സ്‌പെയിനിലെ ഈ കമ്യൂണിസ്റ്റ് ദേശത്തിന് കേരളത്തോട് ചിലത് പറയാനുണ്ട്!

By Haritha Savithri  |  First Published Sep 13, 2018, 9:09 PM IST

അറിയാമോ, സ്പെയിനില്‍ ഒരു കമ്യൂണിസ്റ്റ് ദേശമുണ്ട്. 'വിപ്ലവകാരികളായ കൃഷിക്കാരുടെ കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയ' എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഒരു ദേശം. അവിടെയൊരു നേതാവുണ്ട്. റോബിന്‍ ഹുഡ് എന്നും ഡോണ്‍ ക്വിക്സോട്ട് എന്നും ചെഗുവേര എന്നും ലോകം വിളിച്ചുപോരുന്ന ഒരു കമ്യൂണിസ്റ്റ് ജനകീയനേതാവ്. അദ്ദേഹത്തെ തേടി, സ്‌പെയിനിലെ അന്തലൂസിയയിലുള്ള ആ ഗ്രാമത്തിലേക്ക്, ഏഷ്യാനെറ്റ് ന്യൂസ് കോളമിസ്റ്റ് ഹരിത സാവിത്രി നടത്തിയ യാത്രയാണിത്.  ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ അസാധാരണമായ അതിജീവന കഥ. ഐതിഹാസിക മാനങ്ങളുള്ള ആ കമ്യൂണിസ്റ്റ് നേതാവിന്റെ വീരഗാഥ.


അറിയാമോ, സ്പെയിനില്‍ ഒരു കമ്യൂണിസ്റ്റ് ദേശമുണ്ട്. 'വിപ്ലവകാരികളായ കൃഷിക്കാരുടെ കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയ' എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഒരു ദേശം. 'ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലും അംഗമല്ല, പക്ഷെ സമൂഹത്തിന്റെ വികസനത്തിലൂടെ മാത്രമേ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉയര്‍ച്ച ഉണ്ടാകൂ എന്ന് വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാണ് ഞാന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ജനകീയ നേതാവാണ് ആ ഗ്രാമത്തിന്റെ ജീവനാഡി. 39 വര്‍ഷമായി തുടര്‍ച്ചയായി ഈ ദേശത്തിന്റെ മേയര്‍.  റോബിന്‍ ഹുഡ് എന്നും ഡോണ്‍ ക്വിക്സോട്ട് എന്നും ചെഗുവേര എന്നും ലോകം വിളിച്ചുപോരുന്നു, ആ മനുഷ്യനെ. 

അദ്ദേഹത്തെ തേടി, സ്‌പെയിനിലെ അന്തലൂസിയയിലുള്ള ആ ഗ്രാമത്തിലേക്ക്, ഏഷ്യാനെറ്റ് ന്യൂസ് കോളമിസ്റ്റ് ഹരിത സാവിത്രി നടത്തിയ യാത്രയാണിത്.  ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ അസാധാരണമായ അതിജീവന കഥ. ഐതിഹാസിക മാനങ്ങളുള്ള  കമ്യൂണിസ്റ്റ് നേതാവിന്റെ വീരഗാഥ.  

Latest Videos

undefined

കളപ്പുരയുടെ മുറ്റത്ത് എന്തൊക്കെയോ അറ്റകുറ്റപ്പണികള്‍ ചെയ്തുകൊണ്ട് ഒരു പഴയ ട്രാക്ടറിന്റെ അടുത്തു കുത്തിയിരിക്കുകയായിരുന്ന ആ കൊച്ചു മനുഷ്യന്റെ നര കലര്‍ന്ന താടിമീശയും കണ്ണുകളും മാര്‍ക്‌സിന്റെ ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു. തറയില്‍ ചിതറിക്കിടന്ന ധാന്യങ്ങള്‍ ഉന്നം വച്ചു പറക്കുന്ന ബഹളക്കാരായ കുരുവിക്കൂട്ടങ്ങളെ ആട്ടിയോടിക്കാനായി ഇടയ്ക്ക് കൈകള്‍ വീശുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്തു കൊണ്ട് ഏകദേശം എഴുപതു വയസ്സോളം തോന്നിക്കുന്ന ആ വയസ്സന്‍  നല്ല ചുറുചുറുക്കോടെ പണിയെടുക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലേത് എന്ന് തോന്നിക്കുന്ന ആ ട്രാക്ടര്‍ അയാള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയും നിരാശയോടെ പുറത്തിറങ്ങി അതിന്റെ കൂറ്റന്‍ ടയറുകളില്‍ തൊഴിക്കുകയും ചെയ്തു.

മുട്ടൊപ്പം മടക്കി വച്ചിരുന്ന ചെളിയില്‍ മുങ്ങിയ നരച്ച ചാക്കുപോലെയുള്ള കാലുറകളും നെഞ്ചിലെ നരച്ച രോമങ്ങള്‍ പുറത്തു കാണിക്കുന്ന അഴുക്കു പിടിച്ച പഴയ ഷര്‍ട്ടും ധരിച്ചു ഒരു മെക്കാനിക്കിന്റെ രൂപഭാവങ്ങളുമായി നില്‍ക്കുന്ന ഇയാളാണോ സ്പാനിഷ് ഗവണ്മെന്റിന്റെ തലവേദനയായ മരീനാലേദയിലെ മേയര്‍? 

എനിക്ക് അത്ഭുതം തോന്നി. മാധ്യമങ്ങളില്‍ കണ്ടു പരിചയിച്ച മുഖം അതുതന്നെ ആയിരുന്നതു കൊണ്ട് സംസാരിച്ചു നോക്കാം എന്ന് കരുതി ഞാന്‍ അയാളെ സമീപിച്ചു.

''എന്താ വേണ്ടത്?''

ട്രാക്ടറിന്റെ പുറത്തേക്ക് ഒഴിക്കാനായി ഒരു ബക്കറ്റ് വെള്ളം എടുത്തുകൊണ്ടു പോകുന്നതിനിടയില്‍ ഒരു താല്‍പ്പര്യവും കാട്ടാതെയുള്ള ചോദ്യം. എന്തുപറയണം എന്നറിയാതെ അല്‍പ്പനേരം നിന്ന ശേഷം അദ്ദേഹത്തിന്റെ സുഹൃത്തും അദ്ധ്യാപകനുമായ ആന്ദ്രെ മൊണ്‍ഫോര്‍ട്ടെ എന്റെ വരവിനെപ്പറ്റി നേരത്തെ അറിയിച്ചിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ കേരളം എന്നൊരു നാടുണ്ടെന്നും തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന ആ നാട്ടില്‍ നിന്നാണ് വരുന്നതെന്നും പറഞ്ഞുവെങ്കിലും കേള്‍ക്കാനായി കാത്തു നില്‍ക്കാതെ വീണ്ടും പൈപ്പിനടുത്തെക്ക് വേഗത്തില്‍ നടന്നു പോകുന്ന ആ ചെറിയ മനുഷ്യന്റെ ഒപ്പം ഞാനും നടന്നു..

ബക്കറ്റ് താഴെ വച്ചതിനു ശേഷം അഴുക്കു പിടിച്ച ഷര്‍ട്ട് ഊരി അയാള്‍ ശരീരമൊന്നു തുടച്ചു. ഇനി ഇവിടെ നിന്ന് ഇങ്ങേരു കുളിക്കാന്‍ തുടങ്ങുമോ എന്ന ശങ്കയില്‍ ഞാന്‍ ചുറ്റും നോക്കി.

''കുട്ടീ , എന്റെ ഇംഗ്ലീഷ് മഹാമോശമാണ്. നിനക്ക് സ്പാനിഷ് അറിയാമോ?''

''എന്റെ സ്പാനിഷും മഹാമോശമാണ്.''

''അപ്പോള്‍ ഒരു പ്രശ്‌നവുമില്ല.'' എന്റെ ആശങ്ക കണ്ട് അയാള്‍ പൊട്ടിച്ചിരിയോടെ പറഞ്ഞു. വളര്‍ന്നു തൂങ്ങിക്കിടക്കുന്ന മീശരോമങ്ങള്‍ക്കിടയിലൂടെ പുകയിലക്കറപിടിച്ച വിടവുകളുള്ള പല്ലുകള്‍ കണ്ടപ്പോള്‍ അന്വേഷിച്ചു വന്ന മേയര്‍ ഇദ്ദേഹം തന്നെയാണോ എന്ന് എനിക്ക് വീണ്ടും സംശയം തോന്നി.

''നീ എവിടെയാ താമസിക്കുന്നത്?''-അന്തലൂസിയന്‍ ചുവ കലര്‍ന്ന സ്പാനിഷില്‍ കഴിയുന്നത്ര ലളിതമായി ഗോര്‍ദില്ലോ ചോദിച്ചു. താമസസ്ഥലം പറഞ്ഞപ്പോള്‍ രാത്രി എട്ടുമണിക്ക് അതിനടുത്തുള്ള 'ബയോട്ടോപ്പി ബിഗോട്ടോപ്പി' എന്ന റസ്‌റ്റോറന്റില്‍ അത്താഴം കഴിക്കാനായി കണ്ടുമുട്ടാം എന്ന് പറഞ്ഞുകൊണ്ട് അയാള്‍ നിറയാറായ ബക്കറ്റിനു നേരെ തിരിഞ്ഞു.

വൈകുന്നേരം ആറുമണി കഴിഞ്ഞിരുന്നെങ്കിലും ചൂടിനു ഒരു കുറവും ഉണ്ടായിരുന്നില്ല. തവിട്ടും മഞ്ഞയും നിറങ്ങള്‍ കലര്‍ന്ന കൃഷിക്കളങ്ങള്‍ക്ക് നടുവിലൂടെ അങ്ങ് ദൂരെയുള്ള ഒരു കറുത്ത നാട പോലെ ചെന്നവസാനിക്കുന്ന റോഡ്. ഇരുവശങ്ങളിലും കൊടും ചൂട് വകവയ്ക്കാതെ യന്ത്രങ്ങളും മനുഷ്യരും തിരക്കിട്ട് പണിയെടുക്കുകയാണ്. വരണ്ട മണ്ണ് ഇളക്കി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ ഉയര്‍ത്തുന്ന പൊടി മൂടല്‍മഞ്ഞു പോലെ ഉയര്‍ന്നു റോഡിനെ മൂടുന്നു. പാകമെത്തിയ ധാന്യങ്ങളും പച്ചക്കറികളും മുറിച്ചെടുക്കുകയും പശുക്കള്‍ക്കുള്ള വൈക്കോല്‍ കെട്ടുകളാക്കുകയും ചെയ്യുന്നതിന്റെ തിരക്കാണ് ഒട്ടുമിക്കയിടത്തും. നേരത്തെ വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളില്‍ അടുത്ത കൃഷിക്ക് വേണ്ടി കൃഷിക്കാര്‍ ചാണകം ചേര്‍ത്ത ഇരുണ്ട മണ്ണ് തിടുക്കപ്പെട്ട് ഉഴുതൊരുക്കുന്നുമുണ്ട്. അപ്പോള്‍ മുറിച്ച വൈക്കോലിന്റെ സുഗന്ധം ആസ്വദിച്ചു നടക്കുന്നതിനിടെ പൊടി മൂക്കില്‍ കയറി ഞാന്‍ നിറുത്താതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്തു.

ചൂടുകാലത്ത് പ്രധാനമായും രാത്രിയിലാണ് ഉഴവ് നടക്കുക. യന്ത്രങ്ങളുടെ ലോഹഭാഗങ്ങളും ഭൂമിക്കടിയില്‍ മറഞ്ഞുകിടക്കുന്ന കല്ലുകളും കൂട്ടിയുരസി തീയുണ്ടാവാന്‍ വേനല്‍ക്കാലത്ത് സാധ്യത കൂടുതലാണ്. ഭീമന്‍ ട്രാക്ടറുകളും കൊയ്ത്തുയന്ത്രങ്ങളും ചാണകം നിറച്ച ടാങ്കറുകളും എനിക്കരികിലൂടെ തിടുക്കത്തില്‍ വയലുകളിലേക്ക് പൊയ്‌ക്കൊണ്ടേയിരുന്നു. അവയിലുണ്ടായിരുന്ന വെയിലേറ്റു ചുവന്നു കരുവാളിച്ച മുഖമുള്ള അജാനബാഹുക്കളായ ചെറുപ്പക്കാര്‍ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ഉച്ചത്തില്‍ വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്തു. നിറപ്പകിട്ടാര്‍ന്ന കുടയും പിടിച്ചു വഴിയരികിലൂടെ നടന്നുപോകുന്ന അപരിചിത ആരാണെന്ന ആകാംക്ഷയോടെ അവര്‍ കുനിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

'വിപ്ലവകാരികളായ കൃഷിക്കാരുടെ കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയ' എന്ന് അറിയപ്പെടുന്ന ഈ കൊച്ചു ഗ്രാമത്തില്‍ അടിക്കടി എത്തുന്ന വിദേശ സന്ദര്‍ശകരെ ലക്ഷ്യമാക്കി ധാരാളം ഹോം സ്‌റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറബ് സ്വാധീനമുള്ള വാസ്തുശൈലിയില്‍ പണിഞ്ഞ ഏകദേശം ഇരുന്നൂറു വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു വീട്ടിലായിരുന്നു എന്റെ താമസം. ഭര്‍ത്താവ് മരിച്ചപ്പോള്‍ ഏകാന്തത താങ്ങാനാവാതെ ലോലാ ലോബോ എന്ന വൃദ്ധ തുടങ്ങിയതാണ് ഈ ഹോം സ്റ്റേ. വെള്ളിത്തലമുടിയും ശരീരമാസകലം ചുളിവുകളുമുള്ള മെലിഞ്ഞു ദുര്‍ബലയായ ആ വൃദ്ധ തന്റെ ഏകാന്തതയ്ക്ക് അല്‍പ്പം ശമനം കിട്ടാനാണ് ആ സ്ഥാപനം നടത്തുന്നത് എന്ന് ചെന്നപ്പോള്‍ തന്നെ എനിക്ക് തോന്നാതിരുന്നില്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പ്രൌഢമായ മൂറിഷ് രൂപകല്പനയ്ക്ക് വലിയ മാറ്റം ഒന്നും വരുത്തിയിരുന്നില്ല. കുട ചൂടിയിട്ടും അന്തലൂസിയയിലെ കുപ്രസിദ്ധമായ ചൂട് സഹിക്കാനാവാതെ നാവു വരളുകയും ശരീരമാസകലം വിയര്‍ത്തു കുളിക്കുകയും ചെയ്താണ് ഞാന്‍ മുറിയിലെത്തിയത്. വിയര്‍പ്പും പൊടിയും ചേര്‍ന്ന് തളര്‍ന്നു പോയ ശരീരമാസകലം ഒരു നേര്‍ത്ത ആവരണം തന്നെ തീര്‍ത്തിരുന്നു.

ഏറെനേരമെടുത്തു ചുട്ടുപൊള്ളിയ ശരീരം തണുക്കും വരെ പഴയ മാതൃകയിലുള്ള കുളിത്തൊട്ടിയില്‍ കിടന്ന ശേഷം പുറത്തു വന്ന എന്നെ കാത്ത് മേശപ്പുറത്ത് ഒരു കൂറ്റന്‍ വൈന്‍ ഗ്ലാസ്സില്‍ നന്നായി തണുപ്പിച്ച അന്തലൂസിയന്‍ ബക്ക് ഇരിപ്പുണ്ടായിരുന്നു. മദ്യം വേണ്ടെന്നും അല്‍പ്പം എരുവ് കൂടുതല്‍ ഉള്ള ഭക്ഷണമാണ് ഇഷ്ടമെന്നും വന്നപ്പോള്‍ തന്നെ ലോലയുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞിരുന്നു. എന്നിട്ടാണ് ഒരു ബലൂണ്‍ പോലെയിരിക്കുന്ന ബര്‍ഗണ്ടി വൈന്‍ ഗ്ലാസ് നിറയെ ഈ സാധനം കൊണ്ട് വന്നു വച്ചിരിക്കുന്നത്. അല്‍പ്പം അരിശത്തോടെ ഞാന്‍ അതെടുത്ത് മണത്ത് നോക്കുന്നതു കണ്ടു കൊണ്ടാണ് പാതി ചാരിക്കിടന്ന വാതില്‍ തള്ളിത്തുറന്നു ലോല കടന്നു വന്നത്. 'നീ വല്ലാതെ ക്ഷീണിച്ചു വിയര്‍ത്തു കയറി വരുന്നത് ഞാന്‍ കണ്ടിരുന്നു'. ക്ഷമാപണ ശബ്ദത്തില്‍ അവര്‍ പറഞ്ഞു. 'ഷെറിയുടെയും ജിന്നിന്റെയും അളവ് അതില്‍ വളരെ കുറവാണ്. ജിഞ്ചര്‍ ബിയറും നാരങ്ങാ നീരുമാണ് കൂടുതല്‍. ചൂടുകാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്. 'അവരുടെ നരച്ച കണ്ണുകളിലെ നനവാര്‍ന്ന സ്‌നേഹം കണ്ടപ്പോള്‍ തളര്‍ന്നു കയറി വരുന്ന നേരത്ത് ഒരു ഗ്ലാസ് വെള്ളം ആരെങ്കിലും എടുത്തു തന്നിട്ട് എത്ര കാലമായി എന്ന് ഉള്ളിലിരുന്നു ആരോ ചോദിക്കും പോലെ തോന്നി. ഏതോ ഷുഗര്‍ സിറപ്പിന്റെ നേര്‍ത്ത മധുരവും നാരങ്ങയുടെ പുളിപ്പും മദ്യത്തിന്റെ നേര്‍ത്ത ചുവയും ഐസ് ക്യൂബുകളില്‍ നിന്ന് അലിഞ്ഞിറങ്ങുന്ന തണുപ്പും കലര്‍ന്ന ആ പാനീയത്തിനു സ്വര്‍ഗീയമായ രുചിയായിരുന്നു. എനിക്കതിഷ്ടപ്പെട്ടു എന്ന് മനസ്സിലായപ്പോള്‍ സന്തോഷം കലര്‍ന്ന ഒരു ചിരിയോടെ ലോല ശബ്ദമുണ്ടാക്കാതെ അവര്‍ക്ക് പിന്നില്‍ കതകു ചാരി.

കലവറയില്ലാത്ത തീവ്രമായ വികാരപ്രകടനങ്ങളാണ് മറ്റു യൂറോപ്യന്‍ ഭൂവിഭാഗങ്ങളില്‍ താമസിക്കുന്ന ഉറഞ്ഞുപോയതുപോലെയുള്ള മുഖങ്ങള്‍ക്കുടമകളായ മനുഷ്യരില്‍ നിന്ന് അന്തലൂസിയന്‍ നിവാസികളെ വ്യത്യസ്തരാക്കുന്നത്. ഫ്ലെമെന്‍കോ  നൃത്തവും കാളപ്പോരും അന്തലൂസിയയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നൃത്തവും മദ്യവും പൊട്ടിച്ചിരികളും സൗഹൃദങ്ങളും ചേര്‍ന്ന ഊഷ്മളമായ ജീവിതം നയിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ നാട്.

വൈകുന്നേരത്തേ വെയില്‍ നല്‍കിയ പുകച്ചില്‍ അപ്പോഴും ശരീരത്ത് തങ്ങി നില്‍ക്കുന്നത് പോലെ തോന്നിയതിനാല്‍ ഡിന്നറിന് പോവാനായി മൃദുലമായ പരുത്തിത്തുണി കൊണ്ടുണ്ടാക്കിയ ഒരു ഗൗണ്‍ തിരഞ്ഞെടുക്കുകയും മുടി ഉയര്‍ത്തിക്കെട്ടി വയ്ക്കുകയും ചെയ്തു. ഞാന്‍ നാലാം വയസ്സിലെ നട്ടപ്പിരാന്തുമായി നടക്കുന്ന സമയത്ത് ഈ നാടിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തതാണ് ജുവാന്‍ മാനുവല്‍ സാഞ്ചെസ് ഗോര്‍ദില്ലോ എന്ന ഈ ചരിത്രാധ്യാപകന്‍. കൃത്യമായി പറഞ്ഞാല്‍ 1979 മുതല്‍ ഇന്ന്, ഈ ദിവസം വരെ മരീനാലേദയുടെ സര്‍വ്വസമ്മതനായ മേയര്‍ ആണ് അദ്ദേഹം. ആ മനുഷ്യന്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് ശരിയല്ല എന്നോര്‍ത്തു കൊണ്ട് നല്ല വേഗത്തില്‍ തന്നെ ഞാന്‍ നടന്നു.

പോകുന്ന വഴിയിലുള്ള ഒരു കെട്ടിടത്തില്‍ ചെഗുവേരയുടെ കൂറ്റന്‍ ചിത്രമുണ്ട്. മരീനാലേദ, സമാധാനം ഒരു യഥാര്‍ത്ഥ്യമാക്കുന്ന ഉട്ടോപ്പിയ എന്ന് എഴുതിയിട്ടുള്ള ഔദ്യോഗിക മുദ്രയുടെ ചിത്രവും അതിനു സമീപം കാണാം. വഴിയിലുടനീളം ഒരേപോലെയുള്ള കെട്ടിടങ്ങള്‍. പതിനഞ്ചു യൂറോ, അതായത് ഇപ്പോഴത്തെ വിദേശനാണയവിനിമയ നിരക്കനുസരിച്ച് ഏകദേശം 1250 രൂപ മാത്രം മാസം കൊടുത്ത് നാട്ടുകാര്‍ക്ക് സ്വന്തമാക്കാവുന്ന വീടുകള്‍!

വീട് ഓരോ പൗരന്റെയും മൗലികാവകാശമാണ് എന്ന് പ്രഖ്യാപിക്കുകയും സാധ്യമായ ഏറ്റവും ചുരുങ്ങിയ നിരക്കില്‍ അത് ലഭ്യമാക്കുകയും ചെയ്ത നാടാണിത്. മരീനാലേദയില്‍ താമസിക്കാന്‍ തീരുമാനിക്കുന്ന ചെറുപ്പക്കാര്‍ക്ക് അതിനുള്ള ഭൂമിയും നിര്‍മ്മാണവസ്തുക്കളും ഒരു തൊഴിലാളിയും ആര്‍ക്കിടെക്റ്റിന്റെ സേവനവും ഗ്രാമത്തിന്റെ വകയാണ്. 90 സ്‌ക്വയര്‍മീറ്റര്‍ വലിപ്പമുള്ള, രണ്ടു നിലകളുള്ള വീടുണ്ടാക്കുന്നത് നാട്ടുകാരും കൂട്ടുകാരും ഒക്കെച്ചേര്‍ന്നാണ്. വീടിനു പുറകിലായി നൂറു സ്‌ക്വയര്‍ മീറ്റര്‍ വലിപ്പത്തില്‍ ഒരു കുഞ്ഞു മുറ്റവുമുണ്ട്. സ്വന്തം വീട് പണിയാന്‍ വീട്ടുടമ ചിലവാക്കിയ സമയത്തിന്റെ വില നിര്‍മ്മാണച്ചിലവില്‍ നിന്ന് കിഴിക്കുകയും ചെയ്യും. അടുത്ത തലമുറയ്ക്ക് കൈമാറുകയല്ലാതെ വില്‍ക്കാന്‍ അനുവാദമില്ല എന്ന കരാറില്‍ ആദ്യം തന്നെ ഒപ്പ് വയ്ക്കുന്നത് കൊണ്ട് വിറ്റ് കാശാക്കാം എന്ന് വിചാരിക്കുന്ന സൂത്രശാലികള്‍ക്ക് രക്ഷയില്ല.

ബയോട്ടോപ്പി ബിഗോട്ടോപ്പി! എന്തൊരു കിറുക്കന്‍ പേരാണിത് എന്ന് മനസ്സിലോര്‍ത്തുകൊണ്ടാണ് ആ ചെറിയ ബാര്‍ റസ്റ്റോറന്റിറിലേക്ക് കയറിച്ചെന്നത്. ഭാഗ്യത്തിന് ഗോര്‍ദില്ലോ എത്തിയിരുന്നില്ല. വയലുകളില്‍ ജോലി ചെയ്യാന്‍ വരുന്ന തൊഴിലാളികള്‍ ഒഴിച്ച് ആ ഉള്‍നാടന്‍ ഗ്രാമത്തില്‍ വിദേശികളായ സന്ദര്‍ശകര്‍ കുറവാണെന്ന് നാട്ടുകാരുടെ തുറിച്ചുനോട്ടത്തില്‍ നിന്ന് അതിനകം മനസ്സിലാക്കിയിരുന്നതിനാല്‍ മേശയ്ക്കു പിന്നില്‍ നിന്ന മീശക്കാരന്‍ വയസ്സന്റെ അമ്പരപ്പ് അവഗണിച്ചുകൊണ്ട് ഒരു മൂലയില്‍ ഞാന്‍ ഇരിപ്പ് പിടിച്ചു.

ഊഹിച്ചത് പോലെ തന്നെ അല്‍പ്പ നിമിഷങ്ങള്‍ക്കുള്ളില്‍ ഗോര്‍ദില്ലോ എത്തി. വൃത്തിയുള്ള ഒരു അയഞ്ഞ ഷര്‍ട്ടും കാക്കിത്തുണി കൊണ്ട് തുന്നിയ കാലുറയും വള്ളിച്ചെരുപ്പും ധരിച്ച ആ മനുഷ്യന് പകല്‍ മുഴുവന്‍ പണിയെടുത്ത ശേഷം കുളിച്ചു വൃത്തിയായി അല്‍പ്പം ഉല്ലസിക്കാം എന്ന് കരുതി പുറത്തേയ്ക്ക് ഇറങ്ങുന്ന ഒരു സാധാരണ തൊഴിലാളിയില്‍ നിന്ന് ഒരു വ്യത്യാസവും ഉള്ളതായി തോന്നിയില്ല. കൗണ്ടറില്‍ നിന്നിരുന്ന വയസ്സന്‍ തയ്യാറാക്കി വച്ചിരുന്ന ഡ്രിങ്ക് എടുത്തു ഒറ്റയടിയ്ക്ക് വായിലേക്കൊഴിച്ചിട്ട് എന്നെയും വിളിച്ചു കൊണ്ട് ഗോര്‍ദില്ലോ പുറത്തേയ്ക്കിറങ്ങി. ''ഒന്ന് നടന്നിട്ട് തിരിച്ചു വരാം, മാത്രമല്ല ഇന്ന് ടൗണ്‍ ഹാളിനു മുന്നില്‍ ഫ്ലെമെന്‍കോ നൃത്തമുണ്ട്. അതും കാണാം.'' അദ്ദേഹം പറഞ്ഞു.

ബാറിനുള്ളിലെ തണുപ്പില്‍ നിന്നും പുറത്തിറങ്ങാന്‍ എനിക്കല്‍പ്പം മടിയായിരുന്നുവെങ്കിലും സംസാരിക്കാന്‍ കൂടുതല്‍ സൗകര്യം ആ നടപ്പായിരിക്കും എന്ന് തോന്നി. ഫോണില്‍ ചുരുങ്ങിയ വാക്കുകളില്‍ മരീനാലേദ എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തെ പറ്റി കൂടുതല്‍ മനസ്സിലാക്കാനാണ് വരവ് എന്ന് പറഞ്ഞിരുന്നത് ഗോര്‍ദില്ലോ മറന്നിരുന്നില്ല. ഒരു ചെറിയ കുന്നിന്റെ മുകളില്‍ കൈപിടിച്ചു കയറ്റി നിറുത്തിയിട്ട് ദൂരെ പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശം അദ്ദേഹം എനിക്ക് കാട്ടിത്തന്നു.

മുന്‍ സ്പാനിഷ് രാജാവ് ജുവാന്‍ കാര്‍ലോസിന്റെ ഏറ്റവുമടുത്ത സുഹൃത്തായ ഒരു ജന്മിയുടെതായിരുന്നു ഒരിക്കല്‍ ആ സ്ഥലം. കൊടും പട്ടിണിയാല്‍ നരകിച്ചു കൊണ്ടിരുന്ന ജനങ്ങളെ രക്ഷിക്കാനായി ആ സ്ഥലത്തിന്റെ ഒരു ഭാഗം പന്ത്രണ്ടു വര്‍ഷം നീണ്ടു നിന്ന സമരമുറകളിലൂടെ പിടിച്ചെടുത്തുകൊണ്ടാണ് മരീനാലേദയിലെ കമ്മ്യൂണിസ്റ്റ് കാര്‍ഷിക വിപ്ലവം തുടങ്ങുന്നത്.

''നീ പോലീസുകാരുടെ അടി കൊണ്ടിട്ടുണ്ടോ?'' ആ ചോദ്യം കേട്ട് എനിക്ക് ചിരി വന്നുവെങ്കിലും ഗോര്‍ദില്ലോയുടെ മുഖത്ത് ഗൗരവമായിരുന്നു. ''പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിന് പലതവണ ഇതിനായി  സ്പാനിഷ് സിവില്‍ ഗാര്‍ഡുകളുടെ മര്‍ദ്ദനം സഹിക്കേണ്ടി വന്നു. സ്ഥലം സ്വന്തമായിക്കഴിഞ്ഞ് തരിശായി കിടന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കുകയായിരുന്നു അടുത്ത പടി. ഞങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി ദിവസങ്ങളോളം കൂലി ഇല്ലാതെ പണിയെടുക്കേണ്ടി വന്നു. കൈ മെയ് മറന്നു അധ്വാനിക്കുക മാത്രമല്ല, കിട്ടുന്ന പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കാനുള്ള ഫാക്ടറിയും ഒലിവ് ഓയില്‍ ഉത്പാദിപ്പിക്കാനായി മില്ലും കൂടെ ആരംഭിച്ചതിലൂടെ ഉത്പന്നങ്ങളുടെ മൂല്യവര്‍ധന സാധ്യമായി. ഫ്രാങ്കോയുടെ മരണ സമയത്ത് ഗ്രാമത്തിലുണ്ടായിരുന്ന അറുപതു ശതമാനത്തോളം തൊഴിലില്ലായ്മ ഏകദേശം പൂര്‍ണ്ണമായി തന്നെ പരിഹരിക്കുന്നതിലും ഞങ്ങള്‍ വിജയിച്ചു.''

വഴിയരികില്‍ ഒരു കൂറ്റന്‍ ഓയില്‍ മില്‍ ഹുങ്കാര ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ചെറുകൂട്ടങ്ങളായി മില്ലിലേക്കു നടന്നു പോകുന്ന അടുത്ത ഷിഫ്റ്റിലേക്കുള്ള ആളുകള്‍ ഗോര്‍ദില്ലോയെ കണ്ടു സൗഹൃദത്തോടെ ചിരിക്കുകയും കൈവീശുകയും ചെയ്തു.

''ഇന്നാട്ടില്‍ എല്ലാവരുടെയും വേതനം സമമാണ്. അധികലാഭം കൃഷിയും വ്യവസായവും വികസിപ്പിക്കുന്നതിലും പുതിയ യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും ഗ്രാമത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. ലാഭമുണ്ടാക്കുകയായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു''- ഒരു അദ്ധ്യാപകനെപ്പോലെ ഗോര്‍ദില്ലോ വിശദീകരിച്ചു. 

കടും ചുവപ്പ് നിറത്തിലുള്ള മൂത്തുപഴുത്ത വലിയ മുളകുകള്‍ കൂട്ടിയിട്ട ഒരു പിക്കപ്പ് വാന്‍ ഞങ്ങളെ കടന്നു പോയി. ''ഞങ്ങളിവിടെ ഗോതമ്പ് പോലെയുള്ള ധാന്യങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ കൃഷി ചെയ്യാറില്ല''- ഗോര്‍ദില്ലോ പറഞ്ഞു. ''അതിനു യന്ത്രങ്ങള്‍ മതി. പലവിധം മുളകുകള്‍, ബീന്‍സ്, തക്കാളി മുതലായ സംസ്‌കരിക്കാന്‍ കഴിയുന്ന പച്ചക്കറികള്‍ക്കാണ് പ്രാധാന്യം. അവയ്ക്ക് കൂടുതല്‍ പരിചരണം വേണം. അതിനര്‍ത്ഥം കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നുകൂടിയാണ്.''

ഞങ്ങള്‍ എത്തിയപ്പോഴേക്കും നൃത്തം ഏകദേശം തീരാറായിരുന്നു. പ്രായഭേദമെന്യേ നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച വൃദ്ധരും കുട്ടികളും ആര്‍പ്പു വിളിച്ചു കൊണ്ട് ദൃഢവും ചടുലവുമായ ചുവടുകള്‍ വച്ചു. താളനിബദ്ധമായ സംഗീതവും നിലാവുള്ള രാവും സിരകളില്‍ ലഹരി കലര്‍ത്തിയ പ്രണയികള്‍ ചുറ്റുപാടുകളെപ്പറ്റി യാതൊരു ബോധവുമില്ലാത്തതു പോലെ പുണര്‍ന്നു കൊണ്ട് നൃത്തം ചെയ്യുന്നു. ധാരാളം ആളുകള്‍ ബിയര്‍ ഗ്ലാസ്സുകളും വലിയ ചുരുട്ടുകളുമായി നൃത്തം ആസ്വദിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്തു കൊണ്ട് ഗ്രൗണ്ടിനു ചുറ്റും ഇരിപ്പുണ്ടായിരുന്നു. അധിക സമയം അവിടെ ചെലവഴിക്കാതെ ഞങ്ങള്‍ മുന്നോട്ടു നടന്നു.

ആരാണ് ഇതിനൊക്കെ മേല്‍നോട്ടം വഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി ഗോര്‍ദില്ലോ കോഓപ്പറേറ്റീവുകളുടെ പ്രവര്‍ത്തനം വിശദീകരിച്ചു. ഗ്രാമത്തിലെ വ്യവസായങ്ങള്‍ എല്ലാം തന്നെ ജനങ്ങളാണ് ഭരിക്കുന്നത്. അവയുടെ സുതാര്യമായ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ചുമതലയുള്ള ആളുകളുണ്ട്. വര്‍ഷത്തില്‍ പല തവണ മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടി നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും അതിനാവശ്യമായ പണത്തെ സംബന്ധിച്ച വിവരങ്ങളും ജനങ്ങളോട് വിശദീകരിക്കുന്നു. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലേറുന്നവരുടെ കയ്യില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഏല്‍പ്പിച്ചു കൊടുത്ത് മിണ്ടാതിരിക്കുകയല്ല ഇവിടെ ജനം ചെയ്യുന്നത്. ഓരോ മീറ്റിംഗിലും പൗരന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ഭരണസമിതിയിലെ അംഗങ്ങളുടെ കര്‍ത്തവ്യം.

സാമ്പത്തിക മാന്ദ്യ കാലത്ത് ഗോര്‍ദില്ലോ നേതൃത്വം വഹിച്ച സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ''ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലും അംഗമല്ല.'' ഗോര്‍ദില്ലോ ഉറപ്പോടെ പറഞ്ഞു. ''പക്ഷെ സമൂഹത്തിന്റെ വികസനത്തിലൂടെ മാത്രമേ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉയര്‍ച്ച ഉണ്ടാകൂ എന്ന് വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയാണ് ഞാന്‍.''

''അങ്ങ് ഒരു മേയര്‍ അല്ലെ? ഒരുപാടു ആളുകള്‍ക്ക് മാതൃകയായ ഒരാള്‍! നിയമലംഘനത്തിനു പകരം മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലേ?'' മടിയോടെയാണെങ്കിലും ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

''കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനാവാതെ അന്തലൂസിയയിലെ അമ്മമാര്‍ കരയുന്നത് കാണുമ്പോള്‍ ഞാന്‍ പിന്നെ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്? പത്രങ്ങളിലും ടിവിയിലും കണ്ടതൊക്കെ ശരിയാണ്. ഞാന്‍ തന്നെയാണ് വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സഖാക്കളോടൊപ്പം ചെന്ന് അവശ്യ സാധനങ്ങള്‍ വിലകൊടുക്കാതെ ബലം പ്രയോഗിച്ചു എടുത്തു കൊണ്ടുവന്നത്. പാലും ഗോതമ്പും പാസ്തയും മറ്റുമേ ഞങ്ങള്‍ എടുത്തുള്ളൂ. മനുഷ്യര്‍ക്ക് ജീവന്‍ നിലനിറുത്താനുള്ള ഭക്ഷണം മാത്രം. എനിക്ക് അതില്‍ പശ്ചാത്താപമില്ല.''

ആ മനുഷ്യന്റെ കണ്ണുകളില്‍ നിന്ന് തീ പാറുന്നത് പോലെ എനിക്ക് തോന്നി. ''ആ സമയത്തു അന്തലൂസിയയിലെ പാര്‍ലമെന്റ് അംഗമായിരുന്ന എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസുകാര്‍ക്ക് നിയമപ്രകാരം അനുവാദമില്ലായിരുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ വേണ്ടി ചെയ്ത ആ പ്രവൃത്തി കാരണം അവര്‍ക്ക് എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതിനു സൗകര്യം ഒരുക്കാനായി ഞാന്‍ പാര്‍ലമെന്റ്റ് അംഗത്വം രാജി വയ്ക്കാന്‍ ഒരുക്കമായിരുന്നു. പക്ഷെ സാധുക്കളായ നാട്ടുകാരുടെ പ്രതിഷേധത്തെ ഭയന്നു അവര്‍ക്ക് അറസ്റ്റ് എന്ന ആശയം ഉപേക്ഷിക്കേണ്ടി വന്നു.''

''അതുകഴിഞ്ഞ് പട്ടാളത്തിന്റെ സ്ഥലം പിടിച്ചെടുത്തതിനു എന്നെ കോടതി ശിക്ഷിച്ചത് നീ അറിഞ്ഞിരുന്നോ?'' 

അതും ഞാന്‍ വായിച്ചിരുന്നു. 

''ആ കുറ്റത്തിന് കോടതി എന്നെ ഏഴു മാസത്തേക്ക് ശിക്ഷിച്ചു. പക്ഷെ ക്രിമിനല്‍ റെക്കോര്‍ഡ്സ് ഒന്നും എന്റെ പേരില്‍ ഇല്ലാതിരുന്നതിനാലും രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷ ലഭിക്കുന്നവര്‍ തടവ് അനുഭവിക്കേണ്ടതില്ല എന്ന സ്പാനിഷ് നിയമം മൂലവും ഞാന്‍ രക്ഷപെട്ടു.'' ഒരു കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കമായി ചിരിച്ചു കൊണ്ട് ഗോര്‍ദില്ലോ പറഞ്ഞു.

ചുമ്മാതെയല്ല ഈ കൊച്ചു മനുഷ്യനെ സ്പാനിഷ് ദിനപ്പത്രങ്ങള്‍ റോബിന്‍ഹുഡ് മേയര്‍ എന്നും ഡോണ്‍ക്വിക്‌സോട്ട് എന്നും വിശേഷിപ്പിക്കുന്നത്. ഞാന്‍ ഒരു ചിരിയോടെ മനസ്സില്‍ പറഞ്ഞു.

''നിനക്ക് കൃഷിക്കാരുടെ കൂടെ ആഹാരം കഴിക്കണോ?'' അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ പോയത് ബ്രെഡും മറ്റു ഭക്ഷണസാധനങ്ങളും വില്‍ക്കുന്ന ഒരു വലിയ കടയിലേക്കാണ്. ചില്ല് ഭിത്തികള്‍ക്കരികില്‍ കൂറ്റന്‍ റൊട്ടികള്‍ നിരത്തി വച്ചിരുന്ന വിശാലമായ ആ മുറിയിലാകെ കൊതിപിടിപ്പിക്കുന്ന മണം തങ്ങിനിന്നിരുന്നു. മുറിയുടെ നടുവില്‍ പായല എന്ന സ്പാനിഷ് ഭക്ഷണം നിറച്ച വലിയ രണ്ടു ചെമ്പുകള്‍ക്കടുത്തു നിന്ന് ഒരാള്‍ വരുന്നവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തുകൊണ്ടേയിരുന്നു. രാത്രിയില്‍ ജോലി ചെയ്യാന്‍ പോകുന്നവര്‍ അവിടെ വന്നു ഭക്ഷണം കഴിച്ചിട്ടാണ് പോകുന്നത്. ഈ കടയും ഈ ഗ്രാമത്തിലെ ജനങ്ങളുടെ വകയാണ്. വലിയ കക്കകളും കൊഞ്ചും ചെറിയ നീരാളിയുടെ കഷണങ്ങളും പച്ചക്കറിസൂപ്പില്‍ വേവിച്ച ചോറില്‍ കലര്‍ത്തിയ ആ വിഭവം വളരെ സ്വാദിഷ്ടമാണ് എന്ന് എനിക്ക് അതിന്റെ സുഗന്ധത്തില്‍ നിന്ന് തന്നെ ബോധ്യമായി.

''നമ്മള്‍ പെദ്രോയോടു തിരിച്ചു ചെല്ലാം എന്ന് പറഞ്ഞിട്ടല്ലേ വന്നത്?'' ഞാന്‍ നിരാശയോടെ ഗോര്‍ദില്ലോയുടെ ചെവിയില്‍ മന്ത്രിച്ചു. ''അതിനെന്താ, നമുക്ക് ബയോട്ടോപ്പി ബിഗോട്ടോപ്പിയിലേക്ക് തന്നെ തിരിച്ചു പോകാം. പെദ്രോ എന്റെ ബാല്യകാലസുഹൃത്താണ്. അവന്‍ നന്നായി ഭക്ഷണമുണ്ടാക്കും.'' ഗോര്‍ദില്ലോ പറഞ്ഞു. ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയതും കേരളത്തില്‍ പണ്ട് സിനിമയുടെ പരസ്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ട് പോകുമായിരുന്ന ജീപ്പിന്റെ മാതൃകയില്‍ ഒരെണ്ണം മുന്നിലൂടെ ദാ പോകുന്നു. നാളെ രാവിലെ എട്ടുമണിക്ക് ടീം എയിലെ അംഗങ്ങള്‍ ഒലീവ് തോട്ടത്തിലെത്തണം എന്നാണ് അതിനുള്ളിലിരുന്ന മുടിയില്‍ നീലച്ചായം പുരട്ടിയ ഫ്രീക്കന്‍ പയ്യന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു കൊണ്ട് പോയത്. എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. ''അടുത്ത ദിവസം ആരാണ് ജോലി ചെയ്യേണ്ടത് എന്നും എവിടെയാണ് ചെയ്യേണ്ടത് എന്നും ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കുന്നത് ഇങ്ങനെയാണ്.'' ഗോര്‍ദില്ലോ വിശദീകരിച്ചു.

''പെദ്രോയുടെ ബാറും കോഓപ്പറേറ്റീവിന്റെ ഭാഗമാണോ?'' ഞാന്‍ ചോദിച്ചു. ''അല്ല ആര്‍ക്കു വേണമെങ്കിലും ഇവിടെ കടകള്‍ തുടങ്ങാം. കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കൊഴിച്ച്.'' വലിയ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ അവരുടെ ശാഖകള്‍ തുടങ്ങാനുള്ള അനുവാദം ചോദിച്ചു വന്നിരുന്നു. ടൗണ്‍ഹാള്‍ രണ്ടാമതൊന്നാലോചിക്കാതെ ആ അപേക്ഷകള്‍ തള്ളിക്കളഞ്ഞു. ഒരുപാടു വിമര്‍ശനങ്ങള്‍ ഈ ജീവിതരീതിയ്ക്ക് എതിരെ മുതലാളിത്ത ഭരണകൂടം ഉന്നയിക്കുന്നുണ്ട്. വലിയ നഗരങ്ങളില്‍ ഈ രീതി പ്രാവര്‍ത്തികമാവുകയില്ല, ആര്‍ക്കും പണക്കാരാവാന്‍ കഴിയില്ല.അങ്ങനെ പലതും.

''ആര്‍ക്കാണ് പണക്കാരാവേണ്ടത്?'' അദ്ദേഹം ഗൌരവത്തോടെചോദിച്ചു. ''ഇവിടെ ഈ ജീവിത സാഹചര്യങ്ങളില്‍ കൃഷിപ്പണികളും ഫാക്ടറി ജോലികളും ചെയ്തു കഴിയാന്‍ ഞാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. സന്തോഷമായി, സുരക്ഷിതമായി ജീവിതകാലം മുഴുവന്‍ കഴിയാന്‍ വേണ്ടതെല്ലാം ഈ ഗ്രാമം നല്‍കുന്നുണ്ട്. ഇവിടെ താമസിക്കുന്നവര്‍ അസംതൃപ്തരാണ് എന്ന് നിനക്ക് തോന്നിയോ?''

നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് പണമല്ല ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന് ഇക്കണ്ട ജനങ്ങളെയെല്ലാം ഇദ്ദേഹം എങ്ങനെയായിരിക്കും പഠിപ്പിച്ചത് എന്ന് ഞാന്‍ ഗാഢമായി ചിന്തിച്ചു.

''നമ്മുടെ നാട് കാണാന്‍ ഇന്ത്യയില്‍ നിന്ന് വന്ന കമ്മ്യൂണിസ്റ്റ്!''

പെദ്രോയുടെ ബാറില്‍ എത്തിയപ്പോള്‍ ഗോര്‍ദില്ലോ പരിചയപ്പെടുത്തുന്നത് കേട്ട ഞാന്‍ ലജ്ജ കൊണ്ട് ചൂളി. ''ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു കമ്മ്യൂണിസ്റ്റ് ഒന്നുമല്ല''. വല്ലാത്ത ഒരു നാണക്കേടോടെ ഞാന്‍ പറഞ്ഞത് കേട്ട് അവര്‍ പൊട്ടിച്ചിരിച്ചു. വളരെ സ്‌നേഹത്തോടെ രണ്ടുപേരും കൂടി തമാശകളുടെ അകമ്പടിയോടെ അന്തലൂസിയയിലെ പരമ്പരാഗത വിഭവങ്ങള്‍ എനിക്ക് വയറു നിറയെ വിളമ്പിത്തന്നു. പന്നിയിറച്ചിയും ഉരുളക്കിഴങ്ങുമാണ് പ്രധാന ചേരുവകള്‍. നന്നായി വെളുത്തുള്ളി ചേര്‍ത്ത ഗസ്പാച്ചോ എന്ന കൊഴുത്ത മീന്‍ സൂപ്പ് എനിക്ക് വളരെ ഇഷ്ടമായി. പോകാനിറങ്ങിയപ്പോള്‍ ഞാന്‍ കൊടുത്ത പണം പെദ്രോ സ്വീകരിച്ചില്ല.

''നീ ഞങ്ങളുടെ അതിഥിയല്ലേ?'' അയാള്‍ ചിരിച്ചു.

ഞാന്‍ പെദ്രോയോടു ചോദിച്ചു, ''എനിക്കൊരു സംശയം, എന്താ ഈ ബയോട്ടോപ്പി ബിഗോട്ടോപ്പി എന്നാല്‍ അര്‍ത്ഥം.''

മറുപടി പറയുന്നതിന് പകരം അയാള്‍ ഒരു കുസൃതിച്ചിരിയോടെ എന്നെ നോക്കി തന്റെ  നരച്ചു സമൃദ്ധമായ മീശ പതുക്കെ പിരിച്ചു. മീശ എന്നര്‍ത്ഥം വരുന്ന ബിഗോട്ടെ എന്ന സ്പാനിഷ് വാക്ക് എനിക്കപ്പോഴാണ് ഓര്‍മ്മ വന്നത്.

''നീ നാളെ പോകുന്നുണ്ടോ?'' 

ലോലയുടെ വീട്ടിലേക്കു നടക്കുന്ന വഴിയില്‍ വച്ചു ഗോര്‍ദില്ലോ ചോദിച്ചു. ''പോകണം. ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.'' 

''അടുത്ത തവണ കുടുംബവുമായി കുറെ ദിവസം താമസിക്കാനായി വരണം.'' അടുത്ത ഒരു ബന്ധുവിനെ ക്ഷണിക്കുന്നത് പോലെ അദ്ദേഹം പറഞ്ഞു. 

''ഗോര്‍ദില്ലോ, തീര്‍ച്ചയായും ഞാന്‍ ഇനിയും വരും. എന്റെ മക്കള്‍, അടുത്ത തലമുറയുടെ പ്രതിനിധികള്‍, നിശ്ചയമായും സമത്വം എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കേണ്ടതുണ്ട്.'' അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞു. 

Marinaleda, a socialist utopia in Spain from Luca Piergiovanni on Vimeo.

click me!