ഓണാഘോഷത്തിന് കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു; സംഭവത്തിൽ കേസ്, എക്സൈസ് മുന്നറിയിപ്പും

By Web Team  |  First Published Sep 21, 2024, 9:19 PM IST

ചേർത്തല എക്സൈസ് റേഞ്ച് പരിധിയിലാണ് സംഭവം. സ്കൂളിലെ ഓണാഘോഷത്തിനിടയിലാണ് സ്കൂൾ അധികൃതർ അറിയാതെ വിദ്യാർഥികൾ കള്ള് വാങ്ങി കുടിച്ചത്.


ചേര്‍ത്തല: ആലപ്പുഴയിൽ യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ ഷാപ്പ്‌ ജീവനക്കാർക്കും ലൈസൻസിക്കുമെതിരെ എക്സൈസ് കേസെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് പരിധിയിലാണ് സംഭവം. സ്കൂളിലെ ഓണാഘോഷത്തിനിടയിലാണ് സ്കൂൾ അധികൃതർ അറിയാതെ വിദ്യാർഥികൾ കള്ള് വാങ്ങി കുടിച്ചത്. കള്ള് കുടിച്ച് അവശ നിലയിലായ ഒരു വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എക്സൈസ് നടപടി. ജീവനക്കാര്‍ക്ക് പുറമേ ലൈസൻസികളായ നാലുപേർക്കുമെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ് കേസെടുത്തിട്ടുണ്ട്.

Latest Videos

13ന് പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലായാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാലുകുട്ടികൾക്ക് ജീവനക്കാർ പണംവാങ്ങി കള്ളുകൊടുത്തുവെന്നാണ് എക്സൈസ് കണ്ടെത്തിയത്. പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളുകുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവർ സ്കൂളിലെത്തി. തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽവെച്ചും കുടിച്ചതായി പറയുന്നു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 

ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ് ശ്രീകുമാർ എന്നിവർ മൂന്നുമുതൽ ആറുവരെ പ്രതികളാണ്. ആരോഗ്യനില സാധാരണ നിലയിലാകുന്ന മുറയ്ക്ക് കുട്ടിക്ക് കൗൺസലിങ് നൽകുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ എക്സൈസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തും.

കേരള അബ്‌കാരി ആക്ടിലെ സെക്ഷൻ 15 B പ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് കള്ള്, മദ്യം തുടങ്ങിയവ വിൽക്കുന്നത് കുറ്റകരമാണ്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനകൾക്ക് എക്‌സൈസിൽ വിവരം അറിയിക്കാവുന്നതാണ്. എക്സൈസ് കൺട്രോൾ റൂം നമ്പറുകൾ : 9447178000, 9061178000

ബില്ലടക്കാത്തതിനാൽ മുമ്പ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിൽ വിരോധം; കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ച പ്രതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!