ആറ്റിൽ തുണി അലക്കാനെത്തിയവർ കണ്ടത് ബോധരഹിതയായ വീട്ടമ്മയെ; മാലപൊട്ടിച്ച് മുങ്ങിയയാൾ ഒരു മാസത്തിന് ശേഷം പിടിയിൽ

By Web Team  |  First Published Oct 8, 2024, 12:30 PM IST

മോഷണ ശ്രമത്തിനിടെയാണ് ബോധം നഷ്ടപ്പെട്ടത്. മാല പൊട്ടിച്ച ശേഷം ഇയാൾ സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് അന്വേഷിച്ച് പോകാനിരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വീട്ടിലെത്തി.


ആലപ്പുഴ: ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി ഒരു മാസത്തിന് ശേഷം പോലീസിന്റെ പിടിയിലായി. തലവടി കൊച്ചമ്മനം തട്ടങ്ങാട്ട് വീട്ടിൽ ടി.ടി സജികുമാറിനെ (52) ആണ് എടത്വാ പോലീസ് പിടികൂടിയത്. ഒരു മാസത്തിന് മുൻപ് വഴിയാത്രക്കാരിയായ തലവടി സ്വദേശിനിയുടെ മാല മോഷ്ടിച്ചാണ് പ്രതി കടന്നത്. മോഷണത്തിന് ശേഷം ഇയാൾ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കടന്നിരുന്നു. 

ആളെ തേടി പോലീസ് ഇതര സംസ്ഥാനത്തേക്ക് പോകാനിരിക്കെയാണ് കഴിഞ്ഞ ദിവസം ഇയാൾ തലവടിയിലെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെയുള്ള പിടിവലിക്കിടയിൽ തലവടി സ്വദേശിനിക്ക് ബോധം നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. തലവടി മാണത്താറ ആറ്റുതീരം റോഡിൽ വെച്ചായിരുന്നു സംഭവം. 

Latest Videos

undefined

സമീപവാസികൾ ആറ്റിൽ തുണി അലക്കാൻ എത്തിയപ്പോഴാണ് തലവടി സ്വദേശിനിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. പിന്നിട് ഇവർക്ക് നിരവധി ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 

അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ എടത്വാ എസ്.ഐ എൻ രാജേഷ്, എ.എസ്.ഐ പ്രതീപ് കുമാർ, സി.പി.ഒമാരായ അജിത്ത് കുമാർ, വൈശാഖ്, ജസ്റ്റിൻ, രാജൻ, സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരായ ടോണി വർഗീസ്, ഹരികൃഷ്ണൻ, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!