ഏകദേശം 30 സെന്റിമീറ്റർ ഉയരത്തിൽ കൊത്തിയെടുത്ത ആ ചിത്രം അരക്കെട്ട് വരെയുള്ള ഒരാൾരൂപമാണ്.
സ്പെയിനിലെ അതിമനോഹരമായ ഒരു പള്ളിയാണ് സാന്‍റിയാഗോ ഡി കമ്പോസ്റ്റെല. വാസ്‍തുവിദ്യയിലും, നിർമ്മാണത്തിലും ഒരുപോലെ പേരുകേട്ട അത് കാണാൻ നിരവധി ആളുകളാണ് ദിവസവും ഇവിടെ വരുന്നത്. അക്കൂട്ടത്തിൽ അവിടം സന്ദർശിച്ച ഒരു ബ്രിട്ടീഷ് ആർട് സ്കോളറായ ഡോ. ജെന്നിഫർ അലക്സാണ്ടർ പക്ഷേ മറ്റാരും കാണാത്ത ഒരു കാര്യം കണ്ടുപിടിച്ചു. അവിടെയുള്ളൊരു തൂണിനു മുകളിലായി ഒരു മനുഷ്യരൂപം കൊത്തിവച്ചിരിക്കുന്നതാണ് അവർ കണ്ടത്. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിൽ കത്തീഡ്രൽ നിർമ്മിക്കാൻ വന്ന കല്ലാശാരിയുടെ മുഖമാണ് എന്നാണ് അനുമാനിക്കുന്നത്. അതിലെ രസകരമായ കാര്യം ഇത്ര നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും സംഭവം ഇതുവരെ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല എന്നതാണ്. അതും അവിടെ വരുന്ന എണ്ണമറ്റ തീർത്ഥാടകരുടെ കാഴ്‌ചയിൽ നിന്ന് അതെങ്ങനെ രക്ഷപെട്ടു എന്നത് പിടികിട്ടാത്ത ഒരു കാര്യമാണ്. 2019 -ൽ മാത്രം 350,000 തീർത്ഥാടകരാണ് ഇവിടെ വന്നിരുന്നത്.
പള്ളിയിലെ ഉയരമുള്ള തൂണുകളിൽ ഒന്നിൽ താഴേയ്ക്ക് നോക്കി ഇരിക്കുന്നതായിട്ടാണ് ആ ശില്പം. ഒരുപക്ഷേ അന്ന് ആരെങ്കിലും കണ്ടുപിടിക്കുമോ എന്ന ഭയം കൊണ്ടായിരിക്കാം തൂണിന്റെ ഉച്ചിയിൽ അധികം ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കോണിൽ സ്വന്തം മുഖം അദ്ദേഹം കൊത്തിവച്ചത്. പള്ളിക്കൊപ്പം താനും ചരിത്രത്തിന്റെ ഒരു ഭാഗമാകട്ടെ എന്ന് അയാൾ ഓർത്തിട്ടുണ്ടാകും. 'മധ്യകാല കെട്ടിടങ്ങളിൽ ഇത്തരം അനവധി 'സെൽഫി'കൾ കാണാം' എന്നാണ് ജെന്നിഫർ പറയുന്നത്. 'അവ സാധാരണയായി ഏതെങ്കിലും ഇരുണ്ട കോണുകളിലാണ് ഉണ്ടാവുക. കൽപ്പണിക്കർക്ക് മാത്രം കണ്ടുപിടിക്കാൻ സാധിക്കുന്ന ഇടങ്ങളാണ് അവ' അവർ പറഞ്ഞു. 'ഇത്തരം കഴിവുള്ള കരകൗശല വിദഗ്ദരുടെ പേരുകൾ പലപ്പോഴും ചരിത്രത്തിന്റെ താളുകളിൽ നിന്ന് മാഞ്ഞുപോവുകയാണ് പതിവ്. എത്ര കഴിവുള്ളവരാണെങ്കിലും അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടാതെ പോകുന്നു. അത്തരക്കാരുടെ ദുഃഖമാണ് ഇങ്ങനെ സ്വന്തം രൂപം പണിതുവയ്ക്കുന്നതിലൂടെ പുറത്ത് വരുന്നതെ'ന്ന് ജെന്നിഫർ പറയുന്നു.
undefined
വാർവിക് സർവകലാശാലയിലെ ആര്‍ട്ട് ഹിസ്റ്ററി റീഡറാണ് ജെന്നിഫര്‍. മധ്യകാലഘട്ടത്തിലെ മഹത്തായ പള്ളികളുടെയും കത്തീഡ്രലുകളുടെയും വാസ്‍തുവിദ്യാ ചരിത്രത്തില്‍ വിദഗ്ദ്ധ കൂടിയാണ് അവർ. യുനെസ്കോ ലോക പൈതൃക സൈറ്റായ ഈ കത്തീഡ്രലിനെ കുറിച്ച് സങ്കീർണ്ണമായ ഒരു പഠനം നടത്തുന്നതിനിടയിലാണ് അവർ ഇത് കണ്ടെത്തിയത്. ഏകദേശം 30 സെന്റിമീറ്റർ ഉയരത്തിൽ കൊത്തിയെടുത്ത ആ ചിത്രം അരക്കെട്ട് വരെയുള്ള ഒരാൾരൂപമാണ്. 'അയാൾ ചിരിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ശക്തമായ സ്വഭാവമുള്ള മുഖത്തോടുകൂടിയ ഒരു രൂപമാണ് അത്' അവർ പറഞ്ഞു.
കല്ലാശാരിമാർക്ക് അന്ന് ജ്യാമിതിയും, രൂപകൽപ്പനയും, എഞ്ചിനീയറിംഗും എല്ലാം വശമുണ്ടായിരുന്നു എന്ന് ജെന്നിഫർ പറഞ്ഞു. കൂടാതെ ഇത്തരം നിര്‍മ്മിതിക്കാവശ്യമായ വസ്‍തുക്കള്‍ വിതരണം ചെയ്യുക, തൊഴിലാളികളെ നിയമിക്കുക, പുരോഹിതരോ, പ്രഭുക്കരോ ആയ രക്ഷാധികാരിയുമായി ഇടപഴകുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇവർ നൂറ്റാണ്ടുകളിലുടനീളം അജ്ഞാതരായി തുടരുന്നു. “ഇരുപതാം നൂറ്റാണ്ടിൽ ലിവർപൂൾ കത്തീഡ്രൽ പണിതപ്പോൾ, കെട്ടിടത്തിൽ ജോലി ചെയ്യുന്ന കരകൗശല തൊഴിലാളികളുടെ പട്ടിക പള്ളി പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ, അതിൽ ഒരിക്കലും കൽപ്പണിക്കരെ പരാമർശിച്ചില്ല. അവർ ആരാലും തിരിച്ചറിയാത്ത പ്രതിഭകളാണ്” ജെന്നിഫർ പറഞ്ഞു.