കേസുകളും കടങ്ങളും: ഓണം ബമ്പറിലെ കോടികൾ കൊണ്ട് ജയപാലന്റെ പദ്ധതികൾ ഇവ

By Web Team  |  First Published Sep 20, 2021, 8:18 PM IST

അടുത്ത സുഹൃത്തായ സഖാവ് മമ്മദിനെ ഇന്ന് രാവിലെ കൂടി ജയപാലൻ കണ്ടതാണ്. എന്നിട്ടും ബമ്പറടിച്ച കാര്യമൊന്നും പറഞ്ഞില്ല


കൊച്ചി: മരട് മനോരമ നഗറിലെ വീട്ടിലിപ്പോൾ കാറും കോളുമൊഴിഞ്ഞ മാനം പോലെയാണ്. ഓണം ബമ്പറടിച്ച ടിക്കറ്റ് തങ്ങളുടെ പക്കലുള്ളത് തന്നെയാണോയെന്ന് ഉറപ്പിക്കാനാവാതെ കഴിഞ്ഞുപോയൊരു രാത്രി. ഇന്ന് ബാങ്കിലെത്തിയ ശേഷം പുതിയ കോടീശ്വരന്മാർ തങ്ങൾ തന്നെയാണെന്ന് അറിഞ്ഞപ്പോഴാണ് ജയപാലനും കുടുംബത്തിനും ആശ്വാസമായത്.

ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ, ഓണം ബമ്പര്‍ അടിച്ചത് ഓട്ടോഡ്രൈവർക്ക്

Latest Videos

undefined

രാവന്തിയോളം ഓട്ടോറിക്ഷയോടിച്ചാണ് ജയപാലൻ ജീവിതം നെയ്തെടുത്തത്. മകൻ കൊച്ചിയിലെ ന്യൂക്ലിയസ് മാളിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി തന്നെ ഒന്നാം സമ്മാനം തങ്ങൾക്കാണെന്ന് ഇവർക്ക് മനസിലായിരുന്നെങ്കിലും അതാരോടും പറയാതെ സൂക്ഷിച്ചു. അടുത്ത സുഹൃത്തായ സഖാവ് മമ്മദിനെ ഇന്ന് രാവിലെ കൂടി ജയപാലൻ കണ്ടതാണ്. എന്നിട്ടും ബമ്പറടിച്ച കാര്യമൊന്നും പറഞ്ഞില്ല. പതിവ് കുശാലാന്വേഷണങ്ങൾ നടത്തി പിരിഞ്ഞു. അവിടെ നിന്ന് നേരെ പോയത് ബാങ്കിലേക്കായിരുന്നു. ടിക്കറ്റ് കൊടുത്ത് സമ്മാനം തങ്ങൾക്ക് തന്നെ ഉറപ്പിച്ച ശേഷമാണ് ഇക്കാര്യം ജയപാലനും കുടുംബവും പുറത്തുവിട്ടത്.

പത്ത് ദിവസം മുൻപും ലോട്ടറി അടിച്ചു, ആ പണം കൊണ്ട് ബംപറെടുത്തു: അതിലടിച്ചത് 12 കോടി: ജയപാലന് ഭാഗ്യം വന്ന വഴി

'കുറച്ച് കടമുണ്ട്, അത് തീർക്കണം. പിന്നെ രണ്ട് സിവിൽ കേസുകളുണ്ട്. അതും വേഗം തീർക്കണം. മക്കളുടെ കാര്യം നോക്കണം. രണ്ട് സഹോദരിമാർക്ക് എന്തെങ്കിലും കൊടുക്കണം,' - അക്കൗണ്ടിൽ വരാനിരിക്കുന്ന കോടികൾ എന്തുചെയ്യുമെന്ന ചോദ്യത്തിന് ജയപാലന്റെ മറുപടി ഇതായിരുന്നു. ഭാഗ്യതാരത്തെ കാണാൻ മരടിലെ വീട്ടിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനോടായിരുന്നു ജയപാലന്റെ പ്രതികരണം.

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ജയപാലൻ ഓണം ബംപറിലെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്തംബർ ഒൻപതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയിൽ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഈ തുക വാങ്ങാൻ പോയപ്പോഴാണ് ഓണം ബമ്പറും വാങ്ങിയത്. അന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ തിരുവോണം ബമ്പറിന്റെ ടിക്കറ്റുകൾ നോക്കി. കണ്ടപ്പോൾ ഇതൊരു ഫാൻസി നമ്പർ പോലെ തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിഇ 645465 എന്ന നമ്പർ അങ്ങിനെ ജയപാലനെ ഈ വർഷത്തെ ഏറ്റവും വലിയ ഭാഗ്യവാനാക്കി മാറ്റി.

'ആ ടിക്കറ്റ് എന്റെ കയ്യില്‍ ഇല്ല'; വെളിപ്പെടുത്തലുമായി സെയ്തലവിയുടെ സുഹൃത്ത്

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി മലയാളിയായ സെയ്ദലവി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. എന്നാൽ ടിക്കറ്റെടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഈ വാദം നിഷേധിച്ചു. ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാണെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് അപ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവിൽ കാനറാ ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് ജയപാലൻ താനാണ് ആ ഭാഗ്യവാനെന്ന് മലയാളികളോട് വിളിച്ചുപറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!