നിനച്ചിരിക്കാതെ ഭാഗ്യമെത്തിയ സന്തോഷത്തിലാണ് ജമീലയും കുടുംബവും ഇപ്പോൾ.
തൃശ്ശൂർ: ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം തൃശ്ശൂർ പാവറട്ടി സ്വദേശിനിക്ക്. എഫ്ആർ 106139 എന്ന ടിക്കറ്റിലൂടെ കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായി ജമീലയ്ക്കാണ് ഒരു കോടിയുടെ സമ്മാനം ലഭിച്ചത്. നിനച്ചിരിക്കാതെ ഭാഗ്യമെത്തിയ സന്തോഷത്തിലാണ് ജമീലയും കുടുംബവും ഇപ്പോൾ.
സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആളാണ് ജമീല. പാവറട്ടി ചിറ്റാട്ടുകര റോഡിലെ ഐശ്വര്യ ലോട്ടറിയുടെ വിതരണക്കാരനായ പി.കെ. മുഹമ്മദിൽ നിന്നുമാണ് ജമീല സമ്മാനാർഹമായ ടിക്കറ്റെടുത്തത്. സ്ഥിരമായി ഇദ്ദേഹത്തിൽ നിന്നു തന്നെയാണ് അവർ ടിക്കറ്റെടുക്കുന്നത്. ജമീല പറയുന്ന നമ്പർ മുഹമ്മദ് മാറ്റിവയ്ക്കുകയാണ് പതിവ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റും അങ്ങനെ മാറ്റിവച്ചതാണ്.
undefined
സമ്മാനം ലഭിച്ച വിവരം അറിഞ്ഞ മുഹമ്മദ് ടിക്കറ്റുമായി ജമീലയുടെ വീട്ടില്‍ എത്തുക ആയിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. തൊയക്കാവ് മുനമ്പ് കോളനിയിലെ ലക്ഷം വീട്ടിലാണു ജമീല താമസിക്കുന്നത്. പുതിയൊരു വീടു പണിയണം, ഏക മകനും ഓട്ടോ ഡ്രൈവറുമായ അബ്ദുൽ മാജീദിന്റെ വിവാഹം നല്ല രീതിയിൽ നടത്തണം എന്നിങ്ങനെയാണ് ജമീലയുടെ ആഗ്രഹം.
എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.