'കേട്ടോ ഇല്ലയോ അറിയില്ല', ചാടി കയറവെ ട്രെയിനിനടിയിലേക്ക് വീണയാളെ രക്ഷിച്ച കാക്കിയിട്ട കൈകൾ ഇതാണ്, അഭിനന്ദനങ്ങൾ

By Web TeamFirst Published Jul 3, 2024, 10:22 PM IST
Highlights

തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രതീഷാണ് സ്വന്തം ജീവൻ പോലും നോക്കാതെ ട്രെയിനിനടിയിലേക്ക് വീണയാളെ വലിച്ചുകയറ്റി രക്ഷിച്ചത്

തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവെ പിടിവിട്ട് ട്രെയിനിനടിയിലേക്ക് വീണയാളുടെ ജീവൻ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ച് സഹപ്രവർത്തകർ. ഒരു ജീവനെ കാത്ത് രക്ഷിച്ച കാക്കിയിട്ട കൈകൾ എന്ന കുറിപ്പോടെ തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ജ്യോതിഷ് ആർ കെ ആണ് സഹപ്രവർത്തകന്‍റെ മനോധൈര്യത്തിലൂടെ ഒരാളുടെ ജീവൻ രക്ഷപ്പെട്ട കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചത്. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രതീഷാണ് സ്വന്തം ജീവൻ പോലും നോക്കാതെ ട്രെയിനിനടിയിലേക്ക് വീണയാളെ വലിച്ചുകയറ്റി രക്ഷിച്ചത്.

പ്ലാറ്റ്‌ഫോമിൽ നിന്നും ട്രെയിൻ വിടുന്ന സമയം ചാടിക്കയറാൻ ശ്രമിച്ച മധ്യവയസ്കനെയാണ് പ്രതീഷ് രക്ഷിച്ചത്. ട്രെയിൻ വേഗതയിൽ ആയതിനാൽ അവൻ അയാളോട് ചാടി കയറരുത് അപകടം സംഭവിക്കും എന്ന് പ്രതീഷ് പറഞ്ഞു. അയാൾ കേട്ടോ ഇല്ലയോ അറിയില്ല. പക്ഷേ ചാടി കയറാൻ ശ്രമിച്ചു. പിടി വിട്ട് ട്രെയിനിന്‍റെ അടിയിലേക്ക് ശരീരത്തിന്‍റെ പകുതിയും പോയി. ഭാഗ്യത്തിന് അയാളുടെ ഒരു കൈയിൽ അവന് പിടികിട്ടി. അവന്‍റെ കഴിവിന്‍റെ പരമാവധി ശക്തിയെടുത്ത് അയാളെ വലിച്ചുകയറ്റിയെന്നാണ് സഹപ്രവർത്തകൻ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇപ്രകാരം

ഒരു ജീവനെ കാത്ത് രക്ഷിച്ച കാക്കിയിട്ട കൈകൾ
കൊൽക്കത്തയിൽ ഒരു കേസിന്റെ അന്വേഷണം കഴിഞ്ഞ് ഞങ്ങൾ നാലുപേർ ഷാലിമാർ തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ തിരിച്ചു വരുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിക്ക് ട്രെയിൻ തൃശ്ശൂർ എത്തിയ സമയം ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി ഭക്ഷണം  വാങ്ങി തിരികെ കയറി. ഞങ്ങളുടെ കൂട്ടത്തിലെ പ്രതീഷ് മാത്രം ഡോറിൽ ട്രെയിൻ വിടുന്നതും നോക്കി നിന്നു. പ്ലാറ്റ്‌ഫോമിൽ നിന്നും ട്രെയിൻ വിടുന്ന സമയം ഒരു മദ്ധ്യവയസ്കൻ ഓടിക്കൊണ്ടിരുന്ന ആ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു. പ്രതീഷ്  B5 കമ്പാർട്ട്മെന്റിൽ ഡോറിനടുത്ത് നിൽക്കുകയായിരുന്നു. ട്രെയിൻ വേഗതയിൽ ആയതിനാൽ അവൻ അയാളോട് ചാടി കയറരുത് അപകടം സംഭവിക്കും എന്ന് പറഞ്ഞു. അയാൾ കേട്ടോ ഇല്ലയോ അറിയില്ല. ചാടി കയറാൻ ശ്രമിച്ചു. പിടി വിട്ട് ട്രെയിനിന്‍റെ അടിയിലേക്ക് ശരീരത്തിന്‍റെ പകുതിയും പോയി. ഭാഗ്യത്തിന് അയാളുടെ ഒരു കൈയിൽ അവന് പിടികിട്ടി. അവന്‍റെ കഴിവിന്‍റെ പരമാവധി ശക്തിയെടുത്ത് അയാളെ വലിച്ചുകയറ്റി പ്ലാറ്റ്ഫോമിലേക്ക് ഇട്ടു. വളരെ പെട്ടന്ന് ട്രെയിൻ നിറുത്തുകയും ചെയ്തു.  അരയ്ക്കു താഴോട്ട് നല്ല മുറിവ് പറ്റി. റെയിൽവേ ഉദ്യോഗസ്ഥർ അയാളെ ആശുപത്രിയിൽ എത്തിച്ചു എന്നും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നും പിന്നീട് അറിഞ്ഞു. ഫോട്ടോസ് അവർ അയച്ചുതന്നതാണ്. ആ മനുഷ്യന്‍റെ ജീവൻ രക്ഷിക്കാൻ ആയതിൽ ഞങ്ങളിലൊരുവന്‍റെ കൈകൾക്കു സാധിച്ചതിൽ സന്തോഷമുണ്ട്. ട്രെയിൻ വിട്ടതിന് ശേഷം ഞങ്ങളുടെ അടുത്ത് വന്നു പ്രതീഷിനോടായി ഒരാൾ  പറയുന്നുണ്ടായിരുന്നു ഇങ്ങനെ പിടിക്കുമ്പോൾ സൂക്ഷിക്കണം ആ പിടിത്തത്തിൽ നിങ്ങളും അടിയിൽ  പോകാൻ സാധ്യത കൂടുതലായിരുന്നു. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ തന്നെ കൺമുമ്പിൽ ഒരു ജീവൻ  പൊലിയാൻ അനുവദിക്കാത്ത ജാഗ്രതയ്ക്ക്, പ്രിയപ്പെട്ടവന് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!