ കാണാം, അത്രേയുള്ളൂ!' സഹയാത്രിക പറഞ്ഞത് കേട്ടപ്പോള്‍ വിയര്‍ത്തൊലിച്ച ഞാന്‍ പെട്ടെന്ന് തണുത്ത കാറ്റ് വീശിയ പോലെ ആശ്വസിച്ചു. വേണ്ട, എനിക്ക് കാണണ്ട! നന്നായി! എന്റെ കാലുകള്‍ക്ക് ചലന ശേഷി തിരിച്ചു കിട്ടി. എവിടെ അലമുറയിട്ടു കരയുന്ന അമ്മയും സഹോദരങ്ങളും ഭര്‍ത്താവും? അസ്വസ്ഥനായ അച്ഛനെവിടെ? പൊട്ടിച്ചിരികളാണ് അവിടം മുഴുവന്‍. സഹോദരിമാരും ചേട്ടത്തിയും ഇടക്കിടെ സെല്‍ഫി എടുക്കുന്നു. ഇടയ്ക്കു ബാഗില്‍ നിന്നും ലിപ് ഗ്ലോസ് എടുത്തു ചുണ്ടില്‍ പുരട്ടുന്നു. ആളുകളോട് പ്രസരിപ്പോടെ സംസാരിക്കുന്നു. നിറഞ്ഞു വരുന്ന കണ്ണുകള്‍ തുടക്കുന്നുമുണ്ട് ഇടയ്ക്കിടെ.
'പിന്നെ നീ പോയിടത്തു നിന്നു യക്ഷിയായി വന്നു എന്റെ ചോര കുടിക്കും'
എനിക്ക് ശങ്കരമാമ മരിച്ച ദിവസം ഓര്‍മ വന്നു. അച്ഛമ്മയുടെ അമ്മാവനായിരുന്നു ശങ്കരമാമ. മക്കളില്ല. അദ്ദേഹവും ഭാര്യയും ആരുടെയോ വീടിനു പിന്‍വശത്തെ രണ്ടു മുറി ചായ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ മരിച്ചു ഒറ്റക്കായപ്പോള്‍ എന്റെ അച്ഛന്‍ കൂട്ടി കൊണ്ട് വന്നതാണ്, ഇനി ഇവിടെ നിന്നോളൂയെന്നു പറഞ്ഞ്. ആര്‍ക്കും, ആരോടും, പ്രത്യേകിച്ച് സ്‌നേഹമോ ദേഷ്യമോ ഇല്ലാത്ത ശങ്കരമാമ. വര്‍ഷങ്ങള്‍ ചെന്നു ശങ്കരമാമ മരിച്ചപ്പോള്‍ തളത്തില്‍ കിടത്തി ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ബന്ധുക്കള്‍, കസിന്‍സ് ഒക്കെ വരാന്‍ തുടങ്ങി. അല്‍പ നേരത്തിനകം ഞങ്ങള്‍ എല്ലാവരും അകത്തെ മുറിയില്‍ കയറി അന്താക്ഷരി കളിക്കാന്‍ തുടങ്ങി-ശങ്കരമാമക്കു വേണ്ടി കരയാന്‍ ആരും ഉണ്ടായിരുന്നില്ല. നീനക്ക് വേണ്ടിയും ആരും കരയുന്നില്ലല്ലോ?
'നിന്നോടാരാണ് പറഞ്ഞത് പ്രിയപ്പെട്ടവര്‍ പോയാല്‍ കരഞ്ഞു കൊണ്ടിരിക്കണം എന്ന്? മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം എന്ന് ? അവര്‍ നാലഞ്ചു ദിവസങ്ങളായി കരയുന്നവരാണ്... ഇനി കരയാന്‍ അവര്‍ക്ക് കണ്ണില്‍ നീരില്ല. അവര്‍ നീനയുടെ- ദൈര്‍ഘ്യം കുറഞ്ഞതെങ്കിലും -സാര്‍ത്ഥകമായ ജീവിതം ആഘോഷിക്കാനാണ് ഇന്നിവിടെ കൂടിയിരിക്കുന്നത്!'
ആളുകളെ ജഡ്ജ് ചെയ്യുന്ന എന്റെ ശുഷ്‌ക മനസ്ഥിതിയെ ഞാന്‍ പുച്ഛിച്ചു.
ഒടുവില്‍ ഞങ്ങളുടെ ഊഴമെത്തി...
നീനയുടെ അമ്മയെ കെട്ടിപിടിച്ചു ഞാന്‍ എന്തൊക്കെയോ പുലമ്പി. കരയില്ലെന്നു കടുംപിടുത്തമെടുത്തിരുന്നുവെങ്കിലും ഞാന്‍ വിതുമ്പി.... 'വന്നതിനും, നല്ല വാക്കുകള്‍ക്കും, നന്ദി, നന്ദി' എന്ന് മാത്രം അവര്‍ പറഞ്ഞു കൊണ്ടിരുന്നു. നീനയുടെ ഭര്‍ത്താവിനേയും കെട്ടിപ്പിടിച്ചു ഞാന്‍ കരഞ്ഞു.
നീനയുടെ ഭര്‍ത്താവിനെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. നീനക്ക് നല്ല ഉയരവും അതിനൊത്ത വണ്ണവും ഉണ്ട്. പണ്ടൊരിക്കല്‍ 'പതിനാല് പൗണ്ട് കുറക്കല്‍ ആണെന്റെ ലക്ഷ്യം' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇനി കുറഞ്ഞാല്‍ എങ്ങനെ നിന്നെ കാണുമെന്നു പറഞ്ഞു ഉറക്കെ ചിരിച്ച നീന, തനിക്കു മെറ്റബോളിക് ഡിസോര്‍ഡര്‍ ഉണ്ടെന്നും ഒന്നും കഴിച്ചില്ലെങ്കില്‍ കൂടിയും വണ്ണം വെക്കുമെന്നും പറഞ്ഞു. നീനയുടെ അത്ര ഉയരം ഉണ്ടെങ്കിലും തീരെ മെലിഞ്ഞ ഒരു മനുഷ്യനാണ് ഭര്‍ത്താവ് . അവരുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലം തികയുന്നതേയുള്ളൂ.
കണ്ണീര്‍, ഓര്‍മകള്‍, വിലയിരുത്തലുകള്‍ ഈ വാക്കുകളെല്ലാം ആ ദിവസപ്പേജിന്റെ ബുക്ക്മാര്‍ക്കുകളായി.
വീട്ടില്‍ വന്നു പിന്നെയും കുറെ ദിവസം ഞാന്‍ നീനയെ പറ്റി ഓര്‍ക്കുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു കൂടിയ ഡിപ്പാര്‍ട്ടുമെന്റ് പിക്‌നിക്കിന്റെ ചിത്രങ്ങള്‍ എടുത്തു നോക്കും. പരസ്പരം ഓഫിസില്‍ അയച്ച മെയിലുകളിലെ നീനയുടെ ചിരിക്കുന്ന പ്രൊഫൈല്‍ ചിത്രം നോക്കും.
മാസങ്ങള്‍ ദിവസങ്ങളുടെ ആയുസ്സില്‍ തീര്‍ന്നുപോയി ...
പതിയെപ്പതിയെ , മറ്റെല്ലാ വാര്‍ത്തകളേയും പോലെത്തന്നെ, നീനയുടെ വിയോഗ വാര്‍ത്തയുടെ അന്ധാളിപ്പും അവിശ്വാസവും മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങി. നീനയുടെ ഓഫീസ് സ്റ്റാറ്റസ് അണ്‍നോണ്‍ ആയിരിയ്ക്കുന്നു. ആ പേര് ഓഫീസ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിയ്ക്കുന്നു, ഒപ്പം നീനയുടെ പടവും.
അന്നു കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തക പിന്നീടു നീനയുടെ ഒഴിവില്‍ ആ ജോലി സ്ഥാനത്തേക്ക് കയറി.
നീനയുടെ എഫ് ബി പേജില്‍ ഞാന്‍ എന്നിട്ടും ഇടക്കിടെ കയറി നോക്കും, അവളുടെ അനിയത്തിമാര്‍ അവിടെയിടുന്ന ഓര്‍മക്കുറിപ്പുകള്‍ വായിക്കും, ചിത്രങ്ങള്‍ നോക്കും.... നീനയെ പറ്റി വെറുതെ ഓര്‍ക്കും. ഈയിടെയാണ് നീനയെ ടാഗ് ചെയ്ത ഒരു പുതിയ ചിത്രം കണ്ടത്. നീനയുടെ ഭര്‍ത്താവ് പുനര്‍ വിവാഹം ചെയ്ത ചിത്രം! പുതിയ ഭാര്യ ഏകദേശം നീനയെ പോലെ തന്നെ! നല്ല പൊക്കവും ഒത്ത വണ്ണവും. എല്ലാവരും അഭിനന്ദനങ്ങള്‍ വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹം! എനിക്ക് മാത്രം എന്തോയൊരു ചെറിയ വിഷമം! ശരിക്കും?! ഒരു വര്‍ഷത്തിനകം അയാള്‍ക്ക് നീനയെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്തു വെക്കാന്‍ കഴിഞ്ഞു? അതില്‍ ഒരു തെറ്റുമില്ലായിരിക്കും.. എന്നാലും എന്തോ ഉള്ളില്‍ ഒരു ചെറിയ നീറ്റല്‍... ആറു വര്‍ഷം ഡേറ്റു ചെയ്യുകയും അതില്‍ മൂന്നു വര്‍ഷം ഒരുമിച്ചു താമസിക്കുകയും ചെയ്തു 'പിരിയാനാവില്ലെന്നുറപ്പാക്കി' വിവാഹം കഴിച്ചവരാണ് .
'നീ വെറും അല്പ തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു', ഞാന്‍ ജഡ്ജു ചെയ്യുന്ന എന്റെ മനസ്സിനെ ആത്മനിന്ദയോടെ പരിഹസിച്ചു....
അന്ന് വൈകീട്ട് - മുന്‍പും പല കുറി ചോദിച്ച ചോദ്യം -ഭര്‍ത്താവിനോട് ഞാന്‍ ചോദിച്ചു:
'എനിക്കെന്തെങ്കിലും പറ്റിയാല്‍, ഒന്നും പറ്റില്ലായിരിക്കാം അഥവാ എന്തെങ്കിലും പറ്റിയാല്‍, നിങ്ങള്‍ എന്ത് ചെയ്യും?'
ഇടക്കിടെ ഇതേ ചോദ്യ പേപ്പര്‍ കിട്ടുന്നതിനാല്‍ ഉത്തരം നല്‍കി നല്‍കി മിടുമിടുക്കനായ വിദ്യാര്‍ത്ഥി ഉടനടി പറഞ്ഞു:
'ഞാന്‍ നിന്റെ അമൂല്യമായ ഓര്‍മകളെ മാത്രം ശ്വസിച്ചും കുടിച്ചും ഭക്ഷിച്ചും താലോലിച്ചും ശിഷ്ടകാലം എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് തള്ളി നീക്കും'
'വാക്കാണല്ലോ?'
'വാക്ക്'
'വെറും വാക്കല്ലല്ലോ?'
'അല്ല'
'ആണെങ്കില്‍ എന്ത് സംഭവിക്കും?'
'എനിക്കറിയാം, എന്റെ സ്വന്തം തല പൊട്ടിത്തെറിക്കും'
'പിന്നെ?'
'പിന്നെ നീ പോയിടത്തു നിന്നു യക്ഷിയായി വന്നു എന്റെ ചോര കുടിക്കും'
'അപ്പോള്‍ പേടിയുണ്ട് !'
'അതേയുള്ളൂ! അത് മാത്രമേയുള്ളൂ'
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്
ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!
പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!
മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം!
ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?
'ഉമ്മ കല്യാണം കഴിക്കാതെ എനിക്കൊരു വിവാഹം വേണ്ട'