സീരിയൽ ഷൂട്ടിങ് സംഘത്തിന്റെ വാഹനം തകർത്ത് പടയപ്പ, പാഞ്ഞടുത്തത് 20ഓളം വാഹനങ്ങളുടെ നേരെ

By Web Team  |  First Published Dec 14, 2024, 7:35 AM IST

സെലന്റ് വാലിയിൽ നടക്കുന്ന സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്


ഇടുക്കി: മൂന്നാറില്‍ ഷൂട്ടിങ് വാഹനത്തിന് നേരെ പടയപ്പയുടെ പരാക്രമം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സെലന്റ് വാലിയിൽ നടക്കുന്ന സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.

സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍.ആര്‍.റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. സമീപകാലമായി പടയപ്പ അക്രമാസക്തനാകുന്നത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Latest Videos

വീണ്ടും ഏറ്റുമുട്ടി കൊമ്പൻമ്മാർ; ഏറ്റുമുട്ടൽ പടയപ്പയും ഒറ്റകൊമ്പനും തമ്മിൽ, പടയപ്പയ്ക്ക് പരിക്ക്

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!