എടക്കരയിലുള്ള ഇയാളുടെ സുഹൃത്തുമായി കാട്ടിച്ചിറയിലെ റബർ തോട്ടത്തിന് സമീപം സംസാരിച്ച് ഇരിക്കുന്നതിനിടയിൽ പ്രതികളായ മൂവർ സംഘം അതുവഴി വരികയും പരാതിക്കാരനെ മർദിച്ച് അവശനാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു
മലപ്പുറം: എടക്കരയിൽ യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നുപേരെ എടക്കര പൊലിസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ കൈപ്പിനി പാർട്ടികുന്ന് മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ (23), പാലുണ്ട മനപരമ്പിൽ വിഷ്ണു(23), കലാസാഗർ എരമങ്ങലത്ത് ജിനേഷ്(23) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 12 നാണ് അക്രമം നടന്നത്. വണ്ടൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.
എടക്കരയിലുള്ള ഇയാളുടെ സുഹൃത്തുമായി കാട്ടിച്ചിറയിലെ റബർ തോട്ടത്തിന് സമീപം സംസാരിച്ച് ഇരിക്കുന്നതിനിടയിൽ പ്രതികളായ മൂവർ സംഘം അതുവഴി വരികയും പരാതിക്കാരനെ മർദിച്ച് അവശനാക്കുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ അഴിപ്പിച്ച് വിഡിയോ എടുക്കുമെമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. പണം കൊടുക്കാൻ വിസമതിച്ചതിനെ തുടർന്ന് പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൈക്കലാക്കുകയും ഫോണിന്റെ പാസ്‌വേഡ് വാങ്ങുകയും ഗൂഗിൾ പേ വഴി രണ്ട് അക്കൗണ്ടുകളിലേക്കായി അറുപത്തിരണ്ടായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
undefined
സംഭവത്തിന് ശേഷം യുവാവ് എടക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. എടക്കര ഇൻസ്‌പെക്ടർ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേകം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൃത്യം നടത്തിയ സമയം പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളിലൊരാളായ മുഹമ്മദ് ബഷീറിനെതിരേ എടക്കര പൊലീസ് കഴിഞ്ഞ മാസം കഞ്ചാവ് ഉപയോഗിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എടക്കര ഇൻസ്‌പെക്ടർ എൻ.ബി ഷൈജു, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, എ.എസ്.ഐ വാ സുദേവൻ, സീനിയർ സി.പി.ഒമാരായ സി.എ മുജീബ്, സുജിത്ത്, അനൂപ്, സി.പി.ഒമാരായ സാബിർ അലി, ഷാഫി മരുത എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം