സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത കേസിൽ രണ്ട് പേർ പിടിയിലായി

By Web Team  |  First Published Nov 21, 2024, 12:48 PM IST

രണ്ട് ദിവസം മുമ്പാണ് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസായ സി.കെ. മാധവൻ സ്മാരക മന്ദിരത്തിനു നേരെ പട്ടാപ്പകൽ മൂന്നംഗ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്..


തൃശൂർ: അന്തിക്കാട്  കുറുമ്പിലാവ് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ സ്വദേശികളായ പൊറ്റെക്കാട്ട് മണികണ്ഠൻ (52), വലിയപറമ്പിൽ അമൽരാജ് (24) എന്നിവരേയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ സുരേഷ്, എസ്.ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും അടുത്ത ദിവസം ശേഷിക്കുന്ന പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാകുമെന്നും പോലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസായ സി.കെ. മാധവൻ സ്മാരക മന്ദിരത്തിനു നേരെ പട്ടാപ്പകൽ മൂന്നംഗ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്.. ലോക്കൽ സെക്രട്ടറി എ.ബി ജയപ്രകാശിനെ വധിക്കാനായി ലക്ഷ്യമിട്ടാണ് സംഘം ഓഫിസിൽ ഉച്ചക്ക് 11.30 ഓടെ വടിവാളും കമ്പിപ്പാരകളുമായി എത്തിയത്. കൊടിമരവും ഓഫീസ് ഫർണിച്ചറുകളും അടിച്ച് തകർത്ത പ്രതികൾ തേർവാഴ്ച നടത്തുകയായിരുന്നു. ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രണ്ട് ദിവസത്തിനു ശേഷമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വഷണം നടക്കുന്നതായും പൊലീസ് പറയുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!