ഹോസ്റ്റലിൽ നല്ല ഭക്ഷണവും സ്വസ്ഥമായി കിടന്നുറങ്ങാൻ സ്ഥലവുമില്ലാതെ വിഷമിക്കുകയാണ് ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് പഠിക്കുന്ന പെൺകുട്ടികൾ. ഒരു മുറിയിൽ 18 പേരാണ് കഴിയുന്നത്.
ഇടുക്കി: ഹോസ്റ്റലിൽ നല്ല ഭക്ഷണവും സ്വസ്ഥമായി കിടന്നുറങ്ങാൻ സ്ഥലവുമില്ലാതെ വിഷമിക്കുകയാണ് ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് പഠിക്കുന്ന പെൺകുട്ടികൾ. തീർത്തും മോശമായ ഭക്ഷണമാണ് കഴിക്കാൻ നൽകുന്നത്. ഇടുങ്ങിയ മുറിയിൽ പതിനെട്ട് പേർ വരെ തിങ്ങി ഞെരുങ്ങിയാണ് കിടന്നുങ്ങുന്നത്. കഴിഞ്ഞ വർഷമാണ് ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് കോഴ്സ് ആരംഭിച്ചത്. രണ്ടു ബാച്ചുകളിലായി എല്ലാ ജില്ലകളിൽ നിന്നുമുള്ള 120 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
സ്വന്തമായി ഹോസ്റ്റൽ കെട്ടിടം ഇല്ലാത്തതിനാൽ വിദ്യാധിരാജ സ്ക്കൂളിന്‍റെ കെട്ടിടമാണ് ലേഡീസ് ഹോസ്റ്റലാക്കി മാറ്റിയത്. 95 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. 5500 രൂപ പ്രവേശന ഫീസ് വാങ്ങിയാണ് ഹോസ്റ്റലിൽ മുറി നൽകിയത്. 4500 രൂപ വീതം മാസം തോറും ഹോസ്റ്റൽ ഫീസും നൽകണം. ഫീസ് നൽകിയിട്ടുപോലും മതിയായ സൗകര്യമൊരുക്കാൻ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും വല്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും വിദ്യാര്‍ത്ഥികളായ തസ്മി കാസിം, ഗൗരി കൃഷ്ണ എന്നിവര്‍ പറഞ്ഞു. പലപ്പോഴും ഹോസ്റ്റലിൽ പാമ്പുകളും മറ്റു ഇഴജന്തുക്കളും കയറാറുണ്ട്. ഭക്ഷണത്തിന് ചോറും വെറും വെള്ളം മാത്രമുള്ള എന്തെങ്കിലും ചാറ് മാത്രമായിരിക്കും ഉണ്ടാകുക. മെറിറ്റ് സീറ്റിൽ വന്ന് പഠിക്കുന്ന തങ്ങള്‍ക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഹോസറ്റൽ പ്രവർത്തിക്കുന്ന സ്ക്കൂൾ കെട്ടിടം ഡിസംബർ മാസത്തോടെ ഒഴിഞ്ഞു നൽകണമെന്നും മാനേജ്മെൻറ് ആവശ്യപ്പെട്ടിട്ടുണ്ട്. ആൺകുട്ടികൾക്കാണെങ്കിൽ ഹോസ്റ്റൽ പോലുമില്ലെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും വിദ്യാര്‍ത്ഥിയായ ഷിനാസ് പറഞ്ഞു. അടിയന്തിരമായി പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കോളജിനുള്ള ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരം പോലും റദ്ദാക്കാനിടയുണ്ട്.
undefined