ബെംഗളൂരു-എരുമേലി സ്വകാര്യ ബസ് ഈരാറ്റുപേട്ടയിൽ തടഞ്ഞ് മിന്നൽ പരിശോധന; യാത്രക്കാരനെ പിടിച്ചത് 67 ലക്ഷം രൂപയുമായി

By Web TeamFirst Published Sep 16, 2024, 10:20 PM IST
Highlights

ബസിൽ കുഴൽപ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസിന്റെ പരിശോധന

കോട്ടയം: ബംഗലൂരുവിൽ നിന്നും കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക് വന്ന സ്വകാര്യ ബസ്സിൽ 67 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.  കട്ടപ്പന സ്വദേശി മനോജ്‌ മണിയെ കസ്റ്റഡിയിൽ എടുത്ത ശേഷം പാലാ പൊലീസിന്  കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മനോജ് മണിയെ ജാമ്യത്തിൽ വിട്ടു.

ബംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് എത്തുന്ന സാനിയ എന്ന സ്വകാര്യ ബസിൽ നിന്നാണ് മനോജിനെ പിടികൂടിയത്. ബസിൽ കുഴൽപ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസിന്റെ പരിശോധന. ഇന്ന് രാവിലെ ബസ് ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ എക്സൈസ് സംഘം തടഞ്ഞു. പിന്നീട് ബസിനകത്തുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു. 

Latest Videos

ഈ സമയത്താണ് യാത്രക്കാരനായ കട്ടപ്പന സ്വദേശി മനോജ് മണിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 44 ലക്ഷം രൂപ പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം പിന്നീട് പാലാ പോലീസിന് കൈമാറി.  ബസ്സ് പൊൻകുന്നത്ത് എത്തിയപ്പോൾ മനോജ് മണിയുടെ സീറ്റിൻ്റെ അടിയിൽ നിന്നും 23 ലക്ഷം രൂപ അടങ്ങിയ ബാഗ് ബസ് ജീവനക്കാർ കണ്ടെത്തി. വിവരം ബസ് ജീവനക്കാർ എക്സൈസിനെ അറിയിച്ചതോടെ ബാക്കി പണവും പിടിച്ചെടുത്തു. ഒരാഴ്ച മുമ്പ്  സമാനമായ രീതിയിൽ വൈക്കം തലയോലപ്പറമ്പിലും  ഒരു കോടി രൂപയുടെ കുഴൽപ്പണം എക്സൈസ് പിടിച്ചെടുത്തിരുന്നു. ജില്ലയിൽ വ്യാപകമാകുന്ന കുഴൽപ്പണം കടത്ത് ജാഗ്രതയോടെയാണ് എക്സൈസ് വീക്ഷിക്കുന്നത്. പാലാ പോലീസിന് കൈമാറിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.

click me!