തലസ്ഥാനത്തിന് പ്രണയദിന സമ്മാനമൊരുങ്ങുന്നു; കൃത്രിമ മഞ്ഞും ചാറ്റൽ മഴയും പാലത്തിൽ വിള്ളൽ വീഴുന്ന അനുഭവവും

By Web TeamFirst Published Jan 16, 2024, 11:14 AM IST
Highlights

മൂന്ന് തൂണുകള്‍ സ്ഥാപിച്ച് അവയിലേക്ക് ബന്ധിപ്പിക്കേണ്ട പാലങ്ങളുടെ പണി പകുതിയോളം കഴിഞ്ഞു. 75 അടി ഉയരത്തിലും 52 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുന്നത്.

തിരുവനന്തപുരം: ആക്കുളത്തെ ഗ്ലാസ് ബ്രിഡ്‍ജ് അടുത്ത പ്രണയ ദിനത്തിൽ തുറന്നു കൊടുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. തലസ്ഥാനത്തുള്ളവർക്ക് ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ ഇനി വയനാട്ടിലോ വാഗമണ്ണിലോ പോകണ്ട. തിരുവനന്തപുരം ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിന‍്‍റെ നിർമാണം അടുത്ത മാസം പൂർത്തിയാകും. കൃത്രിമ മഞ്ഞും ചാറ്റൽ മഴയും. എൽഇഡി സ്ക്രീനിന്‍റെ സഹായത്തോടെ പാലത്തിൽ വിള്ളൽ വീഴുന്ന അനുഭവവും ആക്കുള്ളത്ത് ഒരുങ്ങുന്നുണ്ട്. ഗ്ലാസ് ബ്രിഡ്ജുകളിൽ ഏറ്റവും നീളം കൂടിയതെന്ന ഖ്യാതിയോടെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ തയ്യാറാകുന്ന ഗ്ലാസ് ബ്രിഡ്ജ് ഏവരെയും വിസ്മയിക്കുമെന്നുറപ്പാണ്.

ചില്ലു പാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അടുത്ത മാസം പകുതിയോടെ അവസാനിക്കും. ഫെബ്രുവരി 14ന് പ്രണയ ദിനത്തിൽ തുറന്ന് കൊടുക്കാനാണ് തീരുമാനം. മൂന്ന് തൂണുകള്‍ സ്ഥാപിച്ച് അവയിലേക്ക് ബന്ധിപ്പിക്കേണ്ട പാലങ്ങളുടെ പണി പകുതിയോളം കഴിഞ്ഞു. 75 അടി ഉയരത്തിലും 52 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുന്നത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിന്‍റെ മുകളിൽ നിന്ന് തുടങ്ങുന്ന ഗ്ലാസ് ബ്രിഡ്ജിലൂടെ വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകള്‍ ആസ്വദിക്കാനാകും.

Latest Videos

2023 മെയ് മാസത്തിലായിരുന്നു സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപിക്കുന്നത്. നിർമാണം തുടങ്ങാനും വിവിധ അനുമതികളും വൈകിയതോടെ പണി നീണ്ടു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്ജെന്ന പ്രത്യേകതയും ആക്കുളത്തേതിനുണ്ട്. അഡ്വഞ്ചറസ് സ്പോട്ടുകളും ചിൽഡ്രൻസ് പാർക്കും ഉള്ള ആക്കുളത്തേക്ക് കൂടുതൽ പേരെ ആകർശിക്കാൻ ഗ്ലാസ് ബ്രിഡ്ജിന് സാധിക്കുമെന്നുറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!