ഇന്നും, നമ്മുടെ കേരളത്തിൽ പോലും ഏതൊരു സദസ്സിൽ വെച്ചും അച്ഛനമ്മമാരോട് പരസ്യമായി "നിങ്ങളിൽ ആരൊക്കെ നിങ്ങളുടെ കുട്ടികളെ ഒരിക്കൽപ്പോലും ശാരീരിക മർദ്ദനങ്ങൾക്ക് വിധേയരാക്കിയിട്ടില്ല.. " എന്ന് ചോദിച്ചു നോക്കിയാൽ ഒരു കൈ പോലും ഉയരാനുള്ള സാധ്യത തീരെ കുറവാണ്. എന്നാലും, ഇന്നത്തെ കുട്ടികൾക്ക് സ്‌കൂളിലും വീട്ടിലും മർദ്ദനമേൽക്കുന്നത് പണ്ടത്തേതുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറഞ്ഞിട്ടുണ്ടെന്നു കാണാം.
'ഒന്നേയുള്ളെങ്കിൽ ഒലക്ക കൊണ്ടടിക്കണ'മെന്നാണ് നമ്മുടെ പഴമക്കാർ പറഞ്ഞിട്ടുള്ളത്. 'ചൂരൽക്കഷായം' എന്നൊരു വാക്കുതന്നെയുണ്ട് ഭാഷയിൽ. കയ്ക്കുമെങ്കിലും അസുഖം മാറ്റും എന്നുള്ളതാണ് കഷായത്തിന്റെ ഫലസിദ്ധി. 'കൃത്യമായ സമയത്ത് കിട്ടുന്ന രണ്ടടി' പലരെയും നന്നാക്കിയതിന്റെ എത്രയോ കഥകൾ തലമുറകൾ കൈമാറി വന്നിട്ടുണ്ട്. പറഞ്ഞാൽ കേൾക്കായ്കയുടെ അസുഖമുള്ള കുട്ടികളെ 'ബോധം' വരാനായി കൈ, ചൂരൽ, പുളിവാറൽ, സ്കെയിൽ, ബെൽറ്റ്, അടുക്കളയിലെ തവി, കാലിൽ കിടക്കുന്ന ചെരുപ്പ് എന്നിങ്ങനെ ദേഷ്യം മൂത്ത് കണ്ണുകാണാതാവുന്ന നേരത്ത് കയ്യിൽ തടയുന്ന എന്തും വെച്ച് നല്ല 'പെട' പെടയ്ക്കും നമ്മുടെ അമ്മമാർ. 'തള്ള ചവിട്ടിയാൽ പിള്ളയ്ക്കു നോവില്ല' എന്ന് മറ്റൊരു പഴഞ്ചൊല്ലും അമ്മമാരുടെ ശിക്ഷയ്ക്കു പരിരക്ഷ നൽകുന്നുണ്ട്.
ചില കേസുകളിൽ ശിക്ഷയുടെ പ്രാഥമിക ഘട്ടമാവും അമ്മമാരുടെ താഡനം. രണ്ടാം ഘട്ടം, അച്ഛൻ എന്ന ഭീകരജീവി സന്ധ്യകഴിഞ്ഞു പടികേറിവരുമ്പോൾ. മിക്കവാറും കേസുകളിൽ അച്ഛന്റെ ആത്മരോഷപ്രകടനം പൂർത്തിയാവും മുമ്പ് ഇരയായ കുഞ്ഞ് ഓടിപ്പാഞ്ഞു രക്ഷപ്പെടാതിരിക്കാൻ തൂൺ, ജനൽ, തെങ്ങ് അങ്ങനെ എന്തിലെങ്കിലുമൊക്കെ കെട്ടിയിട്ടാവും ശിക്ഷ നടപ്പിലാക്കുക. ചില കേസുകളിൽ എന്തിനാണ് അടി കിട്ടുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാവും, എന്നാൽ ചിലതിൽ അതുപോലും ഉണ്ടാവില്ല. കൈവെള്ള, കാൽവണ്ണ, ചന്തി തുടങ്ങി പരിക്കുപറ്റാത്ത ഇടങ്ങളിലാണ് സാധാരണ താഡനം പതിവെങ്കിലും, രക്ഷിതാവിന്റെ മാനസികാവസ്ഥയിലുള്ള വേലിയേറ്റത്തിന്റെ തോതനുസരിച്ച്, അപമാനവും പരിക്കും കൂടുതൽ പറ്റിയേക്കാവുന്ന കരണക്കുറ്റി, ചെവിക്കല്ല്, നടുമ്പുറം എന്നിങ്ങനെയുള്ള പ്രദേശങ്ങളും ബാധിതമാവാറുണ്ട് ശിക്ഷയാൽ.
Latest Videos
undefined
കുട്ടികൾക്ക് തല്ലു കിട്ടാനുള്ള കാരണങ്ങളുടെ കണക്കെടുത്താൽ ലിസ്റ്റ് നീണ്ടുപോകും
അടികിട്ടാനുള്ള കാരണങ്ങൾ പലതാവും. അച്ഛനമ്മമാരുടെ സ്വപ്നങ്ങൾക്ക് വിരുദ്ധമായ താല്പര്യങ്ങൾ, പഠിക്കാനുള്ള നേരത്ത് കലാ-സാഹിത്യ-സംഗീത-കായിക മേഖലകളിലേക്ക് നീളുന്ന താത്പര്യങ്ങൾ, സഹോദരങ്ങൾ തമ്മിൽത്തമ്മിൽ നടക്കുന്ന തല്ലുംപിടികളിൽ അവിചാരിതമായി പറ്റുന്ന പരിക്കുകൾ, ഗൃഹോപകരണങ്ങളും പഠനസാമഗ്രികളും മറ്റും നശിപ്പിക്കൽ, മൂത്തവരോടുള്ള തർക്കുത്തരങ്ങൾ, പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന വികൃതികളും കുസൃതികളും മറ്റും, പരീക്ഷയിൽ തോൽക്കൽ, മാർക്ക് കുറയൽ, അച്ഛനമ്മമാർക്കിടയിലെ സൗന്ദര്യപ്പിണക്കങ്ങൾ എന്നിങ്ങനെ കുട്ടികൾക്ക് തല്ലു കിട്ടാനുള്ള കാരണങ്ങളുടെ കണക്കെടുത്താൽ ലിസ്റ്റ് നീണ്ടുപോകും. സ്‌കൂളിൽ കാരണങ്ങൾ മിക്കവാറും ക്‌ളാസ്സിലെ അശ്രദ്ധ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടായ്ക, മാർക്ക് കുറവ്, തോൽവി, സഹപാഠികൾക്കിടയിലെ തല്ലും വഴക്കും, ചീത്തവിളികളും, ടീച്ചർമാരോടുള്ള ബഹുമാനക്കുറവ് എന്നിങ്ങനെയുള്ളതാവും.
ഇന്നും, നമ്മുടെ കേരളത്തിൽ പോലും ഏതൊരു സദസ്സിൽ വെച്ചും അച്ഛനമ്മമാരോട് പരസ്യമായി "നിങ്ങളിൽ ആരൊക്കെ നിങ്ങളുടെ കുട്ടികളെ ഒരിക്കൽപ്പോലും ശാരീരിക മർദ്ദനങ്ങൾക്ക് വിധേയരാക്കിയിട്ടില്ല.. " എന്ന് ചോദിച്ചു നോക്കിയാൽ ഒരു കൈ പോലും ഉയരാനുള്ള സാധ്യത തീരെ കുറവാണ്. എന്നാലും, ഇന്നത്തെ കുട്ടികൾക്ക് സ്‌കൂളിലും വീട്ടിലും മർദ്ദനമേൽക്കുന്നത് പണ്ടത്തേതുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറഞ്ഞിട്ടുണ്ടെന്നു കാണാം. . കുട്ടികൾ പ്രകടിപ്പിക്കുന്ന അച്ചടക്കരാഹിത്യത്തിനും പഠനത്തിനുള്ള ഉത്സാഹക്കുറവിനുമൊക്കെ കാരണമായി അവരെ ശാരീരികമായി വേദന അനുഭവിപ്പിക്കുന്നതിന്റെ ചരിത്രത്തിലൂടെ ഒന്ന് കടന്നുപോവാം.
'മാതാ പിതാ ഗുരു ദൈവം' എന്ന് സംസ്‌കൃതത്തിലും 'In loco parentis' എന്ന് ലത്തീനിലും ( 'രക്ഷിതാക്കളുടെ സ്ഥാനത്ത്' എന്ന് മലയാളം ) ഉദ്ധരിച്ചു കൊണ്ടാണ് പലപ്പോഴും തങ്ങളുടെ ശിക്ഷാ നടപടികൾ അതിരുകടക്കുമ്പോൾ ഇന്ത്യയിലെ അദ്ധ്യാപകർ ജാമ്യമെടുക്കാറ്. കുട്ടികൾക്ക് വളരെ ചുരുങ്ങിയ നേരത്തേക്ക് എന്നുമോർത്തിരിക്കുന്ന രീതിയിൽ താൽക്കാലികമായ ശാരീരിക വേദന അനുഭവപ്പെടുന്ന ശിക്ഷ നൽകുന്നതിനെ ന്യായീകരിക്കാൻ പൊതുവേ സ്‌കൂളധികൃതർ പറയുന്ന ഒരു ന്യായമുണ്ട്. എത്രയും പെട്ടെന്ന് ശിക്ഷാ വിധി കഴിഞ്ഞ് കൂടുതൽ ക്‌ളാസുകൾ നഷ്ടപ്പെടുത്താതെ കുട്ടിക്ക് പഠനം തുടരാം എന്ന്. കുട്ടിയെ ക്‌ളാസിൽ എഴുന്നേൽപ്പിച്ച് ദീർഘനേരം നിർത്തുക, ക്‌ളാസ്സിന് വെളിയിൽ നിർത്തുക, രക്ഷിതാവിനെ വിളിച്ചുവരുത്തിയ ശേഷം മാത്രം ക്ലാസ്സിൽ കേറിയാൽ മതി എന്ന് വിലക്കുക, അല്ലെങ്കിൽ ദിവസങ്ങളോ ആഴ്ചകളോ കുട്ടികൾക്ക് സസ്‌പെൻഷൻ നൽകുക ഇതിനേക്കാളൊക്കെ കുറഞ്ഞ നഷ്ടമേ കുട്ടിയ്ക്ക് അതുകൊണ്ടുണ്ടാവൂ എന്ന് അവർ പറയുന്നു. ഫലമാവട്ടെ അതിനേക്കാളൊക്കെ എത്രയോ അധികവും. 'Spare the Rod and Spoil the Child' എന്നൊരു പഴഞ്ചൊല്ലും ഇംഗ്ലീഷിൽ ഉണ്ട്. എന്നാൽ, ഈ ന്യായം പല രക്ഷിതാക്കളുടെ അടുത്തും, നീതിന്യായ കോടതികൾക്ക് മുന്നിൽ പ്രത്യേകിച്ചും ചെലവാകാൻ പ്രയാസമുള്ള ഒന്നാണ്.
പോളണ്ടിനെപ്പറ്റി പറയാമെങ്കിൽ, 1783 -ൽ പോളണ്ടാണ് ലോകത്താദ്യമായി സ്‌കൂളുകളിൽ കുട്ടികളെ തല്ലുന്നതിന് നിയമം വഴി നിരോധനം ഏർപ്പെടുത്തുന്നത് . മിക്ക കമ്യൂണിസ്റ്റു രാഷ്ട്രങ്ങളിലും 1917 -ലെ റഷ്യൻ വിപ്ലവത്തിന് പിന്നാലെ സ്‌കൂളുകളിൽ കുട്ടികളെ അടിക്കുന്നത് നിരോധിക്കുകയുണ്ടായി. അത് കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് എന്നതായിരുന്നു കാരണം. ബ്രിട്ടനിലും മറ്റും അപ്പോഴും അതൊക്കെ നിലവിലുണ്ടായിരുന്നു. അപ്പോൾ അവിടങ്ങളിൽ സജീവമായിരുന്ന കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള പാർട്ടിപ്രവർത്തകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. ഈ ശാരീരികമായ ശിക്ഷകളൊക്കെ ഒരു ബൂർഷ്വാ സെറ്റപ്പാണ് എന്ന് അവർ കരുതിയിരുന്നു. അറുപതുകളിൽ യൂറോപ്പ് സന്ദർശിക്കാൻ ചെന്ന സോവിയറ്റ് യൂണിയനിലെ വിദ്യാർത്ഥികൾ അവിടത്തെ കുട്ടികൾ അപ്പോഴും ചൂരലടികൾക്ക് വിധേയരാവുന്നതു കണ്ട് മൂക്കിൽ വിരൽ വെച്ചുപോയി. 2007 -ൽ ഉത്തര കൊറിയയിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിനും സ്‌കൂളിൽ നിന്നും അടികിട്ടുക എന്നുപറഞ്ഞാൽ എന്താണെന്നുപോലും അറിയില്ലായിരുന്നത്രെ. 1979 -ൽ സ്വീഡനും 1986 -ൽ മെയിൻലാൻഡ് ചൈനയും നിയമപ്രകാരം തന്നെ സ്‌കൂൾ മർദ്ദനങ്ങൾ നിരോധിച്ചു. 2000 -ൽ സുപ്രീം കോടതി നിയമം മൂലം ഇന്ത്യയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും നമ്മുടെ വിദ്യാലയങ്ങളിൽ ഇത് നിർബാധം നടക്കുന്നുണ്ട്. 2009 -ല്‍ നിലവിൽ വന്ന വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം, മൂന്നായി തിരിച്ചുകൊണ്ട് സ്‌കൂളിലെ പീഡനങ്ങളെ വിലക്കുന്നുണ്ട്. ഒന്ന്, ശാരീരിക പീഡനം, രണ്ട്, മാനസിക പീഡനം, മൂന്ന്, വിവേചനം. 2015 -ൽ അമെൻഡ് ചെയ്ത ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 75, 82 വകുപ്പുകൾ പ്രകാരം കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാരീരികമായ ശിക്ഷകൾക്ക് വിധേയരാക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവും പുറമെ പിഴയും കിട്ടിയേക്കാവുന്ന കുറ്റമാണ്.
'അടിക്കുക' എന്ന പ്രക്രിയയ്ക്ക് ബന്ധമുള്ള ഒരേയൊരു വികാരം സത്യത്തിൽ 'വേദന' എന്നതല്ല.. അത് 'ഭയ'മാണ്. അതാണ് ഈ രീതിയെ അടിസ്ഥാനപരമായി ലോകത്തുള്ള സമസ്തമതങ്ങളുമായും ബന്ധിപ്പിക്കുന്നത്. സൂക്ഷിച്ചു പരിശോധിച്ചാൽ ഉത്ഭവകാലം മുതലേ മതങ്ങളിൽ പിന്തുടർന്നുപോരുന്ന ആചാരങ്ങളിലൊക്കെയും ഇങ്ങനെയുള്ള ശിക്ഷാ രീതികൾ നമുക്ക് കാണാം. സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ താരതമ്യേന പുരോഗമനം നേടിയ നാടുകളിൽപ്പോലും ഇന്നും 'പബ്ലിക് ഫ്ളോഗ്ഗിങ് ' - പരസ്യമായ ചാട്ടയടി, അല്ലെങ്കിൽ ചൂരൽ പ്രയോഗം ഒരു അംഗീകൃത ശിക്ഷയായി തുടരുന്നു. അച്ഛനമ്മമാർക്കുള്ള ദൈവത്തിന്റെ ഫ്രാഞ്ചൈസി നമ്മൾ ഒരു പരിധിവരെ അധ്യാപകർക്കും സബ് ഏജൻസി ആയി നൽകുമ്പോൾ ശിക്ഷിക്കാനുള്ള ദൈവാധികാരം കൂടിയാണ് നമ്മൾ അതോടൊപ്പം കൈമാറുന്നത്.
എന്നാൽ, വിദ്യാലയങ്ങളിലെയും വീട്ടിലെയും മർദ്ദനങ്ങളിൽ മനം മടുത്ത് പഠിത്തം തന്നെ നിർത്തിപ്പോവുന്ന, ആത്മാഭിമാനം വ്രണപ്പെട്ട് നാടുവിട്ടോടിപ്പോവുന്ന, അപൂർവം കേസുകളിൽ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കുന്ന കുട്ടികൾ വരെയുണ്ട്. അതിന്റെ ഉദാഹരണങ്ങൾ ജനപ്രിയ മാധ്യമങ്ങളിൽ പ്രതിഫലിക്കയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുളള കഥാപാത്ര ചിത്രീകരണത്തിന്റെ മകുടോദാഹരണമാണ് 'സ്ഫടികം' എന്ന ചിത്രവും അതിലെ 'ആടുതോമാ - ചാക്കോ മാസ്റ്റർ' ഏറ്റുമുട്ടലുകളും. സ്വതവേ കുട്ടികൾക്ക് കിട്ടുന്ന മാർക്കിലും, വിശേഷിച്ച് കണക്കിലുള്ള അഭിരുചിയിലും മാത്രം മെറിറ്റ് കണ്ടിരുന്ന ചാക്കോമാസ്റ്റർ സ്വന്തം മകനെ മർദ്ദനങ്ങൾക്കും അപമാനങ്ങൾക്കും വിധേയനാക്കി, ഒടുവിൽ അച്ഛന്റെ പ്രിയ ശിഷ്യനായ തന്റെ സഹപാഠിയുടെ കയ്യിൽ കോമ്പസ് കുത്തിക്കേറ്റി വീടുവിട്ടിറങ്ങിപ്പോവുകയാണ് തോമസ് അതിൽ. പിന്നെയവൻ തെമ്മാടിയായ ആടുതോമയാവുന്നു. അച്ഛനോട് നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. അച്ഛന്റെ ഇടപെടലുകൾ പൊറുതി മുട്ടിച്ചില്ലായിരുന്നു എങ്കിൽ ഒരു ശാസ്ത്രജ്ഞനാവേണ്ടിയിരുന്ന ഒരു പ്രതിഭയായിരുന്നു തോമസ് എന്നോർക്കണം.
ഇങ്ങനെയുള്ള ക്‌ളാസ് റൂം - വീട്ടു മർദ്ദനങ്ങളുടെ ശാരീരികവും മാനസികവുമായ ഗുണദോഷഫലങ്ങളെപ്പറ്റി ഇന്നുവരെ കാര്യമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. തല്ലുകൊണ്ട് എത്രപേർ നന്നായെന്നതിന്റെയോ അല്ലെങ്കിൽ തല്ലാഞ്ഞതിനാൽ എത്ര പേർ വെടക്കായിപ്പോയി എന്നതിന്റെയോ കണക്കുകൾ നമുക്കില്ല. എന്നാൽ, ഉന്നം മാറിക്കൊള്ളുന്ന അടികൾ അപഹരിച്ച കുരുന്നു ജീവനുകളുടെയും അവർക്കേറ്റ ഗുരുതരമായ പരിക്കുകളുടെയും കൃത്യമായ കണക്കുകൾ നമുക്കുണ്ട്. 2007 ബെംഗളൂരുവിലെ വസന്ത് നഗറിലെ ഒരു അദ്ധ്യാപകൻ തന്റെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ മുഖത്തടിച്ചപ്പോൾ കുട്ടിയുടെ രണ്ടു പല്ലുകൾ ഇളകിത്തെറിച്ചു. 2010 -ൽ പകൽ കൊൽക്കത്തയിലെ ലാ മാർട്ടിനിയർ സ്‌കൂളെന്ന പ്രസിദ്ധമായ വിദ്യാലയത്തിലെ അധ്യാപകരുടെ ചൂരലടിയേറ്റുവാങ്ങിയ റുവാഞ്ജിത് റാവ്‌ല എന്ന കുട്ടി വീട്ടിലെത്തിയ ഉടനെ തന്റെ മുറിയിൽ കേറി വാതിലടച്ച് തൂങ്ങിമരിച്ചു. 2015 -ൽ ബെംഗളൂരുവിലെ കരിം നഗറിലെ ആശ്രിത എന്ന അഞ്ചാം ക്ലാസുകാരിയെ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ ടീച്ചർ മണിക്കൂറുകളോളം സിമന്റുതറയിൽ മുട്ടിൽ നിർത്തി. അവൾക്ക് രക്തയോട്ടം തടസ്സപ്പെട്ടുണ്ടായ സങ്കീർണ്ണതകളെത്തുടർന്ന് അവൾ മരണപ്പെട്ടു. 2018 -ൽ കേരളത്തിലെ പിണറായിയിൽ ഒരു രണ്ടാം ക്ലാസുകാരനെ ടീച്ചർ സ്കെയിൽ കൊണ്ട് മർദ്ദിച്ചപ്പോൾ അബദ്ധവശാൽ കേറിക്കൊണ്ട് കയ്യിലെ ഞരമ്പുമുറിഞ്ഞ് കുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര സർജറിക്ക് വിധേയനാക്കേണ്ടിവന്നു.
ഇന്ന്, നമ്മുടെ വിദ്യാലയങ്ങളിൽ തങ്ങളുടെ കുട്ടികളെ അടിക്കാൻ അധ്യാപകർക്ക് അധികാരമില്ല
ഇത്തരത്തിലുള്ള ക്രൂരമായ ശാരീരിക ശിക്ഷകൾ കുഞ്ഞുങ്ങളുടെ മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകളുടെ ആഴം കൃത്യമായളക്കുക അസാധ്യമാണ്. പുറമേക്ക് നമ്മൾ പൗരാവകാശങ്ങളെപ്പറ്റി കവലപ്രസംഗങ്ങൾ നടത്തുമെങ്കിലും, നമ്മുടെ വീട്ടിലെ കുരുന്നു പൗരന്മാരുടെ ബാലാവാകാശങ്ങളെപ്പറ്റി പലപ്പോഴും നമ്മൾ മറക്കും അവരോട് നമ്മൾ പലപ്പോഴും തികഞ്ഞ ഫാസിസം കാണിക്കും. പറയാൻ നമുക്ക് വളരെ കാല്പനികമായൊരു കാരണമുണ്ട് എന്നും.. 'കതിരിന്മേൽ വളം വെച്ചിട്ട് കാര്യമില്ല..'
എന്നാൽ മേല്പറഞ്ഞതിനൊക്കെ കടകവിരുദ്ധമായൊരു വിധിയും കഴിഞ്ഞ ജനുവരിയിൽ നമ്മുടെ ഹൈക്കോടതിയിൽ നിന്നും വരികയുണ്ടായി. ജസ്റ്റിസ് വിജയരാഘവനാണ് വിധി പുറപ്പെടുവിച്ചത്. 2018 ഡിസംബർ 5 -നാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂൾ ടീച്ചർ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ കണക്കുതെറ്റിച്ചതിനുള്ള ശിക്ഷയായി തോളിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. തുടർന്ന് കുട്ടിക്ക് ശക്തമായ വേദന അനുഭവപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ ടീച്ചർക്കെതിരെ ഫറോക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അപ്പോൾ ശക്തമായ വേദനയും നിറവ്യത്യാസവും ഒക്കെ അനുഭവപ്പെട്ടിരുന്നെങ്കിലും അദ്ധ്യാപകൻ വടിയൊന്നും ഉപയോഗിക്കാതിരുന്നതും ആ കുട്ടിക്ക് ഗുരുതരമായ പരിക്കുകളൊന്നും പറ്റാതിരുന്നതും കോടതിയെ സ്വാധീനിച്ചു. കുട്ടിയുടെ നല്ലതിനാണ് കുട്ടിയെ തിരുത്താനാണ് താൻ ശിക്ഷിച്ചത് എന്ന അധ്യാപകന്റെ വാദം സ്വീകരിച്ച കോടതി, കുട്ടിയെ നേർവഴിക്ക് നയിക്കാൻ വേണ്ട 'ചില്ലറ' ബലപ്രയോഗമൊക്കെ ആവാം എന്ന് വിധിയിൽ പറഞ്ഞു. ഈ വിധി മനുഷ്യാവകാശസംഘടനകളുടെയും മറ്റും വ്യാപകമായ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
മണലും കൂട്ടി ചെവിക്കും തുടയ്ക്കും നുള്ളുന്ന ആശാട്ടിമാരുടെയും, മണലിൽ മുട്ടുകുത്തി നിർത്തുന്ന ആശാന്മാരുടെയും ചൂരലുകൊണ്ട് അടിച്ചു കൈവെള്ള ചുവപ്പിക്കുന്ന കുടിപ്പള്ളിക്കൂടങ്ങളുടെയും കാലത്തുനിന്നും നമ്മൾ പുരോഗമിച്ച് ഡിപിഇപിയും എസ് എസ് എ യും മറ്റും കടന്ന് ഒപ്പം മോണ്ടിസോറി പോലുള്ള ആധുനിക പരീക്ഷണ അധ്യയനരീതികളെയും ആശ്ലേഷിച്ചു കഴിഞ്ഞു. ഇന്ന്, നമ്മുടെ വിദ്യാലയങ്ങളിൽ തങ്ങളുടെ കുട്ടികളെ അടിക്കാൻ അധ്യാപകർക്ക് അധികാരമില്ല. വീടുകളിലും ഇപ്പോൾ കുട്ടികളെ മർദ്ദിക്കുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. പക്ഷേ, അടിക്കു പകരം പലരും അവലംബിക്കുന്ന മാർഗ്ഗങ്ങളാവട്ടെ മാനസികമായി കൂടുതൽ അപകടങ്ങളുണ്ടാക്കുന്നവയാണ്. കുഞ്ഞിനെ ഒരു മൂലയ്ക്കൽ ചുവരിലേക്ക് തിരിച്ച് ചുവരിൽ നിന്നും ഒരു സെന്റീമീറ്റർ അകലത്തിൽ നിർത്തുക, ഒറ്റയ്ക്ക് ഇരുട്ടുമുറിയിൽ നിർത്തുക തുടങ്ങിയ പല വിധം മാനസിക പീഡനങ്ങളും അടിക്കു പകരം അഭിമാനപൂർവം നടപ്പിലാക്കുന്ന പല രക്ഷിതാക്കളുമുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവരിൽ ശാരീരിക പീഡനങ്ങളെക്കാൾ വലിയ മനസികാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അവരറിയുന്നില്ല.
ഒരു പരിഷ്കൃതസമൂഹത്തിൽ കുട്ടികളുടെ തെറ്റുകൾ തിരുത്തുന്നതിൽ ശിക്ഷയ്ക്കും ശിക്ഷയെപ്പറ്റിയുള്ള ഭയപ്പെടുത്തലിനും സ്ഥാനമില്ല എന്ന് നമ്മൾ വൈകിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ശിക്ഷിക്കാൻ എളുപ്പമാണ്, കുഞ്ഞുങ്ങളുടെ മനസ്സിൽ ഭീതി നിറയ്ക്കാൻ അതിലും എളുപ്പമാണ്. എന്നാൽ, അതൊക്കെ അവരുടെ ഗുണത്തിനാണ് എന്നുമാത്രം പറയരുത്. അവർക്കൊരു നല്ല ഭാവി കിട്ടാൻ വേണ്ടിയാണ് എന്നും. ഉദ്ദേശ്യം അതാണെന്നുണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ടത്, അച്ചടക്ക ലംഘനം, അല്ലെങ്കിൽ പഠനത്തിലെ ഉഴപ്പ്, ശ്രദ്ധക്കുറവ് ഒക്കെ ഒരു കുട്ടിക്കുണ്ടാവാനുള്ള കാരണം കണ്ടെത്തി അതിനുള്ള വ്യക്തിഗതമായ പരിഹാരം ചെയ്യുകയാണ്. കുട്ടിയ്ക്ക് താത്പര്യമുള്ള വിഷയങ്ങളിലേക്ക് കുട്ടിയുടെ ശ്രദ്ധതിരിച്ചു വിട്ടാൽ മാത്രം മതി കുട്ടി സ്വാഭാവികമായും അച്ചടക്കത്തിലേക്ക് തിരിച്ചുവരാൻ. നമ്മൾ മനസ്സിലാക്കേണ്ടുന്ന ചിലതുണ്ട്. പലപ്പോഴും കുഞ്ഞുങ്ങളുടെ അച്ചടക്കരാഹിത്യങ്ങൾ നമ്മളിൽ നിന്നും കൂടുതൽ ശ്രദ്ധ ആഗ്രഹിക്കുന്നതിന്റെ പ്രകടനങ്ങളായിരിക്കും. അതിനെന്തെന്നു തിരിച്ചറിഞ്ഞ് കുട്ടിയുടെ പ്രശ്നത്തെ അഭിമുഖീകരിക്കാൻ ശ്രമിക്കണം.
കുട്ടികൾക്ക് നമ്മുടെ സഹായമാണ് വേണ്ടത്, ശിക്ഷയല്ല
കഴിവതും സമയമെടുത്ത് കുഞ്ഞിനെ ശകാരിക്കുക മാത്രം ചെയ്യുക. അക്രമം ഒന്നിനും ഒരു പരിഹാരമല്ല. ചെറിയ തെറ്റുകളാണെങ്കിൽ ഇനി ആവർത്തിക്കില്ല എന്ന ഉറപ്പിന്മേൽ പൊറുക്കാവുന്നതാണ്. കുട്ടികൾക്ക് നമ്മുടെ സഹായമാണ് വേണ്ടത്, ശിക്ഷയല്ല എന്ന് നമ്മൾ തിരിച്ചറിയണം. ചില കുഞ്ഞുങ്ങൾക്കെങ്കിലും മാനസിക സമ്മർദ്ദം, വിഷാദം, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങളുണ്ടാവും. അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ആവശ്യമുള്ള സൈക്യാട്രിസ്റ്റുകളുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും സഹായം അവർക്ക് ലഭ്യമാക്കണം. അത്തരത്തിൽ കുഞ്ഞുങ്ങൾ അർഹിക്കുന്ന വ്യക്തിഗത പരിചരണം സാധ്യമാവുന്ന സ്ട്രെങ്തെ അപ്പോൾ ഒരു ക്ലാസ്സിൽ ഉണ്ടാവാൻ പാടുകയുള്ളൂ.. മോണ്ടിസോറി സ്‌കൂളിനുള്ള ലൈസൻസ് കിട്ടണമെങ്കിൽ ഒരു ക്‌ളാസിൽ പതിനാറു കുട്ടികളിൽ അധികം ഉണ്ടാവാൻ പാടില്ല. അപ്പോൾ അതിനുവേണ്ടുന്നത്ര അധ്യാപകരുടെയും ക്‌ളാസ് മുറികളുടെയും ആവശ്യം ഉയർന്നുവരും. അത് പഠനച്ചെലവ് ഗണ്യമായി ഉയർത്തും . അല്ലെങ്കിൽ തന്നെ ബാലാരിഷ്ടതകളിൽ ശ്വാസം മുട്ടുന്ന നമ്മുടെ പൊതുമേഖലയിൽ ഇത് എത്രകണ്ട് സാധ്യമാവും എന്നാണോ സംശയം..?
നമ്മുടെ ഭാവി തലമുറയെ വാർത്തെടുക്കുന്ന ഫാക്ടറികളാണ് കാല്പനികമായ പറഞ്ഞാൽ നമ്മുടെ വിദ്യാലയങ്ങൾ. അതിനു വന്നേക്കാവുന്ന ചെലവിനെച്ചൊല്ലി പിശുക്കുകാണിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെ വിലകുറച്ചു കാണിക്കുന്നതിന് തുല്യമാകും.