ട്രാന്‍സ് ജെന്‍ഡറുകളോട് ബിഗ് ബോസ് ചെയ്യുന്നത്

By Sunitha Devadas  |  First Published Aug 1, 2018, 4:06 PM IST

അഞ്ജലി അമീര്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയത് വെറുതെ ആയില്ല. ആ വരവിന്റെ ശുഭസൂചനകള്‍ ചര്‍ച്ചകളായി സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു. ബിഗ് ബോസില്‍ കാര്യമായൊന്നും കാണാനില്ല, ചര്‍ച്ച ചെയ്യാനില്ല എന്ന് പറഞ്ഞു എഴുതിത്തള്ളിയവരൊക്കെ ഗൗരവകരമായ ചര്‍ച്ചക്ക് തുടക്കമിട്ടു തുടങ്ങിയിരിക്കുന്നു. 


പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഈ നിലപടെടുത്ത അഞ്ജലിക്ക് ബിഗ് ബോസ് വീടിനകത്ത് ഈ പരാമര്‍ശത്തിന് കയ്യടിയാണ് കിട്ടിയത്. എന്നാല്‍ ഷോ കഴിഞ്ഞപ്പോള്‍ പ്രമുഖരായ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍അഞ്ജലിയെ എതിര്‍ത്തും അനുകൂലിച്ചും പ്രസ്താവനകളുമായി രംഗത്ത് വന്നു. 

Latest Videos

undefined

അഞ്ജലി അമീര്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയത് വെറുതെ ആയില്ല. ആ വരവിന്റെ ശുഭസൂചനകള്‍ ചര്‍ച്ചകളായി സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു. ബിഗ് ബോസില്‍ കാര്യമായൊന്നും കാണാനില്ല, ചര്‍ച്ച ചെയ്യാനില്ല എന്ന് പറഞ്ഞു എഴുതിത്തള്ളിയവരൊക്കെ ഗൗരവകരമായ ചര്‍ച്ചക്ക് തുടക്കമിട്ടു തുടങ്ങിയിരിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്നുവെന്ന് ഏഷ്യാനെറ്റിന് ഷോയുടെ തൊട്ടു മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞാണ് അഞ്ജലി ബിഗ് ബോസ് വീടിനകത്തു കയറിയത്. എന്നാല്‍ അതിനു മുമ്പും ശേഷവും തന്നെ പെണ്ണെന്നു വിളിക്കുന്നതാണ് ഇഷ്ടം എന്ന് അഞ്ജലി പറഞ്ഞിരുന്നു. മറ്റൊരു മത്സരാര്‍ത്ഥിയായ ദിയ സന തിരുവനന്തപുരം ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവും ആക്ടിവിസ്റ്റുമാണ്. ബിഗ് ബോസില്‍ നടന്ന സംസാരത്തിനിടെ അഞ്ജലി നടത്തിയ ഒരു വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. 

യഥാര്‍ത്ഥ ട്രാന്‍സ്‌ജെന്‍ഡറുകളെ മാത്രമേ താന്‍ അംഗീകരിക്കുന്നുള്ളുവെന്നും ഇടയ്ക്കിടെ മാത്രം വേഷം മാറി നടക്കുന്നവര്‍ ഫേക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആണെന്നും സെക്‌സ് വര്‍ക്കിനെ താന്‍ അംഗീകരിക്കുന്നില്ല എന്നുമാണ് അഞ്ജലി പറഞ്ഞത്. കേരളത്തില്‍ ഒരുപാട് ഫേക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉണ്ടെന്നും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവച്ച് ക്രോസ് ഡ്രസിംഗ് ചെയ്യുകയാണ് അവര്‍ എന്നും അഞ്ജലി പറഞ്ഞു.  ഇതിനെ എതിര്‍ത്ത ദിയ സനയെ അഞ്ജലി പൂര്‍ണമായും നിരാകരിക്കുകയും ദിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അല്ല എന്ന് കാമറയില്‍ പറയുകയും ചെയ്തു. 

പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഈ നിലപടെടുത്ത അഞ്ജലിക്ക് ബിഗ് ബോസ് വീടിനകത്ത് ഈ പരാമര്‍ശത്തിന് കയ്യടിയാണ് കിട്ടിയത്. എന്നാല്‍ ഷോ കഴിഞ്ഞപ്പോള്‍ പ്രമുഖരായ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍അഞ്ജലിയെ എതിര്‍ത്തും അനുകൂലിച്ചും പ്രസ്താവനകളുമായി രംഗത്ത് വന്നു. 

അഞ്ജലിയുടെ വരവില്‍ പ്രതീക്ഷിച്ചതുപോലെ, രണ്ടു ഗുണകരമായ കാര്യങ്ങളാണ് നടക്കുന്നത്. 

ഒന്ന് ആരാണ് ട്രാന്‍സ്ജെന്‍ഡര്‍, ആരാണ് ട്രാന്‍സ്സെക്ഷ്വല്‍, എല്‍ ജി ബി ടി എന്താണ് എന്നൊക്കെ പൊതുസമൂഹം അന്വേഷിക്കാനും ചര്‍ച്ച ചെയ്യാനും പഠിക്കാനും തുടങ്ങിയിരിക്കുന്നു. പ്രാഥമിക കാര്യങ്ങള്‍ മുതല്‍ ചര്‍ച്ച ആവുന്നു. ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ സംസ്ഥാനമായിട്ടും ആ കമ്യൂണിറ്റിയിലുള്ളവരെ അകല്‍ച്ചയോടെ കാണുന്ന പലര്‍ക്കുമിടയില്‍ ബോധവല്‍ക്കരണത്തിനും സ്വയം നവീകരണത്തിനും ഇത് ഉപകരിക്കും. 

രണ്ട്, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ ഇതുവരെ നടക്കാതിരുന്ന തുറന്ന ചര്‍ച്ചകള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു. കമ്യൂണിറ്റിക്കകത്തു മാത്രം ഒതുങ്ങിയിരുന്ന പല വിഷയങ്ങളും പൊതുചര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു. അഞ്ജലിയെ എതിര്‍ത്തും അനുകൂലിച്ചും കമ്യൂണിറ്റിയിലെ പലരും പറയുന്ന കാര്യങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. മുമ്പ് തുറന്നുപറയാതിരുന്ന പല വശങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിയോജിപ്പും വിരുദ്ധാഭിപ്രായവുമൊക്കെ  ഉള്ള ചര്‍ച്ചകള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നു. കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്കും മറ്റുള്ളവര്‍ക്കും തുറന്നു സംസാരിക്കാനുള്ള ഒരു സ്പെയ്സ് ആണ് അഞ്ജലിയുടെ ബിഗ് ബോസ് പ്രവേശനം കാരണം സംഭവിച്ചിരിക്കുന്നത്. 

ഈ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്ന ഗുണപരമായ വഴികള്‍ ഇവയാണ്: 

  • 1. എന്താണ് ട്രാന്‍സ് കമ്മ്യൂണിറ്റി എന്നറിയാന്‍ പൊതു സമൂഹം ശ്രമിക്കുന്നു. അവരെ കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തുന്നു. 
  • 2 . ട്രാന്‍സ്‌ജെന്‍ഡറുകളുടെ വസ്ത്രധാരണം, ക്രോസ് ഡ്രസിങ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. 
  • 3 . ട്രാന്‍സ്‌ജെന്‍ഡറുകളുടെ സെക്‌സ് വര്‍ക്ക് വീണ്ടും ചര്‍ച്ച ആവുന്നു. അവരുടെ ജീവിത സാഹചര്യവും പശ്ചാത്തലവും ചര്‍ച്ചയില്‍ വരുന്നു. 
  • 4 . മനുഷ്യരെ പോലെ ജീവിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വരുമാനവും തൊഴിലും ആവശ്യമാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നു. 
  • 5 . സെക്‌സ് വര്‍ക്കും അതിലെ സദാചാരവും ഗതികേടും ഒരേ സമയം ചര്‍ച്ച ആവുന്നു. 
  • 6 . ഇന്റര്‍സെക്‌സ്, ബൈ സെക്ഷ്വല്‍, ഹെട്രോ സെക്ഷ്വല്‍ തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട നാനാവിഷയങ്ങള്‍ ചര്‍ച്ച ആവുന്നു. 
  • 7 . ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, സന്നദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സാമൂഹിക നിലകളും നിലപാടുകളും ചര്‍ച്ച ആവുന്നു.
  • 8 . ലിംഗമാറ്റ ശസ്ത്രക്രിയകളും അതിന്റെ ചെലവും പ്രയാസങ്ങളും ചര്‍ച്ച ആവുന്നു.
  • 9 . പൊതു സമൂഹത്തിനുള്ള ആശങ്കകളും പ്രതീക്ഷകളും ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് പൊതു സമൂഹത്തെ കുറിച്ചുള്ള പരാതികളും ആഗ്രഹങ്ങളും ചര്‍ച്ച ആവുന്നു. 
  • 10 . തുറന്ന സംവാദത്തിനുള്ള ഒരു പൊതു വേദി തുറന്നു കിട്ടിയിരിക്കുന്നു. അവിടെ ചര്‍ച്ചയില്‍ ലൈംഗികതയുണ്ട്, മനുഷ്യാവകാശമുണ്ട്, പ്രിവിലേജുണ്ട്, ആക്ടിവിസമുണ്ട്, പൊതു മൂല്യങ്ങളുണ്ട്, പൊതുബോധമുണ്ട്, സ്വന്തം കാലില്‍ നില്‍ക്കേണ്ട ആവശ്യകതകളുണ്ട്, അതിജീവനത്തിന്റെ നേര്‍കാഴ്ചകളുണ്ട് ; അതിലുപരി മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. 

അഞ്ജലിയുടെ പരാമര്‍ശങ്ങളോട് അവര്‍ പ്രതികരിച്ചത്:
അഞ്ജലി നിലപാട് മാറ്റണം: സൂര്യ ഇഷാന്‍ 
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മുഴുവന്‍ അപമാനിക്കുന്നതാണ് അഞ്ജലി അമീറിന്റെ പ്രകടനം. ട്രാന്‍സ്‌ജെന്‍ഡര്‍സില്‍ ഫേക്ക് ആളുകള്‍ കുറെ ഉണ്ടെന്നും അവര്‍ സൗത്ത് പാലത്തിനടിയില്‍ സെക്‌സ് വര്‍ക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാന്‍ വേണ്ടിയല്ല മറിച്ചു ധനികര്‍ ആവാന്‍ വേണ്ടി ആണെന്നുമായിരുന്നു അവരുടെ നിലപാട്. സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം, നിങ്ങള്‍ അടക്കമുള്ള ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു. സെക്‌സ് വര്‍ക്കിനെ ഒരിക്കലും ഞാന്‍ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍സ് സെക്‌സ് വര്‍ക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ്. നിങ്ങള്‍ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാന്‍ പോകുന്നതെന്ന് ഓര്‍ക്കുക. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റണം.

നമ്മളെല്ലാം അഭിനയിക്കുന്നവരാണ് : ശീതള്‍ ശ്യാം
ഇപ്പോള്‍ തള്ളിപ്പറയുന്ന ലൈംഗികത്തൊഴിലിനെപ്പറ്റി അറിയാവുന്ന ഒരാളാണ് അവര്‍. വൈകുന്നേരങ്ങളില്‍ മാത്രം സ്ത്രീവേഷം കെട്ടിയിരുന്ന ഒരാള്‍. അല്ലാത്തപ്പോഴൊക്കെ പുരുഷവേഷത്തില്‍ തന്നെയായിരുന്നു.  മാനാഞ്ചിറയിലും പുതിയ സ്റ്റാന്റില്‍ നിന്നും പൈസ സമ്പാദിച്ചിട്ടാണ് അവര്‍ മറ്റൊരു സ്ഥലത്തേക്ക് പോയത്. പിന്നീട് കോയമ്പത്തൂരില്‍ സര്‍ജറിക്ക് വിധേയമായ ശേഷമാണ് ഈ ഐഡന്റിറ്റി കുറച്ചുകൂടി മറച്ചുപിടിക്കാന്‍  ശ്രമിച്ചുതുടങ്ങിയത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ വേഷം കെട്ടുകയാണെന്നാണല്ലോ അവര്‍ പറഞ്ഞത്. പകല്‍ ഒരു വേഷവും രാത്രി മറ്റൊരു വേഷവും എന്ന്. ആദ്യം മനസ്സിലാക്കേണ്ടത് നമ്മളെല്ലാം അഭിനയിക്കുന്നവരാണ് എന്നതാണ്. പുരുഷനും സ്ത്രീയും എല്ലാം. ഓരോരുത്തരിലുമുണ്ട് ഈ 'ജെന്‍ഡര്‍ പെര്‍ഫോമന്‍സ്'.

അവരാരും ഫെയ്ക്ക് ട്രാന്‍സ്‌ജെന്ഡറുകള്‍ അല്ല: ശ്യാമ എസ് പ്രഭ
 ഇന്നും, ഇത്തരം ദൃശ്യതയും സ്വീകാര്യതയും സമൂഹത്തില്‍ നിലനില്‍ക്കുമ്പോഴും തന്റെ അസ്തിത്വം തുറന്നു പറയാന്‍ സാധിക്കാത്ത ഒരുപാട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കേരളത്തില്‍ മാനസിക സംഘര്‍ഷത്തോടുകൂടി കൂടി ജീവിക്കുന്നുണ്ട്. അവര്‍ക്ക് ലഭിക്കുന്ന സ്വകാര്യമായ ഏതെങ്കിലും അവസരങ്ങളില്‍ മാത്രം ആഗ്രഹിക്കുന്ന വസ്ത്രധാരണം നടത്താനും, അത് ആസ്വദിക്കാനും വിധിക്കപ്പെട്ടവര്‍. ഇന്നും അഭിനയത്തിലൂടെ മാത്രം തങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നവര്‍. അവരൊക്കെയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ്. അവരാരും ഫെയ്ക്ക് ട്രാന്‍സ്‌ജെന്ഡറുകള്‍ അല്ല. അഞ്ജലിയും ഈ സാഹചര്യത്തിലൂടെയാണല്ലോ കടന്നുവന്നത്? 100 രൂപ കൊണ്ട് കേരളത്തില്‍ ഒരു ദിവസം ജീവിക്കാന്‍ സാധിക്കും എന്നു പറയുന്ന അഞ്ജലിക്ക് 10 രൂപ പോലും കയ്യിലെടുക്കാന്‍ ഇല്ലാത്തവന്റെ അവസ്ഥ പറഞ്ഞാല്‍ മനസ്സിലാകില്ല അത് ഒരുപക്ഷേ അനുഭവിക്കേണ്ടതാണ്. ബിഗ്‌ബോസില്‍ അഞ്ജലിക്ക് ലഭിച്ചിരിക്കുന്നത് ഒരു സുവര്‍ണാവസരമാണ് അത് അവളായി നിന്ന് തന്നെ പൊരുതുക സ്വന്തം വ്യക്തിത്വം എന്താണെന്ന് കാണിക്കുക.

അഞ്ജലി അന്നു സെക്‌സ് വര്‍ക്ക് ചെയ്തു ജീവിക്കുന്നുണ്ടായിരുന്നു : ശ്രീക്കുട്ടി 
സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങള്‍ അടക്കമുള്ള ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു. ഓര്‍മ്മയുണ്ടോ ഒരിക്കല്‍ നിങ്ങള്‍ സെക്‌സ് വര്‍ക്കിനായി മംഗലാപുരം വന്നപ്പോള്‍ അവിടന്ന് നിങ്ങളെ ഒരു കൂട്ടം ആള്‍ക്കാര്‍ കൂടി മര്‍ദിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ വന്നു നിങ്ങളെ രക്ഷപെടുത്തിയത്?  അഞ്ജലി, നിങ്ങള്‍ 2004ല്‍ നിങ്ങളുടെ വര്‍ക്ക് സെക്‌സ് ആയിരുന്നത് മറന്നോ? ആ നിങ്ങള്‍ പറയുന്നു സെക്‌സ് വര്‍ക്കിനെ ഒരിക്കലും ഞാന്‍ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍സ് സെക്‌സ് വര്‍ക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഞങ്ങള്‍ അവകാശങ്ങള്‍ക്കു പോരാടുമ്പോള്‍ ഈ അഞ്ജലി അന്നു തമന്നയായി ബാംഗ്ലൂരു സെക്‌സ് വര്‍ക്ക് ചെയ്തു ജീവിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പോരാടി നേടിയപ്പോള്‍ വന്നു വലിയ സ്റ്റാര്‍ ആയി വന്നു വിഡ്ഢിത്തം വിളമ്പുന്നു. മണ്ടത്തരം പറയുമ്പോള്‍ സന അത് കറക്റ്റ്് ചെയ്യാന്‍ നോക്കുന്നുണ്ട്. അതിനോട് പുച്ഛം പ്രകടിപ്പിച്ച നിങ്ങളോടാണ് എനിക്ക് ഇപ്പോള്‍ പുച്ഛം. മാത്രമല്ല ഈയിടക്ക് തമ്പാനൂര്‍വന്നു ഈ സ്വയം തൊഴില്‍ ചെയ്യാനായി ഒരാളെ കൊണ്ടു പോയിട്ട് അവരുടെ മോതിരം ഊരി എടുത്ത ഒരു കേസ് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ട് അന്നു ഞങ്ങളാണ് അവിടന്ന് രക്ഷപെടുത്തിയത്. ആ വ്യക്തിയാണ് ഇത്തരത്തില്‍ ചാരിത്രം വിളമ്പുന്നത് നിങ്ങള്‍ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാന്‍ പോകുന്നതെന്ന് ഓര്‍ക്കുക. ട്രാന്‍സ്‌ജെന്‍ര്‍ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം.

കൊച്ചമ്മ മനോഭാവമാണ് നിന്നെ ഇത് പറയിപ്പിച്ചത്: സുധീഷ് ഡോറ
നീ പറയുന്ന സൗത്ത് മേല്‍പാലത്തിന് കീഴിലെ പലരേയും എനിക്ക് നേരിട്ട് അറിയുന്നവരാണ്. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത, ഒന്നു തല ചായ്ക്കാനിടമില്ലാത്ത, ഒരു നല്ല വസ്ത്രം വാങ്ങാന്‍ ഗതിയിലാത്ത എന്റെ സഹജ സഹോദരങ്ങള്‍ സെക്‌സ് ചെയ്യുന്നുവെങ്കില്‍ അത് അവരുടെ അതിജീവനത്തിന് വേണ്ടി ആണെന്ന് അവരെ അറിയുന്ന ഏതൊരാള്‍ക്കും അറിയാം. അതേ വഴിയിലൂടെ കടന്ന് വന്ന് കമ്യൂണിറ്റിയുടെ സൗകര്യങ്ങളെ ഉപയോഗപെടുത്തി നേടിയ പ്രിവലേജുകളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ കൊച്ചമ്മ മനോഭാവമാണ് നിന്നെ ഇത് പറയിപ്പിച്ചതെന്ന് ബോധമുള്ള ആര്‍ക്കും മനസിലാകും. 

നിങ്ങള്‍ക്കൊരു നടുവിരല്‍ നമസ്‌കാരം.: ശ്രുതി സിതാര
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വന്നപ്പോള്‍ അഭിമാനം തോന്നി. പക്ഷേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഴുവന്‍ അപമാനിക്കുന്ന രീതിയിലും സമൂഹത്തില്‍ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലിയുടെ പ്രകടനം. ട്രാന്‍സ്‌ജെന്‍ഡര്‍സില്‍ ഫേക്ക് ആളുകള്‍ കുറെ ഉണ്ടെന്നും അവര്‍ സെക്‌സ് വര്‍ക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാന്‍ വേണ്ടിയല്ല മറിച്ചു ധനികര്‍ ആവാന്‍ വേണ്ടി ആണെന്നുമായിരുന്നു നിലപാട്. എന്താണ് ഈ ഫേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍?. പണ്ട് വീട്ടില്‍ നിന്നും ഇറങ്ങി പോയ അഞ്ജലിയെ സ്വയം അവര്‍ ഫേക്ക് എന്ന് വിളിക്കുമോ? സര്‍ജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാര്‍ ആയപ്പോള്‍ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവന്‍ അവര്‍ക്കു ഉണ്ടായത്. അതിന് മുന്‍പ് അവര്‍ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം. നിങ്ങള്‍ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാന്‍ പോകുന്നതെന്ന് ഓര്‍ക്കുക. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം. നിങ്ങള്‍ക്കൊരു നടുവിരല്‍ നമസ്‌കാരം.

ഭൂരിപക്ഷ അഭിപ്രായത്തിനനുസരിച്ചാണ് അഞ്ജലി സംസാരിച്ചത്: നിഖില്‍ ചന്ദ്രശേഖരന്‍
ട്രാന്‍സ് അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്ന് കരുതിയ അഞ്ജലി സംസാരിച്ചത് ഒരു ട്രാന്‍സ്ബിക് ആയ സമൂഹം എങ്ങിനെയാണ് ചിന്തിക്കുന്നത് അത്തരത്തില്‍ ആയിരുന്നു. ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുമുള്ള ചിന്തക്ക് അപ്പുറത്ത് ഭൂരിപക്ഷ അഭിപ്രായത്തിനനുസരിച്ചാണ് അഞ്ജലി സംസാരിച്ചത്. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ നെഗറ്റീവ് ആയാണ് ബാധിക്കുക, അജ്ഞലിയുടെ വാദത്തില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പ്രശ്‌നം പ്രധാനമായും സാമ്പത്തികപ്രശ്‌നമാണെന്നതായിരുന്നു. അതിനെ കമ്മ്യൂണിറ്റിയുടെ സാമൂഹികപ്രശ്‌നമായി ബന്ധപ്പെടുതാത്തിരുന്നത് കൊണ്ട് തന്നെ കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങളുടെ കാരണം അവര്‍ തന്നെ ആണെന്ന ഹെട്രോ സമൂഹത്തിന്റെ ചിന്തയെ ബലപ്പെടുത്തുകയേയുള്ളൂ.

ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും: അവന്തിക വിഷ്ണു
അഞ്ജലി അമീര്‍ Transgender സമൂഹത്തോട് മാപ്പു പറയുക. നിങ്ങളെങ്ങനെ നിങ്ങളായെന്നു ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും

വന്ന വഴി മറക്കരുത് കൂട്ടുകാരി: അതിഥി അച്യുത്: 
ഇതില്‍ ഒരു കാര്യം ശരിയാണ് അവിടെ ഞാനടക്കം' നിരവധി പേര്‍ ലൈംഗീക തൊഴിലാളികള്‍ ആയിട്ടുണ്ട്. എല്ലാവരും കുടുംബക്കാര്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞവരാണ്. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. അവരെല്ലാം പുരുഷന്റേയും സ്ത്രീയുടേയും  വേഷങ്ങള്‍ ധരിക്കുന്നവരും ആണ് (വേഷം അല്ല ജന്‍ഡര്‍ എന്ന് ഓര്‍ക്കണം). വളരെ പ്രിവിലേജഡ് ആയ അഞ്ജലി യെപ്പോലെ ജീവിക്കണം എന്നു തന്നെയാണ് ആഗ്രഹം. അത് മഹതിയെപ്പോലെ തന്നെ ലൈംഗീക തൊഴിലും ഭിക്ഷാടനവും നടത്തി ആര്‍ജിക്കുന്നു എന്നേ ഉള്ളു. വന്ന വഴി മറക്കരുത് കൂട്ടുകാരി

കൂടെപ്പിറപ്പുകളെ തള്ളിപ്പറഞ്ഞത് നിരാശപ്പെടുത്തി: രെഹന ഫാത്തിമ
അഞ്ജലി അമീര്‍ എന്നെ ട്രാന്‍സ് ജെന്‍ഡര്‍ എന്ന് വിളിക്കരുത്, പെണ്ണാണ് എന്ന് അവകാശപ്പെട്ടിരുന്ന അവര്‍ നിലപാടില്‍ മലക്കം മറിഞ്ഞു ട്രാന്‍സ് ജെന്റേഴ്‌സിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന തരത്തില്‍ അവിടെ സംസാരിച്ചു. എന്നാല്‍ സര്‍ജറി ചെയ്യാത്തവരെ ഫെയിക്ക് എന്നും ജീവിക്കാന്‍ മറ്റു വഴികള്‍ ഇല്ലാതെ സെക്‌സ് വര്‍ക്ക് ചെയ്യേണ്ടിവരുന്നവരെ അപമാനിച്ചും താന്‍ വന്ന വഴി മറന്നുകൊണ്ട് തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരങ്ങളില്‍ അഭിരമിച്ചു കൂടെപ്പിറപ്പുകളെ തള്ളിപ്പറഞ്ഞത് നിരാശപ്പെടുത്തി. 

അഞ്ജലിയുടെ വാക്കുകള്‍ കൃത്യമാണ്: സുകന്യ കൃഷ്ണന്‍
അഞ്ജലിയുടെ വാക്കുകളെയും വാദത്തെയും പൂര്‍ണമായും അനുകൂലിക്കുന്നു. അഞ്ജലിയുടെ വാക്കുകള്‍ കൃത്യമാണ്. ഇവിടെ അവര്‍ ഒരിക്കലും കമ്മ്യൂണിറ്റിയെ അപമാനിച്ചിട്ടില്ല. ട്രാന്‍സ്‌ജെന്‍േറഴ്‌സിന് ഇടയില്‍ അത്തരം ആളുകള്‍ ഉണ്ടെന്ന് അഞ്ജലി പറഞ്ഞിട്ടില്ല, അഞ്ജലി കൃത്യമായി പറഞ്ഞത്, എനിക്ക് ട്രാന്‍സ്‌ജെന്റര്‍ ട്രാന്‍സ്സെക്ഷ്വല്‍ എന്ന വ്യത്യാസം ഒന്നുമില്ല. എല്ലാവരും ട്രാന്‍സ്. പക്ഷേ, വേഷം കെട്ടലുകള്‍ ആണ് അംഗീകരിക്കാന്‍ കഴിയാത്തത്. അങ്ങനെയുള്ളവരാണ് പല പബ്ലിക് ഇഷ്യൂസും റോഡില്‍ ഇറങ്ങി നിന്നിട്ട് ഉണ്ടാക്കുന്നത്. അങ്ങനെയുള്ള ചില ഫേക്ക് ആളുകളെയാണ് പലരും കാണുന്നത് എന്നാണ്. 

അത് സത്യമാണ്, ഞാന്‍ അത് കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ സമ്പാദിച്ച് നാട്ടില്‍ വീടും വെച്ച് കാറും വാങ്ങി അത്യാവശ്യം ബാങ്ക് ബാലന്‍സും ഉണ്ടാക്കിയിട്ടും തിരികെ ബാംഗളൂരില്‍ വന്ന് ഈ പ്രക്രിയ തുടരുന്ന ആളുകളെയും എനിക്ക് അറിയാം, അഞ്ജലിക്കും അറിയാം. ഇത്തരം ആളുകള്‍ക്ക് തോട്ട് പ്രോസസ്സിലോ ശരീരത്തിലോ ഒന്നും യാതൊരു പ്രശ്‌നവുമില്ല. മാനസികമായോ ശാരീരികമായോ ഒരു രീതിയിലും അവര്‍ ട്രാന്‍സും അല്ല. അവരെ 'ഫേക്ക് ട്രാന്‍സ്' എന്ന് തന്നെയാണ് വിളിക്കേണ്ടത്. 

ഫിലിം സ്റ്റാര്‍ ആയപ്പോള്‍ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവന്‍ അവര്‍ക്കു ഉണ്ടായതെന്ന വിമര്‍ശനത്തിലും കഴമ്പില്ല. ഇത് കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒന്നുണ്ട്, ഇവറ്റകള്‍ എല്ലാവരും ഉരുള ഉരുട്ടി വായില്‍ വച്ച് തന്നപ്പോള്‍, സര്‍ജറി കഴിഞ്ഞ എന്നെപ്പോലെയുള്ളവര്‍ പ്രിവിലേജിന്റെ പുറത്ത് തുപ്പി കളഞ്ഞത് പോലെയാണ്... എന്നാല്‍ അങ്ങനെയല്ല, അഞ്ജലി സ്വന്തം പ്രയത്‌നത്തിലൂടെ തന്നെയാണ് അവരുടെ ജീവിതത്തില്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുത്തത്. അതിന് സര്‍ജറി കഴിഞ്ഞതും കഴിയാത്തതും ഒന്നും ഒരു മാനദണ്ഡമല്ല.

ഇനി അഞ്ജലി വന്ന വഴി മറക്കുന്നുവെന്നും സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി അടക്കമുള്ള മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു എന്നുമുള്ള വാദങ്ങളോട് പറയാനുള്ളത്:  നിങ്ങള്‍ അടക്കമുള്ള ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു' എന്ന് പറയുമ്പോള്‍ അത് ട്രാന്‍സ് സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതോടൊപ്പം 'നിങ്ങള്‍ അടക്കമുള്ള' എന്ന പ്രയോഗം അഞ്ജലി എന്ന വ്യക്തിയെ, വ്യക്തിഹത്യ ചെയ്യുന്നതുമാണ്. അവര്‍ ലൈംഗിക തൊഴിലാളി ആയിരുന്നു എന്ന് എന്ത് അടിസ്ഥാനത്തിലാണ്  പറയുന്നത്? 

ദിയ സന ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അപക്വയാണെന്ന് ഇതിന് മുന്‍പും പല അവസരങ്ങളിലും തെളിയിച്ചിട്ടുള്ളതാണ്. അപ്പോഴൊക്കെ ഞാനും കമ്മ്യൂണിറ്റിയില്‍ ഉള്ള മറ്റു പലരും സ്‌നേഹത്തോടെ തന്നെ അവരോട് പറഞ്ഞിട്ടുണ്ട്... 'ഞങ്ങളുടെ കാര്യം ഉറക്കെ പറയാന്‍ ഞങ്ങള്‍ക്ക് അറിയാം, അതിന് പുറത്തു നിന്ന് ഒരാളുടെ സഹായം വേണ്ട'

ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി സര്‍ക്കാര്‍ ചെയ്യുന്നത് 
അഞ്ജലി പരാമര്‍ശിച്ച സെക്‌സ് വര്‍ക്കുകള്‍ ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഗതികേടാണെന്നാണ് ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ അവസ്ഥ മാറ്റാന്‍ എന്താണ് ചെയ്യാനാവുക? അതിനുത്തരം സര്‍ക്കാറിനുണ്ട്. സര്‍ക്കാറിന്റെ ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിനുണ്ട്. 

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ആ സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് വളരെ ഗുണകരവുമാണ്. എല്ലാ ജില്ലയിലും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ ജസ്റ്റിസ് ബോര്‍ഡുകള്‍ ഉണ്ട്. ഈ ബോര്‍ഡുകള്‍ നിലവില്‍ എല്ലാ ജില്ലയിലും സെക്‌സ് വര്‍ക്ക് ചെയ്യുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ കണ്ടു പിടിച്ചു സ്‌കില്‍ ട്രെയിനിങ് നല്‍കിയും സ്വയം തൊഴില്‍ വായ്പയും മറ്റും നല്‍കിയും പുനരധിവസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശ്യാമ എസ് പ്രഭ പറഞ്ഞു. 

റോട്ടറി ക്‌ളബുകളുമായി സഹകരിച്ചു കൊണ്ടുള്ള ഒരു പ്രോഗ്രാം ഉടന്‍ തുടങ്ങാന്‍ പോകുകയാണ്. സാക്ഷരതാ മിഷന്റെ സമന്വയ എന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ 148 ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുടര്‍പഠനം ആരംഭിച്ചിരിക്കുകയാണ്. സ്പെഷ്യല്‍ കുടുംബ ശ്രീ വഴി സ്വയം തൊഴില്‍ കണ്ടെത്താന്‍ വ്യക്തികള്‍ക്ക് 3 ലക്ഷം രൂപയും സംഘങ്ങള്‍ക്ക് 5 മുതല്‍ 10 ലക്ഷം വരെ രൂപയും ധനസഹായം ലഭിക്കും. 100 പേര്‍ക്ക് തയ്യല്‍ മെഷീനുകള്‍ നല്‍കുന്ന ഒരു പദ്ധതി ഈ മാസം നടപ്പിലാകും. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയക്കായി 3 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പിലാകും-ശ്യാമ പറഞ്ഞു.  

വളരെ കുറച്ചു ട്രാന്‍സ് ജെന്‍ഡറുകള്‍ മാത്രമാണ് പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി സെക്‌സ് വര്‍ക്കിനെ കാണുന്നത്. ലിംഗമാറ്റ ശാസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനും കുറെ പേര് സെക്‌സ് വര്‍ക്കിനെ ആശ്രയിക്കുന്നു. ഇതിനു തടയിടാനാണ് ശസ്ത്രക്രിയക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 

വലിയൊരു വിഭാഗം പേര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നത് ഗതികേട് കൊണ്ടും ദാരിദ്ര്യം കൊണ്ടും തന്നെയാണ്. സെക്‌സ് വര്‍ക്ക് ചെയ്യുന്ന മിക്കവര്‍ക്കും വിദ്യാഭ്യാസം കുറവായതിനാല്‍ മറ്റൊരു ജോലിയും എളുപ്പത്തില്‍ ലഭിക്കുകയില്ല. ഇത് അവരെ ആ തൊഴില്‍ തന്നെ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നു കണ്ടാണ് സര്‍ക്കാര്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയത്. 

എന്നാല്‍ ഇതിനപ്പുറം ട്രാന്‍സ്‌ജെന്‍ഡറുകളെ തേടി പോകാന്‍ ആളുകളുണ്ട് എന്നതിനാലാണ് ഇവര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നത്. ട്രാന്‍സ് സമൂഹത്തിനു മാത്രമല്ല അപ്പോള്‍ മാറ്റം വരേണ്ടത്. പൊതു സമൂഹത്തിനും  മാറ്റം ആവശ്യമാണ്. 

മലയാളി കെട്ടിപ്പൊതിഞ്ഞു വയ്ക്കുന്ന സദാചാരവും ലൈംഗികതയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള പകപ്പും ഒക്കെ കൊണ്ട് പൊതിഞ്ഞു വയ്ക്കുന്ന കാര്യങ്ങള്‍, അഞ്ജലിയുടെ ബിഗ് ബോസിലേക്കുള്ള വരവ് കൊണ്ട് ഒരു ചര്‍ച്ചയെങ്കിലും ഇക്കാര്യത്തിലൊക്കെ തുടങ്ങി വെക്കാന്‍ പാകത്തില്‍ മാറുമെങ്കില്‍ അത് ശുഭസൂചകം തന്നെയാണ്. 

പുറത്താവുക രഞ്ജിനിയോ ശ്വേതയോ; എലിമിനേഷന്‍ വാരഫലം

ബിഗ് ബോസില്‍ ഞാന്‍ കിടക്കുക മാത്രമായിരുന്നില്ല; ദീപന്‍ പറയുന്നു

'ഞാന്‍ ട്രാന്‍സ് ജെന്‍ഡറല്ല; എന്നെ പെണ്ണെന്ന് വിളിക്കൂ'

click me!