മൂന്നുമാസം മുമ്പാണ് ലോട്ടറി വിൽപ്പനക്കാരനായ കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്. അന്നുമുതൽ അടുത്ത ബന്ധമാണ് ഇരുവർക്കുമിടയിലും. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും ഇടക്ക് സാജൻ ഒരു സെറ്റ് സന്ധ്യയുടെ പേരിൽ എടുത്തുവെക്കും. വിളിച്ചറിയിക്കുകയും ചെയ്യും.
തൊടുപുഴ: തനിക്ക് എടുത്തുവെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ലോട്ടറി ഏജന്റ് വിളിച്ച് പറഞ്ഞപ്പോഴും സന്ധ്യമോൾക്ക് വിശ്വാസം വന്നില്ല. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ ഭാഗ്യത്തെ വിശ്വസിക്കാൻ സന്ധ്യ ഏറെ നേരമെടുത്തു. സന്ധ്യക്ക് എടുത്തുവെച്ച ടിക്കറ്റിനാണ് ഇന്നത്തെ ലോട്ടറിയുടെ ഒന്നാം സമ്മാനമെന്ന് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റർ ഉടമ സാജൻ തോമസാണ് വിളിച്ചറിയിച്ചത്. സത്യമാണോ എന്നറിയാൻ ഓട്ടോയും പിടിച്ച് എത്തുമ്പോഴും സന്ധ്യമോൾക്ക് അത് വിശ്വാസമായിരുന്നില്ല. വിജയിയെ കാത്ത് കാഞ്ഞിരമറ്റത്തെ കടയിൽ കാത്തു നിന്നവർക്കിടയിലൂടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് സാജൻ ഉയർത്തി കാണിക്കുമ്പോഴാണ് താൻ സ്വപ്നം കാണുകയല്ലെന്ന ബോധ്യം സന്ധ്യക്കുണ്ടായത്.
ഒരു സെറ്റ് ടിക്കറ്റ് രാവിലെ എടുത്തുവെച്ചിട്ടുണ്ടെന്ന് ഏജന്റ് അറിയിച്ചിരുന്നു. നമ്പർ പോലും അറിഞ്ഞിരുന്നില്ല. സന്ധ്യയെ തേടിയെത്തിയ ഭാഗ്യം രണ്ടാമതൊന്നും ആലോചിക്കാതെ ഉടമയ്ക്കു തന്നെ കൈമാറിയ സാജൻ തോമസിനും നൽകണം കൈയടി. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ എസ്.ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.
കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ ഹെൽത്ത് നഴ്‌സാണ് കെ ജി സന്ധ്യമോൾ. മൂന്നുമാസം മുമ്പാണ് ലോട്ടറി വിൽപ്പനക്കാരനായ കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്. അന്നുമുതൽ അടുത്ത ബന്ധമാണ് ഇരുവർക്കുമിടയിലും. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും ഇടക്ക് സാജൻ ഒരു സെറ്റ് സന്ധ്യയുടെ പേരിൽ എടുത്തുവെക്കും. വിളിച്ചറിയിക്കുകയും ചെയ്യും. സമ്മാനമടിച്ചാലും ഇല്ലെങ്കിലും സന്ധ്യ കൃത്യമായി പണം നൽകും. ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററിൽനിന്നാണ് സാജനെ വിളിച്ചറിയിച്ചത്. നഗരസഭ കൗൺസിലർ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ ടിക്കറ്റ് അവർക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാലാ റോഡ് ശാഖയിലെത്തി സന്ധ്യമോൾ ടിക്കറ്റ് കൈമാറി. കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥിന്റെ ഭാര്യയാണ്. അവന്തിക, അരിഹന്ത് എന്നിവരാണ് മക്കൾ.