ഇന്‍റർവ്യൂ 14ന്, കത്ത് കിട്ടിയത് 16ന്; പോസ്റ്റൽ വകുപ്പിന്‍റെ വീഴ്ചയിൽ ജോലി കിട്ടിയില്ല, 1 ലക്ഷം നഷ്ടപരിഹാരം

By Web TeamFirst Published Oct 18, 2024, 6:34 AM IST
Highlights

ഫെബ്രുവരി ആറിന് സിവില്‍ സ്റ്റേഷന്‍ പോസ്റ്റോഫീസ് മുഖേന അയച്ച അറിയിപ്പ് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റോഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരി 16 ന് മാത്രം അറിയിപ്പ് ലഭിച്ചതിനാല്‍ ഉദ്യോഗാര്‍ഥിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായില്ല.

മലപ്പുറം : ജില്ലാ കളക്ടറുടെ ഇന്റര്‍വ്യൂ അറിയിപ്പ് യഥാസമയം ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പോസ്റ്റല്‍ വകുപ്പിനോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ശാരീരിക പരിമിതികളുള്ള പുല്‍പ്പറ്റ ചെറുതൊടിയില്‍ അജിത് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. റവന്യൂ വകുപ്പില്‍ സര്‍വ്വേയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം സംബന്ധിച്ച അറിയിപ്പാണ് പരാതിക്കാരന് ലഭിക്കാതെ പോയത്. 

2024 ഫെബ്രുവരി 14 ന് നടത്തിയ അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16 നാണ് പരാതിക്കാരന് ലഭിച്ചത്. ഫെബ്രുവരി ആറിന് സിവില്‍ സ്റ്റേഷന്‍ പോസ്റ്റോഫീസ് മുഖേന അയച്ച അറിയിപ്പ് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റോഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരി 16 ന് മാത്രം അറിയിപ്പ് ലഭിച്ചതിനാല്‍ ഉദ്യോഗാര്‍ഥിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാതെ പോവുകയും ജോലിക്കുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

Latest Videos

സംഭവസമയത്ത് പോസ്റ്റ് മാന്‍ ചുമതല നിര്‍വഹിച്ചയാളുടെ വീഴ്ച കണ്ടെത്തിയതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടുവെന്നും വകുപ്പിന് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നുമുള്ള പോസ്റ്റല്‍ വകുപ്പിന്റെ വാദങ്ങള്‍ തള്ളിയാണ് കമ്മീഷന്‍ നഷ്ടപരിഹാരം വിധിച്ചത്. ശാരീരികമായ അവശതയുള്ളവരെ ചേര്‍ത്തു പിടിക്കാനുള്ള സാമൂഹ്യബാധ്യത കൂടിയാണ് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച കാരണം നിര്‍വ്വഹിക്കാതെ പോയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 

ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് പോസ്റ്റല്‍ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേര്‍ന്ന് നല്‍കണമെന്നും അല്ലാത്ത പക്ഷം വിധി തീയതി മുതല്‍ 9% പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.

Read More : തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടിച്ച് കീറി, നാട്ടുകാർക്കും ഭീഷണി; മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം
 

click me!