ആഗ്നസ് തൻ്റെ ജോലിയിൽ ഒരിക്കലും കള്ളം കാണിക്കാൻ ആഗ്രഹിക്കാറില്ല, അതുകൊണ്ട് തന്നെ വിലയേറിയതും, ഉയർന്ന നിലവാരമുള്ളതുമായ പെയിന്റ് മാത്രമാണ് ഇതിനായി അവർ ഉപയോഗിക്കുന്നത്.
ജോലിയുടെ സമ്മർദ്ദവും, കഷ്ടപ്പാടും കൂടുമ്പോൾ എങ്ങനെയെങ്കിലും ഒന്ന് വിരമിച്ചാൽ മതിയെന്ന് നമ്മിൽ പലരും ആഗ്രഹിക്കാറുണ്ട്. വർഷങ്ങളുടെ അധ്വാനത്തിനൊടുവിൽ വിശ്രമജീവിതം ആരംഭിക്കുമ്പോൾ പലർക്കും പല സ്വപ്നങ്ങളാലായിരിക്കും. ചിലർക്ക് ഒരു ജോലിയും ചെയ്യാതെ വെറുതെ വീട്ടില്‍ത്തന്നെ വിശ്രമിക്കാനായിരിക്കും ഇഷ്‍ടം. എന്നാൽ, മറ്റുചിലർക്ക് അത് അവരുടെ സ്വപ്നങ്ങളെയും, നടക്കാതെപോയ ആഗ്രഹങ്ങളെയും തേടിയുള്ള ഒരു യാത്രയായിരിക്കും.
91 വയസ്സുള്ള ചെക്ക് സ്വദേശി ആഗ്നസ് കാസ്പർകോവയും അത്തരത്തിലൊരാളാണ്. വയസ്സേറെയായിട്ടും, വീട്ടിൽ ചുമ്മാ കുത്തിയിരുന്നു കാലംകഴിക്കാൻ അവർ തയ്യാറല്ല. ജീവിതം ഒന്നേ ഉള്ളൂ, അത് പരമാവധി ഉല്ലാസപൂർണ്ണവും, അർത്ഥവത്തുമാക്കണം എന്നവർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെയാണ് 91 -ാമത്തെ വയസ്സിലും തൻ്റെ ചിത്രങ്ങളാൽ ഗ്രാമത്തിലെ ചുവരുകളെ വർണ്ണാഭമാക്കാൻ അവർ തീരുമാനിച്ചതും. അവരുടെ വളഞ്ഞ, ദുർബലമായ വിരലുകളിൽ തീർത്ത അതിമനോഹരമായ ചിത്രങ്ങൾ ലൂക്ക എന്ന ആ ഗ്രാമത്തെ ഒരു അത്ഭുത കലാസൃഷ്ടിയാക്കി മാറ്റുന്നു.
undefined
ആഗ്നസ് ഒരു കൃഷിക്കാരിയായിരുന്നു. 30 വർഷങ്ങൾക്ക് മുമ്പ് അതിൽനിന്ന് വിരമിച്ച്, തൻ്റെ അഭിനിവേശമായ ചിത്രരചനയെ പിന്തുടരാൻ അവർ തീരുമാനിക്കുകയായിരുന്നു. അന്നുമുതൽ അവർ തൻ്റെ ഗ്രാമത്തിലെ വീടുകൾ ചിത്രപ്പണികളാൽ മനോഹരമാക്കാൻ തുടങ്ങി. പരേതനായ മനകോവ എന്ന സുഹൃത്തിൽ നിന്നാണ് അവർ ചിത്രരചന പഠിച്ചത്. മനകോവ ആരംഭിച്ച കാര്യങ്ങൾ തുടരുകയാണ് താൻ എന്ന് ആഗ്നസ് താഴ്‍മയോടെ പറയുന്നു.
നീലച്ചായത്തിൽ വിടരുന്ന പൂക്കളുടെ രൂപകൽപ്പന ഒരേസമയം സങ്കീർണ്ണവും, അതിമനോഹരവുമാണ്. ലൂക്കയിലെ വീടുകൾ വെള്ളപൂശിയവയാണ്. ആ വെളുത്ത ചുവരുകളിൽ വിടരുന്ന നീലപ്പൂവുകൾക്ക് ആരെയും വിസ്‍മയിപ്പിക്കുന്ന സൗന്ദര്യമുണ്ട്.
ഗ്രാമത്തിലെ ചാപ്പലിൻ്റെ ചുവരുകൾ മനോഹരമാക്കാനാണ് ആഗ്നസിന് ഏറ്റവും ഇഷ്ടം. എല്ലാ മെയ് മാസത്തിലും 10 ദിവസത്തോളം അവർ അതിനായി പരിശ്രമിക്കുന്നു. താൻ ഒരിക്കലും ഒരു കലാകാരിയല്ലെന്നും തനിക്ക് ഇഷ്ടപ്പെടുന്നത് മാത്രമാണ് താൻ ചെയ്യുന്നതെന്നും അവർ പറയുന്നു. തൻ്റെ ചിത്രങ്ങളിലൂടെ ലോകത്തെ കൂടുതൽ സുന്ദരമാക്കാൻ താൻ ശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേർത്തു.
മുപ്പത് വർഷത്തിലേറെയായി അവർ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയിട്ട്. പക്ഷേ, ഇപ്പോൾ പ്രായത്തിൻ്റെതായ ബുദ്ധിമുട്ടുകൾ അവരുടെ ജോലിയെ അലട്ടുന്നു. പ്രത്യേകിച്ച് മഞ്ഞുകാലത്തും മറ്റും പുറത്തു ജോലി ചെയ്യാനും, കൈകൾകൊണ്ട് ഒരുപാട് സമയം ചിത്രങ്ങൾ വരക്കാനും അവർക്ക് ബുദ്ധിമുട്ടുണ്ട് എന്നവർ പറഞ്ഞു. എന്നിരുന്നാലും ഈ ചിത്രരചന അവര്‍ക്ക് ഉപേക്ഷിക്കാൻ കഴിയാത്തത്ര പ്രിയപ്പെട്ടതാണ്. ഇപ്പോൾ വേനൽക്കാലത്തു മാത്രമാണ് ചുവരുകളിൽ അവർ ചിത്രങ്ങൾ വരയ്ക്കുന്നത്.
ആഗ്നസ് തൻ്റെ ജോലിയിൽ ഒരിക്കലും കള്ളം കാണിക്കാൻ ആഗ്രഹിക്കാറില്ല, അതുകൊണ്ട് തന്നെ വിലയേറിയതും, ഉയർന്ന നിലവാരമുള്ളതുമായ പെയിന്റ് മാത്രമാണ് ഇതിനായി അവർ ഉപയോഗിക്കുന്നത്. തൻ്റെ ചായം പൂശിയ കലാസൃഷ്ടികൾ രണ്ടുവർഷം വരെ നീണ്ടുനിൽക്കുമെന്നാണ് അവർ പറയുന്നത്. അവർ മുൻകൂട്ടി രൂപകൽപ്പന ചെയ്തിട്ടല്ല ചിത്രങ്ങൾ വരയ്ക്കുന്നത്. ഒരു നദിയിലെ ഇടമുറിയാത്ത ഒഴുക്കുപോലെ അതവരുടെ വിരലുകൾക്കിടയിലൂടെ ഒഴുകിയിറങ്ങും.
ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിലായിരിക്കാം അവർ അവരുടെ സ്വപ്നങ്ങളെ പിന്തുടരാൻ തുടങ്ങിയത്. എന്നിരുന്നാലും, ഇപ്പോൾ വളരെ സന്തോഷവതിയാണ് ആഗ്നസ്. പ്രായവും, കഷ്ടപ്പാടുകളുമൊന്നും അവരുടെ അഭിനിവേശത്തെ തെല്ലും ഉലച്ചില്ല. ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും പ്രായമില്ലെന്ന് അവർ തൻ്റെ ജീവിതത്തിലൂടെ തെളിയിച്ചു തരുന്നു.