തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ മോനു ആണ് അറസ്റ്റിലായത്
ആലപ്പുഴ: ജീൻസിന്‍റെ പോക്കറ്റിൽ ഒളിപ്പിച്ച എം ഡി എം എയുമായി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടൻചിറ ചെറ്റച്ചൽ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടിൽ മോനു (32) ആണ് അറസ്റ്റിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് ദേഹപരിശോധന നടത്തിയത്. ജീൻസിന്‍റെ പോക്കറ്റിൽ പഴ്സിൽ ഒളിപ്പിച്ച് 0.530 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. റെയിൽവേ എസ് ഐ ഷാനിഫ് എച്ച് എസിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ വിനോദ് കുമാർ, ഗ്രേഡ് എ എസ് ഐ ജയപ്രകാശ്, സീനിയർ സി പി ഒ മാരായ വി വി ഷൈൻ, ശ്യാംലാൽ, മോൻസിനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം ബെംഗളുരുവിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വിമാനയാത്രക്കിടെ ബീഡി വലിച്ച 56 കാരൻ അറസ്റ്റിലായി എന്നതാണ്. അഹമ്മദാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനം കെംപഗൗഡ വിമാനത്താവളത്തിലെത്തിയപ്പോഴാണ് 56 കാരനായ രാജസ്ഥാൻ സ്വദേശി എം പ്രവീൺ കുമാർ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ ആദ്യ വിമാനയാത്രയായിരുന്നു ഇത്. രാജസ്ഥാനിലെ പാലി ജില്ലയിലെ മാര്‍വാര്‍ സ്വദേശിയാണ് പ്രവീണ്‍കുമാര്‍. അകാശ എയറിന്‍റെ വിമാനത്തിനുള്ളിലാണ് ഇയാള്‍ ബീഡി വലിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പ്രവീണ്‍കുമാര്‍ അറസ്റ്റിലായത്. എസ് എൻ വി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ ഡ്യൂട്ടി മാനേജരായ വിജയ് തുള്ളൂരിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളുരു വിമാനത്താവളത്തില്‍ ഇത്തരത്തില്‍ ബീഡി വലിച്ചതിന് പിടിയിലാവുന്നത് ആദ്യമായാണ്.