നവംബർ 23ന് വന്ന പിഴ ചലാൻ പ്രതിയിലേക്കെത്തിച്ചു; ബുള്ളറ്റ് മോഷ്ടിച്ച് ഹെൽമറ്റിടാതെ കറങ്ങി, ഒടുവിൽ കുടുങ്ങി

By Web Team  |  First Published Dec 4, 2024, 10:33 PM IST

മോഷ്ടാവ് ഹെൽമെറ്റ് ഇടാതെ ഓടിച്ചപ്പോൾ, ഉടമയ്ക്ക് വന്ന പിഴയിൽ നിന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.


കോഴിക്കോട്: മാഹിയിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച് കറങ്ങി നടന്ന പ്രതി പിടിയിൽ. മോഷ്ടാവ് ഹെൽമെറ്റ് ഇടാതെ ഓടിച്ചപ്പോൾ, ഉടമയ്ക്ക് വന്ന പിഴയിൽ നിന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. കോഴിക്കോട് കല്ലായ് സ്വദേശി ഇൻസുദ്ദീനെ ചോമ്പാല പൊലീസാണ് അറസ്റ്റു ചെയ്തത്.

നവംബർ 17ന് മാഹി റെയിൽവേ സ്റ്റേഷനിൽ ബുള്ളറ്റ് വച്ച് പഴനിക്ക് പോയതായിരുന്നു രഞ്ജിത്ത് കുമാർ. തിരികെ വന്നപ്പോൾ ബുള്ളറ്റ് കാണാനില്ല. ഉടൻ ചോമ്പാല പൊലീസിൽ പരാതി നൽകി. നവംബർ 23ന് ട്രാഫിക് നിയമലംഘത്തിന് ബുള്ളറ്റ് ഉടമയുടെ പേരിലേക്ക് പിഴ ചലാൻ എത്തി. ഹെൽമറ്റ് ധരിക്കാതെ സ്വന്തം ബുള്ളറ്റ് മറ്റാരോ ഓടിച്ചു പോകുന്നു.

Latest Videos

കോഴിക്കോട് - പാലക്കാട് ഹൈവേയിൽ കോഴിക്കോട് നഗരത്തിനോട് ചേർന്ന് തന്നെയാണ് നിയമ ലംഘനം. ചലാനുമായി വീണ്ടും പൊലീസിനെ സമീപിച്ചു. മോഷ്ടാവ് ഇട്ടാവട്ടത്തിൽ തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപത്തുവച്ച് ബുള്ളറ്റ് സഹിതം ഇൻസുദ്ദീനെ പൊലീസ് പിടികൂടി. മയക്കുമരുന്ന് മോഷണ കേസുകളിൽ നേരത്തേയും ഇയാൾ പ്രതിയായിരുന്നതായി പൊലീസ് അറിയിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!