തിരുവോണം ബമ്പറിന് ശേഷം എത്തിയ പല ബമ്പറുകളുടെ ഭാഗ്യശാലികളും പൊതുവിടത്തിൽ വന്നില്ല.
രണ്ട് മാസം നീണ്ടുനിന്ന കാത്തിരിപ്പുകൾക്ക് ഒടുവിൽ ക്രിസ്മസ്- ന്യു ഇയർ ബമ്പർ നറുക്കെടുപ്പ് നടന്നു കഴിഞ്ഞു. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ഭാഗ്യശാലി രംഗത്ത് എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആരാകും 20 കോടിയുടെ ഉടമ എന്നറിയാൻ കാതോർത്തിരിക്കയാണ് കേരളക്കരയും ഏജന്റ് ദുരൈ രാജും. എന്നാൽ ഭാഗ്യം തുണയ്ക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചും അനൂപിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ഭാഗ്യശാലി പൊതുവേദിയിൽ എത്തരുതെന്ന് പറയുന്നവരും നിരവധിയാണ്.
2022ലെ തിരുവോണം ബമ്പർ വിജയി ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ അനൂപ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25കോടി ആദ്യമായി എത്തിയതും 2022ൽ ആയിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തിൽ നറുക്കെടുത്ത് ആദ്യമണിക്കൂറിൽ തന്നെ അനൂപ് പൊതുവിടത്തിൽ എത്തി. പിന്നീട് കണ്ടത് അനൂപിനെ തേടി എത്തിയ മനസ്സമാധാന നഷ്ടമാണ്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടി, വീട്ടിൽ പോലും കയറാനാകാത്ത അനൂപിന്റെ വാർത്ത ബിബിസി വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരിക്കലും ഭാഗ്യശാലികൾ ലോട്ടറി അടിച്ച വിവരം പുറത്ത് പറയരുതെന്നാണ് തന്റെ അന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടി അനൂപ് പറഞ്ഞത്.
undefined
'വാലിബൻ ഫെരാരി എഞ്ചിനില്‍ ഓടുന്ന വണ്ടിയല്ല'; മോഹൻലാൽ ചിത്രം 'ഇഴച്ചിലെ'ന്ന ആരോപണത്തിൽ ലിജോ
ഈ തിരുവോണം ബമ്പറിന് ശേഷം എത്തിയ പല ബമ്പറുകളുടെ ഭാഗ്യശാലികളും പൊതുവിടത്തിൽ വന്നില്ല. ഇവരെല്ലാവരും തന്നെ ലോട്ടറി ഓഫീസിൽ എത്തി തുക കൈപ്പറ്റിയെങ്കിലും ഐഡിന്റിറ്റികൾ മറച്ചുവച്ചു. ഈ ട്രെന്റ് ദിവസേന ഉള്ള ലോട്ടറികളിലും ബാധിച്ചു. പലരും തങ്ങളുടെ ഭാഗ്യം പുറത്ത് പറയാൻ മടിച്ചു അല്ലെങ്കിൽ പേടിച്ചു. അത്തരത്തിൽ ഇനി ക്രിസ്മസ് ബമ്പർ ഭാഗ്യശാലി രംഗത്ത് എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. ഭാഗ്യശാലി ആരാണെന്ന വിവരം പുറത്തുവരണ്ടെന്നും അയാളെങ്കിലും മനസ്സമാധാനത്തോടെ കഴിയട്ടെ എന്നെല്ലാമാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..