രാവിലെ ലോട്ടറി ഓഫീസില്‍ ഹാജരാക്കിയ ടിക്കറ്റിന്‍റെ സമ്മാനത്തുക വൈകുന്നേരം ആയപ്പോഴേക്കും രഞ്ജിതയുടെ അക്കൗണ്ടിലെത്തി.
തിരുവോണം ബമ്പറിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കര മുഴുവൻ. ലോട്ടറി എടുത്തിട്ടും ഭാഗ്യം കനിഞ്ഞില്ലല്ലോ എന്ന് വിഷമിക്കുന്നവരും ടിക്കറ്റ് എടുക്കാമായിരുന്നല്ലോ എന്ന് ചിന്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ തിരുവനന്തപുരം കുടപ്പനകുന്ന് സ്വദേശി രഞ്ജിതയുടെ കഥ മറ്റൊന്നാണ്. രഞ്ജിതയുടെ കയ്യിൽ വന്ന 25 കോടിയുടെ ഒന്നാം സമ്മാന ഭാഗ്യമാണ് വഴുതിപ്പോയത്.
തിരുവനന്തപുരം കിഴക്കേക്കോട്ട എസ്︋പി ഫോർട്ട് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി നോക്കുകയാണ് രഞ്ജിത. ഇതുവരെയും നേരിട്ട് ലോട്ടറി ടിക്കറ്റെടുത്തിട്ടില്ലാത്ത രഞ്ജിത സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഭഗവതി ലോട്ടറി ഏജൻസിയിൽ എത്തിയത്. "ഞാൻ ആദ്യമായാണ് ടിക്കറ്റെടുക്കാൻ നേരിട്ട് പോകുന്നത്. മുമ്പ് സുഹൃത്തുക്കളൊക്കെ എടുക്കുമ്പോൾ ഷെയറിടാറുണ്ട്. തിരുവോണം ബമ്പറിനെ കുറിച്ചൊന്നും തന്നെ നോക്കിയിട്ടില്ല. എന്നാണ് നറുക്കെടുപ്പെന്ന് കൂടി അറിയില്ലായിരുന്നു. സഹോദരിയുടെ നിർബന്ധത്തിനാണ് ശനിയാഴ്ച വൈകുന്നേരം അറരയോടെ ടിക്കറ്റെടുക്കാൻ ഭഗവതിയിൽ എത്തിയത്", എന്ന് രഞ്ജിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. രഞ്ജിതയുടെ കയ്യില്‍ നിന്നും ഭാഗ്യം കൈവഴുതി പോകുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
undefined
ഇനി കാത്തിരിപ്പിന്റെ നാളുകൾ; 25 കോടിയുടെ ടിക്കറ്റ് കൈമാറി അനൂപ്
"ഷോപ്പിൽ കയറിയപ്പോൾ സെയിം നമ്പറിലെ മറ്റൊരു നമ്പർ ടിക്കറ്റ് കണ്ടു. ഞാൻ കരുതിയത് കള്ള ടിക്കറ്റാണെന്നാണ്. പിന്നീടാണ് മനസ്സിലായത് ഇതിന് സീരിസ് ഉണ്ടെന്ന കാര്യം. ഒടുവിൽ TG 750605 എന്ന നമ്പറിൽ തൊട്ടു അതുതന്നെ അങ്ങ് എടുക്കുകയായിരുന്നു. ഈ നമ്പർ തന്നെ മൈന്റിൽ ഫിക്സ് ആകുക ആയിരുന്നു. അനുജത്തി പറഞ്ഞിട്ടാണ് ഏജൻസിയിൽ നിന്നു തന്നെ ടിക്കറ്റെടുത്തത്", രഞ്ജിത കൂട്ടിച്ചേർത്തു. സഹോദരിയുമായി ഷെയറിട്ടായിരുന്നു രഞ്ജിത ടിക്കറ്റെടുത്തത്.
ഒന്നാം സമ്മാനം ലഭിച്ചില്ലെങ്കിലും താൻ സന്തോഷവതിയാണെന്ന് രഞ്ജിത പറയുന്നു."ഞാൻ ഒന്നും പ്രതീക്ഷിച്ചല്ല ടിക്കറ്റെടുത്തത്. അതുകൊണ്ട് വിഷമമൊന്നും ഇല്ല. അഞ്ച് ലക്ഷം രൂപ സമാശ്വാസ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ടിക്കറ്റ് ലോട്ടറി ഓഫീസിൽ എത്തിച്ചത്. വൈകിട്ട് അക്കൗണ്ടിലേക്ക് തുക വന്നുവെന്ന് ലോട്ടറി ഓഫീസിൽ നിന്നും വിളിച്ച് പറഞ്ഞു. 3.15 ലക്ഷമാണ് കിട്ടുന്നത്", എന്നും രഞ്ജിത പറഞ്ഞു.
ഒരുതവണ ഭാഗ്യം കൈവിട്ട് പോയെങ്കിലും ഇനിയും ടിക്കറ്റെടുക്കുമെന്നും ഒരു പക്ഷേ അടുത്ത ഭാഗ്യം തനിക്കാണങ്കിലോ എന്നും രഞ്ജിത ആത്മവിശ്വാസത്തോടെ പറഞ്ഞു നിർത്തി. ഭർത്താവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളും ഭർത്താവിന്റെ അമ്മയും അടങ്ങുന്നതാണ് രഞ്ജിതയുടെ കുടുംബം.