അനന്തുവിനാണ് ഓണം ബമ്പർ ലഭിച്ചതെന്നറിഞ്ഞതോടെ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ വിളികളുടെ പ്രവാഹമാണ് വീട്ടിലെന്ന് ആതിര പറയുന്നു.
ഇടുക്കി: കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ച സന്തോഷത്തിലാണ് ഇടുക്കി കട്ടപ്പനയിലെ ഒരു കൊച്ചു കുടുംബം. ഇത്തവണത്തെ ഓണം ബമ്പറിലൂടെ കോടിപതിയായ അനന്തുവിന്റെ വീടാണത്. സുമ, വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനന്തു. മകനിലൂടെ ഭാഗ്യദേവത എത്തിയതിൽ വളരെയധികം സന്തോഷമാണെന്ന് ഈ കുടുംബം ഒരേ സ്വരത്തിൽ പറയുന്നു.
കട്ടപ്പന കാറ്റാടികവലയിലാണ് അനന്തുവിന്റെ വീട്. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പർ ഭാഗ്യക്കുറിയിലൂടെ 12 കോടി രൂപയാണ് അഞ്ച് പേരടങ്ങുന്ന കുടുംബത്തിലേക്ക് എത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ വിജയനും ഓണം ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോൾ, മകൻ എറണാകുളത്ത് നിന്നും ഭാഗ്യം പരീക്ഷിച്ചു. വിജയന്‍ ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്.
undefined
"ജീവിതത്തിൽ ആദ്യമായി 300 രൂപ മുടക്കി ബമ്പറെടുത്തു. എന്നാൽ ഫലം വന്നപ്പോൾ ഒന്നും കിട്ടിയില്ല. അതിന്റെ വിഷമത്തിലായിരുന്നു ഞാൻ. അപ്പോഴാണ് അനന്തു വിളിച്ച് കാര്യം പറയുന്നത്. സത്യം പറഞ്ഞാ ഒരു തരിപ്പ് പോലെ ആയിരുന്നു കേട്ടപ്പോ. ദൈവം നമ്മളെ കൈവിട്ടില്ലല്ലോ എന്ന് തോന്നി. എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥ. പ്രതീക്ഷിച്ചിരുന്നില്ല ഭാഗ്യം വരുമെന്ന്. കിട്ടിയതിൽ ഒത്തിരി സന്തോഷം"- വിജയൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
കുന്നിൻ മുകളിലെ ഒരു ഓടിട്ട വീടാണ് അനന്തുവിന്റേത്. കാറ്റടിക്കുമ്പോഴോക്കെ ഓടുകൾ പാറിപോകും. ശുദ്ധജലം കിട്ടാനും വളരെയധികം ബുദ്ധിമുട്ടാണ്. സമ്മാന തുക ഉപയോഗിച്ച് വഴിയും വെള്ളവും ഒക്കെയുള്ള ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് വിജയൻ പറയുന്നു.
"ഞങ്ങൾ കുന്നുംപുറത്താ താമസിക്കുന്നത്. ഇവിടെ വഴിയും വെള്ളവും ഇല്ല. കുന്നുംപുറത്തു നിന്ന് ഞങ്ങൾക്ക് ആദ്യമൊന്ന് ഇറങ്ങണം. വഴി സൗകര്യമുള്ളിടത്ത് പത്ത് സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ് ആഗ്രഹം. വേനൽ കാലത്ത് പുറത്തുനിന്നുമാണ് വെള്ളം വാങ്ങുന്നത്. ലോക്ക്ഡൗൺ സമയത്ത് 5000 രൂപയ്ക്കായിരുന്നു വെള്ളം വാങ്ങിയത്. പിന്നെ മൂത്ത മകൾ ആതിരയെ വിവാഹം കഴിച്ചയക്കണം", വിജയൻ പറയുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ആതിരയെ വിവാഹം കഴിച്ചയക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു കുടുംബം. ഇതിന്റെ വിഷമത്തിലിരിക്കെ ആണ് ഭാഗ്യം എത്തിയത്. എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു ആതിരക്ക്. എന്നാൽ കൊറോണ വന്നതോടെ ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്.
കട്ടപ്പനയിലെ സുരഭി എന്ന ടെക്സ്റ്റൈയിൽസിലാണ് അനന്തുവിന്റെ അമ്മ ജോലി ചെയ്യുന്നത്. സുമയ്ക്കും ആതിരക്കും അനുജൻ അരവിന്ദിനും എല്ലാ സൗകര്യങ്ങളുമുള്ള വീട് തന്നെയാണ് സ്വപ്നം. പിജി ചെയ്യണമെന്നായിരുന്നു അനന്തുവിന്റെയും ആഗ്രഹം. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം അത് നടന്നില്ല. ഇനി അരവിന്ദിനെ നന്നായി പഠിപ്പിക്കണമെന്നാണ് സുമയുടെ ആഗ്രഹം. നിലവിൽ കട്ടപ്പനയിലെ ഒരുസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അരവിന്ദ്.
ആദ്യം ദൈവത്തിന് നന്ദി..
അനുജന് ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ചേച്ചി ആതിര. "ഇന്നലെ വൈകുന്നേരത്തോടെയാണ് അനന്തു വിളിച്ചത്. ഒരു കാര്യം പറയാൻ പോകുവാ എന്ന് പറഞ്ഞു. പേടിക്കയൊന്നും ചെയ്യരുതെന്ന് പറഞ്ഞു. ഞാൻ കരുതി ദൈവമേ ആർക്കേലും വല്ല അപകടവും പറ്റിയോ എന്ന് ചിന്തിച്ച് പോയി. പിന്നീടാണ് കാര്യം പറഞ്ഞത്. ദൈവത്തിന് നന്ദി", ആതിര ചെറുപുഞ്ചിരിയോടെ പറയുന്നു.
അനന്തുവിനാണ് ഓണം ബമ്പർ ലഭിച്ചതെന്നറിഞ്ഞതോടെ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ വിളികളുടെ പ്രവാഹമാണ് വീട്ടിലെന്ന് ആതിര പറയുന്നു. എന്തായാലും മഹാഭാഗ്യം കൊണ്ടുവന്ന മകൻ വീട്ടിലേക്ക് വരുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം.