ഒടുവിൽ അദ്ദേഹം പോവുമ്പോഴേക്കും ഇതുപോലെ പാതി തീർന്ന ഒരുപാട് സിഗരറ്റുകൾ അമൃതയുടെ മുറിയിൽ ബാക്കിവരും.. അമൃതയാണെങ്കിൽ ആ സിഗററ്റുകളെടുത്ത് അലമാരയിൽ സൂക്ഷിച്ചുവെക്കും . പിന്നീടെപ്പോഴെങ്കിലും അവർ മുറിയിൽ ഒറ്റയ്ക്കാവുമ്പോൾ ഈ സിഗരറ്റുകൾ ഒന്നൊന്നായി എടുത്ത് ചുണ്ടോട് ചേർക്കും.. കത്തിച്ചു വലിയ്ക്കും..
1918 -ൽ ലാഹോറിൽ നിന്നും കിലോമീറ്ററുകളകലെയുള്ളൊരു കൊച്ചു ഗ്രാമത്തിലെ ഭാഷാധ്യാപകനായിരുന്നു കർത്താർ സിങ്ങ്. അവിടെത്തന്നെ അധ്യാപികയായിരുന്നു ഭാര്യ രാജ് കൗർ. ഒരു ദിവസം സ്‌കൂളിൽ പ്രാർത്ഥനാ വേളയിൽ രണ്ടു പെൺകുട്ടികൾ ഉറക്കെ പ്രാർത്ഥിച്ചുവത്രെ, "ഞങ്ങളുടെ സാറിനും ടീച്ചറിനും ഞങ്ങളെപ്പോലെ നല്ല ഒരു കുഞ്ഞിനെക്കൊടുക്കണേ.." അപ്രതീക്ഷിതമായി ഈ പ്രാർത്ഥന കേട്ട മാഷും ടീച്ചറും ചമ്മിപ്പോയി. ടീച്ചർ പിള്ളേരെക്കൊണ്ടങ്ങനെ ബോധപൂർവം പറയിച്ചതാവുമെന്നു ധരിച്ച മാഷിന് ഭാര്യയുടെ തിടുക്കത്തിൽ അവരോട് അരിശം പോലും തോന്നി. അധികം താമസിയാതെ ആ പെൺകുട്ടികൾ മാഷെക്കണ്ട്, ഈ സാഹസത്തിൽ ടീച്ചർക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി അവരെ ഭർതൃക്രോധത്തിൽ നിന്നും രക്ഷിച്ചു.
എന്തായാലും അധികം താമസിയാതെ 1919 -ൽ അധ്യാപക ദമ്പതിമാർക്ക് മിടുക്കിയായൊരു പെൺകുഞ്ഞു പിറന്നു. അമൃത. അവൾ സാഹിത്യത്തിൽ ചെറുതല്ലാത്ത അഭിരുചി പ്രകടിപ്പിച്ചു. തുടക്കത്തിൽ വീട്ടിലെ ഭക്തിമാർഗ്ഗത്തിന്റെ സ്വാധീനത്താൽ 'ഗുരുഭക്തിഗീത'ങ്ങളാണ് രചിച്ചിരുന്നത് പഞ്ചാബിയിൽ. പതിനൊന്നാമത്തെ വയസ്സിൽ അമൃതയ്ക്ക് അമ്മയെ നഷ്ടപ്പെടുന്നു. അമൃതയുടെ പതിനാറാം വയസ്സിൽ അവരുടെ ആദ്യത്തെ കവിതാ സമാഹാരം പുറത്തിറങ്ങുന്നതിനടുപ്പിച്ചാണ് സാഹിത്യ കുതുകിയായിരുന്ന പ്രീതവുമായുള്ള അവരുടെ വിവാഹം അച്ഛൻ നടത്തുന്നത്. അതു കഴിഞ്ഞ് അച്ഛന്റെ മരണം. നാല്പത്തൊന്നാമത്തെ വയസ്സിൽ പ്രീതവുമായുള്ള അമൃതയുടെ വൈവാഹിക ബന്ധത്തിന് സ്വാഭാവിക മൃത്യു കൈവരുന്നു. അപ്പോഴേക്കും സാഹിർ എന്ന മായിക കവിയുമായി അവർക്ക് വല്ലാത്തൊരു മാനസിക ബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു.
undefined
കവിയരങ്ങുകൾക്കായുള്ള സന്ദർശനങ്ങൾക്കിടയിൽ, സാഹിർ അമൃതയെ കാണാൻ എത്തുമായിരുന്നു. അപ്പോഴൊയൊക്കെ അമൃതയ്ക്ക് തോന്നും, തന്റെ തന്നെ മൗനത്തിന്റെ ഒരംശം അരികിൽ കസേര വലിച്ചിട്ട് ഏറെ നേരമിരുന്നിട്ട് എണീറ്റുപോവുന്നതാണ് എന്ന്. നിശ്ശബ്ദനായിരുന്ന് സിഗരറ്റ് പുകയ്ക്കും അദ്ദേഹം.. പാതി തീരുമ്പോഴേക്കും അതിനെ കെടുത്തും.. എന്നിട്ട് പുതിയൊരെണ്ണം കൊളുത്തും.. അങ്ങനെ തുടരും.. ഒടുവിൽ അദ്ദേഹം പോവുമ്പോഴേക്കും ഇതുപോലെ പാതി തീർന്ന ഒരുപാട് സിഗരറ്റുകൾ അമൃതയുടെ മുറിയിൽ ബാക്കിവരും.. അമൃതയാണെങ്കിൽ ആ സിഗരറ്റുകൾ ഒന്നൊന്നായി സൂക്ഷിച്ചെടുത്ത് അവരുടെ അലമാരയിൽ ശേഖരിക്കും. പിന്നീടെപ്പോഴെങ്കിലും അവർ മുറിയിൽ ഒറ്റയ്ക്കാവുമ്പോൾ ഈ സിഗരറ്റുകൾ ഒന്നൊന്നായി എടുത്ത് ചുണ്ടോട് ചേർക്കും.. കത്തിച്ചു വലിയ്ക്കും.. ആ സിഗരറ്റ് അവരുടെ വിരലുകൾക്കിടയിലങ്ങനെ കുടുങ്ങിക്കിടക്കുമ്പോൾ സാഹിർ തന്റെ വിരലുകളിൽ സ്പർശിക്കുന്നതായി അമൃതയ്ക്ക് തോന്നും.. അതിന്റെ പുകയിൽ അമൃത സാഹിറിന്റെ മുഖം കാണും.. അങ്ങനെ വലിച്ചു വലിച്ച് ഒടുവിൽ അമൃത സിഗരറ്റിന് അടിപ്പെടുന്നുണ്ട്..
അതിനെ കുറിച്ച് അവരെഴുതിയിട്ടുമുണ്ട്. അത് ഇങ്ങനെയാണ്,
"എന്റെ വിഷാദം,
നിശ്ശബ്ദമൊരു സിഗരറ്റുപോലെ
ഞാൻ പുകച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഞാൻ
തട്ടിയെറിഞ്ഞ ചാരത്തിൽനിന്നും,
ചിലനേരങ്ങളിൽ മാത്രം
കവിതകൾ പിറന്നു.."
അമൃതയെ സാഹിറിനും ജീവനായിരുന്നു. എന്നാലും ഒരു വൈവാഹിക ജീവിതത്തിലേക്കിറങ്ങിച്ചെല്ലാൻ സാഹിർ മടിച്ചു. അമ്മ സർദാരി ബീഗവുമായി, ഏതാണ്ടൊരു 'ഈഡിപ്പൽ ഫിക്സേഷ'നോളം വരുന്ന അടുപ്പം പുലർത്തിയിരുന്ന സാഹിറിന് തന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീയെ അടുപ്പിക്കാൻ തോന്നിയിരുന്നില്ല. പിന്നെയും അമൃത മാത്രമായിരുന്നു സഹീറിനെ തെല്ലെങ്കിലും സ്വാധീനിക്കുകയും ഉള്ളിൽ പ്രണയമുണർത്തുകയും ചെയ്തിട്ടുള്ള ഒരേയൊരു സ്ത്രീ. തീരുമാനം എന്തായാലും അത് തന്നെ അറിയിക്കാൻ ആവശ്യപ്പെട്ട് അമൃത സാഹിറിനെ ഒരിക്കൽ കൂടി ലാഹോറിലേക്ക് വിളിച്ചു. ആ സന്ദർശനവും ഒരു ഉടമ്പടിയിലെത്താതെ പിരിഞ്ഞു. സാഹിറുമായുള്ള തന്റെ അനുഭവങ്ങൾ വിവരിച്ചപ്പോൾ ഖുശ്വന്ത് സിങ്ങ് അമൃതയെ സ്നേഹപൂർവ്വം കളിയാക്കി.. "നിന്റെയൊക്കെ അനുഭവങ്ങൾ എത്ര ചെറുതാണ്.. ഒരു റവന്യൂ സ്റ്റാമ്പിന്റെ പിന്നിൽ വേണെങ്കിൽ എഴുതിത്തീർക്കാം. ആ കളിയാക്കലിൽ നിന്നാണ് അമൃത പിന്നീട് തന്റെ അതി പ്രശസ്തമായ ആത്മകഥയുടെ, 'രസീതി ടിക്കറ്റ്' - അതായത് 'റവന്യൂ സ്റ്റാമ്പ്' എന്ന തലക്കെട്ട് കണ്ടെടുക്കുന്നത്.
ഏതാണ്ട് ആ സമയത്തുതന്നെ, 1957 -ലാണ് അമൃത, ഇമ്രോസ് എന്ന ചിത്രകാരനെ പരിചയപ്പെടുന്നത്. പുതിയ പുസ്തകത്തിന് മുഖചിത്രം വരയ്ക്കാനായി മറ്റൊരു സുഹൃത്ത് വഴിയാണ് ഇമ്രോസ് അമൃതയിലേക്കെത്തുന്നത്. അമൃതയ്ക്ക് കവർ ചിത്രവും ഇഷ്ടപ്പെട്ടു, ചിത്രകാരനെയും ബോധിച്ചു. അമൃതയ്ക്കന്ന് രണ്ടു കുഞ്ഞുങ്ങളുണ്ട്. ഇമ്രോസിനേക്കാൾ പ്രായത്തിൽ മൂത്തതുമാണ്. തമ്മിൽ കാണും മുന്നേ അമൃത എന്ന എഴുത്തുകാരിയോട് തീവ്രമായ അഭിനിവേശം പുലർത്തിയിരുന്ന ഒരു ആരാധകനായിരുന്നു ഇമ്രോസ്. അദ്ദേഹം തന്റെ ഇഷ്ടം വെളിപ്പെടുത്തിയപ്പോൾ അമൃത തങ്ങളുടെ പ്രായഭേദവും മറ്റും മനസ്സിൽ വെച്ച് ഇമ്രോസ്നെ 'പോയി ലോകം ചുറ്റിക്കറങ്ങി ജീവിതം ആസ്വദിച്ച ശേഷം വേണമെങ്കിൽ തിരിച്ചു വരൂ എന്റടുത്തേക്ക് ' എന്ന് പറഞ്ഞുവിടാൻ നോക്കി.
അദ്ദേഹം അമൃതയുടെ വീടിനു പുറത്തിറങ്ങി ആ പറമ്പിനെ മൂന്നുവട്ടം ചുറ്റി തിരിച്ചുവന്ന് "ലോകം കണ്ടുകഴിഞ്ഞു" എന്ന് പ്രഖ്യാപിച്ച്, പ്രണയാഭ്യർത്ഥന ആവർത്തിച്ചു. ഭർത്താവുമായി നിയമപരമായി പിരിഞ്ഞ ശേഷം അമൃത ഇമ്രോസ്നെ തന്റെ കൂടെ ജീവിക്കാൻ ക്ഷണിച്ചു. അവർ ഒരിക്കലും വിവാഹിതരായിട്ടില്ല. എന്നാൽ പരസ്പരമുള്ള സ്നേഹത്തിന്റെ ഒരു തരിപോലും കുറവും വന്നിട്ടില്ല. കവർ ചിത്രം ചെയ്യുന്നതിനായി തമ്മിൽ കാണുന്നതിനുമുമ്പ് അവർ ഒരിക്കലും തമ്മിൽ കാണുകയോ മിണ്ടുകയോ ഉണ്ടായിട്ടില്ലായിരുന്നു. അമൃത 'ഡോക്ടർ ദേവ്' എന്ന തന്റെ പുസ്തകത്തിൽ തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വിസ്തരിച്ചെഴുതിയിട്ടുണ്ട്. അമൃതയെ ലാൻഡ് ഫോണിൽ വിളിച്ച് ഇമ്രോസ് ' ഞാൻ നിങ്ങളുടെ 'ഡോക്ടർ ദേവ്' ആണ് എന്നുമാത്രം തിടുക്കപ്പെട്ടു പറഞ്ഞ് ഫോൺ കട്ടുചെയ്തു കളഞ്ഞു. പിന്നീട് അവർ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയ ശേഷം എപ്പോളോ അമൃത തന്റെ വിചിത്രങ്ങളായ ജീവിതാനുഭവങ്ങൾ വിവരിച്ച കൂട്ടത്തിൽ ഈ അനോണിമസ് കോളിനെപ്പറ്റിയും പറഞ്ഞു. അപ്പോഴാണ് ആ അനോണി താനായിരുന്നു എന്ന സത്യം ഇമ്രോസ് വെളിപ്പെടുത്തുന്നത്.
2005 -ൽ മരണപ്പെടുന്നതിന് മുമ്പ് അമൃത ഇമ്രോസിനായി തന്റെ അവസാനത്തെ കവിതയെഴുതി,
"ഞാൻ നിന്നെ ഒരിക്കൽകൂടി കാണും,
എപ്പോൾ..? എവിടെ വെച്ച്..? അറിയില്ല.
ഒരുപക്ഷേ, ഭാവനയുടെ പ്രതിഫലനമായി
നിന്റെ കാൻവാസിൽ..
കാൻവാസിനുള്ളിൽ
ഒരു നിഗൂഢ രേഖപോലെ
നിശ്ശബ്ദമായി
നിന്നെ സദാ വീക്ഷിച്ചുകൊണ്ട്
ഞാനുണ്ടാവും. "
അമൃതയുടെ മരണത്തോടെ ബ്രഷ് താഴെ വച്ച ഇമ്രോസ് പിന്നീടൊരിക്കലും വരച്ചില്ല..പിന്നീട് കവിതകൾ എഴുതിയ അദ്ദേഹം തന്റെ ഒരു കവിതയിൽ ഇങ്ങനെ കുറിച്ചു, "അവർ ദേഹമാണ് വെടിഞ്ഞത്, കൂട്ടല്ല.."