പൂര്‍വവിദ്യാര്‍ഥി സംഗമത്തിൽ വെച്ച് വീണ്ടും കണ്ടു, അടുപ്പം; യുവാവിന്‍റെ വീട്ടിലെത്തി വീട്ടമ്മ ജീവനൊടുക്കി

By Web Team  |  First Published Nov 30, 2024, 10:46 AM IST

സ്‌കൂളില്‍ ഒരുമിച്ച പഠിച്ചിരുന്ന സിന്ധുവും അരുണും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് വീണ്ടും സൗഹൃദത്തിലായത്. പിന്നീട് ഇരുവരും അടുപ്പം തുടർന്നു. 


തിരുവനന്തപുരം: മുട്ടത്തറയിൽ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി ജീവനൊടുക്കി. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എന്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലെത്തി യുവതി ഫാനില്‍ തൂങ്ങുകയായിരുന്നു. സിന്ധുവിന് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

അവിവാഹിതനായ അരുണും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നു. സ്‌കൂളില്‍ ഒരുമിച്ച പഠിച്ചിരുന്ന സിന്ധുവും അരുണും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് വീണ്ടും സൗഹൃദത്തിലായത്. പിന്നീട് ഇരുവരും അടുപ്പം തുടർന്നു. ഇതിനിടെ അരുൺ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞു. ഇതോടെയാണ് യുവതി വീട്ടിലെ  മുറിയ്ക്കുളളില്‍ കടന്നുകയറി ആത്മഹത്യ ചെയ്തതെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് തളളിക്കയറുകയായിരുന്നു. വീടിനുള്ളിലേക്ക് കടക്കുന്നത് തടയാന്‍ ശ്രമിച്ച അരുണിന്റെ വല്യമ്മയെ യുവതി തളളി തറയിലിട്ടു. 

Latest Videos

undefined

പിന്നീട് മുറിക്കുളളില്‍ കയറി കതകടച്ച് കുറ്റിയിട്ടു. അരുണിന്‍റെ വല്യമ്മ ബഹളംവെച്ചെങ്കിലും മുറിതുറന്നിരുന്നില്ല. പിന്നീട് നാട്ടുകാരും പൂന്തുറ പൊലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു. അരുണിനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. അരുണിന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കാറില്‍ വരികയായിരുന്ന അരുണിനെ തടഞ്ഞുനിര്‍ത്തിയ യുവതി, ബലമായി കാറിനുള്ളില്‍ക്കയറിയ ശേഷം സീറ്റുകള്‍ കത്തി കൊണ്ട് കുത്തിക്കീറി. തടയാന്‍ ശ്രമിച്ച അരുണിന് ഇടതുകൈയില്‍ കുത്തേല്‍ക്കുകയും അടിപിടിക്കിടെ യുവതിക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 

അരുണിനായി യുവതി പലരില്‍നിന്നും കടം വാങ്ങിയിരുന്നതായും പറയുന്നുണ്ട്. യുവതി ആണ്‍സുഹ്യത്തിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ആത്മഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പോ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ഫൊറന്‍സിക്, വിരലടയാള ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Read More : റോഡില്ല, പാമ്പുകടിയേറ്റ 13 കാരിയെ കമ്പിൽ കെട്ടി ചുമന്നത് 8 കിലോമീറ്റർ; ആശുപത്രിയിലെത്തും മുമ്പ് ദാരുണാന്ത്യം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-255205

click me!