മാലിന്യം ഉപേക്ഷിച്ചത് ഹൈക്കോടതി ജഡ്ജിയുടെ വീടിന് മുന്നിൽ; കൊച്ചിയിൽ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Jul 27, 2024, 12:44 PM IST
Highlights

കവറിൽ നിന്ന് ലഭിച്ച ബില്ലിൻ്റെ വിവരങ്ങൾ അന്വേഷിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്

കൊച്ചി: കേരള ഹൈക്കോടതി ജസ്റ്റിസിന്റെ കൊച്ചിയിലെ വീടിന് മുന്നിൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നഗരത്തിലെ കെ.ടി കോശി റോഡിൽ ജസ്റ്റിൽ അനിൽ കെ നരേന്ദ്രൻ്റെ വീടിന് മുന്നിൽ കണ്ടെത്തിയ മാലിന്യം നിറഞ്ഞ കവറുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. എറണാകുളം നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടുക്കി, കാസർകോട് സ്വദേശികളായ ഷാഹുൽ, കാര്‍ത്തിക് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. 

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാലിന്യമാണ് പ്രതികൾ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തള്ളാനായി പോയത്. എന്നാൽ ജസ്റ്റിസിൻ്റെ വീടിൻ്റെ മുന്നിലെത്തിയപ്പോൾ കൈയ്യിലുണ്ടായിരുന്ന 2 കവര്‍ മാലിന്യം താഴെ വീണു. യുവാക്കൾ ഇത് അവിടെ തന്നെ ഉപേക്ഷിച്ച് മുന്നോട്ട് പോയി. രാവിലെ ഇത് ശ്രദ്ധയിൽപെട്ട ഉടൻ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ കൊച്ചി സെൻട്രൽ പൊലീസെത്തി മാലിന്യം നിറഞ്ഞ കവ‍ർ പരിശോധിച്ചു. ഇതിനകത്തുണ്ടായിരുന്ന ബില്ലിൽ നിന്ന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് യുവാക്കളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!